2016 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സമര്‍പ്പണം ഫെബ്രുവരി 22ന് വൈകിട്ട് 5 30 ന് ന്യൂഡല്‍ഹി കമനി ഓഡിറ്റോറിയത്തില്‍ നടക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മറാട്ടി എഴുത്തുകാരനും പ്രശസ്ത ഭൗതികവിജ്ഞാനിയുമായ ജയന്ത് വിഷ്ണു നര്‍ലികര്‍ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രശേഖര്‍ കമ്പാര്‍ നന്ദിയും പറയും.
എട്ട് കാവ്യസമാഹാരങ്ങളും ഏഴ് ചെറുകഥാസമാഹരങ്ങളും അഞ്ച് നോവലുകളും ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്തകങ്ങള്‍ക്കാണ് 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2010 ജനുവരി ഒന്നു മുതല്‍ 2014 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
മലയാളസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അവാര്‍ഡ് നേടിയത് കവി പ്രഭാവര്‍മ്മയാണ് അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ജ്ഞാന്‍ പൂജാരി (ആസാമീസ് ),നൃസിംഗപ്രസാദ് ഭാദുരി (ബംഗാളി), അഞ്ജു (അഞ്ജലിനാന്‍സാരി-ബോഡോ), ഛത്രപാല്‍ (ദോഗ്രി), ജെറി പിന്റോ(ഇംഗ്ലീഷ്), ഗുജറാത്തി-കമാല്‍ വോറ, ഹിന്ദി-നസീറ ശാമ, കന്നഡ-ബൊല്‍വാര്‍ മൊഹമ്മദ് കുഞ്ഞി, കാശ്മീരി – അസീസ് ഹജിനി, കൊങ്കിണി- എഡ്വിന്‍ ജെ.എഫ്. ഡിസൂസ, മൈഥിലി- ശ്യാം ദരിഹാരെ, മണിപ്പൂരി-മൊയ്‌രംഗ്‌തെം രാജെന്‍, മറാത്തി- ആസാരണ്‍ ലൊംനാതെ, നെപ്പാളി- ഗീതാ ഉപാധ്യായ്, ഒഡിയ-പരമിത സത്പതി, പഞ്ചാബി- സ്വരാലിബിര്‍, രാജസ്ഥാന്‍- ബുലാകി ശര്‍മ്മ, സംസ്‌കൃതം- ത്സിതാനാത് ആചാര്യ, സന്താളി-ഗോബിന്ദ ചന്ദ്ര മാജി, സിന്ധി-നന്ദ് ജാവേരി, തമിഴ്–വണ്ണദാസന്‍, തെലുഗു-പാപിനേനി ശിവശങ്കര്‍, ഉറുദു- നിസാം സിദ്ദിഖി എന്നിവരാണ് മറ്റ് പുരസ്‌കാരജേതാക്കള്‍.
തുടര്‍ന്ന് 7മുതല്‍ നടക്കുന്ന കലാപരിപാടിയില്‍ നൃത്തസംഗീത അവതരിപ്പിക്കും. പുരസ്‌കാരസമര്‍പ്പണവുമായി ബന്ധപ്പെട്ട് മാതൃഭാഷ ദിനമായ ഫെബ്രുവരി 21 ന് തുടങ്ങിയ പരിപാടികളില്‍ നാഷണള്‍ സെമിനാര്‍, എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.