ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം ആഘോഷിച്ചാൽ തടയുമെന്ന് ധീവരസഭ. സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണ്, സാംസ്കാരികവകുപ്പ് സിനിമയുടെ വാർഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ വ്യക്തമാക്കി.
തകഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി എസ്എല്‍ പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങുന്നത് 1965ലാണ്. മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍,ഷീല എന്നീ താരങ്ങള്‍ അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റുമായിരുന്നു. പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയവും പളനിയുടെ ദുഖവും പ്രമേയമായ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുളള രാഷ്ട്രപതിയുടെ സുവര്‍ണ കമലം പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ അമ്പതാം വാർഷികാഘോഷം നടത്താൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് പുതിയ പ്രഖ്യാപനവുമായി ധീവരസഭ രംഗത്ത് വന്നിരിക്കുന്നത്.