ആധുനിക ശാസ്ത്ര വിജ്ഞാനത്തെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മലയാള ഭാഷയെ പരിപോഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പുതുക്കലിലൂടെ മാത്രമേ ഭാഷയ്ക്ക് വളരാനാവൂ. ഇതിനുവേണ്ടി സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന
‘മലയാണ്‍മ 2017’ തിരുവനന്തപുരം വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മലയാളം ഭരണഭാഷയായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലിഷിലായാലേ ഭരണത്തിന് പൂര്‍ണത ഉണ്ടാകൂ എന്ന് ധരിക്കുന്നവരുണ്ട്. ഇംഗ്ലിഷുകാര്‍ വരുന്നതിനുമുമ്പും ഇവിടെ ഭരണമുണ്ടായിരുന്നുവെന്നും ഇംഗ്ലീഷുകാര്‍ ഭരിച്ചിട്ടില്ലാത്ത നാടുകളിലും ഭരണം ഉണ്ടെന്നുംമനസിലാക്കണം. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുള്ള കുറിപ്പുകള്‍ ഇപ്പോഴും മലയാളത്തില്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഭരണഭാഷ മലയാളത്തിലാക്കാതിരിക്കാന്‍ മനപൂര്‍വം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടിവരും. കോടതി ഭാഷ മലയാളത്തിലാക്കണമെന്ന് 80 കളില്‍ത്തന്നെ ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമീഷന്‍ നിര്‍ദേശിച്ചതാണ്. ഇത് കീഴ്‌ക്കോടതികളില്‍ നടപ്പാക്കാന്‍ തുടങ്ങിയെങ്കിലും സാര്‍വത്രികമാക്കാനായിട്ടില്ല.
ചില സ്‌കൂളുകള്‍ മലയാളം സംസാരിക്കുന്ന കുട്ടികളെ ശിക്ഷിക്കുന്നത് അനുവദിക്കാനാവില്ല. കുഞ്ഞുനാളില്‍ത്തന്നെ മലയാളത്തെ ഉപേക്ഷിച്ചുകൊണ്ടാവരുത് ഇംഗ്ലിഷ് പഠിപ്പിക്കല്‍. മലയാളത്തില്‍ അടിത്തറ ഉറപ്പിച്ചുവേണം മറ്റ് ഭാഷകള്‍ പഠിക്കേണ്ടത്. നമ്മള്‍ തന്നെ നമ്മുടെ മാതൃഭാഷയെ പടിയിറക്കിവിട്ടാല്‍ പിന്നെ ശ്രേഷ്ഠ ഭാഷ പദവികൊണ്ട് എന്ത് ഗുണം. ഏത് പൗരനും മാതൃഭാഷ ഉപയോഗിക്കുന്നതിനുള്ള അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനമുണ്ട്. എന്നാല്‍ ഈ അവകാശം കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കുന്ന നാട് കേരളം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.