ലോകത്തിന്റെ ദൃദയത്തുടിപ്പുകള്‍ പോലും നിയന്ത്രിക്കുന്ന ഗൂഗിളില്‍ ജോലി നേടുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ കാര്‍ട്ടൂണുകള്‍ കണ്ട് രസിക്കുകയും പഠിക്കുകയും കുസൃതികാട്ടി ഓടിനടക്കുകയും ചെയ്യേണ്ട ചെറുപ്രായത്തില്‍ തന്നെ ഗുഗിളില്‍ ജോലി നേടണമെന്ന് ആഗ്രഹിക്കുകയും ഗൂഗിള്‍ മേധാവിക്ക് കത്തയക്കുകയും ചെയ്യുമോ..?എന്നാല്‍ അങ്ങനെ ചെയ്ത ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യു കെ ബിയര്‍ഫോര്‍ഡ് സ്വദേശിയായ ക്ലോ ബ്രിഡ്ജ്വാട്ടര്‍ എന്ന ഏഴു വയസുകാരിയാണ് ജോലി തേടി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയ്ക്കു കത്തയച്ചത്. ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
ഗൂഗിള്‍ ബോസിന് എന്ന് അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിലാണ് ഈ കൊച്ചു വിദ്യാര്‍ഥി കത്തെഴുതിയത്.” ഡിയര്‍ ഗൂഗില്‍ ബോസ്, എനിക്ക് ഗൂഗിളില്‍ ജോലിചെയ്യാന്‍ ആഗ്രഹമുണ്ട്. അതോടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലിചെയ്യാനും ഒളിംപിക്‌സില്‍ നീന്താനും എനിക്ക് താത്പര്യമുണ്ട്.
ഗൂഗിളില്‍ ജോലി കിട്ടിയാല്‍ ബീന്‍ ബാഗുകളില്‍ ഇരിക്കാം. കാര്‍ട്ടുകളില്‍ യാത്ര ചെയ്യാം. ഇതൊക്കെ അച്ഛന്‍ പറഞ്ഞിട്ടുള്ളതാണ്. എനിക്ക് കംപ്യൂട്ടറുകളും ടാബ് ലെറ്റുകളും ഉപയോഗിച്ച് പരിചയമുണ്ട്..”ഇങ്ങനെ നീളുന്നു ക്ലോ ബ്രിഡ്ജ്വാട്ടറിന്റെകത്ത്.
മറുപടി പ്രതീക്ഷിച്ചൊന്നുമല്ല ഈ കൊച്ചുമിടുക്കി കത്തയച്ചത്. എന്നാല്‍ ഈ കത്തിന് സുന്ദര്‍ പിച്ചൈ മറിപടിയും അയച്ചു. “കഠിനമായി പ്രയത്‌നിക്കുക. തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുക, പഠനം കഴിഞ്ഞാല്‍ ജോലിക്ക് അപേക്ഷിക്കുക. ക്ലോയുടെ സ്വപ്നങ്ങള്‍ വളരട്ടെയെന്നും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ ആശംസകളും താന്‍ നേരുന്നു”വെന്നും സുന്ദര്‍ പിച്ചൈ കത്തിലൂടെ പറയുന്നു.