ദേശാഭിമാനി എം ടി സാംസ്കാരികോത്സവത്തിന് നാളെ കോഴിക്കോട് കടപ്പുറത്ത് തിരിതെളിയും. ദേശാഭിമാനിയുടെ പ്രഥമ സാഹിത്യപുരസ്കാരം ഫെബ്രുവരി 24ന് എം ടി വാസുദേവന്‍നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ദേശാഭിമാനിയുടെ പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടാണ് എം ടി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒരാഴ്ച നീളുന്ന സാംസ്കാരികോത്സവം 24 ന് അവസാനിക്കും.
എം ടി ചലച്ചിത്രമേളയോടെയാണ് ഉത്സവ കൊടിയേറ്റം. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നളന്ദയില്‍ 18, 19 തിയ്യതികളിലാണ് സിനിമാമേള. നിര്‍മാല്യം, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം, ഓളവും തീരവും, എം ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററികളായ കുമരനല്ലൂരിലെ കുളങ്ങള്‍, എ മൊമന്റ്്സ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി എന്നിവ പ്രദര്‍ശിപ്പിക്കും. 18ന് വൈകിട്ട് അഞ്ചിന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും.
ജ്ഞാനപീഠവും പത്മഭൂഷണുമടക്കം എം ടി എന്ന പ്രതിഭക്ക് ലഭിച്ച ദേശീയ ബഹുമതികളും പുരസ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന എം ടി മ്യൂസിയമാണ് സവിശേഷമായ മറ്റൊരു പരിപാടി. പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ എം ടിയുടെ ഫോട്ടോകളും ലളിതകലാ അക്കാദമി നടത്തിയ ഇലസ്ട്രേഷന്‍ ക്യാമ്പില്‍ രചിച്ച ചിത്രങ്ങളും മ്യൂസിയത്തിലുണ്ടാകും. 21 മുതല്‍ 24 വരെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയിലാണ് മ്യൂസിയം. 21ന് രാവിലെ 10ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ മ്യൂസിയം ഉദ്ഘാടനംചെയ്യും.
22, 23 തിയ്യതികളില്‍ ടാഗോര്‍ഹാളിലാണ് ദേശീയ സാഹിത്യ സെമിനാര്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുമായി സഹകരിച്ചാണ് പരിപാടി. 22ന് രാവിലെ 10ന് ജ്ഞാനപീഠ പുരസ്കാര ജേതാവ് പ്രതിഭാറായ് ഉദ്ഘാടനംചെയ്യും. ടാഗോര്‍ ഹാള്‍ അങ്കണത്തില്‍ ഈ ദിവസങ്ങളില്‍ പുസ്തകമേളയുണ്ട്. 22-ന് വൈകിട്ട് ആറിന് എം ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത നര്‍ത്തകി സുചിത്ര വിശ്വേശ്വരന്‍ മോഹിനിയാട്ടം അവതരിപ്പിക്കും.