ആരാച്ചാർ എന്ന വാക്കിന്റെ പുരുഷ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച , സമകാലരാഷ്ട്രീയത്തിലെ സവിശേഷപ്രശ്‌നമണ്ഡലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന കഥാമുഹൂര്‍ത്തങ്ങൾ സംഗ്രഹിപ്പിച്ചുകൊണ്ട് എഴുതപ്പെട്ട മലയാള സാഹിത്യലോകത്തിന്റെ മുതൽക്കൂട്ടാണ് കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ‘ചേതനാ ഗൃദ്ധാ മല്ലിക്’ എന്ന ഒരു പെൺ ആരാച്ചാരുടെ കഥ. മലയാളനോവല്‍ അധികമൊന്നും കടന്നുകയറാത്ത അന്യദേശങ്ങളിലേക്കു കഥാകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ബംഗാളിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും സമകാലരാഷ്ട്രീയത്തിലും നിന്നുകൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്.
വായനയുടെ ലോകത്തെ വെല്ലുവിളിയാണ് ആരാച്ചാർ എന്ന നോവൽ. ഒരു പക്ഷെ പ്രസിദ്ധീകരിച്ച നാൾ മുതൽ ചൂടപ്പം പോലെ വിറ്റുപോകുന്ന ഒരു കൃതി മലയാളത്തിൽ അടുത്തിടെ ഒന്നും ഇറങ്ങിയിട്ടുണ്ടാവില്ല. വയലാർ അവാർഡ് , ഓടക്കുഴൽ അവാർഡ് , കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ കൃതിയാണ് ആരാച്ചാർ. അതിലുമുപരി സാഹിത്യ ആസ്വാദകരല്ലാത്തവരെപോലും വായനയുടെ സുഖം അനുഭവിപ്പിച്ച നോവൽ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ ഡി സി ബുക്സ് പ്രസാധനം ചെയ്തത് 2012 നവംബറിൽ ആണ്. ആരാച്ചാറിന്റെ ഒരു ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റുപോയത്. പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുന്ന നോവലിന്റെ ഇരുപത്തി ഒൻപതാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
പുതുമയാർന്ന പ്രമേയ സ്വീകരണത്തിലും ആഖ്യാനരീതിയുടെ മനോഹാരിതയിലും മികച്ചു നിൽക്കുന്ന ആരാച്ചാർ ഒരപൂർവ്വ നോവലാണ്. ഇതുവരെ മലയാളത്തിൽ ആരും പരിചയിച്ചിട്ടില്ലാത്ത പ്രമേയം. കഥയിലെ നായികയുടെ ഒരു പൂർവ്വികയൊഴികെ മറ്റാരും കടന്നു ചെല്ലാത്ത ജീവിതമേഖല. മറ്റാരുടെയും ആഖ്യാനശൈലിയുടെ നിഴൽ വീഴാത്ത കഥാകഥന തന്ത്രം. വികാരജ്വാലകളെ മൂടിക്കൊണ്ട് നിസ്സംഗതയോടെ വ്യാപരിക്കുന്ന ഭാഷാഘടന. പൂര്‍ണമായും ഒരു സ്ത്രീപക്ഷ വായനയായി പരിണമിക്കപ്പെടുന്ന നോവൽ.
നോവൽ സാഹിത്യത്തിൽ നവസംവേദന വഴി തുറക്കപ്പെട്ട കൃതി ഭാഷയിലും ഭാവത്തിലും ദർശനത്തിലും ഭാവിമലയാളത്തിന്റെ വഴിയാണ് എന്നാണ് ആരാച്ചാറിനെ കുറിച്ച് ഡോ. സ്കറിയ സക്കറിയ അഭിപ്രായപ്പെടുന്നത്. ഓർമ്മയും ഓർമ്മയുടെ വ്യാഖ്യാനവും ഭാവിയുടെ ഓർമ്മയും കലർന്നുണ്ടാകുന്നതാണ് ആരാച്ചാറിലെ ഭാവിമലയാളം. ഒരു പാന്‍ഇന്ത്യന്‍ നോവല്‍ എന്ന വിശേഷണം ആരാച്ചാർ അര്‍ഹിക്കുന്നു എന്നാണു ഡോ. ടി ടി ശ്രീകുമാർ പറയുന്നത്. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിന്റെ സംഘര്‍ഷങ്ങളെ മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കൊല്ലുന്ന പെണ്ണിന്റെ ചരിത്ര പുസ്തകം എന്നാണ് ഡോ. ടി ടി ശ്രീകുമാർ ആരാച്ചാറിനെ വിശേഷിപ്പിച്ചത്.