Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരനെതിരെ കേസെടുക്കുമെന്ന് ബിഹാര്‍ പൊലീസ്

$
0
0

പാറ്റ്‌ന: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികള്‍ക്കെതിരെ എടുത്ത രാജ്യദ്രോഹകേസ് അവസാനിപ്പിക്കാന്‍ ബിഹാര്‍ പൊലീസ് തീരുമാനിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതില്‍ പരാതിക്കാരനെതിരെ കേസെടുക്കുമെന്നും ബിഹാര്‍ പൊലീസ് അറിയിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, മണിരത്‌നം, അനുരാഗ് കശ്യപ് തുടങ്ങി 49 പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് ബിഹാര്‍ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുധീര്‍ ഓജ എന്ന അഭിഭാഷകനാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. കത്തയച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു ഇയാളുടെ പരാതി.

പൊതുജനശ്രദ്ധ നേടാന്‍ വേണ്ടി മാത്രമായിരുന്നു ഇയാള്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കേസ് അവസാനിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു.


വയലാര്‍ സാഹിത്യ പുരസ്‌കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന്

$
0
0

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വയലാര്‍ സാഹിത്യപുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരത്ത് വയലാറിന്റെ 43-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26-ാം തീയതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12-ാം വര്‍ഷവും ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്

$
0
0

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടുകഴിഞ്ഞു. അറബിഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന പുസ്തകമേളയെ വൈവിധ്യപൂര്‍ണ്ണമാക്കിയത് ഡി.സി ബുക്‌സിന്റെ പങ്കാളിത്തമായിരുന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ പവലിയനിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഇന്നും ഡി.സി ബുക്‌സിന്റേത്. അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി.സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി.സി ബുക്‌സാണ്.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയില്‍നിന്നുള്ള പ്രമുഖ പ്രസാധകരെയെല്ലാം ഏകോപിപ്പിക്കുന്നത് ഡി സി ബുക്‌സാണ്. തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന പുസ്തകമേളയില്‍ മലയാളത്തില്‍നിന്നടക്കം ലോകത്തിലെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാതാരങ്ങളും പ്രസാധകരും പങ്കെടുക്കുന്നു. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.

സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവായ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുഖാണ് ഇത്തവണ പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ഇംഗ്ലീഷ് എഴുത്തുകാരനും ബ്ലോഗറും സംരംഭകനുമായ മാര്‍ക് മാന്‍സണ്‍, എഴുത്തുകാരന്‍ സ്റ്റീവന്‍ ജയിംസ്, അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ സ്റ്റീവ് ഹാര്‍വേ, മാധ്യമപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ രാവിഷ് കുമാര്‍, എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, ജീത് തയ്യില്‍, അനിത നായര്‍ തുടങ്ങിയവരും മലയാളത്തില്‍നിന്ന് നടന്‍ ടൊവീനോ തോമസ്, ഗായിക കെ.എസ്.ചിത്ര, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജി.എസ് പ്രദീപ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ പറഞ്ഞു.

81 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയുടെ ഭാഗമായി എത്തുന്നുണ്ട്. കേരളത്തിലെയും യു.എ.ഇയിലെയും മലയാളികളുടേതുള്‍പ്പെടെ നൂറ്റമ്പതോളം പുസ്തകങ്ങളും മേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് മേള അരങ്ങേറുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9-ന് മേള സമാപിക്കും.

 

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

$
0
0

കോഴിക്കോട്: അധ്യാപകനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും ദാര്‍ശനികനും ഗ്രന്ഥകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ രണ്ടാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 20-ന് വൈകിട്ട് എറണാകുളം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടക്കുന്ന സ്മൃതിസദസ്സില്‍ സമര്‍പ്പിക്കും.

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഓള്‍ഗ തൊഗര്‍സൂവിനും പീറ്റര്‍ ഹാന്‍കെയ്ക്കും

$
0
0

2018-ലേയും 2019-ലേയും സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊഗര്‍സൂവും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെയും അര്‍ഹരായി.

2018-ലേയും 2019-ലേയും പുരസ്‌കാരങ്ങള്‍ ഒന്നിച്ചാണ് ഇത്തവണ സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചത്. ലൈംഗികാരോപണങ്ങളേയും സാമ്പത്തിക അഴിമതികളേയും തുടര്‍ന്ന് നൊബേല്‍ സമ്മാനം നല്‍കുന്നില്ലെന്നായിരുന്നു അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം. തുടര്‍ന്ന് ഇത്തവണ രണ്ടു വര്‍ഷങ്ങളിലെയും പുരസ്കാരങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

പോളിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓള്‍ഗ തൊഗര്‍സൂ 2018-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് അര്‍ഹയായ വ്യക്തിയാണ്. ഓള്‍ഗയുടെ കൃതികള്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട എഴുത്തുകാരിലൊരാളായാണ് പീറ്റര്‍ ഹാന്‍കെയെ നിരൂപകര്‍ വിലയിരുത്തുന്നത്. നോവലിസ്റ്റും വിവര്‍ത്തകനുമായ പീറ്റര്‍ ഹാന്‍കെ പഠനകാലത്ത് തന്നെ ഒരു എഴുത്തുകാരനായി പ്രശസ്തി നേടിയ വ്യക്തിയാണ്. നിരവധി സിനിമകള്‍ക്കും അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളിലുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇനി സാമ്പത്തികശാസ്ത്രം, സമാധാനം എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാനുള്ളത്.

അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍

$
0
0

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെയും തേജി ബച്ചന്റെയും പുത്രനായി 1942 ഒക്ടോബര്‍ 11-ന് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു.

1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1971-ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി. 1971-ല്‍ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു.

പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ജീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975-ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ല്‍ അഗ്‌നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 2010-ല്‍ മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം അമിതാഭ് ബച്ചനായിരുന്നു.

അഭിനേത്രിയായ ജയ ഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവര്‍ മക്കളും, നടി ഐശ്വര്യ റായ് മരുമകളുമാണ്.

തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!

$
0
0

തലമുറകള്‍ കൈമാറി വന്ന മഹാരഹസ്യമാകുന്നു ചവിട്ടിക്കടിയിലെ താക്കോല്‍. വീടു പൂട്ടി, ചവിട്ടി മെല്ലെ ഉയര്‍ത്തി അതിനടിയില്‍ താക്കോല്‍ ഒളിപ്പിച്ചശേഷം ധൈര്യമായി പുറത്തു പോകുന്ന വീട്ടുടമസ്ഥനു ഒന്നുറപ്പാണ്. ആര്‍ക്കുവേണ്ടി അതവിടെ വച്ചുവോ ആ ആള് തന്നെ അതു വന്നെടുക്കും. മറ്റാര്‍ക്കും കണ്ടെത്താനാവാത്ത നിഗൂഢകേന്ദ്രമായ ചവിട്ടിക്കടിയിലെ ഭൂമി വീട്ടുടമസ്ഥന്റെ മനസ്സിനു നല്കുന്ന സുരക്ഷാബോധം അപാരമാണ്. അതിനടിയില്‍ ആയിരം പാളികളുള്ള നിലവറകളുണ്ടെന്ന വിശ്വാസത്തിലാണ് അവന്‍ വീടുവിട്ടിറങ്ങുന്നത്. ഒരു വീടിന്റെ മുന്വതിലില്‍ നിന്നു 10 അടി അകലത്തിനുള്ളില്‍ കണ്ടെത്താവുന്നതാണ് അതിനുള്ളിലേക്കുള്ള പ്രവേശനരഹസ്യം എന്നത് ലോകമാസകലമുള്ള കള്ളന്മാര്‍ ആദ്യം പഠിക്കുന്ന പൊതുജ്ഞാനങ്ങളില്‍ ഒന്നാണ്. എങ്കിലും അതിഗുപ്തമായ ഈ ഒളിയിടം പതിറ്റാണ്ടുകള്‍ക്കുമുന്നേ കണ്ടെത്തിയ സുരക്ഷാവാഗ്ദാനമായി ഇന്നും നിലനില്ക്കുന്നു. റബ്ബറോ കയറോ കൊണ്ടുണ്ടാക്കിയ ആ സമചതുരത്തിന്നടിയില്‍ ഒരു വീടിന്റെ രഹസ്യമാകമാനം കുടിയിരിക്കുന്നു. സാമര്‍ഥ്യത്തില്‍ തന്നോളമെത്തില്ല സഹജീവികള്‍ എന്ന ആത്മവിശ്വാസമാണല്ലോ ഓരോ മനുഷ്യനെയും മുന്നോട്ടു കൊണ്ടുപോകുന്നത്. ആ വിശ്വാസം തന്നെയാണ് നിശ്ശങ്കമായ ഈ മഹാരഹസ്യത്തിനു പിന്നിലും എന്റെ മാത്രം തന്ത്രങ്ങളാണിതൊക്കെ എന്ന വിശ്വാസം.

ഒരു ഗൂഢവസ്തു മറച്ചുവക്കുന്നതിന്റെ യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ചവിട്ടി ആരെയും നിസ്സംഗമായി നേരിടും. ജര്‍മന്‍ നോവലിസ്റ്റായ ബെന്‍ഹാഡ് ഷ്‌ലിങ്കിന്റെ ‘ദി റീഡര്‍’ എന്ന പുസ്തകത്തിലെ നായികയായ ഹന്നയുടെ മുഖത്തുള്ളതു പോലൊരു നിസ്സംഗത. താന്‍ എഴുത്തും വായനയും അറിയാത്തവളാണെന്ന് പുറം ലോകം അറിഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കുറ്റവാളിയല്ലെങ്കിലും കുറ്റമേറ്റെടുക്കുന്ന ഹന്ന. കയ്യക്ഷരം പരിശോധിക്കുന്ന നടപടിയിലേക്ക് കടക്കുന്ന കോടതിയെ ഞെട്ടിച്ചുകൊണ്ട് ഹന്ന കുറ്റമേറ്റെടുത്ത് ജയിലിലേക്ക് പോകാന്‍ തയ്യാറാവുന്നു. പഠിപ്പില്ലാത്തവള്‍ ആയതിനാല്‍ തനിക്ക് കിട്ടേണ്ട സൂപ്പര്‍വൈസര്‍ പദവിയും അവള്‍ വേണ്ടെന്ന് വയ്ക്കുന്നു, ജീവിതമുടനീളം ആ വലിയ രഹസ്യം ഉള്ളില്‍ പേറിക്കൊണ്ട് നടക്കുന്നതിന്റെ പരിഭ്രമം ആരും മനസിലാക്കാതിരിക്കുവാന്‍ അവള്‍ നിസ്സംഗത മുഖം മൂടിയാക്കുന്നു. ചവിട്ടിക്കറിയാം ഈ വീട്ടിലേക്കുള്ള ഏറ്റവും വലിയ രഹസ്യമാണ് താന്‍ മറച്ചുപിടിച്ചിരിക്കുന്നതെന്ന്. അതുകൊണ്ടത് ആ വലിയ രഹസ്യത്തിനു മുകളില്‍ നിസ്സംഗമായി കാവലിരിക്കുന്നു.

അല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ‘റിയര്‍ വിന്റോ’ എന്ന സിനിമയില്‍ ഒടിഞ്ഞ കാലുമായി വീല്‍ ചെയറിലിരുന്ന് ജനാല വഴി അയലത്തെ ഫ്‌ലാറ്റിലേക്ക് ദൂരദര്‍ശിനി ഉപയോഗിച്ച് ഇടമുറിയാതെ നിരീക്ഷണം നടത്തുന്ന ജെഫ് എന്ന ഫോട്ടോഗ്രാഫറാണ് നായകന്‍. ഈ നേരമ്പോക്ക് ഒരു ശീലമായി മാറുകയും ജെഫിന്റെ മനുഷ്യ സഹജമായ ആകാംക്ഷകള്‍ ഒടുവില്‍ ഒരു വലിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ജെഫ് നടത്തുന്ന ഈ ഒളിഞ്ഞുനോട്ടം ആ അപ്പാര്‍ട്ട്‌മെന്റിലെ കുടുംബങ്ങളുടെ സ്വകാര്യതയോടുള്ള കൗതുകമാണ്. വേനല്‍കാലമായതിനാല്‍ എല്ലാ ജനാലകളും തുറന്നുകിടപ്പായിരുന്നു. അത് ജെഫിന്റെ ചാരപ്രവര്‍ത്തനത്തിനു ഉത്തേജനമായി. ഹിച്ച്‌കോക്കിന്റെ കാലൊടിഞ്ഞ ഫോട്ടോഗ്രാഫര്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അടുത്ത വീട്ടിലിരുന്ന് ആരെങ്കിലും നടത്തുന്ന ഒരു ബൈനോക്കുലര്‍ നിരീക്ഷണം മതി ചവിട്ടിക്കടിയിലെ ഈ ഒളിയിടം കണ്ടെത്തുവാന്‍. ഉടമസ്ഥന്‍ പോയ ശേഷം അയാള്‍ക്ക് ആ താക്കോല്‍ എടുക്കാന്‍ തോന്നിയാലും ഇല്ലെങ്കിലും ആ രഹസ്യത്തിന്റെ എല്ലാ ഗുപ്തതയും അവിടെ അവസാനിക്കുകയല്ലേ? ഇന്ന് സി.സി.ടി.വി കാമറകള്‍ വ്യാപകമാണെങ്കിലും അത്തരമൊരു ബൈനോക്കുലര്‍ ചാരനെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുതന്നെയായിരിക്കും. വാതില്‍ പൂട്ടി പോകുന്ന മനുഷ്യന്‍ അയാള്‍ പ്രതീക്ഷിക്കുന്നയാള്‍ തന്നെ അതു വന്നെടുക്കും എന്ന വിശ്വാസത്തിലാണ് അവിടെ നിന്ന് പോവുക. എന്നാല്‍ ആ വിശ്വാസത്തെ തെറ്റിച്ചുകൊണ്ട് ഈ ബൈനോക്കുലര്‍ ചാരന്‍ അത് വന്നെടുത്തെന്ന് കരുതുക. അയാള്‍ വീടിനുള്ളില്‍ കയറുന്നില്ല. പകരം ആ താക്കോല്‍ വീട്ടുമുറ്റത്തെ മാവിന്‌ചോട്ടില്‍ കുഴിച്ചിടുന്നു. പതിവ് സ്ഥലത്ത് നിന്ന് താക്കോല്‍ കണ്ടെടുക്കാനാവാതെ വിഷമിക്കുന്ന കുടുംബാംഗത്തെ ബൈനോക്കുലറിലൂടെ നോക്കി രസിക്കുന്ന ചാരന്‍. ഒടുവില്‍ കരുതല്‍ താക്കോല്‍ ഉപയോഗിച്ചു വീടു തുറക്കുന്ന കുടുംബം ഒന്നടങ്കം ചവിട്ടിക്കടിയില്‍ നിന്ന് അപ്രത്യക്ഷമായ താക്കോലിനായി തിരയുന്നു. അവര്‍ക്ക് ഒരിക്കലും കണ്ടെടുക്കാന്‍ സാധിക്കാത്ത ആ താക്കോല്‍ അടുത്ത മഴയില്‍ മണ്ണിനു മുകളിലേക്ക് പൊങ്ങി വരുമ്പോള്‍ അതിനെ എന്ത് പ്രതിഭാസമെന്നവര്‍ വിളിക്കും! ചവിട്ടിക്കടിയില്‍ ഭദ്രമായി വച്ച താക്കോല്‍ മനുഷ്യ ഇടപെടലില്ലാതെ എങ്ങനെ മണ്ണിനടിയിലെത്തി എന്നതിനു അവര്‍ നൂറു വ്യാഖ്യാനങ്ങള്‍ കണ്ടെത്തും. ജെഫിനെ പോലെ അന്വേഷണത്വര ഇല്ലാത്തവരെങ്കില്‍ അവര്‍ മരിക്കും വരെ അത്തരം പല കഥകള്‍ മെനഞ്ഞുമെനഞ്ഞ് ആശ്വസിക്കുകയേ വഴിയുള്ളൂ.

സുരക്ഷിതത്വം എന്നത് മനുഷ്യനിലനില്പ്പിന്റെ അതിപ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ. ചവിട്ടിക്കടിയിലെ താക്കോലിലൂടെ അവന്‍ സംതൃപ്തിപ്പെടുത്തുന്നതും സുരക്ഷയുടെ ഉത്ക്കണ്ഠകളെതന്നെയാണ്. പക്ഷെ പ്രളയം വരുമ്പോള്‍ ഗതി മാറിയൊഴുകുന്ന ഒരു പുഴയുടെ മനോവിധിക്ക് അടിയറ പറയേണ്ടിവരുന്ന സംരക്ഷണകവചങ്ങളേ നാം കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് വാസ്തവം. ‘എങ്കിലും സൂക്ഷിക്കാനുള്ളത് നമ്മള്‍ സൂക്ഷിക്കണം’ എന്ന പതിവ് മുത്തശ്ശി ഡയലോഗിന്റെ ആവര്‍ത്തനത്തിലൂടെ നാം അതെല്ലാം ഒതുക്കിയിടുന്നു. ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ ചെര്‍ണോബില്‍ ആണവദുരന്തം സംഭവിക്കുമ്പോള്‍ പ്രിപ്യാറ്റ് പ്രദേശത്തെ ജനങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. പിറ്റേന്ന് ഉച്ചക്ക് 2 മണിക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് അധികാരികള്‍ നീങ്ങും വരെ ഹാനികരമായ റേഡിയേഷനു വിധേയരാണെന്നറിയാതെ ആ നഗരം അതിന്റെ സ്വാഭാവികതകളില്‍ മുഴുകിയിരുന്നു. ദുരന്തം കഴിഞ്ഞ് 33 വര്‍ഷം പിന്നിടുമ്പോള്‍ ഒഴിഞ്ഞുപോയ വീടുകള്‍ പ്രേതങ്ങളായി മാറിയിരിക്കുന്നു, കുട്ടികള്‍ക്കുള്ള പാര്‍ക്കിലെ ജയന്റ് വീല്‍ ഒരു വലിയ ചിലന്തിവല പോലെ പ്രിപ്യാറ്റിനെ കെട്ടിവരിഞ്ഞു കൊണ്ടിരിക്കുന്നു. സുരക്ഷയെന്നാല്‍ അവര്‍ക്കും വീടിന്റെ വാതില്‍ നന്നായി പൂട്ടിയുറങ്ങുക എന്നതു തന്നെയായിരുന്നു. കണ്ണുകളാല്‍ കാണാനാകാത്ത ആ അപകടരശ്മികള്‍ക്ക് മുന്നില്‍ പതറിനിന്ന അവരും മറ്റാരെയും പോലെ ചവിട്ടിക്കടിയിലെ താക്കോല്‍ നല്കുന്ന സുരക്ഷയില്‍ വിശ്വസിക്കുന്നവര്‍ തന്നെയായിരുന്നിരിക്കുമല്ലോ.
ദീനങ്ങളുടെ ചക്രവര്‍ത്തിയായി മാറിക്കൊണ്ടിരിക്കുന്ന കാന്‍സര്‍ ശരീരത്തിലെ എത്ര കോശങ്ങളില്‍ പൂവിട്ടുതുടങ്ങിയെന്ന അറിവില്ലാതെ നാം സുരക്ഷയെക്കുറിച്ച് ചുറ്റുപാടും ഉപദേശങ്ങള്‍ വാരിയെറിയും. സ്വന്തം ശരീരത്തിലെ കോശങ്ങള്‍ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടതറിയാതെ നാം യമനിലെ യുദ്ധം സ്‌ക്രീനില്‍ കണ്ട് വിലയിരുത്തുന്നു. ചവിട്ടിക്കടിയിലെ താക്കോലില്‍ സര്‍വ്വവും അര്‍പ്പിച്ച് പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഉള്ളിലിരുന്ന് കൊഞ്ഞനംകുത്തി ചിരിക്കുന്ന അനുസരണംകെട്ട കോശങ്ങള്‍ പറയും നിന്റെ താക്കോല്‍ ഇനി എന്റെ കയ്യിലാണെന്ന്.

ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഒളിയിടങ്ങളില്‍ ഏറ്റവും പ്രായോഗികമായ ഒന്നാകുന്നു ചവിട്ടി. ജെ. ലീ തോംസണ്‍ സംവിധാനം ചെയ്ത ക്ലാസ്സിക് ചലച്ചിത്രമായ ‘മക്കെന്നാസ് ഗോള്‍ഡ്’ നിധിവേട്ടയുടെ കഥ പറയുന്നു. അപ്പാച്ചെകളുടെ ആത്മാക്കള്‍ സംരക്ഷിക്കുന്ന ഈ സ്വര്‍ണ്ണസമ്പത്തിനായി മോഹിച്ച് പല സംഘങ്ങളായി മനുഷ്യര്‍ ആ മലയിടുക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മക്കെന്ന എന്ന പോലീസ് മേധാവിയുടെ കയ്യില്‍ അവിടേയ്ക്കുള്ള ഭൂപടം കിട്ടുമ്പോള്‍ അയാളത് ഹൃദിസ്ഥമാക്കിയതിനു ശേഷം കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. അങ്ങനെ നിധിയുടെ ഒളിയിടം മക്കെന്നയുടെ തലച്ചോറിനുള്ളില്‍ മാത്രമായി. ചവിട്ടിക്കടിയില്‍ താക്കോല്‍ നിക്ഷേപിക്കുന്ന ഉടമസ്ഥനു മക്കെന്നയുടെ മനസ്സാണ്. തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!

ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ദിലീപ് മാമ്പള്ളിക്ക്

$
0
0

യുവ വൈജ്ഞാനിക എഴുത്തുകാരനുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ശാസ്ത്ര പ്രഭാഷകനും ഗവേഷകനുമായ ദിലീപ് മാമ്പള്ളില്‍ അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പരിണാമം: തന്‍മാത്രകളില്‍നിന്നും ജീവികളിലേക്ക് എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. തിരുപ്പതി ഐസറില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ ദിലീപ് മാമ്പള്ളിലിന്റെ ആദ്യ കൃതിക്കുതന്നെ പുരസ്‌ക്കാരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം സമ്മാനിക്കും.


ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് കെ. സച്ചിദാനന്ദന്

$
0
0

സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് കവി കെ. സച്ചിദാനന്ദന് ലഭിച്ചു. വര്‍ഗീയതയും ഫാഷിസ്റ്റ് പ്രവണതകളും വിഷം ചുരത്തുന്ന വര്‍ത്തമാനകാലത്ത് മതേതര ഇന്ത്യയുടെ സാംസ്‌കാരിക മുഖമായി എഴുത്തിന്റെ രംഗത്ത് ചാഞ്ചല്യമില്ലാതെ അദ്ദേഹം അടിയുറച്ചു നില്‍ക്കുന്നതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

50001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം സമ്മാനിക്കും.

എന്‍.വി കൃഷ്ണവാരിയരുടെ ചരമവാര്‍ഷികദിനം

$
0
0

1916 മെയ് 13ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍.വി.കൃഷ്ണവാരിയരുടെ ജനനം. അച്യുത വാരിയരും മാധവി വാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. വല്ലച്ചിറ പ്രൈമറി സ്‌കൂള്‍, പെരുവനം സംസ്‌കൃത സ്‌കൂള്‍, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍, എം.ലിറ്റ്, ജര്‍മ്മന്‍ ഭഷയില്‍ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങള്‍ കരസ്ഥമാക്കി.

വിവിധ സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന വാരിയര്‍ 1942 ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ പോകുകയും സ്വതന്ത്ര ഭാരതം എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും അധ്യാപകനായി.1968-75 കാലത്ത് കേരള ഭാഷാഇന്‍സ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവര്‍ത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍, കുങ്കുമം, വിജ്ഞാന കൈരളി തുടങ്ങിയവയുടെ പത്രാധിപര്‍, ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയര്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പ്രസിദ്ധീകരണ രംഗത്തെ കുലപതി ഡി സി കിഴക്കെമുറിയുമായും ഇദ്ദേഹം അടുപ്പം പുലര്‍ത്തിയിരുന്നു. ഡി സി ബുക്‌സിന്റെ വൈജ്ഞാനിക പുസ്തകങ്ങള്‍ക്ക് ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. എന്‍പതുകളുടെ ആദ്യം പ്രസിദ്ധീകരിച്ച നാം ജീവിക്കുന്ന ലോകം എന്ന പുസ്തക പരമ്പരയുടെ ജനറല്‍ എഡിറ്ററായിരുന്നു അദ്ദേഹം. മനുഷ്യന്‍ ജിവിക്കുന്ന ലോകത്തെപ്പറ്റിയും തന്നെപ്പറ്റിയും സാമാന്യബോധം ഉണ്ടാക്കാന്‍ ഈ പുസ്തകപരമ്പരയ്ക്ക് സാധിച്ചു. സൗരയുഥം, ഭൂമി, ജീവശാസ്ത്രം, ശരീരശാസ്ത്രം, മനശാസ്ത്രം, മതങ്ങള്‍, തത്ത്വചിന്ത, സംസ്‌കാരങ്ങള്‍, യുദ്ധങ്ങള്‍, കലകള്‍, വാര്‍ത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും അവബോധം സൃഷ്ടിക്കാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു.

ആദ്യ കവിതാസമാഹാരമായ ‘നീണ്ടകവിതകള്‍’ 1948ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കവിതകള്‍, ആട്ടക്കഥ, യാത്രാവിവരണം, നാടകങ്ങള്‍, ബാലസാഹിത്യം, ലേഖനങ്ങള്‍,പഠനങ്ങള്‍, പ്രബന്ധങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത ശാഖകളിലായി നിരവധി സൃഷികള്‍. വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, പ്രശസ്തപഠനങ്ങള്‍, സമസ്യകള്‍ സമാധാനങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ഗാന്ധിയും ഗോഡ്‌സേയും’ എന്ന കവിതാസമാഹാരത്തിനും ‘വള്ളത്തോളിന്റെ കാവ്യശില്പം’ എന്ന നിരൂപണഗ്രന്ഥത്തിനും ‘വെല്ലുവിളികള്‍ പ്രതികരണങ്ങള്‍’ എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989 ഒക്ടോബര്‍ 12-ന് കൃഷ്ണവാരിയര്‍ അന്തരിച്ചു.

ബംഗാളി എഴുത്തുകാരി കാമിനി റോയിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

$
0
0

ബംഗാളി ഭാഷയിലെ പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്തകയുമായിരുന്ന കാമിനി റോയിക്ക് ആദര്‍മര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഓണേഴ്‌സ് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കാമിനി റോയിയുടെ 155-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്.

1864 ഒക്ടോബര്‍ 12-ന് കിഴക്കന്‍ ബംഗാളിലെ ബകേര്‍കുഞ്ജ് ജില്ലയിലെ ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ കുടുംബത്തിലായിരുന്നു കാമിനി റോയിയുടെ ജനനം. പിതാവ് ചാന്ദി ചരണ്‍ സെന്‍ ഒരു ന്യായാധിപനും  എഴുത്തുകാരനും ബ്രഹ്മസമാജം പ്രവര്‍ത്തകനുമായിരുന്നു.

എട്ടാമത്തെ വയസ്സില്‍ തന്നെ കവിതാരചന ആരംഭിച്ച കാമിനിയുടെ ആദ്യ കവിതാസമാഹാരം ‘ആലോ ഓ ഛായാ’ ഹേമചന്ദ്ര ബാനര്‍ജി എഴുതിയ അവതാരികയോടെ 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാമിനി റോയിയുടെ കവിതകളില്‍ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. ബംഗാളി ലിറ്റററി കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്, ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കല്‍ക്കട്ട യൂണിവേഴ്‌സിറ്റി ഇവരെ ജഗത്തരിണി സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.മഹാശ്വേതാ, പുണ്ഡോരിക്, പൗരാണികി, ദീപ് ഓ ധൂപ്, ജീബൊണ്‍ പഥേ, നിര്‍മ്മല്യ, മല്യ ഓ നിര്‍മ്മല്യ, അശോക് സംഗീത്, ധര്‍മ്മപുത്ര (വിവര്‍ത്തനം) തുടങ്ങിയവ കാമിനിയുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികള്‍ക്കായി രചിച്ച ‘ഗുഞ്ജന്‍’, ‘ബാലികാ ശിഖര്‍ ആദര്‍ശ’ എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.

സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് കാമിനി റോയി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്. 1921-ല്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘ബംഗിയ നാരി സമാജ്’ എന്ന സംഘടനയുടെ നേതൃനിരയില്‍ സജീവമായിരുന്നു. 1922-1923 കാലഘട്ടത്തില്‍ ‘ഫീമെയ്ല്‍ ലേബര്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷനില്‍’ അംഗമായിരുന്നു. 1933 സെപ്റ്റംബര്‍ 27-ന് കാമിനി റോയി അന്തരിച്ചു.

ടി.ജി.ഹരികുമാര്‍ സ്മൃതി സാഹിത്യപുരസ്‌കാരം സി.രാധാകൃഷ്ണന്

$
0
0

തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ പത്രാധിപരുമായിരുന്ന ടി.ജി.ഹരികുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്മൃതി സാഹിത്യ പുരസ്‌കാരം സി.രാധാകൃഷ്ണന്. സി.രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ നോവല്‍ 50 വര്‍ഷത്തെ എഴുത്തുകാരന്റെ മനനത്തിന്റെയും അന്വേഷണത്തിന്റെയും സൃഷ്ടിയാണെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. ഭാഷാ പിതാവിനോടുള്ള ആദരവായിട്ടാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

ഉദ്ധരണികള്‍

$
0
0

ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി
നൊരുവെറും തൂവല്‍ താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി
ഇതിലുമേറെ ലളിമായെങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ

പി.പി രാമചന്ദ്രന്‍

ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…

$
0
0

1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ പ്രകൃതിയെയും മനുഷ്യരെയും മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞുപോവാത്ത വിധം വരച്ചിട്ടിരിക്കുന്നു. ഇത് വെറുമൊരു നോവലല്ല ജീവിത സമരങ്ങളാല്‍ ഇതിഹാസതുല്യരാവുന്ന ഒരു പറ്റം പച്ചയായ മനുഷ്യരുടെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ആചാരങ്ങളുടെയും ആവിഷ്‌കാരമാണിത്.

ഇതിഹാസം ആരംഭിക്കുന്നത് ഖസാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലേക്ക്, ഞാറ്റുപുരയിലേക്ക് രവി വന്നെത്തുന്നതോടെയാണ്. വഴിയമ്പലങ്ങളില്‍ നിന്ന് വഴിയമ്പലങ്ങളിലേക്ക്, കൂട് വിട്ട് കൂട് മാറി, ആസക്തിയും ഉന്മാദവും നിറഞ്ഞ ഒരുവനായി, ഏകാന്തപഥികനായി ഞാറ്റുപുരയിലെത്തുന്ന അദ്ധ്യാപകനായ രവിയിലൂടെ, ഖസാക്കിലെ നിരക്ഷരരായ മനുഷ്യരിലേക്കും, നിഷ്‌കളങ്ക ബാല്യങ്ങളിലേക്കും ലഹരിയുടെയും കാമത്തിന്റെയും, എണ്ണിയാലൊടുങ്ങാത്ത ഐതിഹ്യവിശ്വാസ ഗോപുരങ്ങളിലേക്കും നോവലിസ്റ്റ് നമ്മെ വഴി നടത്തിക്കുകയാണ്.

അനാഥത്വത്തിന്റെ ചുറ്റുപാടില്‍ നിന്ന്, ഓര്‍മ്മകളില്‍ നിന്ന് പലായനം ചെയ്യുന്ന ഒരുവനാണ് രവി. ഗതകാലസ്മരണകളില്‍ പൊള്ളി, പ്രണയം വെച്ചുനീട്ടിയ പത്മയില്‍ നിന്നും ഒളിച്ചോടിയാണ് ജീവിതാസക്തികളില്‍ ഉഴറുന്ന മനുഷ്യജീവിതങ്ങളുള്ള ഇതിഹാസത്തിന്റെ താഴ്‌വരയിലേക്ക്, ഖസാക്കിലേക്ക് രവി എത്തിപ്പെടുന്നത്. ആസക്തി മുറ്റിയ കണ്ണുകളുമായി രവി ഖസാക്കിലെ പെണ്ണുടലുകളില്‍ പലവട്ടം ചുറ്റിപ്പിണഞ്ഞു. അച്ഛന്റെ രണ്ടാം ഭാര്യയോടൊപ്പം, ചിറ്റമ്മയോടോപ്പം പാപത്തിന്റെ ആദ്യപാഠം കുറിക്കുന്ന രവിയെ ആദ്യാവസാനം അശ്ലീലം കലര്‍ത്താതെ തന്നെ നോവലിസ്റ്റ് വരച്ചിട്ടിരിക്കുന്നു. ഏകാദ്ധ്യാപക വിദ്യാലയം തടസപ്പെടുത്താന്‍ അള്ളാപ്പിച്ച മൊല്ലാക്ക നടത്തുന്ന പാഴ്ശ്രമങ്ങള്‍ അയാളുടെ ജീവിത പ്രാരബ്ധങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നത്. ഓത്തുപള്ളിയിലെ ജോലി കൊണ്ടുമാത്രം കുടുംബം പുലര്‍ത്തുന്ന, ഏകാധ്യാപക വിദ്യാലയം വന്നാല്‍ തനിക്ക് പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടില്ലെന്ന് വെപ്രാളപ്പെടുന്ന ഖസാക്കിന്റെ സ്വന്തം അതിജീവനത്തിന്റെ അടവുനയങ്ങള്‍. ഉദാത്തമായ ചിന്തകളും അതേസമയം ഒരു പച്ചയായ മനുഷ്യന്റെ ജീവിതാസക്തികളും ഒരുപോലെ പേറുന്ന, ജീവിതത്തിന്റെ ദൈന്യതയുടെയും ദീനതയുടെയും നേര്‍ക്കാഴ്ചയാണ് മൊല്ലാക്ക. ഇതിഹാസ കഥനത്തിന്റെ പീഠത്തിലിരുന്ന് സയ്യദ് മിയാന്‍ ഷെയ്ക്ക് തങ്ങളുടെ ഇതിഹാസകഥകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു കൊടുത്തു കൊണ്ട് അയാള്‍ ജീവിതം തുന്നിച്ചേര്‍ക്കുകയാണ്.

ഒരിക്കല്‍ ചെതലിമലയുടെ താഴ്‌വരകളില്‍ നിന്ന്, ഷെയ്ക്ക് തങ്ങളുടെ പിന്‍ഗാമിയായി നൈസാമലിയെ മൊല്ലാക്ക കണ്ടെടുക്കുന്നു. കൈത്തണ്ടയില്‍ നീല ഞരമ്പുകളോടുന്ന ഖസാക്കിന്റെ സുന്ദരി, മൊല്ലാക്കയുടെ മകള്‍ മൈമൂനയുടെ ഹൃദയത്തിലേക്കും കൂടിയാണ് നൈസാമലി ചെന്ന് കയറുന്നത്. പക്ഷെ മുടി നീട്ടി വളര്‍ത്തിയും സമയത്തിന് പള്ളിയില്‍ വാങ്ക് വിളിക്കാതെയും നിഷേധാത്മകത പ്രകടിപ്പിച്ചു മൊല്ലാക്കയോട് എതിര്‍ക്കുന്ന നൈസാമലി, മൊല്ലാക്ക മൈമൂനയെ മുങ്ങാങ്കോഴി എന്നറിയപ്പെടുന്ന ചുക്രുറാവുത്തര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതോട് കൂടി ഖസാക്കില്‍ നിന്ന് പലായനം ചെയ്യുന്നു. പിന്നീട് ഖസാക്കിന്റെ ഖാലിയാരായി സ്വയം അവരോധിച്ചു പ്രത്യക്ഷപ്പെടുന്ന നൈസാമലി മൊല്ലാക്കയുടെ ആത്മീയ പ്രതിയോഗിയായി മാറുകയാണ്.

ഇതിഹാസകഥനങ്ങളുടെ പീഠമൊഴിഞ്ഞു ഖസാക്കിന്റെ മൊല്ല മരിക്കാന്‍ തുടങ്ങുമ്പോള്‍ കര്‍മ്മബന്ധങ്ങളുടെ ഏതൊക്കെയോ കാണാച്ചരടുകളാല്‍ ബന്ധിക്കപ്പെട്ട് നൈസാമലി മൊല്ലാക്കയുടെ മുന്‍പിലെത്തുന്നതും നമുക്ക് കാണാം. സാമ്പ്രദായികരീതികളോട് പ്രതിഷേധിക്കുന്നവനായും കമ്മ്യുണിസ്‌റ് ചിന്താഗതികളില്‍ ആകൃഷ്ടനാകുന്നവനായും ഒടുവില്‍ ആത്മീയതയിലേക്ക് കൂടുമാറുന്നവനായും നൈസാമലിയെ നമുക്ക് കാണാന്‍ പറ്റും.

അന്‍പതാം വയസില്‍ മൈമൂനയെ വിവാഹം ചെയ്യുന്ന ചുക്രുറാവുത്തര്‍ ഇതിഹാസനോവലിലെ ദൈന്യതയുടെയും നിസ്സഹായതയുടെയും ആള്‍രൂപമായി വായനക്കാരന്റെ കരളയിപ്പിക്കുന്ന കഥാപാത്രമാണ്. മൈമൂനയുടെ മാനസികപീഢനത്താല്‍ മകളായ ആബിദ ഖസാക്ക് വിട്ടോടിപ്പോവുന്നതോടെ തകര്‍ന്നു പോവുന്ന ചുക്രുറാവുത്തര്‍ കിണറിന്റെ ആഴങ്ങളിലേക്ക് , ഇരുട്ടിന്റെ ലോകത്തിലേക്ക് കൂപ്പുകുത്തുന്നു.

ബാല്യം വിടാത്ത മനസുമായി യൗവനത്തിലുള്ള അപ്പുക്കിളി, കുഞ്ഞാമിന, ചാന്തുമ്മയുടെ മക്കളായ കുഞ്ഞുനൂറും ചാന്തുമുത്തുവും എന്നിവരൊക്കെ ബാല്യത്തിന്റെ നിഷ്‌കളങ്കതകളിലേക്കും അവരുടെ കുഞ്ഞു കുഞ്ഞു വിശ്വാസങ്ങളിലേക്കും നമ്മെ കൈപിടിച്ച് നടത്തുന്നുണ്ട്. ജമന്തിപ്പൂക്കള്‍ പൂക്കുന്നത് പോലെ ചെതലിയുടെ താഴ്‌വരകളില്‍ വസൂരി പടര്‍ന്നു പിടിക്കുന്നതും, ഒരിക്കല്‍ തങ്ങള്‍ വളര്‍ന്നു വലുതാവുന്നതും ദാരിദ്ര്യം ഇല്ലാത്ത നാളുകള്‍ സ്വപ്നം കണ്ടും ജീവിച്ച കുഞ്ഞുനൂറും ചാന്തുമുത്തുവും മരിച്ചു പോവുന്നതും വായനക്കാരന്റെ നെഞ്ചില്‍ അസ്വസ്ഥതായി വേരുകളാഴ്ത്തുന്നു.

ഞാറ്റുപുരയുടെ ഉടമസ്ഥന്‍ തേവാരത്ത് ശിവരാമന്‍ നായര്‍, തുന്നല്‍ക്കാരന്‍ മാധവന്‍ നായര്‍, ചെത്തുകാരന്‍ കുപ്പുവച്ചന്‍, ഉറഞ്ഞുതുള്ളി മൂര്‍ദ്ധാവില്‍ ആഞ്ഞുവെട്ടി കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന ദൈവപ്പുരയിലെ കുട്ടാടന്‍ പൂശാരി, കുട്ടാപ്പുനരി… കഥാപാത്രങ്ങളോരോന്നും കരിമ്പനകള്‍ ചൂളം കുത്തുന്ന ഖസാക്കില്‍ വിഹരിക്കുന്നു. ഇടിയും മിന്നലുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴ മാത്രം പെയ്യുന്നൊരു പുലരിയില്‍, സര്‍പ്പം ദംശിച്ച കാലുമായി, ഖസാക്കിനോട് വിടപറയാന്‍ രവി കാത്തുകിടക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

സര്‍ഗാത്മക സാഹിത്യത്തിന്റെ മാസ്മരികതയാണ് ഖസാക്കിന്റെ ഇതിഹാസം.. വീണ്ടും വീണ്ടും നമ്മെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഷ. കൂമന്‍കാവും, നെടുംപറമ്പും നാട്ടുവര്‍ത്തമാനങ്ങള്‍ അരങ്ങേറുന്ന അലിയാരുടെ ചായപ്പീടികയും, രാജാവിന്റെ പള്ളിയും, അറബിക്കുളവും,ചെതലിയുടെ താഴ്‌വരകളുമെല്ലാം സര്‍ഗ്ഗസാഹിത്യത്തില്‍ കോര്‍ത്ത് വരച്ചിട്ടിരിക്കുന്നു നോവലിസ്റ്റ്. അതുകൊണ്ടുതന്നെയാണ് ഖസാക്കിന്റെ ഇതിഹാസം കാലാതിവര്‍ത്തിയായി നിലകൊള്ളുന്നത്.. വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്.. കഥാപാത്രങ്ങളോരോന്നും മനസിലേറി മാഞ്ഞുപോവാതെ നിലകൊള്ളുന്നത്!

ഖസാക്കിന്റെ ഇതിഹാസത്തിന് സീതാ വേണി എഴുതിയ വായനാനുഭവം

 

ഐ.എം. വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ.വി.എസ്. വിജയന്

$
0
0

തൃശ്ശൂര്‍: പ്രഥമ ഐ.എം.വേലായുധന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം വേലായുധന്‍ മാസ്റ്റര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ കമ്മിറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വി.എസ്.വിജയന്‍.

ഒക്ടോബര്‍ 18-ന് കണിമംഗലം എസ്.എന്‍ ബോയ്‌സ് ഹൈസ്‌കൂളില്‍വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ.എസ്.ശങ്കര്‍ പുരസ്‌കാരം സമ്മാനിക്കും. സി.ആര്‍.നീലകണ്ഠന്‍ സ്മൃതിപ്രഭാഷണം നടത്തും. മേയര്‍ അജിത വിജയന്‍ വേലായുധന്‍ മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.കെ. സരോജിനി അധ്യക്ഷത വഹിക്കും.


ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദിന് സമാധാന നൊബേല്‍

$
0
0

ഓസ്‌ലോ: ഇത്യോപ്യ പ്രധാനമന്ത്രി അബി അഹ്മദ് അലിക്ക് സമാധാനത്തിനുള്ള 2019-ലെ നൊബേല്‍ പുരസ്‌കാരം. എറിത്രിയയുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അതിര്‍ത്തിസംഘര്‍ഷത്തിനു പരിഹാരം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളുടെ പേരിലാണ് പുരസ്‌കാരം. 17 വര്‍ഷം നീണ്ട ഇത്യോപ്യ- എറിത്രിയന്‍ യുദ്ധത്തിനു പൂര്‍ണ്ണവിരാമമിട്ട് ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവെച്ചത് 2018-ലാണ്.

എറിത്രിയയുമായുള്ള സമാധാനശ്രമങ്ങളുടെ പുറമേ, മേഖലയിലെ മറ്റു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനും അബി അഹ്മദ് നടത്തിയ ശ്രമങ്ങളേയും നൊബേല്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി പ്രശംസിച്ചു. ഇത്യോപ്യയില്‍ അദ്ദേഹം കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങളുടെ കമ്മിറ്റിയുടെ ശ്രദ്ധ നേടി.

2020-ല്‍ രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അബി അഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. 43 കാരനായ അബി അഹ്മദ് നിലവില്‍ ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ആറരക്കോടി രൂപ(918,000 യു.എസ് ഡോളര്‍)യാണ് പുരസ്‌കാരതുകയായി ലഭിക്കുന്നത്. ഡിസംബര്‍ 10-ന് പുരസ്‌കാരം സമ്മാനിക്കും.

സൈമണ്‍ ബ്രിട്ടോ രചിച്ച ‘മഹാരാജാസ് അഭിമന്യു-ജീവിതക്കുറിപ്പുകള്‍’പ്രകാശനം ചെയ്യുന്നു

$
0
0

മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അന്തരിച്ച മുന്‍ എം.എല്‍.എയും എഴുത്തുകാരനുമായിരുന്ന സൈമണ്‍ ബ്രിട്ടോ രചിച്ച മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍ എന്ന പുതിയ കൃതിയുടെ പ്രകാശനചടങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14-ന് വൈകിട്ട് 3.30ന് എറണാകുളം നോര്‍ത്തിലുള്ള ഇ.എം.എസ് ടൗണ്‍ ഹാളില്‍ വെച്ചാണ് പ്രകാശനം. സി.പി.ഐ.എം നേതാവ് എം.എ. ബേബി പ്രൊഫ.എം.കെ.സാനുവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ഡി സി ബുക്‌സ് പബ്ലിഷിങ് മാനേജര്‍ എ.വി.ശ്രീകുമാര്‍ ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തും.

എസ്.രമേശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എം.എസ് മുരളി, ജോഷി ഡോണ്‍ ബോസ്‌കോ എന്നിവരും പങ്കെടുക്കുന്നു. സൈമണ്‍ ബ്രിട്ടോ രചിച്ച മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

 

ഗായകന്‍ കിഷോര്‍ കുമാറിന്റെ ചരമവാര്‍ഷികദിനം

$
0
0

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഹിന്ദിയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും കിഷോര്‍ പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച ബഹുമതിയും കിഷോര്‍ കുമാറിന്റെ പേരിലാണ്. തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്ത് 1987 ഒക്ടോബര്‍ 13-ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.

ലോക നിലവാര ദിനം

$
0
0

ഐ.എസ്.ഒ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ പിറവി ആഘോഷിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് ലോക നിലവാര ദിനം. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 14 ആണ് ലോക നിലവാര ദിനമായി ആചരിക്കുന്നത്. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബര്‍ 14ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് നിലവാര നിര്‍ണ്ണയത്തിനായി പൊതുവായ ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ഇന്റര്‍നാഷണല്‍ ഇലക്‌ട്രോകെമിക്കല്‍ കമ്മീഷന്‍ (IEC ), ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍(ISO ), ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍(ITU ) തുടങ്ങിയ സംഘടനകളിലെ ആയിരക്കണക്കിനു വിദഗ്ദ്ധര്‍, സ്വയമേവ അന്തര്‍ദ്ദേശീയ നിലവാരഗുണമേന്‍മകള്‍ ഉറപ്പു വരുത്തുവാന്‍ ശ്രമം നടത്തുന്നു . ഈ പരിശ്രമങ്ങളെ അംഗീകരിക്കാനും, അനുസ്മരിക്കാനും പ്രചരിപ്പിക്കാനും ആണ് ഒക്ടോബര്‍ 14, അന്താരാഷ്ട്ര തലത്തില്‍ ലോക നിലവാര ദിനമായി ആചരിക്കുന്നത്.

1970 ലാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ഓരോ വര്‍ഷവും നിലവാരത്തിന്റെ ഏതെങ്കിലും മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഈ ദിവസം നിലവാരം നിര്‍ണ്ണയത്തിനും നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കാനും വേണ്ടിയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഉദ്ധരണികള്‍

$
0
0

അമ്മയില്ലാത്തതാണമ്മയില്ലാത്തതാ-
ണിന്നത്തെ വീടുകള്‍, അങ്ങാടിവീടുകള്‍

കുഞ്ഞുണ്ണി മാഷ്

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>