Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

എംടിയുടെ കഥകള്‍

$
0
0

 

എംടിയുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ കഥകൾ. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗ്രഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.

1975ല്‍ പ്രസിദ്ധീകരിച്ച ഓപ്പോൾ മുതൽ ഷെർലക് വരെയുള്ള വിശിഷ്ടകഥകൾ സമാഹരിച്ച പുസ്തകമാണ് എം ടിയുടെ കഥകൾ. മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എംടിയുടേത്. അരനൂറ്റാണ്ടിലേറെയായി വായനക്കാർ അദ്ദേഹത്തിന്റെ കഥകൾ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എംടി.

MT-BOOKരാജി , നീർപ്പോളകൾ , മാതാവ് , ഒരു പിറന്നാളിന്റെ ഓർമ്മ ,വളർത്തുമൃഗങ്ങൾ , ഓപ്പോൾ , ഒടിയൻ , ബന്ധനം , ദുഖത്തിന്റെ താഴ്വരകൾ , ഭീരു, കുട്ട്യേടത്തി തുടങ്ങിഅനുവാചകഹൃദയങ്ങളെ വായനയുടെആഴങ്ങളിലേക്ക് ആഴ്ത്തുന്ന കഥാസമാഹാരം. ഡിസി ബുക്സ് 2012 നവംബറിലാണ് എംടിയുടെ കഥകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഒൻപതാമത്തെ പതിപ്പാണ് ഇപ്പോൾ വിപണിയിൽ .

രക്തം പുരണ്ട മണ്‍ത്തരികള്‍, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, തെരഞ്ഞെടുത്ത കഥകള്‍ ഡാര്‍എസ്‌സലാം , അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ഷര്‍ലക്, എന്റെ പ്രിയപ്പെട്ട കഥകള്‍ (കഥകള്‍) എന്നിവയാണ് എംടി വാസുദേവൻ നായരുടെ മുഖ്യ കഥകൾ.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996ല്‍ ജ്ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

എം ടി വാസുദേവൻ നായരുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ


മലയാളിയുടെ മാറുന്ന അടുക്കള വിശേഷങ്ങളുമായി ‘കല്ലടുപ്പുകള്‍’

$
0
0

 

 

കഴിഞ്ഞ അറുപതുവര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് കല്ലടുപ്പുകള്‍വി ആര്‍ ജ്യോതിഷ് തയ്യാറാക്കിയ ഈ പുസ്തകം ഡി സി ബുക്‌സ് കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. കേരളക്കരയുടെ തനിമനിലനിര്‍ത്തിയിരുന്ന രുചിക്കൂട്ടുകളെക്കുറിച്ചും മലയാളിയുടെ പുരാതനമായ ഭക്ഷണങ്ങളെയും അവയിലൂടെ കടന്നുവന്ന സാമൂഹിക സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെയും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

കല്ലടുപ്പുകള്‍ക്ക് ശ്രീകുമാരന്‍ തമ്പി എഴുതിയ അവതാരിക;

അമ്മരുചിയുടെ ഓര്‍മ്മകളില്‍

വി.ആര്‍. ജ്യോതിഷിന്റെ കല്ലടുപ്പുകള്‍‘ മലയാളിയെ അതിശയിപ്പിക്കുന്ന ഒരു പുസ്തകമാണ്. സാധാരണരീതിയില്‍ വ്യത്യസ്തം എന്നു പറയാത്തത് മനഃപൂര്‍വ്വമാണ്. നിര്‍വചിക്കാന്‍ പ്രയാസമുള്ള ഒരു പദമാണ് വ്യത്യസ്തം. കഴിഞ്ഞ അറുപതു വര്‍ഷത്തിനുള്ളില്‍ മലയാളിയുടെ അടുക്കളയില്‍ വന്ന പരിവര്‍ത്തനങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. അന്നമുണ്ടാക്കുന്ന ഇടമാണ് അടുക്കള. അക്ഷരം ബ്രഹ്മമാണ്; അന്നവും ബ്രഹ്മമാണ് എന്നത്രേ ഉപനിഷത്ത് പറയുന്നത്. അന്നമില്ലെങ്കില്‍ ജീവനില്ല.ഇങ്ങനെയൊക്കെയാണെങ്കിലും അടുക്കളയ്ക്കും അടുക്കളക്കാരിക്കും ബഹുമാന്യതയുള്ള ഒരു സ്ഥാനം നാം കല്പിച്ചു കൊടുക്കാറില്ല. അടുത്തകാലം വരെ കേരളത്തിലെ വീടുകളില്‍ അമ്മമാരും ഫലത്തില്‍ അടുക്കളക്കാരികളായിരുന്നു.

നമ്മുടെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, ആ ഉപകരണങ്ങളില്‍ വന്ന മാറ്റങ്ങള്‍, പരിപൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അതിനു പകരം വന്ന ഉപകരണങ്ങള്‍– എല്ലാം ഈ പുസ്തകത്തില്‍ വിഷയങ്ങളാകുന്നുണ്ട്. പഴയ കല്ലടുപ്പുകളും അതിനെ ‘റീ ഇന്‍ഫോഴ്‌സ്‌മെന്റ്’ (Reinforcement) ചെയ്യുന്ന പാതാംപുറവും (പാതകം) പാലും തൈരും മറ്റും സൂക്ഷിച്ചിരുന്ന ഉറികളും തേങ്ങ തിരുമ്മുന്ന ചിരവയും മലക്കറി അരിയാനും മീന്‍ വെട്ടാനും ഉപയോഗിച്ചിരുന്ന വിവിധതരം പിച്ചാത്തികളും നാളികേരം പൊതിക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തിയും നെല്ലു പുഴുങ്ങാന്‍ ഉപയോഗിച്ചിരുന്ന ചെമ്പും പായസവും പ്രത്യേകതയുള്ള കറികളും പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഉരുളികളും പുഴുങ്ങിയ നെല്ല് ഉണക്കാനുപയോഗിച്ചിരുന്ന ചിക്കുപായയും ഉരല്‍പ്പുരയും അവിടെയുള്ള പലതരം ഉരലുകളും ജോലി ചെയ്ത് തളരുമ്പോള്‍ അടുക്കളയുടെ വടക്കേ വരാന്തയില്‍ വിശ്രമിക്കാനായി അടുക്കളക്കാരിയും നെല്ലുകുത്തുന്ന സ്ത്രീകളും ഉപയോഗിച്ചിരുന്ന പുല്‍പ്പായയും തഴപ്പായയും–എല്ലാം ഈ പുസ്തകം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രദര്‍ശനശാല തുറന്നു എന്നു തന്നെ പറയാം.

മലയാളിയുടെ ജീവിതത്തില്‍നിന്ന് മലയാളത്തനിമ പൂര്‍ണ്ണമായും നഷ്ടമായി എന്നുതന്നെ കരുതാം. മലയാളിയുടെ അടുക്കളസംസ്‌കാരത്തിന് അതിന്റേതായ തനിമ ഉണ്ടായിരുന്നു. അത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളിത്തറവാടുകളില്‍ പൂമുഖത്തിന്റെ പ്രാധാന്യം അടുക്കളയ്ക്ക് ഇല്ലായിരുന്നു. എന്നാല്‍ അടുക്കളയുടെ സംസ്‌കാരം പൂമുഖത്തെ എന്നും ആനന്ദിപ്പിച്ചിരുന്നു. വളരെയധികം പഠിച്ചതിനുശേഷമാണ് ജ്യോതിഷ് ഈ കൃതി രചിച്ചിരിക്കുന്നത്. അല്പബുദ്ധികള്‍ക്ക് നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു വിഷയത്തെ അപഗ്രഥിച്ച് അതിനെ ഉത്കൃഷ്ടമായ ഒരു സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ഈ കൃതി. അടുക്കളയോ? അതിനെക്കുറിച്ച് എന്തെഴുതാന്‍ എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത്രയും വിലപ്പെട്ട ഒരു പുസ്തകം നമുക്ക് ലഭിക്കുമായിരുന്നില്ല. എഴുത്തുകാരന്റെ മനസ്സിന്റെ നന്മ ഈ പുസ്തകത്തിലെ ഓരോ ഉപശീര്‍ഷകത്തിനും താഴെ വിദളിതമാകുന്നുണ്ട്. താന്‍ കണ്ട, തന്നെ പത്രപ്രവര്‍ത്തനരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എസ്. ജയചന്ദ്രന്‍ നായരെ ഇന്നും നന്ദിപൂര്‍വം സ്മരിക്കുന്ന ജ്യോതിഷിന്റെ പ്രകൃതം ‘ന്യൂജനറേഷനി’ലെ അധികം പേരിലും നമുക്ക് കാണാന്‍ കഴിയുന്നതല്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ അനുധാവനം ചെയ്യുകയും സഹായിക്കുകയും ചെയ്തിട്ടുള്ള പത്രാധിപരാണ് എസ്. ജയചന്ദ്രന്‍ നായര്‍. ഏതു വിഷയവും അഗാധമായി പഠിക്കാന്‍ കഴിവുള്ള ജയചന്ദ്രന്‍ നായരുടെ ശിക്ഷണം വി.ആര്‍. ജ്യോതിഷിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് എന്നു ഞാന്‍ മനസ്സിലാക്കുന്നു.

സെമ്മ വെയ്റ്റ്: കാലായിലെ ആദ്യഗാനം തരംഗമാകുന്നു

$
0
0

രജനി ചിത്രം കാലായുടെ ഓരോ പുതിയ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൂപ്പര്‍ഹിറ്റായ ട്രെയിലറിന് ശേഷം കാലായിലെ ഗാനവും തരംഗമാകുന്നു. സെമ്മ വെയ്റ്റ് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നത്. സന്തോഷ് നാരായണനാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കാമരാജ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഹരിഹരസുതനും ചേര്‍ന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ വൈകാതെ തിയറ്ററുകളിലെത്തും.

കെ.അരവിന്ദാക്ഷന്റെ ജീവഗാഥ നോവലിനെ കുറിച്ച് ബെന്നി ഡൊമിനിക് എഴുതുന്നു

$
0
0

 

 

വിയറ്റ്‌നാമിലെ ബുദ്ധ സംന്യാസിയും പണ്ഡിത ശ്രേഷ്ഠനുമായ തിച്‌നാത് ഹാന്‍ (Thich Nhat Hanh ) രചിച്ച പഴയ പാത വെളുത്ത മേഘങ്ങള്‍ (Old path White Clouds) എന്ന ഗ്രന്ഥം ബുദ്ധ ചൈതന്യത്തിന്റെ വിസ്തൃത സ്ഥലികളെ മനസ്സിലേക്ക് ആവഹിക്കാന്‍ പോന്നതായിരുന്നു. ബുദ്ധ കാരുണ്യത്തിന്റെ, ദര്‍ശനത്തിന്റെ ആന്തരദീപ്തിയാല്‍ പ്രശോഭിതമായിരുന്നു ആ മഹിത ഗ്രന്ഥം. ജീവിതത്തിന്റെ സങ്കീര്‍ണ്ണങ്ങളായ ഒട്ടേറെ സമസ്യകള്‍ക്ക് വിമല ശുഭ്രങ്ങളായ ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു ആ പുസ്തകം. ശ്രീ.കെ.അരവിന്ദാക്ഷന്‍ ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഓര്‍ക്കുന്നു. ബുദ്ധ പാതയില്‍ ആകൃഷ്ടനായിട്ടുള്ള ഒരു എഴുത്തുകാരനാണ് അദ്ദേഹം.

ബുദ്ധ ദര്‍ശനം വിഷയമായി വരുന്ന രണ്ടു മൂന്നു നോവലുകളെങ്കിലും മലയാളത്തിലുണ്ട്.ഇ.എം.ഹാഷിമിന്റെ ‘ബുദ്ധ മാനസം ‘ , കെ.അരവിന്ദാക്ഷന്റെ ‘കുശി നാരയിലേക്ക് ‘ ,രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും ‘ തുടങ്ങിയവ ഓര്‍മ്മയിലെത്തുന്നു.അരവിന്ദാക്ഷന്റെ തന്നെ ജീവഗാഥ എന്ന നോവല്‍ ഈ ഗണത്തില്‍ വരുന്ന ശ്രദ്ധേയ കൃതിയാണ്.മലയാള ഭാവന ബുദ്ധ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിന്റെ ആഹ്‌ളാദകരമായ സാക്ഷ്യപത്രങ്ങളാണ് മേല്പറഞ്ഞ നോവലുകള്‍ .

ബുദ്ധന്‍ സംയമനത്തിന്റെ ശമനതാളമാണ്. അഗാധമായ ജാഗ്രതയും ജാഗ്രതയുംകാരുണ്യവും ബുദ്ധദര്‍ശനത്തിന്റെ പൊരുളാണ്. ആത്മാവും ശരീരവും തമ്മിലുള്ള (between the flesh and spirit ) സംഘര്‍ഷം വലിയ എഴുത്തുകാരെ പ്രലോഭിപ്പിച്ചിട്ടുള്ള വിഷയമാണ്. നികോസ് ക സാന്ദ് സാക്കിസിന്റെ ക്രിസ്തുവില്‍ ഇതു നാം കാണുന്നുണ്ട്. ഹെര്‍മന്‍ ഹെസ്സെയുടെ നാര്‍സ്സിസസ്സും ഗോള്‍ഡ്മണ്ടും എന്ന നോവല്‍ (Narcissus and Goldmund) ഈ ആത്മ ശരീരങ്ങളുടെ ഏറ്റുമുട്ടല്‍ ഒരളവോളം ചിത്രീകരിക്കുന്നുണ്ട്. ജീവഗാഥയുടെ സംഘര്‍ഷ കേന്ദ്രവും പ്രത്യക്ഷത്തില്‍ ഇതുതന്നെയാണു്. മുപ്പതു കൊല്ലമായി ബുദ്ധ പാതയിലൂടെ സഞ്ചരിക്കുന്ന സുധാകരന്‍ ബുദ്ധഭിക്ഷുവായ സുധിനന്റെ കഥ പറയുകയാണ്. ബുദ്ധ സംഘത്തില്‍ ആദ്യമായി ബ്രഹ്മചര്യ നിയമം ലംഘിച്ചത് സുധിനനാണ്. സുധാകരനോട് ആരോ മന്ത്രിക്കുന്നു : നീ ഗോതമ ബുദ്ധന്റെ കാലത്തെ സുധിനനാണ്.

കാമമാണ് ഭൂമിയുടെ ന്യൂക്ലിയസ്സ് എന്നു ചിന്തിക്കുന്നയാളാണ് സുധാകരന്‍ .ആസക്തിയുടെ ചൂട് അയാളെ ചുട്ടുപൊള്ളിക്കുന്നുണ്ട്. ബുദ്ധ ദര്‍ശനത്തിന്റെ കോട്ടകളില്‍ അക്കാലത്തു തന്നെ ഉണ്ടായ വിള്ളലുകള്‍ മാത്രമല്ല എല്ലാക്കാലത്തും മനുഷ്യന്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് സുധി നന്റെ കഥയിലൂടെ അരവിന്ദാക്ഷന്‍ അവതരിപ്പിക്കുന്നത്. ശമനമില്ലാത്ത ആസക്തി കേവലമൊരു വ്യക്തിപരമായ പ്രശ്‌നം മാത്രമാണോ? അതിനൊരു സാമൂഹികവശമില്ലേ?എന്തായാലും കാമമെന്ന ഉഗ്ര യാഥാര്‍ത്ഥ്യത്തിന്റെ മുഖത്ത് ഉറ്റുനോക്കാന്‍ തയ്യാറാവുകയാണ് നോവലിസ്റ്റ്. രക്തിയും വിരക്തിയുമാണ് നോവലിന് ആധാരഭൂതമായ കേന്ദ്ര പ്രമേയം.

പെണ്ണുടലിന്റെ വശ്യത ആരെയാണു മോഹിപ്പിക്കാത്തത്? പെണ്ണുടലിന്റെ നഗ്‌നതയാണ് സുധിനനെ മോഹാവേശത്തിലേക്കു് വലിച്ചാഴ്ത്തുന്നത്.സ്ത്രീ അവളുടെ നേര്‍ത്ത ചുണ്ടിലെ ഈര്‍പ്പം ,കവിളിലെ നുണക്കുഴി ,നെറ്റിയിലേക്കു വീണു കിടക്കുന്ന കാമനാഗങ്ങള്‍ ,മാറിടത്തിന്റെ മര്‍ദ്ദവം ,സ്‌നിഗ്ദ്ധത ,ഉയര്‍ച്ചതാഴ്ചകള്‍ ഇവയൊക്കെ സുധിനന്റെ മനസ്സില്‍ കാമത്തിന്റെ കര്‍പ്പൂര മഴ പെയ്യിക്കയാണ്. വൃദ്ധന്‍ നാതുവിന്റെ മകള്‍ യശോയുടെ നിറഞ്ഞ മാറും നിതംബവും ചലിക്കുന്നത് സുധിനന്റെ നെഞ്ചിനുള്ളിലാണ്.പൊയ്കയില്‍ നിന്ന് കുളിച്ചു കേറുന്ന പെണ്‍കുട്ടിയുടെയും പുഴയില്‍ കുളിക്കുന്ന യുവതിയുടെയും നഗ്‌നശരീരങ്ങള്‍ അവന്റെ മനസ്സില്‍ നിറയും രാത്രികളില്‍ . ഒരു ആവേശത്തിന് യശോയെ പ്രാപിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴങ്ങുന്നില്ല. ഈ യശോയില്‍ നിന്നാണ് സുധിനന്‍ ഗോതമ ബുദ്ധനെക്കുറിച്ചറിയുന്നത്.നിരഞ്ജനദിയുടെ കരയിലുള്ള ഉരുവേല ഗ്രാമത്തില്‍ ധ്യാനനിമഗ്‌നനായി ഗോതമന്‍ ഇരിപ്പുണ്ട്.

കാമത്തിന്റെ തീയാട്ടുമഹോത്സവം ഇവിടെ കേവലമൊരു അനുഷ്ഠാന പ്രധാനമായ ഒന്നല്ല. മനുഷ്യ കാമനയുടെ എളുപ്പത്തില്‍ നിര്‍വചിക്കാനാവാത്ത ഏതോ ഫിലോസഫിയാല്‍ മേലൊപ്പു ചാര്‍ത്തപ്പെടുന്നുണ്ട് ഇതിലെ നായക കഥാപാത്രത്തിന്റെ ആന്തര വ്യസനങ്ങളില്‍. ഭോഗവ്യഗ്രതയില്‍ത്തന്നെ… പരിത്യാഗത്തിന്റെ മരവുരിയും. രതിയുടെ മന്ദാരങ്ങള്‍ സുധിനനില്‍ എപ്പോഴും പൂത്തു നിന്നു. രാവെന്നില്ല , പകലെന്നില്ല ആ സക്തിയുടെ പിടിയിലാണവന്‍.സാക്കിസിന്റെ നായകന്‍ സോര്‍ബയ്ക്ക് ചെറുപ്പത്തില്‍ ചെറിപ്പഴങ്ങളോട് വലിയ ആസക്തിയായിരുന്നു. ഒരു ദിവസം ചെറിപ്പഴങ്ങള്‍ മൂക്കുമുട്ടെ തിന്നുകൊണ്ടാണ് സോര്‍ബ അവയോടുള്ള ആസക്തിയെ ജയിച്ചത്. ഇതേ തത്ത്വം തന്നെ ഒരു തിത്തിരപ്പക്ഷി സുധിനനു് ഉപദേശിക്കുന്നുണ്ട്. കാമം ഒരു രോഗമല്ല സുധിനാ. അതൊരു ജീവല്‍സ്വഭാവമാണ്. നീ അതില്‍ ആവോളം മുഴുകുക. മുഴുകി മുഴുകി നിന്റെ കാമം അതില്‍ അലിയിച്ചു കളയുക.

ചമ്പ എന്ന വേശ്യയുമൊത്ത് സുധിനന്‍ ഒരിക്കല്‍ രമിക്കുന്നുണ്ട്. പിന്നീടൊരിക്കല്‍ അവളെത്തേടിയെത്തുമ്പോള്‍ മരിച്ചു ദിനങ്ങള്‍ കഴിഞ്ഞ് ചീര്‍ത്തു പൊട്ടാറായ വയറും മുലകളും ആണ് അവന്‍ കാണുന്നത്. ഈച്ചകള്‍ മുലക്കണ്ണുകളില്‍ പാറിയിരുന്നു. ചമ്പസത്യമായിരുന്നു.; അവളുടെ നഗ്‌നമായ ഉടലും. ചമ്പയുടെ മരണം സുധിനനെ വേരോടെ കടപുഴക്കിയെറിഞ്ഞു. മരണം എന്ന പ്രതിഭാസത്തേക്കുറിച്ച് അവന്‍ ചിന്തിച്ചു. ഓരോ വൃദ്ധ ശരീരവും സുധിനന് അവന്‍ തന്നെയെന്ന് തോന്നി. രോഗം, വാര്‍ധക്യം, മരണം അതിനിടയിലെ ചെറിയ സന്തോഷങ്ങളുടെ വ്യര്‍ത്ഥത അവനു ബോധ്യമായി. മന:സംഘര്‍ഷങ്ങളും അലച്ചിലും അവനെ രോഗിയാക്കി. വസൂരിപ്പുരയില്‍ അര്‍ധബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പോലും അവനെ അലട്ടിയിരുന്നത് സ്ത്രീയുടെ നഗ്‌നതയായിരുന്നു. പെണ്‍യോനിയും ശ്രമണന്റെ തേജോ മുഖവും. ഏതാണു സത്യം? ഏതാണു മിഥ്യ?

വസൂരി പൊന്തിയ നിമിഷം മുതല്‍ നാഗിനി മുത്തശ്ശിയുടെ ചിതവരെ അവന്റെ ഓര്‍മ്മകള്‍ നീണ്ടു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എത്ര ജന്മങ്ങളാണ് സുധിനന്‍ ജീവിച്ചത്? മനുഷ്യന്‍ മരിച്ച് മണ്ണിലേക്കു പോയി പട്ടിയായോ പുഴുവായോ പുല്‍ച്ചാടിയായോ ഇങ്ങേയറ്റം മനുഷ്യനായോ അല്ല പുനര്‍ജനിക്കുന്നത് പട്ടിയുടെയും പുഴുവിന്റെയും പുല്‍ച്ചാടിയുടെയും പ്രപിതാമഹന്റെയും ജന്മങ്ങള്‍ ഈ ജന്മത്തില്‍ ത്തന്നെ ജീവിച്ച് തീര്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഇതോടെ സുവിനനുണ്ടാകുന്നുണ്ട്. ജീവിതാസക്തിയുടെ അഗ്‌നികുണ്ഡവുമായി നടക്കുന്ന ഏതൊരാളുടെയും പ്രതിരൂപമാകുന്നു സുധിനന്‍.കാമത്തീയിനെക്കാള്‍ മനുഷ്യനെ ചുട്ടെരിക്കുന്ന മറ്റൊന്നുമില്ലെന്ന് അയാള്‍ മനസ്സിലാക്കി.കാമത്തിന്റെ സിഗ്‌നല്‍ എവിടെക്കണ്ടാലും പിടിച്ചെടുക്കുന്ന ആന്റിന യാണ് സുധിനന്‍.

ഗോതമ ബുദ്ധനെ അന്വേഷിച്ചുള്ള യാത്രയ്ക്കിടയിലും അവന്റെ കണ്ണ് നീര്‍ച്ചാലിന്റെ ഒരു ഭാഗത്ത് കുളിക്കുന്ന പെണ്‍കുട്ടികളിലാണ്. ഏതോ ഒരു പൊറുതിയില്ലായ്മയുടെ കീടം അവനെ .

നിരഞ്ജനദി നോവലില്‍ ഒരു കഥാപാത്രമാണ് .സുധിനന്റെ ജീവിതത്തെ പുഴ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. അമ്മയുടെ പുഴക്കഥകളിലൂടെയാണ് അവന്റെ കണ്ണും കാലും വളര്‍ന്നത്. അവന് പുഴ രഹസ്യങ്ങള്‍ കൈമാറുന്നതിനും ദുഃഖം പങ്കിടാനും ആഹ്‌ളാദിക്കാനും ഉള്ള അമ്മയായിരുന്നു. ആ പുഴയാണ് ആരും ഒറ്റപ്പെട്ടവരല്ല ,എല്ലാം പരസ്പര ബന്ധിതമാണ് എന്ന് അവനെ പഠിപ്പിച്ചത്.ആ പുഴക്കരയില്‍ വച്ചാണ് സുധിനന്‍ സുജാതയെ കണ്ടെത്തുന്നത്. അവര്‍ കടത്തുകാരിയായിരുന്നു.എന്റെ ഏക ചങ്ങാതി പുഴയാണ്.സുജാത പറയുന്നു. സുജാത പുഴയില്‍ അവളെത്തന്നെ കണ്ടു. ഹെര്‍മന്‍ ഹെസ്സെയുടെ(Hermann Hesse) സിദ്ധാര്‍ത്ഥന്‍ പുഴയില്‍ അവനെ ദര്‍ശിച്ചതു പോലായിരുന്നു അത്.

ബുദ്ധ വിഹാരം വിട്ട് ഇറങ്ങുകയാണ് സുധനന്‍ ഒടുവില്‍. കാമം അയാളുടെ മാര്‍ഗ്ഗമായി സ്വീകരിച്ചു കഴിഞ്ഞു ഇതിനകം അയാള്‍. കാമരഹിതമായ ജീവിതം മൃതമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ഇങ്ങനെ ബുദ്ധാ ന്വേഷണത്തില്‍ത്തന്നെ ബുദ്ധ ദര്‍ശനത്തിന്റെ പഴുതുകള്‍ നോവലില്‍ മറനീക്കി വരുകയാണ്.ജീവിതത്തോടുള്ള അദമ്യമായ അഭിനിവേശത്തെ നോവലില്‍ അടയാളപ്പെടുത്തുകയാണ്. ഒരേ സമയം ശരിയെന്നു തോന്നുന്ന രണ്ടു വിപരീതങ്ങളില്‍ സുധിനന്റെ മനസ്സ് ഉടക്കി നിന്നു പോവുകയാണ്. മുന്നില്‍ക്കണ്ട ഓരോ പുല്‍ത്തകിടിയും സസ്യവും മരവും പക്ഷിയും ചെറു ജീവിയും മൃഗവും മണ്‍തരിയും പറയും കുന്നും മേഘങ്ങളും ആയിരം നാവാല്‍ സുധിന നോട് പറയുകയാണ് .കാമമില്ലെങ്കില്‍ ഈ ഭൂമിയില്‍ ജീവനെങ്ങനെ നിലനില്‍ക്കും? എല്ലാവരും ഗോതമ ഭിക്ഷുവായി മാറിയാല്‍ ജീവന്റെ പുതു ബീജങ്ങള്‍ ആരു സ്വീകരിക്കും? എങ്ങനെ ഭൂമി കിളുര്‍ക്കും? പുഷ്പിക്കും? പച്ച പുതയ്ക്കും?

സുധിനന്‍ ഭൂമിയെ ആവേശത്തോടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് നോവലില്‍ .ഏറെ നേരമായി അവന്‍ അബോധാവസ്ഥയിലായിരുന്നു. അവന്‍ പതുക്കെ ഉണരുന്നു.അങ്ങനെ അവന്‍ ഭൂമിയുടെ ചെനപ്പായി മാറി എന്നു നോവലില്‍ കാണുന്നു. ഇതു നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഭൂമിയുടെ ഒരു ശാഖയായി പരിണമിക്കുകയായിരുന്നല്ലോ ഗോതമ ബുദ്ധനും ഒരു വേള സുധിനന്‍ ഭൂമിയുടെ ശാഖയായി മാറി ബുദ്ധ വിഹായസ്സിലേക്ക് തലനീട്ടുന്നുണ്ട്. ബുദ്ധ വിഹായസ്സിലേക്ക് പറന്നുയരാന്‍ കൊതിച്ച പക്ഷിയാണ് സുധിനന്‍ .വീണു കിടക്കുന്ന സുധി നന്റെ നെറ്റിയില്‍ ഒരാട്ടിന്‍ കുട്ടി നാവ് ചലിപ്പിച്ചു. അവന്‍ കണ്ണു തുറന്നില്ലായിരുന്നെങ്കില്‍ ഭൂമിയുടെ പച്ചിലയെന്നു കരുതി അത് അവനെ തിന്നുപോകുമായിരുന്നു.

ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഒരു വാക്ക് . ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണീ നോവല്‍.സുജാത ,ചമ്പ, യശോ എന്ന ചണ്ഡാളസ്ത്രീ, നാഗിനി മുത്തശ്ശി ,സുധിനന്റെ അമ്മ രന്തീ ദേവി ,നന്ദബാല എന്നീ കഥാപാത്രങ്ങള്‍ നോവലിന്റെ ആകര്‍ഷണമാണ്. ചമ്പയുടെ കാര്യം നോക്കുക. അവള്‍ ഒരു സാധാരണ സ്ത്രീ ആയിരുന്നില്ല. ഗ്രാമമുഖ്യനു പോലും അവളെ പ്രാപിക്കാനായില്ല. അധികാരം കൊണ്ടോ യുവത്വം കൊണ്ടോ അവള്‍ പ്രലോഭിതയായില്ല.യശോ മിഴിവുറ്റ ഒരു കഥാപാത്രം തന്നെ .

ശ്രീ.കെ.അരവിന്ദാക്ഷന്‍ മലയാള സാഹിത്യകാരന്മാര്‍ക്കിടയില്‍ ഒറ്റപ്പെട്ട ഒരു വ്യക്തിത്വമാണ്. മികച്ച നോവലുകള്‍ പലത് എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തരളമായ കാല്പനിക ഭാഷയുടെ മധുരം ഈ എഴുത്തുകാരന്‍ വച്ചുനീട്ടുന്നില്ല. വളരെ നിലവാരപ്പെട്ട ഒരു ഭാഷാരീതിയാല്‍ ഈയെഴുത്തുകാരന്‍ വ്യതിരിക്തനാണ്. സാധാവായനക്കാരില്‍ നിന്ന് നമ്മുടെ നിരൂപകര്‍ പോലും ഉയരുന്നില്ലാത്തതുകൊണ്ടോ എന്തോ ഈ എഴുത്തുകാരനെ നിരൂപക പ്രമാണിമാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആരു കട്ടിയുള്ള ഭാഷയും ദര്‍ശനവും സ്വായത്തമാക്കിയ കെ. അരവിന്ദാക്ഷന്റെ ദൈവം തറക്കാത്ത പുസ്തകം മലായാളത്തിലെ വളരെ ശ്രദ്ധേയമായ വര്‍ക്കാണ്. ഗാന്ധിയുടെ സ്വത്വം അദേഹത്തിന്റെ ആസക്തമായ ജീവിതത്തില്‍ നിന്നും കണ്ടെടുക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു.. ഗാന്ധിയില്‍പ്പോലും പ്രബലമായിരിക്കുന്ന ആസക്തിയെ അരവിന്ദാക്ഷന്‍ പുറത്തു കൊണ്ടുവരുന്നുണ്ട് ആ നോവലില്‍ .അഥവാ ആസക്തിയും വിരക്തിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ തന്നെ. ആത്മീയതയുടെ രേണുക്കള്‍ സംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയില്‍ നിന്നാണു പ്രഭവം കൊള്ളുന്നത് എന്ന് ദൈവം തുറക്കാത്ത പുസ്തകം പറയുന്നു ..വലിയ മനുഷ്യരെയും വിമര്‍ശനത്തിന്റെ നാരായമുന കൊണ്ട് മാറ്റി വരക്കാന്‍ ഇദ്ദേഹത്തിനുള്ള ശ്രദ്ധയെ ആദരവോടെ കാണേണ്ടതുണ്ട്. ദൈവം തുറക്കാത്ത പുസ്തകത്തിനു ശേഷം ഭാഷയ്ക്ക് അദ്ദേഹം സമ്മാനിച്ച മറ്റൊരു ശ്രദ്ധേയ നോവലാണ് ജീവ ഗാഥ .

ജീവഗാഥയെസ്സംബന്ധിച്ചിടത്തോളം ,ജീവിത കാ മനയുടെ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന ,പ്രാണന്റെയും(spirit) ഉടലിന്റെയും രാജിയാവാത്ത സമ്മര്‍ദ്ദങ്ങളില്‍പ്പെട്ടു നട്ടം തിരിയുന്ന സുധി നനെയാണ് ചിത്രീകരിക്കുന്നതെന്ന് സമ്മതിച്ചാലും അതിനനുവദനീയമായ തോതിനപ്പുറത്തേക്ക് സുധിനന്റെ സ്ത്രീവിഷയകമായ താല്‍പര്യം ഒരു ഒബ്‌സഷനായി മാറുന്നുണ്ട്. ഇതു നായക കഥാപാത്രത്തിന്റെ ഭദ്രത തകര്‍ക്കുന്നതായി ചില യവസരങ്ങളിലെങ്കിലും തോന്നലുളവാക്കും. സുധിനന്‍ ഒരു ന്യൂറോട്ടിക്കാണെന്നു (neurotic)ഒരാള്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല.എന്നാല്‍ സുധിനന്റേത് ഒരു സിരാരോഗമായി കണക്കാക്കാന്‍ വരട്ടെ. അതില്‍ അത്ര ലഘുവല്ലാത്ത ഒരു മനുഷ്യാവസ്ഥ അന്തര്‍ഭവിച്ചിരിക്കുന്നു എന്നു പറയട്ടെ.

അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര-125ാം വര്‍ഷം: ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു

$
0
0

 

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി അയ്യങ്കാളി ട്രസ്റ്റുമായി സഹകരിച്ച് വില്ലുവണ്ടി സമരം നടന്ന വെങ്ങാനൂരില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ അയ്യങ്കാളി അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വെച്ച് 2018 മെയ് 4 മുതല്‍ 8വരെയാണ് ചിത്രകലാ ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍ 2018 മെയ് 4ന് വൈകുന്നേരം 3.30ന് നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷനാകുന്ന ചടങ്ങിന് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിക്കും. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. പി.എസ്. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിക്കും. കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ നന്ദി പറയും.

മധു വേണുഗോപാല്‍, സുനില്‍ അശോകപുരം, സുനില്‍ കുമാര്‍ ജി., കൃഷ്ണ ജനാര്‍ദ്ദന, ഭഗത്‌സിംഗ്, സുനില്‍ ലാല്‍, സുരേഷ് കുമാര്‍, അനിത, സിത്താര, ഡോ. ശ്രീകല എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. കൂടാതെ 10 പ്രാദേശിക ചിത്രകാരന്മാരും ഇതിന്റെ ഭാഗമാകും. ക്യാമ്പിലെ രചനകളുടെ പ്രദര്‍ശനം 2018 മെയ് 9 മുതല്‍ 15വരെ നടക്കും.

ഉച്ചനീചത്വത്തിനെതിരെ പ്രതീകാത്മകമായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ നിറക്കൂട്ടുകളാല്‍ പുനര്‍ജ്ജനിപ്പിച്ച് ഉറപ്പിക്കുകയാണ് വില്ലുവണ്ടി വര്‍ണ്ണങ്ങള്‍ എന്ന ചിത്രകലാ ക്യാമ്പിലൂടെ ലളിതകലാ അക്കാദമി.

 

വിസ്മയപ്പെടുത്തുന്ന ലോകോത്തര കഥകള്‍

$
0
0

വിശ്വസാഹിത്യ വിസ്മയങ്ങള്‍ പരിഭാഷകളിലൂടെ മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ഡി.സി ബുക്‌സ് എത്തിച്ചിട്ടുണ്ട്. ഋഗ്വേദവും ഇലിയഡും തുടങ്ങി അത്യന്താധുനിക സാഹിത്യങ്ങളുടെ പരിഭാഷകകള്‍ വരെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായ പുതിയ പരമ്പരയാണ് ലോകോത്തരകഥകള്‍.

എക്കാലത്തെയും ലോകസാഹിത്യ ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ പതിനൊന്ന് മഹാകഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പരമ്പരയില്‍ പെട്ട ഡോസ്‌റ്റോയേഫ്‌സ്‌കിയുടെ ലോകോത്തര കഥകളുടെ രണ്ടാം പതിപ്പ് പുറത്തിറക്കി.

മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ഡോസ്‌റ്റോയേഫ്‌സ്‌കി. അദ്ദേഹം വെട്ടിത്തുറുന്ന പാതകളിലൂടെയാണ് ആധുനിക സാഹിത്യം ഇന്ന് സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ Av Honest Thief (സത്യസന്ധനായ കള്ളന്‍), Another Man’s Wife ( മറ്റൊരുഭാര്യ അല്ലെങ്കില്‍ കട്ടിലിനടിയിലെ ഭര്‍ത്താവ്), The Dream of a Rediculous Man ( ഒരു അപഹാസ്യന്റെ സ്വപ്നം) A Novel in None letters (ഒന്‍പതു കത്തുകളില്‍ ഒരു നോവല്‍) തുടങ്ങിയ പ്രശസ്തമായ കഥകളുടെ മലയാള പരിഭാഷാണ് ലോകോത്തര കഥകളില്‍ സമാഹരിച്ചിരിക്കുന്നത്.

ടി കെ പ്രേമലതയാണ് കഥകളുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

സ്‌പെസിബ: ഇന്ത്യന്‍ യുവത്വത്തിനൊപ്പം

$
0
0

വൈവിദ്ധ്യം നിറഞ്ഞ റഷ്യന്‍ സമൂഹത്തെയും ജനതയെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണമാണ് സ്‌പെസിബ: റഷ്യന്‍ യുവത്വത്തിനൊപ്പം. പുസ്തകത്തിന് ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ആമുഖക്കുറിപ്പ്…

സിറിയയെ ആക്രമിക്കുന്നതില്‍നിന്ന് അമേരിക്കയ്ക്കും അനുകൂല രാജ്യങ്ങള്‍ക്കും പിന്മാറേണ്ടിവന്ന സമയത്താണ്, ഈ ലേഖകന്‍ റഷ്യയിലുണ്ടായിരുന്നത്. റഷ്യയുടെ കടുത്ത നിലപാടുകളായിരുന്നു യുദ്ധം ഒഴിവാക്കിയത്. സമാധാനകാംക്ഷികള്‍ക്ക് ആത്മവിശ്വാസ ത്തിന്റെ സൂചന. പക്ഷേ, ഇതേ റഷ്യയാണ് ഉക്രൈന്റെ കയ്യിലായിരുന്ന ക്രൈമിയയെ പിടിച്ചെടുത്ത് കൂടെച്ചേര്‍ത്തത്.

അതായത്…വൈരുദ്ധ്യമാണ് പുതിയ ലോകക്രമം. ന്യായം എന്നൊന്നില്ല. അത് രാഷ്ട്രങ്ങള്‍ അവരവരുടെ ശക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ്. പഴയ റഷ്യയല്ല, പുതിയ റഷ്യ. വന്‍ശക്തിയായി അത് തിരിച്ചുവരുന്നു. അതിനൊപ്പം സാമ്രാജ്യത്വമോഹവും ചെറുരാജ്യങ്ങളെ വിരട്ടി കാല്‍ക്കീഴില്‍ അമര്‍ത്താനുള്ള മോഹവും വരും. വ്യക്തിയും അങ്ങനല്ലേ. ഇപ്പോള്‍ വ്യക്തിക്ക് പിന്നെയും കുറെയൊക്കെ സിസ്റ്റത്തിനെ ഭയക്കണം. വ്യക്തിജീവിതത്തിലെ മിനിമം തത്ത്വംപോലും രാജ്യങ്ങള്‍ക്കു ബാധകമല്ല. ഇന്ന് ആശയത്തിന്റെ മൂക്കുകയര്‍ ഇല്ല.

ഉള്ളില്‍ നോക്കിയാല്‍ എല്ലാം മുതലാളിത്തരാജ്യങ്ങള്‍. ഇഷ്ടംപോലെ ലോകത്തെ നേരിടാം, പണമുണ്ടാക്കാം. ലോകമെങ്ങും രാജ്യങ്ങള്‍ മത്സരിക്കുന്നതും അതിനാണ്–ലോകത്ത് എന്റെ ഷെയര്‍ എത്ര? ലോകത്തെങ്ങും ഇതാണ് പാത. പണത്തിനു പണം വേണം എന്നത് നേര്. പക്ഷേ, എന്ത് അനാവശ്യത്തിനും പണം വേണം എന്ന ചിന്ത വന്നപ്പോള്‍ പ്രശ്‌നമായി. അധികം വരുന്ന പണം ഏതു ചെളിക്കുണ്ടില്‍ നിക്ഷേപിക്കുമെന്നതും ചിന്തയായി; വേദനയായി; അഹങ്കാരമായി; ഭ്രാന്തായി. വ്യക്തികളെപ്പോലെ ഭരണവര്‍ഗത്തിനും ഈ ദുരന്തം സംഭവിച്ചാല്‍, അതതു രാജ്യങ്ങളെയും അതു ബാധിക്കും.

രാജ്യങ്ങളെയെന്നുവച്ചാല്‍ അതിലെ വ്യക്തികളെ. പണത്തിന്റെയും ലഹരിയുടെയും ഭ്രമത്തില്‍പ്പെട്ട് ചത്തുവീഴുന്ന ചെറുപ്പക്കാര്‍ ലോകമെങ്ങുമുണ്ട്. ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്ക് കോടിക്കണക്കിനു ചെറുപ്പക്കാരുണ്ട്. എത്ര ആയിരങ്ങള്‍ ചത്താലും ഭരണകൂടത്തെ അതു ബാധിക്കുന്നില്ല. റഷ്യയുടെ ഗതി അതല്ല. 14 കോടി ജനങ്ങളേയുള്ളൂ. വൈകി ഓടിത്തുടങ്ങിയ ഒരു ഓട്ടക്കാരന്റെ മട്ടാണ് റഷ്യയ്ക്ക്. സ്വയം കറക്ട് ചെയ്തു വരുന്നതേയുള്ളൂ. പണം സമാഹരിക്കാനും വന്‍ശക്തിപദം തിരിച്ചുപിടിക്കാനുമുള്ള വേവലാതി ആ ഓട്ടത്തിലുണ്ട്. ഇതിനിടയില്‍ റഷ്യയ്ക്ക് പല കാര്യത്തിലും ശ്രദ്ധിക്കാനും കഴിയുന്നില്ല. റഷ്യയില്‍ കണ്ട ഇത്തരം വൈരുദ്ധ്യങ്ങളാണ് ഈ പുസ്തകം.

രാഷ്ട്രീയമായി മാത്രം അനുഭവിപ്പിക്കാനല്ല, കാഴ്ച കണ്ട്, സന്തോഷകരമായി വായിച്ച്, മുന്നോട്ടുനീങ്ങുന്ന ഒരു പുസ്തകമെന്ന മട്ടുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. റഷ്യയെക്കുറിച്ച് പല പുസ്തകം ഉണ്ടായിരിക്കാം. പക്ഷേ, ഒരു യാത്ര എഴുതുമ്പോള്‍, എഴുതുന്ന ആളിന്റെ ആത്മകഥ അതില്‍ അലിയുന്നുണ്ട്. ആകയാല്‍, ഒന്നും ആവര്‍ത്തനമല്ല. ഒരാളെഴുതുന്ന രാജ്യം അയാളുടേതു മാത്രമാകും. ഈ റഷ്യ എന്റേതു മാത്രവും ഇതു വായിക്കുമ്പോഴുണ്ടാകുന്ന റഷ്യ നിങ്ങളുടേതു മാത്രവും. ആകയാല്‍, വലിയ തിരക്കുകള്‍ക്കിടയില്‍നിന്ന് ഈ പുസ്തകം വായിക്കാനെടുത്തതിന് താങ്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്,…

 

കുഞ്ചന്‍ ദിനം

$
0
0

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്!. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങള്‍ നിറഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ ശൈലി ഇന്നും ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമര്‍ശനരംഗത്ത് ഒരു മഹനീയ മാതൃകയായി നിലകൊള്ളുന്നു.

ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍.

സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധം നമ്പ്യാര്‍ക്കുണ്ടായിരുന്നു

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ,
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും’, എന്നാണ് നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.

 


വി ജെ ജയിംസിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആന്റിക്ലോക്ക്’

$
0
0

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ഏറ്റവും പുതിയ നോവല്‍ ആന്റിക്ലോക്ക് പുറത്തിറങ്ങി. പുറപ്പാടിന്റെ പുസ്തകവും ചോരശാസ്ത്രവും ദത്താപഹാരവും ലെയ്ക്കയും ഒറ്റക്കാലന്‍കാക്കയും നിരീശ്വരനും ഒക്കെ സൃഷ്ടിച്ച വി.ജെ. ജയിംസിന്റെ തൂലികയില്‍ നിന്നും നമുക്കു ലഭിക്കുന്ന മറ്റൊരു മികച്ചസൃഷ്ടിയാണ് ആന്റിക്ലോക്ക്. ജീവിതത്തിലെ വിപരീതങ്ങള്‍ക്ക് നിറം പകരാനുള്ള ശ്രമത്തില്‍ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ നോവല്‍. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തുപ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളില്‍ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥല്യവും കാവ്യാത്മകമായി ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു. ആന്റിക്ലോക്ക്  സമൂഹത്തിനു നല്‍കുന്നത് ഒരു ജാഗ്രതാ നിര്‍ദ്ദേശമാണ്. കാലത്തിന്റെ വക്ഷസ്സില്‍ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങള്‍ക്കിടയില്‍ മാനുഷികമായ ഭാവനകള്‍ക്കും ചിന്തകള്‍ക്കും ഗതിവേഗം നഷ്ടപ്പെടുത്തുന്ന ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍.

ആന്റിക്ലോക്കില്‍ സമയഗതിയെ എപ്പോഴും നേരേപിടിച്ചു നടത്താന്‍ ബദ്ധശ്രദ്ധനായി ക്ലോക്ക് നന്നാക്കുന്ന ഒരാളും ജീവിതാന്ത്യത്തില്‍ ജീവന്‍ വെടിഞ്ഞ ദേഹത്തിനു സംരക്ഷണമൊരുക്കുന്ന മയ്യപ്പെട്ടിയുണ്ടാക്കുന്ന ഒരാളും ചേര്‍ന്നാണ് കഥാകഥാനത്തിനു വഴിയൊരുക്കുന്നത്. ഒരു പ്രതികാരത്തിന്റെ കഥയാണ് ആന്റിക്ലോക്ക് എന്നു പറഞ്ഞാല്‍ അതു കഥയെ വല്ലാതെ ചുരുക്കിക്കളയുകയായിരിക്കും എന്നു തോന്നുന്നു. എങ്കിലും ആദിനാട്ടിലെ രണ്ടു ശവപ്പെട്ടി നിര്‍മ്മാതാക്കാളില്‍ ഒരാളായ ഇന്‍ട്രിയുടെ മനസ്സിലെ, കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന കൊടിയ പ്രതികാരമാണ് കഥയുടെ കാതല്‍.

നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക് വഹിക്കുകയും പുസ്തകത്തിന്റെ തലക്കെട്ടിനുതന്നെ കാരണമാകുകയും ചെയ്യുന്ന ആന്റിക്ലോക്ക് നിര്‍മ്മിക്കുന്നത് പണ്ഡിറ്റാണ്. പഴഞ്ചനെന്നോ കാലഹരണപ്പെട്ടതെന്നോ ഒക്കെ സമകാലിക സമൂഹം കരുതുന്നതും എന്നാല്‍ ജീവിതപരിചയവും യുക്തിയും ഉപയോഗിച്ച് സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്താനുള്ള മുതിര്‍ന്ന വ്യക്തികളുടെ കഴിവിനെക്കൂടി അടയാളപ്പെടുത്തുന്നിടത്താണ് പണ്ഡിറ്റിന്റെ പ്രസക്തി. എന്നാല്‍ ലോപ്പസിന്റെ പ്രവാസിയായ മകന്‍ തന്റെ ജര്‍മ്മന്‍കാരിയായ പത്‌നിയോടൊപ്പം നാട്ടിലെത്തുന്നിടം മുതലാണ് കഥ ചടുലമാകുന്നത്…

കുട്ടിക്കഥാപുസ്തകം ‘പൂമ്പാറ്റ’

$
0
0

അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കായി ഷൈനി വി.റ്റി. എഴുതിയ രസകരവും ലളിതവുമായ കുട്ടിക്കഥാപുസ്തകമാണ് പൂമ്പാറ്റ. പഠനം ഒരു ഭാരമാകാതെ രസകരമാക്കുവാന്‍ ശ്രമിക്കുകയാണ് പൂമ്പാറ്റയിലൂടെ. പലവുരു പറഞ്ഞും കണ്ടും കേട്ടും അക്ഷരങ്ങളെ മനസ്സില്‍ പതിപ്പിക്കുവാന്‍ ഈ പുസ്തകത്തിലെ ഓരോ കഥകളും സഹായിക്കുന്നു.

അക്ഷരങ്ങളുടെ ഇരട്ടിപ്പു കൊണ്ടുള്ള ആഖ്യാനത്തിലൂടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികളെ അക്ഷരങ്ങള്‍ക്കൊപ്പം ആനയിക്കുവാന്‍ സഹായിക്കുന്ന മികച്ച കഥാപുസ്തകമാണിത്.

പുസ്തകത്തിന് ഷൈനി വി.റ്റി. എഴുതിയ ആമുഖക്കുറിപ്പ്..

കുട്ടികള്‍ അക്ഷരം പഠിക്കുന്ന പ്രായത്തില്‍ത്തന്നെ അക്ഷരങ്ങളും അവയുടെ ഇരട്ടിപ്പുകളും അവരുടെ മനസ്സില്‍ ഉറയ്ക്കുന്നതിനും താളാത്മകമായി ഗദ്യഭാഗങ്ങള്‍ ഒഴുക്കോടെ വായിക്കുന്നതിനും പരിശീലിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള അക്ഷരകഥകളാണ് ഈ പുസ്തകം. ഒരു അക്ഷരത്തില്‍ നിന്നും ആരംഭിക്കുന്ന വാക്കുകളാല്‍ ഒരു കഥ മുഴുവന്‍ പറയുക എന്നത് കുട്ടികള്‍ക്ക് അത്യധികം നൂതനവും കൗതുകവുമാര്‍ന്ന അനുഭവമായിരിക്കും. മാതാപിതാക്കള്‍ ഈ കഥകള്‍ കുട്ടികള്‍ക്ക് താളാത്മകമായി വായിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ..

സര്‍ഗ്ഗയാനം ചിത്രകലാ പ്രദര്‍ശനം മെയ് 8 മുതല്‍ 14 വരെ

$
0
0

സര്‍ഗ്ഗയാനത്തിന്റെ രണ്ടാം ചിത്രകലാ പ്രദര്‍ശനം മെയ് 8 മുതല്‍ 14 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ ‘ഡി’ ഗ്യാലറിയില്‍ സംഘടിപ്പിക്കുന്നു. മെയ് 8 ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ. എം.കെ. സാനു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിന് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിക്കും. കേരള ലളിതകലാ അക്കാദമി അംഗം ആര്‍ട്ടിസ്റ്റ് സോംജി എന്നറിയപ്പെടുന്ന കെ.എ. സോമന്‍ കൃതജ്ഞത രേഖപ്പെടുത്തും.

മെയ് 12ന് രാവിലെ 11 മണിക്ക് ‘സമകാലീന കേരളീയ കലാപരിസരം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സദാനന്ദ് മേനോന്‍, ചന്ദ്രന്‍ ടി.വി., വിജയകുമാര്‍ മേനോന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

ദേശീയ ചിത്രകലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളും പങ്കെടുത്ത ചിത്രകാരന്മാരുടെ ഇതര സൃഷ്ടികളും ഉള്‍പ്പെടുത്തി ജോണി എം.എല്‍. ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദര്‍ശനവും സര്‍ഗ്ഗയാനം എന്ന പേരില്‍ വിവിധ ഗാലറികളില്‍ നടത്തിവരുന്നു. സര്‍ഗ്ഗയാനത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29 മുതല്‍ ആപ്രില്‍ 5 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് നടന്നത്.

 

ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ ‘ദിവസത്തിന്റെ ശേഷിപ്പുകള്‍’

$
0
0

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷയാണ് ‘ദിവസത്തിന്റെ ശേഷിപ്പുകള്‍‘ .  പുസ്തകം ‘ലൈല സൈന്‍’ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

1989ലാണ് ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ‘ പ്രസിദ്ധീകരിക്കുന്നത്. ഇഷിഗുറോയെ പ്രശസ്തനാക്കിയതും ഈ നോവലാണ്. ഈ നോവലിന് മാന്‍ ബുക്കര്‍ പ്രൈസും (1989) ലഭിച്ചിരുന്നു. സ്റ്റീവന്‍സ് എന്ന ബട്‌ലര്‍ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ദിവസത്തിന്റെ ശേഷിപ്പുകള്‍ വായനക്കാരന്റെ ഹൃദയംകവരുന്നതാണ്.

നോവലില്‍ നിന്ന് ഒരു ഭാഗം;

കെന്റന്‍ ഇങ്ങനെ എഴുതുന്നു: ”രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയില്‍നിന്നുള്ള പുല്‍ത്തകിടിയിലേക്കും വിദൂരതയില്‍ തെളിഞ്ഞുകാണുന്ന പുല്‍മേടുകളിലേക്കുമുള്ള ജാലകക്കാഴ്ച എനിക്ക് വളരെ പ്രിയങ്കരമാണ്. വേനല്‍ക്കാല സായാഹ്നങ്ങള്‍ ആ മാന്ത്രികക്കാഴ്ചയ്ക്ക് വശ്യത പകര്‍ന്നുതരുന്നു. ഞാന്‍ ഇപ്പോള്‍ കുറ്റസമ്മതം നടത്തട്ടെ. ആ കാഴ്ച കാണാന്‍ ഞാന്‍ ഒരുപാടുനേരം ജനലിനടുത്തുനിന്ന് നഷ്ടപ്പെടുത്തിയിട്ടുണ്ട്.”
അവര്‍ തുടര്‍ന്നു:
”ഇത് ഒരു വേദനയുണര്‍ത്തുന്ന ഓര്‍മ്മയാണെങ്കില്‍ എനിക്ക് മാപ്പു തരൂ. വേനല്‍ക്കാല വസതിക്കുമുന്നില്‍ നിങ്ങളുടെ അച്ഛന്‍ അങ്ങോട്ടു മിങ്ങോട്ടും നടക്കുന്നത് നമ്മൊളൊരുമിച്ച് ഉറ്റുനോക്കിനിന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല. കളഞ്ഞുപോയ, രത്‌നങ്ങള്‍ നിലത്ത് പരതുന്നതു പേലെയായിരുന്നു അദ്ദേഹം അന്ന് താഴേക്കു നോക്കിയത്.”
മൂന്നു ദശകങ്ങള്‍ക്കു മുമ്പത്തെ ഈ ഓര്‍മ്മ എന്നിലുള്ളതുപോലെ കെന്റനിലും പച്ചപിടിച്ചു നില്ക്കുന്നു എന്നത് എനിക്കൊരു വെളിപാടു പോലെ തോന്നി. അവര്‍ സൂചിപ്പിച്ചതുപോലെ അതൊരു വേനല്‍ക്കാല സായാഹ്നത്തില്‍ നടന്നതായിരിക്കണം. രണ്ടാമത്തെ നിലയിലേക്ക് കയറിപ്പോകുമ്പോള്‍, തുറന്നുകിടക്കുന്ന കിടപ്പുമുറികളുടെ വാതിലുകളിലൂടെ ഓറഞ്ചു നിറമാര്‍ന്ന അസ്തമയസൂര്യന്റെ കിരണങ്ങള്‍ ഇടനാഴിയുടെ മ്ലാനത ഭേദിച്ചുകൊണ്ട് വീണുകിടക്കുന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. കിടപ്പുമുറികള്‍ കടന്നു മുന്നോട്ടുപോയപ്പോള്‍ ജാലക
ത്തില്‍ നിഴലായിനില്ക്കുന്ന കെന്റന്റെ രൂപം ഞാന്‍ കണ്ടു. അവര്‍ തിരിഞ്ഞ് എന്നെ പതുക്കെ വിളിച്ചു:
”സ്റ്റീവന്‍സ്, ഒരു നിമിഷം ഒന്നു വരുമോ?”
ഞാന്‍ അകത്തു ചെന്നപ്പോള്‍ കെന്റന്‍ വീണ്ടും ജനലിനടുത്തേക്ക് തിരിഞ്ഞിരുന്നു. വെള്ളിലമരങ്ങളുടെ നിഴല്‍ പുല്‍ത്തകിടിയില്‍ വീണിട്ടുണ്ട്. വലതുവശത്തായി കാണുന്ന പുല്‍ത്തകിടി വേനല്‍ക്കാലവസതിയുടെ അടുത്തുള്ള വരമ്പിലേക്ക് ഉയര്‍ന്നുനിന്നു. അവിടെ എന്റെ അച്ഛന്‍ ചിന്താകുലനായി നടക്കുന്നത് കാണാമായിരുന്നു. കെന്റനത് മനോഹരമായി വിശേഷിപ്പിച്ചു:
”കളഞ്ഞുപോയ രത്‌നങ്ങള്‍ നിലത്ത് പരതുന്നതുപോലെ.”

ഈ ഓര്‍മ്മ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നതിന് വ്യക്തമായ കാരണ ങ്ങളുണ്ട്. കെന്റനും എന്റെ അച്ഛനും ഡാര്‍ലിങ്ടണ്‍ഹാളില്‍ ചെലവഴിച്ച ആദ്യകാലദിനങ്ങളിലെ അവരുടെ ബന്ധത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ എനിക്ക് വലിയ അതിശയമൊന്നും തോന്നുന്നില്ല. 1922-ലെ വസന്തകാലത്ത് ഏതാണ്ടൊരേ സമയത്താണ് അവര്‍ രണ്ടുപേരും ഡാര്‍ലിങ്ടണ്‍ഹാളില്‍ എത്തിച്ചേര്‍ന്നത്. വീടുസൂക്ഷിപ്പുകാരിയെയും ബട്‌ലറുടെ സഹായിയെയും ഒറ്റയടിക്ക് എനിക്ക് നഷ്ടപ്പെട്ടതിന്റെ ഫലമായാണ് അവര്‍ ഇവിടെ എത്തിയത്. അവസാനം പറഞ്ഞ വ്യക്തികളും വിവാഹിതരാകാനായി ജോലി ഉപേക്ഷിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ഒരു വീടിന്റെ ചിട്ടയായ നടത്തിപ്പിന് ഇത്തരം രഹസ്യബന്ധങ്ങള്‍ ഗൗരവമായ ഭീഷണിയാണെന്നാണ് എന്റെ കണ്ടെത്തല്‍. അന്നുമുതല്‍ എനിക്ക് നിരവധി ജോലിക്കാരെ ഇത്തരം സാഹചര്യത്തില്‍ നഷ്ടമായി
ട്ടുണ്ട്. വീട്ടുജോലിക്കാരികള്‍ക്കും പരിചാരകര്‍ക്കുമിടയില്‍ ഇത്തരം സംഗതികളൊക്കെ നാം പ്രതീക്ഷിക്കണം. ഒരു നല്ല ബട്‌ലര്‍ തന്റെ ജോലിക്രമീകരണങ്ങളില്‍ ഈ കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്. കൂടുതല്‍ തഴക്കംവന്ന ജോലിക്കാരുടെ വൈവാഹികബന്ധങ്ങള്‍ ജോലിയില്‍ വിള്ളലേല്പിക്കും. പക്ഷേ, സഹപ്രവര്‍ത്തകരായ രണ്ടാളുകള്‍ പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യുന്നതിനെ തെറ്റുപറയാന്‍ പറ്റില്ല. എന്നാലും ഇക്കാര്യം എനിക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. വീട്ടുജോലിക്കാരികളാണ് ഇതിനൊക്കെ കാരണം എന്നതുകൊണ്ട് അത്തരക്കാര്‍ എന്നെ വെറുപ്പിക്കാറുണ്ട്. തൊഴിലില്‍ യാതൊരു ആത്മാര്‍ത്ഥതയും കാണിക്കാതെ, ഒരു ജോലിയില്‍നിന്ന് മറ്റൊരു ജോലിയിലേക്ക് പ്രണയംതേടി നടക്കുന്നവരാണ് പ്രത്യേകിച്ചും കുറ്റക്കാര്‍. ഇത്തരം വ്യക്തികള്‍ മികവുറ്റ തൊഴില്‍വൈദഗ്ദ്ധ്യത്തിന് ഒരു ശാപമാണ്. ഉടനടി പറയട്ടെ, കെന്റനെ ഉദ്ദേശിച്ചല്ല ഞാനിതു പറഞ്ഞത്. അവരും എന്റെ കീഴില്‍നിന്നു പോയത് കല്യാണം കഴിക്കാന്‍വേണ്ടിയാണ്. അവര്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയുള്ള, തൊഴില്‍കാര്യങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കുന്ന ഒരാളായിരുന്നെന്ന് ഞാന്‍ ആണയിട്ടു പറയും. തൊഴില്‍ കാര്യങ്ങളില്‍നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാത്തവരായിരുന്നു അവര്‍. ഞാന്‍ വിഷയത്തില്‍നിന്നുതന്നെ വിട്ടുപോയി. ഞാന്‍ പറഞ്ഞു വന്നത് വീട്ടുജോലിക്കും ബട്‌ലറുടെ സഹായിയായിട്ടും ആള്‍ക്കാരെ ആവശ്യമുള്ള സമയത്താണ് കെന്റന്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ്. വീട്ടുജോലിക്കാരിക്ക് ആവശ്യമില്ലാത്തവിധം ഉയര്‍ന്ന ശുപാര്‍ശകളുമായാണ് കെന്റന്‍ വന്നത്.

ഏതാണ്ട് ഇതേ സമയത്താണ് എന്റെ അച്ഛന്‍ ലൗബറേ ഭവനത്തിലെ ജോണ്‍ സില്‍വേഴ്‌സിന്റെ കീഴിലെ വിശിഷ്ട സേവനം അവസാനിപ്പിച്ചത്. അച്ഛന്‍ ഒരു ജോലിക്കും താമസത്തിനുമായുള്ള അന്വേഷണത്തിലാ യിരുന്നു. തൊഴില്‍പരമായി ഉയര്‍ന്ന നിലവാരത്തിലായിരുന്നെങ്കിലും അദ്ദേഹം തന്റെ എഴുപതുകളിലായിരുന്നു. വാതവും മറ്റ് രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ചെറുപ്പക്കാരും സമര്‍ത്ഥരുമായ ബട്‌ലര്‍മാരുടെ തൊഴില്‍മത്സരങ്ങള്‍ക്കിടയില്‍ അദ്ദേഹം എങ്ങനെ പിടിച്ചുനില്ക്കുമെന്ന് എനിക്ക് മനസ്സിലായില്ല. ഇതെല്ലാം ഓര്‍ത്തപ്പോള്‍, അച്ഛന്റെ മഹത്തായ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും കണക്കിലെടുത്ത്, അദ്ദേഹത്തെ ഡാര്‍ലിങ്ടണ്‍ഹാളിലേക്ക് കൊണ്ടുവരികയാണ് ന്യായ മായ പരിഹാരം എന്നെനിക്കു തോന്നി….

ബഷീറിന്റെ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം മെയ് 6ന്

$
0
0

 

വൈക്കം മുഹമ്മദ് ബഷീറിന്റെ 1968ല്‍ പ്രസിദ്ധീകരിച്ച ലഘുനോവല്‍ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം അനുബന്ധിച്ച് ബഷീറിന്റെ ജന്മനാട് ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തലയോലപ്പറമ്പില്‍ നടക്കും. 2018 മെയ് 6 ഞായര്‍ വൈകിട്ട് 3ന് തലയോലപ്പറമ്പിലുള്ള ഫെഡറല്‍ നിലയത്തില്‍ വെച്ചാണ് ഈ സാഹിത്യകൂട്ടായ്മ നടക്കുന്നത്.

ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എം.ഡി. ബാബുരാജന്റെ അദ്ധ്യക്ഷതയില്‍ സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം ചിത്രഭാനു, രമേശന്‍ മൂലശ്ശേരി, വൈക്കം എം.കെ. ഷിബു, പ്രൊഫ.കെ.എസ്. ഇന്ദു, ഡോ. യു. ഷംല, അഡ്വ. എന്‍. ചന്ദ്രബാബു, അഡ്വ. ടോമി കല്ലാനി, കെ.എസ്. മണി, എം.കെ. സുനില്‍, കെ.എം. ഷാജഹാന്‍ കോഴിപ്പള്ളി, സണ്ണിചെറിയാന്‍, മോഹന്‍ ഡി. ബാബു, ഡോ.എസ്. പ്രിതന്‍, പ്രൊഫ. ടി.ഡി. മാത്യു, പി.ജി. ഷാജിമോന്‍, ടി.കെ. ഉത്തമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കഥകളുടെ സുല്‍ത്താന്‍ ബഷീര്‍ ഭാര്യ ഫാബിയുമായി കുടുംബസമേതം 1960 മുതല്‍ 1964 വരെ താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീടാണ് ഫെഡറല്‍ നിലയം.

കലാലയം സാംസ്‌കാരികോത്സവം തൃശൂരില്‍

$
0
0

കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം 2018 മെയ് 6,7,8,9 തീയതികളിലായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മെയ് 6ന് രാവിലെ 9 മണിക്ക് നടക്കുന്ന പുസ്തകോത്സവത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. 3 മണിക്ക് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. വി.കെ. അബ്ദുല്‍ അസീസ് ചടങ്ങില്‍ മുഖ്യാതിഥിയാകും. കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 4.30ന് 300 ആളുകള്‍ അണിനിരക്കുന്ന അറബനമുട്ടും കവിയരങ്ങും നടക്കും.

രണ്ടാം ദിനമായ മെയ് 7ന് 9 മണിക്ക് മാറ്റി നിര്‍ത്തപ്പെട്ടവര്‍ പങ്കുചോദിക്കുന്നു എന്ന വിഷയത്തിലൂന്നിയ പഠനശാല രാംപുരിയാനി ഉദ്ഘാടനം ചെയ്യും. സമൂഹം, സംസ്‌കാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ സംവദിക്കും. വൈകുന്നേരം 5 മണിക്ക് കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും 7 മണിക്ക് മഹ്ഫൂസ് കമാലും സംഘവും അവതരിപ്പിക്കുന്ന ഗസലും നടക്കും.

മെയ് 8ന് കുട്ടികളുടെ പാട്ടും പറയലും, കലാലയം നേതൃസഭ, എഴുത്തിന്റെ രാഷ്ട്രീയം, കലാവട്ടം, വായനക്കാര്‍ പുസ്തകം വായിക്കുന്നു, ഫാഷിസ്റ്റ് കാലത്തെ ജനാധിപത്യജീവിതം, തെരുവിന്റെ പാട്ട് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. അവസാന ദിവസമായ മെയ് 9ന് ഫാഷിസത്തിനെതിരെ ചിത്രരചന, അറിവിന്റെ രാഷ്ട്രീയം, ലൈതികത, പോരാളികളുടെ ഒത്തുചേരല്‍ തുടങ്ങിയ പരിപാടികളും നടക്കും. വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനത്തോടെ സാംസ്‌കാരികോത്സവം അവസാനിക്കും.

വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികം

$
0
0

1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 1809 മാര്‍ച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയില്‍ എത്തിച്ചേരുകയും (18021809) അതേ വേഗതയില്‍ അത് നിരാകരിച്ച് ജനങ്ങള്‍ക്ക് വേണ്ടി ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തില്‍ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്, അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമര്‍ശിക്കുന്നവരും ഉണ്ട്.

1765 ല്‍ അന്നത്തെ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്‌നാടിന്റെ) നാഗര്‍കോവിലിനടുത്തുള്ള കല്‍ക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധന്‍ ജനിച്ചത്. വേലായുധന്‍ തമ്പി എന്നാണ് മുഴുവന്‍ പേര്‍. അച്ഛന്‍ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവില്‍ നിന്ന് ചെമ്പകരാമന്‍ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാര്‍. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതല്‍ക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവര്‍ഷം 959മാണ്ടില്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാര്‍ അദ്ദേഹത്തിന്റെ സാധനങ്ങള്‍ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് കാര്‍ത്തികതിരുനാള്‍ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താല്‍ കവര്‍ച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാര്‍ത്തികതിരുനാള്‍ മഹാരാജാവിനാല്‍ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തില്‍ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

മാർച്ച് 18 – ദളവാ പദവിയിൽ നിന്ന് പുറത്തായി. ഏപ്രിൽ 8-ന് ആത്മഹത്യ ചെയ്തു.

 


രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം

$
0
0

ഭാരതമൊട്ടാകെ കലാസാംസ്‌കാരികരംഗങ്ങളില്‍ ആഴമേറിയ മുദ്ര പതിപ്പിച്ച നോബല്‍ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോര്‍ (മേയ് 7 1861 ഓഗസ്റ്റ് 7 1941), ‘ഗുരുദേവ്’ എന്നും ആദരപൂര്‍വ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നല്‍കുകയും ചെയ്തു. 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്‌കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോര്‍.

മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗമന പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം. രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മതസാമൂഹിക പരിഷ്‌കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്.

കൊല്‍ക്കത്തയില്‍ പീരലി ബ്രാഹ്മണ വംശത്തില്‍ പിറന്ന ടാഗോര്‍ എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ‘ഭാനുസിംഹന്‍’ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോര്‍, ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂര്‍ണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

ടാഗോറിന്റെ കൃതികളില്‍ അനവധി നോവലുകള്‍, ചെറുകഥകള്‍, ഗാന സമാഹാരങ്ങള്‍, നൃത്ത്യനാടകങ്ങള്‍, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്‌കാരിക പരിഷ്‌കര്‍ത്താവായിരുന്ന ടാഗോര്‍, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങള്‍ ഇന്‍ഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ് ജനഗണമനയും അമാര്‍ ഷോണാര്‍ ബാംഗ്ലയും.

ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ ടാഗോര്‍ ലോകപ്രസിദ്ധനായിരുന്നു പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളില്‍. 1934 ജനുവരി 15ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോര്‍ കഠിനമായി എതിര്‍ത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊല്‍ക്കത്തയില്‍ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോര്‍ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പില്‍ക്കാലത്ത് രചിക്കപ്പെട്ട ‘അപരാജിതോ’ പോലെയുള്ള കൃതികള്‍ക്ക് ചുവടു പിടിച്ചു (ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ, ഇത് സത്യജിത് റേ മൂന്ന് പ്രസിദ്ധ ചലചിത്രങ്ങളുടെ പരമ്പരയാക്കി).

ടാഗോര്‍ പതിനഞ്ച് വാല്യങ്ങളായി സമാഹരിച്ച കൃതികളില്‍ ഗദ്യ കാവ്യങ്ങളായ ‘പുനസ്ച’ 1932, ‘ഷേഷ് സപ്തക്’ 1935, ‘പത്രപുത്’ 1936 എന്നിവ ചേര്‍ത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോര്‍ തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. അവയില്‍ പ്രധാനം നൃത്യനാടകങ്ങളായ ‘ചിത്രാംഗധ’ 1914, ‘ശ്യാമ’ 1939, ‘ചണ്ഡാലിക’ 1938 എന്നിവയും, നോവലുകളായ ‘ദുയി ബോണ്‍’ 1933, ‘മലഞ്ച’ 1934, ‘ചാര്‍ അദ്ധ്യായ്’ 1934 എന്നിവയുമാണ്.

തന്റെ അവസാന വര്‍ഷങ്ങളില്‍ ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കണിച്ച ടാഗോര്‍ ‘വിശ്വ പരിചയ്’ എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937ല്‍ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോര്‍ നഠത്തിയ പഠനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചു. ‘ഷെ’ 1937, ‘തീന്‍ സാംഗി’ 1940, ‘ഗല്‍പ്പസല്‍പ്പ’ 1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു.

അവസാന നാലു വര്‍ഷങ്ങള്‍ രോഗശയ്യയില്‍ കടുത്ത വേദനയിലായിരുന്ന ടാഗോര്‍, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതില്‍ നിന്ന് മോചിതനായെങ്കിലും 1940ല്‍ സമാനമായ അവസ്ഥയില്‍ നിന്ന് ശമനമുണ്ടായില്ല. ടാഗോര്‍ ഈ സമയത്ത് രചിച്ച കവിതകള്‍ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയില്‍ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു. ടാഗോറിന്റെ ചരമവാര്‍ഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികള്‍ അനുശോചിക്കുന്നു.

ഭയത്തിന്റെ ജീവശാസ്ത്രം

$
0
0

bhayology-1

ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ചയെത്രയായിരിക്കാമെന്നതിനെക്കുറിച്ച്  സംസാരിക്കുകയായിരുന്നു ദമ്പതികളായ രേണുകയും പ്രസാദും. ഇതുവരെ കത്തിയുടേയോ അതുപോലെ ഏതെങ്കിലുമൊരു ആയുധത്തിന്റെ മൂര്‍ച്ചയെക്കുറിച്ചോ ബോധവാന്മാരല്ലായിരുന്ന അവര്‍ക്കിടയിലേക്ക് കേവലമായ നിലനില്പിന്റെ ഒരു തിക്താനുഭവമായി ഒരു കത്തി നീണ്ടുവന്നപ്പോഴാണ് അതിന്റെ മൂര്‍ച്ചയെപ്പറ്റിക്കൂടി നടുക്കത്തോടെ അവര്‍ സംവദിക്കാന്‍ തുടങ്ങിയത്.

ഏതൊരു വീട്ടമ്മയെപ്പോലെയും പച്ചക്കറിയോ ഇറച്ചിയോ മാത്രം മുറിക്കാന്‍ സഹായിക്കുന്ന ഒരു പാവം ഉപകരണമെന്ന നിലയിലെ രേണുകയും കത്തിയെ കണ്ടിരുന്നുള്ളൂ. എന്നാല്‍ കോളജില്‍ ചരിത്രവിഭാഗം അധ്യാപകനായ പ്രസാദ് കത്തിയുടെ ചരിത്രപരമായ സ്വാധീനത്തെപ്പറ്റി ആഴത്തില്‍ അറിവു സമ്പാദിച്ച ആളാണ്. എന്നിട്ടും അവരുടെ ജീവിതത്തില്‍ അവര്‍ അഭിമുഖികരിക്കേണ്ടിവന്ന ഒരു തിക്തഫലത്തിന്റെ ആവിഷ്‌കാരം ‘ഒരു കത്തിക്കുവേണ്ട ഏറ്റവും കുറഞ്ഞ മൂര്‍ച്ച’ എന്ന കഥയിലൂടെ വി. ജയദേവ് എന്ന കഥാകൃത്ത് സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ള് സത്യസന്ധമായി തുറന്നു കാട്ടുന്നു.

bhayologyപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. ജയദേവിന്റെ 10 ചെറുകഥകളുടെ സമാഹാരമാണ് ഭയോളജി. ‘മിമിക്രിയ’, ‘ധനസഹായം ബാര്‍’, ‘എന്‍മകനെ’, ‘ലക്ഷ്മണരേഖ’, ‘പ്രേതപുരസരം’, ‘ലക്ഷ്മണരേഖ’, ‘ഭയോളജി’, ‘കാലയോനി’, ‘ഓര്‍മ്മകൊണ്ടുമുറിഞ്ഞവന്‍’ തുടങ്ങിയ കഥകളുടെ സമാഹാരമാണിത്. സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലുള്ള ഒരു കഥാകാരന്റെ ധീരമായ ഇടപെടലുകളാണ് ഇതിലെ എല്ലാ കഥകളും.

വി ജയദേവ് 1962 ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ രാജസ്ഥാനിലെ ജയപൂരില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ അഹമ്മദാബാദില്‍. ഭൂമി വിട്ടു ഒരു നിലാവ് പാറുന്നു (1998), ഒരു കാറ്റിനെ എങ്ങനെ വായിക്കും ( 2006), തുമ്പികളുടെ സെമിത്തേരി ( 2009).കവിത സമാഹാരങ്ങള്‍ കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം, ഉപമ, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും തുടങ്ങിയവയാണ് കൃതികള്‍.

അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍: പെണ്ണടയാളങ്ങള്‍

$
0
0

 

 

സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ അടയാളപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് അജോയ് കുമാര്‍ എഴുതിയ ആസ്വാദനം…

അടുക്കളയ്ക്കപ്പുറത്തെ പെണ്‍മനസ്സുകള്‍…

അടുക്കളയ്ക്കപ്പുറം, ആ കൂട്ടായ്മയുടെ പേര് കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തു, എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകള്‍ തങ്ങളെ അടുക്കളയുമായി ചേര്‍ത്ത് വായിക്കാന്‍ താത്പര്യപ്പെടുന്നത് എന്ന്.
ഒരു പുനര്‍ചിന്തയില്‍ പക്ഷേ, ഞാന്‍ മനസ്സിലാക്കി, ഇത്തരം ഒരു കൂട്ടായ്മയ്ക്ക് ഇതിലും നല്ലൊരു പേരിടാനില്ല. കാലങ്ങളായി സ്ത്രീജന്മങ്ങളെ സമൂഹം അടയാളപ്പെടുത്തിയിരുന്നത് അടുക്കളയുമായി ചേര്‍ത്തുതന്നെയാണ്. അതിനപ്പുറം ഒരു ലോകമുണ്ടെന്നറിയാതെ പോയ എത്രയോ അമ്മമാര്‍, സഹോദരിമാര്‍ നമുക്ക് ചുറ്റും ജീവിച്ചിട്ടും മരിച്ചു മണ്ണടിഞ്ഞു പോയിട്ടുമുണ്ട്. അതിനപ്പുറവും ഒരു ലോകമുണ്ടെന്നു സ്വയം മനസ്സിലാക്കുകയും മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് ഏറ്റവും നല്ലൊരു പേരുതന്നെയാണ് അടുക്കളയ്ക്കപ്പുറം.

ഗ്രൂപ്പിലുള്ള എഴുത്തുകാര്‍, ചിത്രകാരികള്‍ അങ്ങനെ എല്ലാപേരുടെയും സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകമാണ് ‘പെണ്ണടയാളങ്ങള്‍’. അവരുടെ ആദ്യസംരംഭമായ ‘ഞങ്ങളുടെ അടുക്കളപ്പുസ്തകം’ നിര്‍ഭാഗ്യവശാല്‍ എനിക്കിതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ, ഒരു അനുഗ്രഹം എന്നപോലെ രണ്ടാമത്തെ പുസ്തകം ഒരു ആസ്വാദനക്കുറിപ്പ് എഴുതാന്‍ വേണ്ടി എന്ന കാരണത്താല്‍ എന്നെ തേടിവന്നു.

ഒരു ചടങ്ങുപോലെ വായിക്കാന്‍ ഇരുന്ന എന്നെ ഞെട്ടിച്ചു കളഞ്ഞു ഇതിലെ മനോഹരമായ കഥകളും അനുഭവക്കുറിപ്പുകളും യാത്രാവിവരണങ്ങളും ചിത്രങ്ങളുമെല്ലാം. പണ്ട് ആര്‍ത്തിയോടെ വായിക്കാന്‍ കാത്തിരുന്ന് കിട്ടിയ ഒരു മാതൃഭൂമി വിശേഷാല്‍ പതിപ്പിലെ വിഭവങ്ങള്‍പോലെ ഒന്നിനൊന്നു മെച്ചം. എങ്ങനെയാണു പറഞ്ഞു തുടങ്ങുക, ഏതാണെന്നെ ആകര്‍ഷിച്ച കഥയെന്ന്. വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു വല്ലാത്ത വിങ്ങല്‍ സമ്മാനിച്ച അനാമികയുടെ കാവല്‍ക്കന്യാവോ, കുഞ്ഞിനെ വില്‍ക്കേണ്ടി വന്ന പെണ്ണിന്റെ വേദന വരച്ചിട്ട അനിതാ മാത്യുവിന്റെ അപരിചിതയോ, അറബി ആയാലും പെണ്ണിന്റെ അനുഭവം എവിടെയും ഒന്നുതന്നെന്നു മനസ്സിലാക്കിത്തന്ന ആന്‍സി മോഹന്റെ പര്‍ദയോ, അമ്മയെന്ന വികാരത്തെ ലളിതമായി വരച്ചിട്ട ഉഷാ മേനോന്റെ അമ്മ എന്ന കഥയോ, തികച്ചും ഒരു പുരുഷന്റെ വീക്ഷണത്തിലൂടെ പെണ്ണിനെ കണ്ട് എന്നെ ഞെട്ടിച്ച എച്ച്മുക്കുട്ടിയയുടെ വണ്ടിത്താവളങ്ങളോ, അടിമകളായ മനുഷ്യരെക്കാള്‍ കോലങ്ങള്‍ എത്ര ഭേദം എന്ന് പറഞ്ഞുവെച്ച എയ്ഞ്ചല്‍ മാത്യുസിന്റെ കോലങ്ങള്‍എന്ന കഥയോ, വീടു വിടേണ്ടി വരുന്ന എത്രയോ വാര്‍ദ്ധക്യത്തെ, അവരുടെ വികാരങ്ങളെ കുറഞ്ഞ വാക്കുകളാല്‍ എഴുതിയ കൃഷ്ണപ്രിയയുടെ വീട് മിണ്ടുമ്പോള്‍ എന്ന കഥയോ, ശരീരം മറന്നു പണിയെടുക്കുന്ന പെണ്ണിന്റെ കഥ ഒരു ഫാന്റസിപോലെ പറഞ്ഞ കൃഷ്ണ നമ്പ്യാരുടെ പനി എന്ന കഥയോ, പെണ്ണ് ഒരു ഫീനിക്‌സ് പക്ഷിയാണെന്നും അവള്‍ ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന സത്യം വിളിച്ചു പറഞ്ഞ ദീപാ പാര്‍വതിയുടെ പുനര്‍ജ്ജനി യാജ്ഞസേനി എന്ന കഥയാണോ, ഏതാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്ന് ഞാന്‍ എങ്ങനെ പറയും.

അമേരിക്കയിലെ വെടിവെപ്പുകള്‍ നമുക്ക് വെറുമൊരു വാര്‍ത്തയാവുന്ന കാലത്ത് ഏറ്റവും വേണ്ടപ്പെട്ട ആര്‍ക്കോ വെടിയേറ്റപോലെ തോന്നിപ്പിച്ച, ഞെട്ടിപ്പിച്ച, ദീപാ നാരായണന്റെ കുരുതിപ്പൂക്കള്‍ എന്ന കഥ, പീഡിപ്പിച്ച പെണ്ണിന് ഇരയെന്ന ഓമനപ്പേരിട്ട് അതില്‍ ആനന്ദം കണ്ടെത്തുന്നവന്റെ മുഖത്തടിച്ചപോലെ എഴുതിയ നസ്രജന്‍ ജലിന്റെ പെണ്‍വെയിലുകള്‍ എന്ന കഥ, ബുദ്ധി ഇല്ലാത്തവളായാലും കുഞ്ഞായാലും വളര്‍ത്തച്ഛന് അതൊരു പെണ്ണുടല്‍ മാത്രമെന്ന ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞ നിഷ സൈനുവിന്റെ എസ്തര്‍ എന്ന കഥ, മലയാള സാഹിത്യത്തില്‍ അപൂര്‍വമായ മാജിക്കല്‍ റിയലിസം വളരെ നന്നായി കൈകാര്യം ചെയ്ത നീലിമയുടെ കറുത്ത സ്റ്റിക്കറുകള്‍ എന്ന കഥ, ചിന്നുമോള്‍ പറയുന്ന അവസാന വരിയില്‍ കഥയാകെ മാറ്റി മറിച്ച ബിന്ദു മനോജിന്റെ ശലഭ വര്‍ണ്ണക്കനവുകള്‍ എന്ന കഥ, വിചിത്രമായ മനുഷ്യമനസ്സുകളെ ഒരു ചെറിയ കഥയിലൂടെ മനോഹരമായി വരച്ചിട്ട ഫര്‍സിന്റെ ക്ഷമാപണം എന്ന കഥ, എത്ര മധുരം നല്‍കിയാലും മരത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സ്വാര്‍ഥരായ മനുഷ്യരുടെ കഥ പറയുന്ന, ഫാത്തിമാ സിദ്ധിഖിന്റെ ചക്കരച്ചി എന്ന കഥ, ഗര്‍ഭം ഒരു രോഗമാക്കി പരിചരിക്കുന്ന സമ്പന്നരുടെ കഥ, എം ടീ വാസുദേവന്‍ നായര്‍ എഴുതിയതാണോ എന്ന് സംശയിച്ചു പോയ ശൈലിയില്‍ മഹിത എഴുതിയ സ്വകാര്യത്തിന്റെ തലക്കെട്ട് എന്ന കഥ. ഇതെല്ലംതന്നെ സ്വന്തം രീതിയില്‍ വേറിട്ട് നില്‍ക്കുന്നു.

ഇളം നിറങ്ങളെപ്പോലെ വര്‍ണാഭമായ പെണ്‍മനസ്സുകളെ സുന്ദരമായി കോറിയിട്ട മീരാ ജോര്‍ജിന്റെ ഇളം നിറങ്ങളുടെ ഒരു ദിവസം, അറിയാതെ മുഖംമൂടികള്‍ അണിഞ്ഞു പോകുന്ന, പിന്നീടെപ്പോഴോ അതഴിഞ്ഞു വീഴുന്ന ഭാര്യാ ഭര്‍ത്താക്കന്മാരുടെ കഥ പറയുന്ന രജിത ജോര്‍ജിന്റെ തീന്‍മേശയിലെ സ്‌നേഹം, ഒരു എഴുത്തുകാരിപോലും വീട്ടില്‍ വെറും വീട്ടുകാരി ആയി മാറിപ്പോകുന്ന സമൂഹത്തിലെ കെട്ടുപാടുകള്‍ പറയുന്ന, രമ്യ കുളപ്പുറം എഴുതിയ പ്രതിഷേധത്തിന്റെ വാക്കനല്‍ എന്ന കഥ, കുഞ്ഞൂട്ടന്റെ വേദന നമ്മുടേതും ആക്കിയ രേവതി ശ്രീജിത്തിന്റെ നിഴല്‍ എന്ന കഥ, കുഞ്ഞിന്റെ ശരീരം കവര്‍ന്നെടുത്തവരെ കത്തിക്കിരയാക്കിയ അച്ഛന്റെ കഥ പറയുന്ന ലക്ഷ്മി ഹരികൃഷ്ണന്റെ കാവല്‍വിളക്ക് എന്ന കഥ, ഇവയൊക്കെയുംതന്നെ വിഷയങ്ങളിലെ വൈവിധ്യവും രചനാപാടവവും കൊണ്ട് നമ്മളെ ആകര്‍ഷിക്കും.

വീട് വിട്ടു പോകാന്‍ മടിയുള്ള അമ്മയെ അങ്ങോട്ട് കൊണ്ടുപോകുന്നതിനു പകരം അവരോടൊപ്പം ജീവിതം ചെലവിടാന്‍ അമ്മക്കൂട്ടിലേക്കു ചേക്കേറുന്ന വിനിയുടെ കഥ പറഞ്ഞ ലിജി സെബിയുടെ ജീവിതം എന്ന കഥ, പ്രതികാരത്തിലെ വ്യത്യസ്തതകൊണ്ടും പശ്ചാത്തലംകൊണ്ടും ശ്രദ്ധേയമായ വിനീത അനിലിന്റെ സ്പര്‍ശം. കുഞ്ഞാപ്പി ചേട്ടന്റെ മരണം കണ്ട് ചിരിക്കണോ കരയണോ എന്ന് സംശയിപ്പിച്ച എം.ടി. ശ്രീദേവിയുടെ പ്രാര്‍ഥന എന്ന രസകരമായ കഥ, വിട്ടുപോയ പ്രിയതമയ്ക്കുവേണ്ടി അവള്‍ തന്നിരുന്ന ആവി പറക്കുന്ന കാപ്പിയുടെ ഓര്‍മ്മയ്ക്കായി, കാപ്പികുടിതന്നെ ഇനി വേണ്ടെന്നു വെക്കുന്ന ഭര്‍ത്താവിന്റെ കഥ പറഞ്ഞ ശ്രുതി ആര്‍ നായരുടെ കാപ്പി എന്ന കഥ.

അപരിചിതയായ ഒരു കുഞ്ഞിനെ നോക്കാന്‍ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ആ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോയ സ്ത്രീയുടെ വ്യത്യസ്തമായ കഥ പറയുന്ന സ്വാതി ശശിധരന്റെ ജീവിതത്തിന്റെ തുലാസ് എന്ന കഥ, മുസ്‌ലിം വിവാഹങ്ങളിലെ സങ്കീര്‍ണ്ണതകള്‍ വിവരിക്കുന്ന സബൂറ മിയാനത്തിന്റെ ഫസ്‌ക്ക് എന്ന കഥ, സ്വാതന്ത്ര്യം ഇല്ലാതെ കൂട്ടിലടച്ച പക്ഷികളെയും പെണ്ണിനെയും ചേര്‍ത്ത് മനോഹരമായി എഴുതിയ റോസ്മിന്‍ ആലീസിന്റെ വെടി എന്ന കഥ, ഇവയൊക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത് എത്ര മനോഹരമായിട്ടാണ് ഇവ
രൊക്കെ വാക്കുകളിലൂടെ വ്യത്യസ്തമായ ജീവിതചിത്രങ്ങള്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നതെന്നാണ്.

ഹൈക്കു എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ടു മൂന്നോ വരികളില്‍ കോറിയിടുന്ന ആശയങ്ങള്‍. ഒരു വരകൊണ്ട് ഗാന്ധിജിയെ വരച്ച കലാകാരനെപ്പോലെ ആണ് ഒരു ഹൈക്കു കവി. ജ്യോതിലക്ഷ്മി എഴുതിയ ഒന്നിനൊന്ന് വ്യത്യസ്തമായ ഇരുപതു ഹൈക്കു കവിതകള്‍ ആണ് ഈ സമാഹാരത്തില്‍ ഉള്ളത്. മനോഹരം എന്നേ പറയാനുള്ളൂ. കവികളോട് എനിക്കസൂയയാണ്. അവരെഴുതുന്ന കവിതകളോട് ആരാധനയും. പന്ത്രണ്ടു കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. സഹതാപം വേണ്ടെന്നു വെക്കുന്ന മുറിവേറ്റ പക്ഷിയുടെ ആത്മവിലാപം
ആണ് ജീന എഴുതിയ ചിറകറ്റ പക്ഷി. രാഷ്ട്രീയപ്പക മൂത്ത് കൊന്നവനും ചത്തവനും അമ്മയുണ്ടെന്നും, അവര്‍ തമ്മില്‍ ശത്രുതയില്ലെന്നും, അവരുടെ കണ്ണില്‍നിന്നും മക്കളെയോര്‍ത്തു കണ്ണുനീരല്ല രക്തമാണ് ഒഴുകുന്നതെന്നും നമ്മളെ ഓര്‍മ്മിപ്പിക്കുന്ന കവിതയാണ് ധന്യ മോഹന്റെ ചത്തവന്റമ്മയും കൊന്നവന്റമ്മയും.

ഉള്ളിലെ കവിയെ തളച്ചിടേണ്ടി വരുന്ന പാവം വീട്ടമ്മയുടെ ഉള്‍ത്തുടിപ്പുകള്‍ ആണ് മിനി സീ പി യുടെ വിഷാദമേഘം എന്ന കവിതയുടെ വിഷയം. പ്രണയഭംഗവും മരണവും വിഷയമായ കവിതയാണ് ചെറിയ വിഷമത്തോടെ വായിച്ചു തീര്‍ക്കേണ്ടി വന്ന മീരാ മനോജിന്റെ പ്രണയിനി.
കാത്തിരുന്നിട്ടും സഫലമാകാതെ പോയ ഉള്ളിലെ പ്രണയത്തെ, പൊന്‍ചെമ്പകത്തെ, മറക്കാന്‍ വരം ചോദിക്കുന്ന വിഷാദവതി ആയ ഒരു പെണ്ണിന്റെ വിലാപമാണ് യമുനയുടെ ആത്മാവിനുള്ളിലെ പൊന്‍ചെമ്പകം എന്ന കവിത. സമൂഹത്തില്‍ നമ്മള്‍ അണിയേണ്ടി വരുന്ന മുഖംമൂടികള്‍, അതിന്റെ നിരര്‍ത്ഥകതയും ആവശ്യകതയും ഒരേപോലെ വിളിച്ചു പറയുന്ന ഒന്നാണ് രജനി വെള്ളോറയുടെ മുഖംമൂടികള്‍ എന്ന കവിത.

ഒരു പെണ്ണിന്റെ മുന്നിലെ രണ്ടു വഴികള്‍, പുറത്തിറങ്ങി ജീവിതം നേടിയെടുക്കാനും അടുക്കളയ്ക്കുള്ളില്‍ ഒതുങ്ങിക്കൂടാനും ഉള്ളവ, അതിന്റെ രണ്ടിന്റെയും പ്രശ്‌നങ്ങള്‍, അതാണ് സുധ പയ്യന്നൂര്‍ എഴുതിയ അഭയാര്‍ത്ഥം എന്ന കവിത പറയുന്ന വിഷയം. ഒരു അക്ഷരപ്രേമിയുടെ മരണത്തെക്കുറിച്ചുള്ള ചിന്തകളാണ് സുനി സി സുകു എഴുതിയ അക്ഷരങ്ങളുടെ അടിമ എന്ന കവിത പ്രതിപാദിക്കുന്നത്. പെണ്‍ പാഴ്ജന്മങ്ങളെ കുറിച്ചുള്ള ഒരു വിലാപം, അതാണ് സുമി ഷനീഷ് ചുള്ളിക്കാട്ടില്‍ എഴുതിയ പാഴ്ജന്മങ്ങള്‍ എന്ന കവിത.  വൈലോപ്പിള്ളിയുടെ മാമ്പഴം വായിച്ചപ്പോഴെന്നപോലെ ഒരു കണ്ണുനീര്‍തുള്ളി അറിയാതെ പൊഴിഞ്ഞു വീണ കവിതയാണ് സേതു ലക്ഷ്മി വിഷ്ണു എഴുതിയ മാതൃതാപം. നിശ്ശബ്ദസ്വപ്‌നങ്ങളുടെയും മൗനസല്ലാപങ്ങളുടെയും സഹയാത്രിക എന്ന് സ്വയം വിശേഷിപ്പിച്ച സോണിയ പുനര്‍ജനി എന്ന കവിതയിലൂടെ പറഞ്ഞു വെക്കുന്നതും നഷ്ടസ്വപ്‌നങ്ങളുടെ വേദനതന്നെയാണ്.

അടിമത്തത്തിന്റെ, വിലക്കുകളുടെ ചങ്ങലകള്‍ വലിച്ചു പൊട്ടിച്ചെറിയാന്‍ വെമ്പുന്ന പെണ്ണിന്റെ പടപ്പുറപ്പാടിനുള്ള ആഹ്വാനമാണ് സൗമ്യ ചാക്കോയുടെ പെണ്മ എന്ന കവിത.
ഓരോ കവിതകളും വളരെ വ്യത്യസ്തവും കവിയുടെ വിചാരങ്ങള്‍ അനുവാചകനിലേക്ക് അതേപടി കൈമാറുന്നതുമാണ്. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന വിഭാഗത്തില്‍ ഒന്‍പതു സൃഷ്ട്ടികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റേതല്ലാത്ത കാരണത്താല്‍ ശാപഗ്രസ്തയായ മെഡൂസയുടെ കഥ തേടിപ്പോയി ഒടുവില്‍ തനിക്കു ചുറ്റും കന്യകാത്വം ചീന്തിയെടുക്കപ്പെട്ടു വലിച്ചെറിയപ്പെട്ട അനേകായിരം മെഡൂസമാരെ കണ്ടെത്തിയ, മെഡൂസയ്ക്ക് പറയാനുള്ളത് എന്ന പൊള്ളിക്കുന്ന അനുഭവക്കുറിപ്പ് എഴുതിയത് അഞ്ജുവാണ്.

സ്വന്തം അച്ഛനെ വെട്ടിക്കൊല്ലുവാന്‍ ആര്‍ എസ് എസുകാര്‍ വന്നപ്പോള്‍ വീടിനു പുറത്തു പെട്ടുപോയ, അവര്‍ കാണാതെ, ധൈര്യശാലിയായ അമ്മയ്‌ക്കൊപ്പം ഒളിച്ചിരുന്ന ഒരു കുട്ടിയുടെ നേരനുഭവമാണ് ഞെട്ടലോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത അടുത്ത കുറിപ്പ്, അമൃത സുബായന്‍ കൃഷ്ണന്‍ എഴുതിയ അമ്മയിലൂടെ. വ്യത്യസ്തമായ ആഖ്യാനശൈലിക്കുടമയാണ് അമൃത. ഫ്രൈഡേ ഈസ് ആന്‍ ഇമോഷന്‍, എന്ന എന്റെ പല്ലവി പങ്കു വെക്കുന്ന ജീന ജോര്‍ജ്ജ് ചിരിയുടെ മേമ്പൊടിയില്‍ പൊതിഞ്ഞു പറഞ്ഞു വെക്കുന്നത് കൂട്ടുകാരിയുടെ അസുഖവും, ആശുപത്രിയില്‍ പോക്കും, ആശുപത്രികളുടെ കള്ളത്തരങ്ങളുമാണ്. രസകരമായ വായന സമ്മാനിച്ച ഒരു കുറിപ്പ്, ഒരു ജംഗമ ചികിത്സാലയത്തിന്റെ ഓര്‍മ്മയ്ക്ക്.

ജാതകങ്ങളുടെ നിരര്‍ത്ഥകത പറയാന്‍, ഒരു അനുഭവം പങ്കു വെക്കുകയാണ് ടിന്റു ഗിരീഷ്, ആശുപത്രിയില്‍ ജോലി നോക്കവേ മരണത്തില്‍നിന്നും രക്ഷിക്കാന്‍ ഒരു കുഞ്ഞിന് അടിയന്തിര ചികിത്സ കൊടുക്കേണ്ടി വന്നതും ആ തിരക്കില്‍ ജനനസമയം നോക്കാന്‍ വിട്ടു പോയതും മുക്കാല്‍ മണിക്കൂര്‍ പിന്നിലെ ഒരു സമയം പറഞ്ഞതുമൊക്കെ രസകരമായി പറഞ്ഞിട്ടുണ്ട് ജാതകം എന്ന ഈ കുറിപ്പില്‍. എന്തിനാണെന്നറിയാതെ ശിക്ഷയേറ്റു വാങ്ങിയ, ആ മുറിവിന്റെ ഓര്‍മ്മ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്ന നിഷ്‌കളങ്കതയാണ് നിജു ആന്‍ ഫിലിപ്പ് എഴുതിയ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദേഹത്ത് ഏറ്റതിനെക്കാള്‍ വേദന മനസ്സില്‍ ഏറ്റ എഴുത്തുകാരിക്കൊപ്പം നമ്മളും ആ സ്‌കൂള്‍മുറ്റത്തേക്ക് ചെന്നുപെടും. നല്ലൊരു കുറിപ്പ്. മനസ്സിലെ ഒറ്റമുറിവ്.  എത്ര സ്‌നേഹംകൊണ്ടു പൊതിഞ്ഞാലും ഒന്ന് തിരിഞ്ഞു നോക്കി തന്നെ കാത്തിരിക്കുന്ന ആ രണ്ടു ജോഡി കൈകളിലേക്ക് ഓടിച്ചെന്ന് വീഴാന്‍ കൊതിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല, അതാണ് നിഷ പി നായര്‍ തന്റെ പറിച്ചു നടപ്പെട്ടവള്‍ എന്ന കുറിപ്പിലൂടെ പറയുന്നത്.

വിവാഹം ചെയ്തു എന്ന് കരുതി അവളെ മാതാപിതാക്കളുടെ കയ്യില്‍നിന്നും പറിച്ചെടുക്കരുത്, അവളെ ഇടയ്‌ക്കെങ്കിലും അവരെ കാണാനും കൂടെ താമസിക്കാനും ഒക്കെ അനുവദിക്കണം എന്നുമാണ് നിഷയുടെ പക്ഷം. നൂറു ശതമാനം സത്യം. ആര്‍ത്തവകാലത്തെ പെണ്‍മനസ്സിന്റെ ചിന്തകള്‍ മനോഹരമായി വരച്ചിട്ട ഒന്നാണ് പ്രിയ സജിത്ത് എഴുതിയ പെണ്ണ് പൂക്കുന്ന നേരം എന്ന കുറിപ്പ്. ആദ്യത്തെ അറപ്പും ഭയവും, വിലക്കുകളോടുള്ള ദേഷ്യവും,ഒടുവില്‍ എല്ലാം ഒരുക്കിവച്ച കാത്തിരുപ്പിന്റെ രക്തച്ചുവപ്പാണ്, ഒരു കുഞ്ഞു സ്വപ്‌നമാണ് എല്ലാ മാസവും അവളില്‍ക്കൂടി ഒഴുകി ഇല്ലാതാകുന്നതെന്ന തോന്നലും എല്ലാം വളരെ നന്നായി എഴുതിയിട്ടുണ്ട്. വല്ലാത്ത നിരാശ നിറഞ്ഞു നില്‍ക്കുന്ന, നഷ്ടസ്വപ്‌നങ്ങളുടെ വേദനകള്‍ പങ്കു വെക്കുന്ന ഒരു ചെറിയ കുറിപ്പാണ് പ്രിയ ലതീഷ് എഴുതിയ കൊതിച്ചു കൊതിച്ചു മടുത്തവ. ആഗ്രഹിച്ച കാലത്തു കിട്ടാത്തവ പിന്നെ കിട്ടിയിട്ടും കാര്യമില്ല എന്ന് ഈ കുറിപ്പ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. വലിയൊരു കൂട്ടുകുടുംബത്തിന്റെ വിശേഷങ്ങളും വെക്കേഷന്‍ കാലത്തെ യാത്രകളും കുളവും പാടവും മാവും പ്ലാവും ഒക്കെക്കൊണ്ട് സമൃദ്ധമായ ബാല്യം വിവരിച്ചുകൊണ്ടും നമ്മുടെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് റോസ് ജോബ് എഴുതിയ നാലുകെട്ട് ഓര്‍മ്മകള്‍ എന്ന കുറിപ്പ്. ശരിക്കും മനോഹരം.

യാത്രകള്‍ എനിക്ക് ഇപ്പോള്‍ അത്ര ഇഷ്ട്ടമല്ല. പക്ഷേ, യാത്രാവിവരണങ്ങള്‍ ഒരുപാട് ഇഷ്ടമാണ്. എസ് കെ പൊറ്റെക്കാട്ടിന്റെ വിവരണങ്ങള്‍ വായിച്ചപ്പോള്‍ തുടങ്ങിയ പ്രണയം ഇന്നും തുടരുന്നു, ഏഴു യാത്രാവിവരണങ്ങള്‍ ആണ് പുസ്തകത്തില്‍ ഉള്ളത്‌. ‘വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍?’ എന്ന് ഉറപ്പോടെ ചോദിക്കാന്‍ ആത്മവിശ്വാസം ഉള്ള ഒരു പെണ്‍കുട്ടി അനൂപ നാരായണന്‍ എഴുതിയ മണാലി: ഒരു സ്വപ്‌നയാത്ര ആണ് ആദ്യ വിവരണം. സത്യസന്ധമായ, രസകര
മായ ഒരു വിവരണംതന്നെയാണിത്. ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി സുഹൃത്തിന്റെ മകളെയുംകൂട്ടി ഉള്ള യാത്ര. ഇതിലെ റാഫ്റ്റിങ്ങും മാഗി തീറ്റയും വായിച്ചു കഴിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കും തോന്നി ഒന്നു മണാലിവരെ പോയാലോ എന്ന്.  ചിതറാല്‍, പ്രകൃതി ഒരുക്കിയൊരു വിസ്മയം, അതാണ് രണ്ടാമത്തെ വിവരണം. അധികം സാഹിത്യത്തിന്റെ മേമ്പൊടി ഇല്ലാതെ ചിതറാല്‍ എന്ന വിസ്മയത്തെ കുറഞ്ഞ വരികള്‍കൊണ്ട് മനോഹരമായി കണ്‍മുന്നില്‍ വരച്ചിടുകയാണ് അശ്വതി കൃഷ്ണന്‍.

കമ്മസാന്ദ്രയിലെ ശിവലിംഗങ്ങള്‍ എന്ന ജയകുമാരി വിജയന്റെ യാത്രാവിവരണം വായിക്കുന്നതുവരെ അങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്നോ അവിടെ ഒരു കോടിയില്‍പരം ശിവലിംഗങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെന്നോ ഞാന്‍ അറിഞ്ഞിരുന്നില്ല. പുതിയ അറിവ്. ഇരുള്‍ വിഴുങ്ങി തുടങ്ങിയ നേരത്തു താഴ്ന്നിറങ്ങി വരുന്ന ഇരുട്ട് എന്നെയും വിഴുങ്ങാന്‍ ആഞ്ഞ നിമിഷം ഞാന്‍ നിന്നു. ദൂരെ, തിരികെച്ചെല്ലാനുള്ള വിളി കേള്‍ക്കുന്നുണ്ട്. കണ്ണിനെയും മനസ്സിനെയും തട്ടിയുണര്‍ത്തി വേഗം തിരിഞ്ഞുനടന്നു. ഇങ്ങനെ അവസാനിക്കുന്ന വരികള്‍ ജയ നടന്ന വഴികളിലൂടെ നടക്കാന്‍ വായനക്കാരെയും പ്രേരിപ്പിക്കും. പ്രകൃതിയെയും പക്ഷികളെയും സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ദിവ്യ രഞ്ജിത്തിന്റെ പക്ഷികാശിയിലെ കാഴ്ചകള്‍ എന്ന വിവരണം. ബാംഗ്ലൂര്‍ മൈസൂര്‍ ഹൈവേയില്‍നിന്നു കുറച്ചു മാറി രംഗനാത്തിട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നുണ്ടെന്ന് എത്ര ബാംഗ്ലൂര്‍ നിവാസികള്‍ക്ക് അറിയാമോ എന്തോ, അറിയുമ്പോള്‍ വീക്കെന്‍ഡുകള്‍ ചെലവാക്കാന്‍ ജനം ഒഴുകാന്‍ സാധ്യതയുണ്ട്.

ബാംഗ്ലൂര്‍ തിരക്കുകളില്‍നിന്നും മാറി നില്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഈ സ്ഥലം എന്ന് ദിവ്യയുടെ വാക്കുകളില്‍നിന്നും വായിച്ചെടുക്കാം തഞ്ചാവൂര്‍ ബൃഹദ്വീശ്വര ക്ഷേത്രം ഞാന്‍ കണ്ടിട്ടുള്ള ഒന്നാണെങ്കിലും ഇത്രയും ചരിത്രവസ്തുതകള്‍ ഞാന്‍ മനസ്സിലാക്കിയത് വിസ്മയമീ മഹാക്ഷേത്രം എന്ന നീതു കൃഷ്ണയുടെ വിവരണത്തില്‍നിന്നാണ്. പോയകാല പ്രൗഢിയൊഴികെ യാതൊന്നും അവിടെ കണ്ടാസ്വദിക്കാനില്ല എന്നാണ് നീതു പറയുന്നത്, അതുതന്നെ ധാരാളം, നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നതും അതാണല്ലോ. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഒരു മഹാക്ഷേത്രത്തെപ്പറ്റിയുള്ള മനോഹരമായ സത്യസന്ധമായ വിവരണം. സന്ധ്യാ മന്നത്ത് എഴുതിയ ശ്രീലങ്കന്‍ യാത്രാവിവരണം വായിച്ചപ്പോള്‍ എനിക്കു തോന്നി, എന്തുകൊണ്ടാണ് ഇത്ര അടുത്തുള്ള മനോഹരമായ, പുരാണത്തില്‍വരെ പ്രതിപാദിച്ച ഈ രാജ്യത്തു ഞാന്‍ ഇതുവരെ പോകാത്തതെന്ന്. ചരിത്രവും
പുരാണവും ഒക്കെ മനസ്സിലാക്കി അത് യാത്രാനുഭങ്ങളുമായി ഇഴചേര്‍ത്ത് എഴുതിയ ഒരു കിടിലന്‍ യാത്രാവിവരണം. അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.

യാത്രകള്‍ ഇഷ്ടമില്ല എന്ന് പറഞ്ഞെങ്കിലും എനിക്കും ഒരു സ്വപ്‌നം ഉണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, അതുകൊണ്ടുതന്നെ സംഗീത ദാമോദരന്റെ യൂറോപ്പ് യാത്രാവിവരണം സ്വല്‍പ്പം അസൂയയോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. ആ സ്ഥലം പോലെതന്നെ സുന്ദരമായ ഒരു വിവരണം. ഓഫീസിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്നും അവിടത്തെ സുന്ദരമായ പ്രകൃതിയിലേക്ക് ഓടിച്ചെല്ലാന്‍ അതെന്നെ പ്രേരിപ്പിച്ചു എന്നുതന്നെ പറയേണ്ടിവരും
ഇതൊക്കെ ആണ് ഈ പുസ്തത്തിലെ ഉള്ളടക്കം. എടുത്തുപറയേണ്ട വസ്തുത കഥകള്‍ക്കുവേണ്ടി വരച്ചിട്ടുള്ള ചിത്രങ്ങളാണ്. ശരിക്കും പ്രൊഫഷണല്‍ ആയ ചിത്രങ്ങള്‍. ഏഴു പേരാണ് അവ വരച്ചിട്ടുള്ളത്. ചിലര്‍ കഥാകൃത്തുക്കള്‍ തന്നെയാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

ഇത്രയും വായിക്കാന്‍ ഉണ്ടല്ലോ എന്നുള്ള തോന്നലിലാണ് ആരംഭിച്ചതെങ്കിലും പെട്ടെന്ന് അവസാനിച്ചല്ലോ എന്ന തോന്നലിലാണ് അവസാനിക്കുന്നത്. സ്ഥലപരിമിതി മൂലമാണ് കഥകളെപ്പറ്റിയൊക്കെ ഓരോ വരികളില്‍ പറഞ്ഞുപോകേണ്ടി വന്നത്. വെറും വാക്കല്ല, ഇതിലെ ഓരോ കഥകളും കവിതകളും ഹൈക്കുകളും കവിതകളും വിവരണങ്ങളും കുറിപ്പുകളും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.  ആസ്വാദനക്കുറിപ്പു തീര്‍ക്കുന്നതിനുമുന്‍പ് ഒന്നുകൂടി പറയണം. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് ഫെമിനിസം. ആണിനെ കുറ്റം പറഞ്ഞാല്‍ ഫെമിനിസം ആണെന്ന് വിചാരിക്കുന്ന കുറച്ചു സ്ത്രീകളും, പെണ്ണൊന്നു സ്വതന്ത്രമായി ചന്തിച്ചാല്‍ അവളെ ഫെമിനിച്ചി എന്ന് പറഞ്ഞു കളിയാക്കുന്ന കുറെ ആണുങ്ങളും ആണ് ഈ തെറ്റിദ്ധാരണയുടെ പിന്നില്‍. ഒരു പുരുഷന്‍ തെങ്ങില്‍ കയറിയാല്‍ ഞാനും കയറും. ഉടുപ്പിടാതെ നടന്നാല്‍ ഞാനും നടക്കും എന്ന ചിന്തയല്ല ഫെമിനിസം.
ഒരു പുരുഷന്‍ തല കുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ വളരെ സുഗമമായി ചെയ്യാന്‍ കഴിവുള്ളവര്‍ ആണ് പെണ്ണെന്നു മനസ്സിലാക്കുന്നതാണ് ആദ്യ പടി.

ഞാന്‍ എന്നും പെണ്ണിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടേ ഉള്ളൂ. ഒരു അഞ്ചു വയസ്സുകാരിപോലും ചിലപ്പോള്‍ നമ്മുടെ അമ്മയെപ്പോലെ വാത്സല്യത്തോടെ പെരുമാറുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഡീഫോള്‍ട്ട് ആയി അവളില്‍ ഒരു അമ്മ ഉള്ളതുകൊണ്ടാണത്. ജന്മനാതന്നെ കിട്ടിയ പ്രകൃതിയുടെ വരം. ഫെമിനിസം എന്ന പേരില്‍ അവകാശങ്ങള്‍ പിടിച്ചുപറ്റേണ്ട ഒരു അധഃകൃത വര്‍ഗ്ഗമല്ല സ്ത്രീകള്‍ എന്ന് സാരം. പുരുഷനൊപ്പമോ ഒരു പടി മുകളിലോ ആണ് അവരുടെ സ്ഥാനം. ഫെമിനിസം എന്നു വെച്ചാല്‍ ഇപ്പോള്‍ അടുക്കളയ്ക്കപ്പുറം ഗ്രൂപ്പ് ചെയ്യുന്ന കാര്യങ്ങളാണ്. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് ഒളിച്ചു വെക്കപ്പെട്ടിരുന്ന ഒരുപറ്റം സ്ത്രീകളുടെ കലാവാസന, പ്രതിഭ പുറത്തു കൊണ്ടുവരാന്‍ ഒരുക്കുന്ന ഈ വേദി ഉണ്ടല്ലോ. അതാണ് യഥാര്‍ത്ഥ ഫെമിനിസം. അതിനൊരു സല്യൂട്ട്. ഈ പ്രയത്‌നത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്കും സഹായവുമായി ഒപ്പം നിന്നവര്‍ക്കും കലാസൃഷ്ടികള്‍കൊണ്ട് പെണ്ണടയാളങ്ങള്‍ എന്ന ഈ മഹത്തായ പുസ്തകത്തിലെ താളുകള്‍ അലങ്കരിച്ച ഓരോ വനിതാരത്‌നങ്ങള്‍ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്. നന്ദി, നമസ്‌കാരം.

ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി

$
0
0

പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും പൊറുത്തും അവര്‍ ജീവിച്ചു. പുരുഷന് സ്ത്രീയോട് എത്രത്തോളം സമര്‍പ്പിതനാവാമോ അത്രത്തോളം ടി.എന്‍. മിനിക്കു വിധേയനായിരുന്നു. പുരുഷന്റെ സര്‍വ്വമണ്ഡലങ്ങളിലും സ്‌നേഹത്തിന്റെയും അനുഭാവത്തിന്റെയും ശാന്തിയുടെയും ശീതളത ചൊരിയാമോ അത്രത്തോളം കൊടുത്ത് മിനി ടി എന്നിനെ ധന്യനാക്കി. സഫലമായ ജീവിതപ്രയാണത്തില്‍ ഓര്‍ക്കാപ്പുറത്ത് ഇണയറ്റപ്പോള്‍ ടി.എന്നിന്റെ മനസ്സു തേങ്ങി…ആ തേങ്ങലുകളാണ് ഈ കൃതി.
പുസ്തകത്തിന് ടി.എന്‍. എഴുതിയ ആമുഖക്കുറിപ്പ്…

‘എന്റെ മിനി’ യാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആ കൃതിയുടെ ഒന്നാംപതിപ്പു പെട്ടെന്ന് വിറ്റുതീര്‍ന്നു. ബുക്ക് സ്റ്റാളുകളില്‍ അതില്ലാതായിട്ടു മാസങ്ങളല്ല, വര്‍ഷങ്ങള്‍തന്നെ ചിലതു കഴിഞ്ഞു. എന്റെ പ്രിയ സുഹൃത്തും സഹൃദയനുമായ ശ്രീ ഡി.സി. കിഴക്കെമുറിയുടെ ഔദാര്യംകൊണ്ടാണ് ഇപ്പോഴെങ്കിലും പുതിയ പതിപ്പു പുറത്തുവരുന്നത്. നന്ദി. എന്റെ പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകരണമാണു സഹൃദയലോകം ഈ കൃതിക്കു നല്കിയത്. നാനാഭാഗങ്ങളില്‍നിന്നും അനേകമനേകം അപരിചിതരുടെ അനുമോദനക്കത്തുകള്‍ ലഭിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പ് വികാരതരളിതനായി അയച്ച കത്ത് എന്റെ സ്മരണയിലെ തേന്‍തുള്ളിയാണ്. ‘ഇതൊരു മഹാത്ഭുതമാണ്’ എന്നാണദ്ദേഹം ആ കൃതിയെ വിശേഷിപ്പിച്ചത്.

‘ഷാജഹാന്‍ വെണ്ണക്കല്ലുകൊണ്ടാണ് പ്രിയതമയ്ക്കു സ്മാരകം പണിതത്. ടി.എന്‍. കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍കൊണ്ടാണ് ടാജ്മഹാള്‍ പണിതത്… പലഭാഗങ്ങള്‍ വായിച്ചപ്പോഴും എന്റെ കണ്ണു നനഞ്ഞുപോയി…’ മഹാകവി എഴുതി. സ്‌നേഹമസൃണമായ ആ വലിയ ഹൃദയത്തോടു നന്ദിപറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. പുതിയ പതിപ്പില്‍ ഞാന്‍ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മിനി ഇഹലോകവാസം വെടിഞ്ഞിട്ട് നീണ്ട ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തെന്തു മാറ്റങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു! മിനിയെ പരിചരിക്കുകയും പരിലാളിക്കയും ചെയ്തിരിക്കുന്ന മൂത്ത സഹോദരി ഉള്‍പ്പെടെ പ്രിയപ്പെട്ട പലരും കാലയവനികയില്‍ അന്തര്‍ധാനം ചെയ്തിരുന്നു.

ഞങ്ങളുടെ ആത്മീയഗുരുവും ആരാധ്യയുമായ സദ്ഗുരു ശ്രീ രമാദേവി അമ്മ സമാധിസ്ഥയായിക്കഴിഞ്ഞു. തിരുവല്ലയില്‍ മിനിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ജോര്‍ജ് തോമസ് ഇന്ന് മസ്‌ക്കറ്റില്‍ ഒരു ഉന്നത സ്ഥാനത്തു കഴിയുന്നു. അന്ന് ബി.എസ്സിക്കു പഠിച്ചുകൊണ്ടിരുന്ന മൂത്തമകന്‍ രവി ഒന്നാംക്ലാസ്സില്‍ ജയിച്ചു. തുടര്‍ന്ന് എം.എ. ബിരുദം നേടി. തുടര്‍ന്ന് ലൈബീരിയായില്‍ പ്രൊഫസറായി ജോലി നോക്കി. മടങ്ങിവന്ന് കാഞ്ഞിരപ്പള്ളിയില്‍ പുന്നാംപറമ്പിലെ പരേതനായ എന്‍.ആര്‍. പിള്ളയുടെ മൂത്തമകള്‍ ഗീതാലക്ഷ്മിയെ വിവാഹംചെയ്തു. അവിടെത്തന്നെ മോഡി റബ്ബര്‍ കമ്പനിയില്‍ ജോലിനോക്കിവരുന്നു. മിനി ഇതൊന്നും കാണാന്‍ നിന്നില്ല. ഏക മകള്‍ മീന കോളേജില്‍ കാലുകുത്താന്‍ ഭാവിക്കുമ്പോഴാണ് മിനി മണ്‍മറഞ്ഞത്. മീന മുന്നിലുള്ള വിമന്‍സ്‌കോളജില്‍ ആദ്യമായി സാരിയുടുത്ത് സോല്ലാസം പോകുന്നതു കാണാനുള്ള ഭാഗ്യം മിനിക്കു കിട്ടിയില്ല.

കോട്ടയത്തെ നെസ്‌കോ റബ്ബര്‍ കമ്പനി ഉടമയായ ശ്രീ കെ.എന്‍. ശ്രീധരന്‍നായരുടെ ഏകമകനായ സുകു, മീനയെ വിവാഹം ചെയ്യുന്നതു കാണാനുള്ള ഭാഗ്യവും പാവത്തിനുണ്ടായില്ല. മീന ഇന്ന് അഞ്ചു വയസ്സുള്ള സൗമിനിയുടെയും ഒരു വയസ്സു തികഞ്ഞ ശ്രീക്കുട്ടന്റെയും അമ്മയാണ്. ആ ഓമനക്കുഞ്ഞുങ്ങളെ മടിയിലിരുത്തി ഇങ്കു കൊടുക്കാനും കുളിപ്പിച്ച് അണിയിച്ചൊരുക്കാനും മതിവരുവോളം ചുംബിച്ചു ലാളിക്കാനും താരാട്ടുപാടാനും തറുതലകള്‍ പറയാനും മിനിക്കവസരം കിട്ടാതെപോയി. ഇളയ മകന്‍ നന്ദന്‍ അന്നു സ്‌ക്കൂളില്‍ പഠിക്കുകയാണ്. ഇന്നവന്‍ ബി.എസ്സി. ജയിച്ചിരിക്കുന്നു. മാര്‍ ഈവാനിയോസ് കോളേജിലെ യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കുട്ടിത്തമൊക്കെ മാറി. പൊക്കം വച്ചു. മീശ കുരുത്ത അവന്റെ ‘ഗമ’ കാണാനും അമ്മയ്ക്കു ഭാഗ്യമില്ലാതെപോയി. അകാലനിര്യാണം വരുത്തുന്ന അപ്രതിരോധ്യമായ നഷ്ടങ്ങള്‍ ഇതൊക്കെയാണ്. എന്റെ ഷഷ്ട്യബ്ദപൂര്‍ത്തി കഴിഞ്ഞിട്ട് രണ്ടുവര്‍ഷം തികയാറായി. ഞാന്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച് വിശ്രമിക്കുന്ന ഈ ഘട്ടത്തില്‍ എന്റെ ജീവിതസഖിയുടെ അഭാവം ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്. പക്ഷേ, മനസ്സ് ഈ പരിതഃസ്ഥിതിക്ക്പാ കപ്പെടുത്തിക്കഴിഞ്ഞു. ജീവിതത്തിന്റെ രീതി അങ്ങനെയൊക്കെയാണല്ലോ. ഞാനങ്ങനെ കഴിയുന്നു. കടന്നുകഴിഞ്ഞ ദൂരം ഇനി താണ്ടേണ്ടതില്ലെന്നറിയാം. ഞാന്‍ സംതൃപ്തനാണ്. തികച്ചും സന്തുഷ്ടനാണ്. ചാരിതാര്‍ത്ഥ്യനാണ് പരിചിതര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ്. ആ ചാരിതാര്‍ത്ഥ്യമാണ് ജീവിതത്തിന് അര്‍ത്ഥവും നിറവും പരിമളവും സമ്മാനിക്കുന്നത്.

നൈല്‍ നദിയുടെ താഴ്‌വരകള്‍…

$
0
0

 

യാത്രാപുസ്തകങ്ങളെ എന്നും നെഞ്ചോടു ചേര്‍ക്കുന്നവരാണ് മലയാളികള്‍. പെട്ടന്ന് എത്തപ്പെടാനാവാത്ത നഗരങ്ങളും രാജ്യങ്ങളും എല്ലാം മനസ്സുകൊണ്ട് പോയിവരുവാനും അവിടുത്തെ സംസ്‌കാരങ്ങളെക്കുറിച്ചും പ്രകൃതിസൗന്ദര്യങ്ങളെക്കുറിച്ചും മനസിലാക്കാനും ലഭിക്കുന്ന അവസരമാണ് ഇത്തരം യാത്രാവിവരണ പുസ്തകങ്ങളിലൂടെ ലഭിക്കുന്നത്. ലോകത്തിലെ പ്രാചീന സംസ്‌കൃതികളിലൊന്നായ ഈജിപ്തിന്റെ ചരിത്രവും സംസ്‌കാരവുമെല്ലാം തൊട്ടറിയുന്ന ഒരു കൃതി ഇപ്പോള്‍ പുറത്തിറങ്ങി. കുറുമ്പകര മജീദ് എഴുതിയ നൈല്‍നദിയുടെ താഴ്‌വരകള്‍.! അമ്പലങ്ങള്‍, ശവകുടീരങ്ങള്‍, മമ്മികള്‍, ശിലാഖണ്ഡങ്ങള്‍ തുടങ്ങി മഹനീയവിസ്മയങ്ങളുടെ പറുദീസയൊരുക്കുകയാണ് ഈ പുസ്തകം. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഡോ. കെ. എസ്. രവികുമാറും പഠനം തയ്യാറാക്കിയിരിക്കുന്നത് ഡോ. എ. എം. ഉണ്ണിക്കൃഷ്ണനുമാണ്.

പുസ്തകത്തിന് കുറുമ്പകര മജീദ് എഴുതിയ ആമുഖത്തില്‍ നിന്ന്;

ഈജിപ്തിന്റെ സംസ്‌കാരത്തിന് ചരിത്രത്തില്‍ സവിശേഷമായൊരു സ്ഥാനമുണ്ട്. തെക്കുനിന്ന് വടക്കോട്ടൊഴുകുന്ന നൈല്‍നദിയുടെ തീരത്താണ് ഈ സംസ്‌കാരം രൂപപ്പെട്ടത്. കണ്ടതിനെയും കാണാത്തതിനെയും അവര്‍ ആരാധിച്ചു. അപ്രാപ്യമായതും ഭാവനയ്ക്ക് അതീതമായതും അഷ്ടദിക്പാലകരുമെല്ലാം ദൈവഗണത്തില്‍ ഇടം പിടിച്ചത് സ്വാഭാവികം എന്നേ പറയേണ്ടതുള്ളു. ജീവിതരീതികള്‍, ആരാധനാക്രമങ്ങള്‍ എന്നിവയെല്ലാം പുതുതലമുറയ്ക്കുവേണ്ടി അവര്‍ ചിത്രലിപിയില്‍ രേഖപ്പെടുത്തിവച്ചു. ശിലായുഗത്തിനും പിന്നിലേക്ക് നീണ്ടുപോകുന്ന ഈജിപ്തിന്റെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളാണ് ഇവിടുത്തെ പിരമിഡുകളും മഹാക്ഷേത്രങ്ങളും. വെണ്‍ശിലകളില്‍ നിര്‍മ്മിച്ച ഇവയെല്ലാം വരും തലമുറകള്‍ക്കുവേണ്ടി കാലം കാത്തുവച്ചതുപോലെ.

ദുബായില്‍നിന്നാണ് ഈജിപ്ത് സന്ദര്‍ശനത്തിനു പോയത്. 2010 ഡിസംബര്‍ ഇരുപത്തി മൂന്നാം തീയതി യാത്രപുറപ്പെട്ട്, മുപ്പത്തി ഒന്നാം തീയതി വൈകിട്ട് ദുബായില്‍ മടങ്ങിയെത്തി. യാത്രയില്‍ പല ഭാഗത്തുവച്ച് കണ്ടു പരിചയപ്പെട്ടവരില്‍ വിശേഷിച്ചും യുവാക്കള്‍ അന്നത്തെ ഭരണകൂടത്തെ വിലയിരുത്തിയതും നോക്കിക്കണ്ടതും, സ്വേച്ഛാധിപത്യ ഭരണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അടിച്ചമര്‍ത്തലിന്റെയുമൊക്കെ സിരാകേന്ദ്രമായിട്ടാണ്. ഈ ക്ഷുഭിത യൗവനം ഏതു നിമിഷവും സമരമുഖത്തേക്കിറങ്ങാന്‍ തയ്യാറാണെന്ന് അവരുടെ വാക്കുകളില്‍നിന്നു വ്യക്തമായിരുന്നു. നിലവിലുള്ള നിയമവ്യവസ്ഥയും സാഹചര്യവും പതിറ്റാണ്ടുകളായി രാജ്യത്ത് നിലനില്ക്കുന്ന അടിയന്തരാവസ്ഥയും കണക്കിലെടുക്കുമ്പോള്‍; ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു വിപ്ലവത്തെക്കുറിച്ചുള്ള അതിമോഹമെന്നേ ഒരു സാധാരണക്കാരന്‍ അന്ന് അതിനെ വിശേഷിപ്പിക്കുകയുള്ളൂ. എന്നാല്‍ പില്ക്കാല സംഭവങ്ങള്‍ ഈ കാഴ്ചപ്പാടിനെയെല്ലാം തകിടം മറിച്ചുകളഞ്ഞു.

ഈജിപ്ത് സന്ദര്‍ശനം കഴിഞ്ഞ് ഡിസംബര്‍ മുപ്പത്തി ഒന്നിനു വൈകിട്ടു മടങ്ങിയെത്തിയപ്പോള്‍ ദുബായ് പുതുവത്സരാഘോഷ തയ്യാറെടുപ്പിലായിരുന്നു. പിറ്റേദിവസം 2011 ജനുവരി ഒന്നാം തീയതി ഈജിപ്തില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത് അതിദാരുണമായൊരു ദുരന്ത വാര്‍ത്തയാണ്. അലക്‌സാണ്ഡ്രിയയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പുതുവര്‍ഷ പ്രാര്‍ത്ഥനാസമയത്ത് ബോംബുസ്‌ഫോടനമുണ്ടായി. ഇരുപത്തിയൊന്നു പേര്‍ മരിച്ചു. ഏകദേശം നൂറു പേര്‍ക്കു പരിക്കുപറ്റി. ഈ ആക്രമണം മുസ്‌ലിം-ക്രിസ്ത്യന്‍ കലാപത്തിനും ധ്രുവീകരണത്തിനും വഴിവച്ചു. തുടര്‍ന്നങ്ങോട്ട് ഈജിപ്തില്‍ അശാന്തിയുടെ നാളുകളായിരുന്നു. മൂന്നു പതിറ്റാണ്ടുകാലത്തെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. രണ്ടായിരത്തി പത്ത് ജനുവരി ഇരുപത്തിയഞ്ചിന് (ചൊവ്വാഴ്ച) പൊട്ടിപ്പുറപ്പെട്ട വിപ്ലവം ആഴ്ചകളോളം നീണ്ടുനിന്നു. പാശ്ചാത്യ ലോകമിതിനെ മുല്ലപ്പൂവിപ്ലവമെന്നു വിശേഷിപ്പിച്ചു. നിരവധിപേര്‍ രക്തസാക്ഷികളായി. ഇതോടെ ഈജിപ്തില്‍ സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നായ വിനോദസഞ്ചാരമേഖല പാടെ തകര്‍ന്നു. ഈ ജനമുന്നേറ്റം ഏകാധിപത്യഭരണത്തെ തൂത്തെറിഞ്ഞെങ്കിലും അത് സാധാരണ ജനങ്ങളുടെ സൈ്വരജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഉലച്ചുകളഞ്ഞു.

യാത്ര ആസ്വാദനത്തിന്റെ നിലയില്‍നിന്ന് ഒരുപടിയുയര്‍ന്ന് അറിവുകളുടെ തലത്തിലേക്കുകൂടി എത്തണമെന്നാഗ്രഹിച്ചു. അതുകൊണ്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കാഴ്ചകള്‍ കണ്ടു പോകുന്നതിനു മുന്‍പ് കഴിയുന്നത്ര ചരിത്രവസ്തുതകളും കഥകളും അന്വേഷിച്ചറിയുന്നതിന് ഏറെ ശ്രമിച്ചു. മാത്രമല്ല, ഈ യാത്രാഗ്രന്ഥം തയ്യാറാക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായവും ഈജിപ്തിന്റെ ചരിത്രവും പൗരാണിക വിശ്വാസവും സംസ്‌കാരവും പ്രതിപാദിക്കുന്ന പുസ്തകങ്ങളുമെല്ലാം പരിശോധിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത് സന്ദര്‍ശിക്കാന്‍ ആദ്യം ഉദ്ദേശിച്ചത് 1997-ല്‍, സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്യുമ്പോഴായിരുന്നു. യാത്രയ്ക്കാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം അന്ന് പൂര്‍ത്തിയാക്കി. അപ്പോഴാണ് ഉപരി ഈജിപ്തിലെ പ്രധാനപ്പെട്ട കാഴ്ചയിടങ്ങളിലൊന്നായ ദാര്‍-അല്‍-ബിഹാറിലെ ഹാത്ഷിപ്‌സ്യൂട്ട് ക്ഷേത്രത്തില്‍വച്ച് വിദേശ സന്ദര്‍ശകര്‍ക്കു നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഇത് മദ്ധ്യ-പൂര്‍വ്വ ദേശത്ത് വിശേഷിച്ചും ഗള്‍ഫുരാജ്യങ്ങളില്‍ നടുക്കമുളവാക്കി. ഞാന്‍ ഉടനെ യാത്ര റദ്ദാക്കി. എന്നാല്‍, പിന്നീട് സമയവും സാഹചര്യവും ഒത്തുകിട്ടിയത് ദുബായില്‍ ജോലിചെയ്യുമ്പോഴാണ്.

ഈ യാത്രാവിവരണത്തിന്റെ ഒന്നാം ഭാഗത്തിലെ അദ്ധ്യായങ്ങളില്‍ ചിലത് ജന്മഭൂമി ദിനപത്രത്തിന്റെ വാരാദ്യപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതെല്ലാം കുറച്ചുകൂടി വിപുലപ്പെടുത്തിയും പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തും കൂടുതല്‍ കാഴ്ചാവിശേഷങ്ങള്‍
ഉള്‍പ്പെടുത്തിയുമാണ് ഇത് പുസ്തകമാക്കുന്നത്. രണ്ടാം ഭാഗത്തു ചേര്‍ത്തിട്ടുള്ള പ്രധാനപ്പെട്ട കാഴ്ചയിടങ്ങളുടെ ചരിത്രവിശകലനലേഖനങ്ങള്‍ മലയാള മനോരമ, മാതൃഭൂമി, ജനയുഗം, വീക്ഷണം എന്നീ ദിനപത്രങ്ങളുടെ വാരാന്തപ്പതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചതാണ്.

 

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>