തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ വിരാമം. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് അഞ്ചുമണിക്കായിരിക്കും സത്യപ്രതിജ്ഞ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. പതിനഞ്ചു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന എ.ഐ ഡിഎംകെ എം.എല്‍.എമാരുമൊത്താണ് പളനിസ്വാമി ഗവര്‍ണറെ കാണാനെത്തിയത്.
ശശികല കീഴടങ്ങിയ ബുധനാഴ്ച എടപ്പാടി പളനിസാമി വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ഗവര്‍ണറെ കണ്ടിരുന്നു.എന്നാല്‍ തീരുമാനമായില്ല. ഇരു വിഭാഗവും ഗവര്‍ണറോട് അവകാശവാദം ഉന്നയിച്ചു. പിന്തുണക്കുന്ന എം.എല്‍.എമാരുടെ പട്ടികയും ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറി. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്.
234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എം.എല്‍.എമാരാണ് എ.ഐ.എ.ഡി.എം.കെക്കുള്ളത്. ഇവരില്‍ ഭൂരിപക്ഷവും കഴിഞ്ഞദിവസം ജയിലിലായ ശശികല നേതൃത്വം നല്‍കുന്ന വിഭാഗത്തിനൊപ്പമാണ്.
അതിനിടെ, സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ താമസിയാതെ തെരഞ്ഞടുപ്പ് നടക്കുമെന്നും ഇതിനെ നേരിടാന്‍ തയ്യാറാകണമെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി. കോയമ്പത്തൂര്‍ ചിന്നിയംപാളത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പനീര്‍സെല്‍വമോ, അണ്ണാ ഡി.എം.കെ നേതാക്കളോ സര്‍ക്കാരുണ്ടാക്കിയാല്‍ നിലനില്‍ക്കില്ല. ജൂണിലോ ജൂലൈയിലോ ഒരുപക്ഷേ, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പു പോലും ഇടക്കാല തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും സ്്്റ്റാലിന്‍ വ്യക്തമാക്കി.