മുകളിലേക്ക് നീണ്ടുനില്‍ക്കുന്ന ചെവിയും കറുത്തപൊട്ടുപോലുള്ള കണ്ണും ഗുണനചിഹ്നംപോലുള്ള വായുമായി മിഫിയെന്ന വെള്ളമുയലിനെ സൃഷ്ടിച്ച ഡച്ച് രേഖാചിത്രകാരന്‍ ഡിക് ബ്രൂണ അന്തരിച്ചു. 89 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി നെതര്‍ലെന്‍ഡ്‌സിലെ യൂക്രസ്റ്റിലെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
അറുപത് വര്‍ഷം നീണ്ടുനിന്ന കലാജീവിതത്തില്‍ 124 ചിത്രപുസ്തകങ്ങളാണ് ബ്രൂണ രചിച്ചത്. ഇതിലേറെയും മിഫിയെ എന്ന മുയലിനെ കഥാപാത്രമാക്കി കുട്ടികള്‍ക്കായി രചിച്ചവയാണ്. ലോകമാകെ 8.5 കോടി മിഫി പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്.
ഇതിലേറെയും ചെലവായത് ഏഷ്യയിലാണ്. 50 ഭാഷകളിലേക്ക് ഇവ മൊഴിമാറ്റം ചെയ്യപ്പെട്ടു. മിഫിക്കായി 2016ല്‍ യൂട്രെക്സ്റ്റില്‍ കാഴ്ചബംഗ്ലാവ് വരെ തുടങ്ങി.