29 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ ഒരു മന്ത്രിസഭ വിശ്വാസവോട്ട് തേടുകയാണ്. 1988 ജനുവരി 23-നാണ് ഇതിനുമുമ്പ് തമിഴ്‌നാട് സഭയില്‍ വിശ്വാസപ്രമേയം വന്നത്.1987 ൽ എംജിആർ മരിച്ചതോടെ ഇടക്കാല മന്ത്രിയായി മന്ത്രി സഭയിലെ രണ്ടാമനായ വി.ആര്‍. നെടുഞ്ചേഴിയനെ മന്ത്രിയാക്കിയതോടെ വീരപ്പൻ എതിർപ്പു മായി രംഗത്തെത്തി. എം ജി ആറിന്റെ പത്നി ജാനകി രാമചന്ദ്രനെ മന്ത്രിയാക്കണമെന്നായിരുന്നു വീരപ്പന്റെ പക്ഷം. ഇരുവിഭാഗവും നെടുഞ്ചേഴിയനെയും ജാനകിയേയും നിയമസഭാകക്ഷി നേതാക്കളായി തിരഞ്ഞെടുത്തു.
വർഷങ്ങൾക്കിപ്പുറം ജയലളിതയുടെ മരണശേഷം പനീർശെൽവം കാവൽ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയെങ്കിലും തുടർന്നുള്ള സംഭവബഹുലമായ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിഞ്ഞു. ശശികല ജയിലിലായി , എടപ്പാളി പളനിസാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. പളനിസാമി മന്ത്രിസഭയുടെ ഭൂരിപക്ഷം തെളിക്കേണ്ട വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ എംഎൽ എ മാർ പനീർശെൽവം ക്യാമ്പിലേക്ക് കൂറുമാറുകയാണ്.
രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. 234 അംഗ നിയമസഭയില്‍ 123 എംഎല്‍എമാരുടെ പിന്തുണയാണ് നേടേണ്ടത്. വിശ്വാസവോട്ടിനായി പതിനഞ്ച് ദിവസത്തെ സാവകാശമാണ് ഗവര്‍ണ്ണര്‍ നല്‍കിയത്. എന്നാല്‍ റിസോര്‍ട്ടില്‍ അടച്ചിട്ടത്‌പോലെ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ വിശ്വാസമില്ലാത്തതാണ് എത്രയും പെട്ടെന്ന് അവിശ്വാസ കടമ്പ മറികടക്കാന്‍ പളനിസാമിയെ പ്രേരിപ്പിക്കുന്നത്.
വിശ്വാസവോട്ടിനെ എതിര്‍ക്കുമെന്ന് ഒരു എംഎല്‍എ കൂടി വെളിപ്പെടുത്തിയതോടെ പനീര്‍സെല്‍വം പക്ഷത്തു 11 പേരായി. മൈലാപൂര്‍ എംഎല്‍എയും മുന്‍ ഡിജിപിയുമായ ആര്‍.നടരാജ് വിശ്വാസപ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്യുമെന്ന് ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹം റിസോര്‍ട്ടിലായിരുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ പക്ഷത്തെ എംഎല്‍എമാരും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തങ്ങുകയാണ്. എട്ടുപേര്‍ കൂടി ഒപ്പമെത്തിയാലേ പനീര്‍സെല്‍വത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. പ്രതിപക്ഷം മുഴുവന്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്യുകയും വേണം.