കേരളത്തില്‍ മതേതരത്വം ഇല്ലാതാകാന്‍ തുടങ്ങിയത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെയെന്ന് സാഹിത്യകാരന് എന്‍.എസ് മാധവന്‍. അക്ബര് കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളില്‍ ജാതിപറയുന്ന നൈര്‍മ്മല്യം കാണാമായിരുന്നു. അന്നാര്‍ക്കും ഇതിനെകുറിച്ച് പരാതി ഇല്ലായിരുന്നു. മറ്റുള്ള ജാതികളെ തിരസ്‌കരിച്ചല്ല, അംഗീകരിച്ചുകൊണ്ടാണ് മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതെന്ന് അക്ബര്‍ കക്കട്ടില്‍ തന്റെ കഥകളിലൂടെ കാണിച്ചുതന്നു. ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ഉന്നതവിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണത്തെ എട്ടോ പത്തോ വര്‍ഷം മുമ്പ് കഥകളിലൂടെ വിഭാവനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാരകമായ അസുഖം ഉള്ളിലുള്ളത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും എന്‍.എസ്. മാധവന്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം അക്ബര് കക്കട്ടില്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായരില്‍ നിന്ന് ഏറ്റുവാങ്ങി. പഞ്ചകന്യകകള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്.

പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എം.ടി. വാസുദേവന്‍ നായര്‍ എന്‍.എസ്. മാധവന് സമ്മാനിക്കുന്നു. ഖദീജ മുംതാസ്, പോള്‍ കല്ലാനോട്, എ.കെ. അബ്ദുല്‍ ഹക്കീം, പി.കെ. പാറക്കടവ്, എം.എം. ബഷീര്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, ശത്രുഘ്നന്‍, കെ.കെ. ലതിക, കെ.പി. രാമനുണ്ണി തുടങ്ങിയവര്‍ സമീപം
അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികദിനവും പുരസ്‌കാര വിതരണവും എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നിഷ്‌കളങ്ക സൗഹൃദങ്ങളാണ് ഈ കാലഘട്ടത്തില്‍ നമുക്ക് നഷ്ടപ്പെടുന്നതെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രഥമ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം എന്‍.എസ്. മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്‌കളങ്ക സൗഹൃദംകൊണ്ട് നമ്മുടെ കൂടെനിന്നയാളായിരുന്നു അക്ബര്‍. തന്റെ എഴുത്തിനെയോ തനിക്കുകിട്ടാവുന്ന അവാര്‍ഡുകളെയോപ്പറ്റി അദ്ദേഹം സംസാരിച്ചില്ല. ആരെയും ബോധിപ്പിക്കാനല്ലാതെ, എല്ലാവിഭാഗം ആളുകളുമായും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ അക്ബറിന് സാധിച്ചു. നിര്‍മലമായ മനസ്സും വാക്കുകളും ചിരിയുമായി ജീവിച്ച അദ്ദേഹം ആരെപ്പറ്റിയും കുറ്റങ്ങളോ കേട്ടുകേള്‍വികളോ പങ്കുവെച്ചില്ല. ചിരിക്കാന്‍ പ്രയാസപ്പെടുന്ന തന്നെയും ചിരിപ്പിച്ചുകൊണ്ടിറങ്ങിപ്പോവാന്‍ അക്ബറിന് കഴിഞ്ഞെന്ന് എം.ടി കൂട്ടിച്ചേര്‍ത്തു.
അക്ബര്‍ കക്കട്ടിലിന്റെ അവസാന കൃതിയായ ‘ഇനി വരില്ല പോസ്റ്റ്മാന്‍‘ വി.എം. ചന്ദ്രന് നല്‍കി ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശത്രുഘ്‌നന്‍ അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, ഡോ. എം.എം. ബഷീര്‍, കെ.കെ. ലതിക, പോള്‍ കല്ലാനോട്, എം.എസ്. സജി, വി.പി. റഫീഖ് എന്നിവര്‍ സംസാരിച്ചു. എ.കെ. അബ്ദുല്‍ ഹക്കീം സ്വാഗതവും എന്‍.പി. ഹാഫിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.