Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം

$
0
0

ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്‌ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം. 1962-ല്‍ ബഹിരാകാശ സഞ്ചാരിയായി നാസ തെരഞ്ഞെടുത്തു. 1966-ല്‍ യു.എസ് ബഹിരാകാശ വാഹനമായ ജെമിനി-8-ന്റെ പൈലറ്റായി നിയമിക്കപ്പട്ടു.

1969 ജൂലൈ 16-നാണ് അമേരിക്ക മൂന്ന് യാത്രികരുമായി അപ്പോളോ 2 ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ജൂലൈ 20-ന് അപ്പോളോയിലെ സഞ്ചാരിയായിരുന്ന നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരായിരുന്നു ആംസ്‌ട്രോങ്ങിന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍. ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരു വ്യക്തിക്ക് ഇതൊരു ചെറിയ കാല്‍വയ്പ്പും മനുഷ്യവര്‍ഗ്ഗത്തിന് ഒരു വലിയ കുതിച്ചു ചാട്ടവുമാണ് എന്നാണ്. 2012 ഓഗസ്റ്റ് 25-ന്  നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു.


കാലഹതനായ ബാലി

$
0
0

സുഗ്രീവന്‍ പ്രതികാരദാഹിയായിരുന്നു. ബാലിയെ വധിക്കാതെ തനിക്ക് ജീവിതമില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. സുഗ്രീവന്‍ തന്നെ നാടുകടത്തിയതിന്റേയും തന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു സ്വന്തമാക്കിയതിന്റെയും പേരില്‍ സുഗ്രീവന്റെ മനസ്സില്‍ പക എരിഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ബാലിവധം സുഗ്രീവനെ അപാരമായ ദുഃഖത്തിലേക്കും കഠിനമായ പാപബോധത്തിലേക്കും ഭയാശങ്ക ഉണര്‍ത്തുന്ന ശൂന്യതയിലേക്കും എടുത്തെറിഞ്ഞു. ബാലിയുമായി പോരടിച്ചുകൊണ്ടിരിക്കെ സുഗ്രീവനെ കൊല്ലാന്‍ അവസരമുണ്ടായപ്പോഴും ‘സുഗ്രീവ, നിന്നെ ഞാന്‍ കൊല്ലുന്നില്ല നീ പൊയ്‌ക്കോളൂ’ എന്നു പറഞ്ഞത് ബാലി ജീവന്‍ നല്കിയത് സുഗ്രീവന്‍ ഓര്‍ത്തു. രണ്ടാം യുദ്ധത്തില്‍ പൊരുതി തളര്‍ന്നപ്പോള്‍ ‘നീ തളര്‍ന്നിരിക്കുന്നു. പൊരുതാതെ പോകൂ’ എന്ന് ബാലി പറഞ്ഞതും ഓര്‍ത്തപ്പോള്‍ സുഗ്രീവ മനസ്സില്‍ ദുഃഖം കൂടുതല്‍ ഖനീഭവിച്ചു.

അതൊന്നും വേണ്ടിയിരുന്നില്ല എന്നു സുഗ്രീവന് തോന്നി. ഋശ്യമൂകാചലത്തില്‍ ഏകാകിയും ബഹിഷ്‌കൃതനുമായി കഴിയുകയായിരുന്നു ഭേദം എന്നു തോന്നാതിരുന്നില്ല. സഹോദരവധത്തിലൂടെ അക്ഷന്തവ്യമായ പാപം താന്‍ നേടി എന്ന ബോധം സുഗ്രീവനില്‍ ഉറച്ചു. താന്‍ പാപിയായി തീര്‍ന്നു; മോചനമില്ലാത്ത വിധം. സുഗ്രീവന്‍ അങ്ങനെ കരുതാനുള്ള കാരണം തന്റെ മനസ്സില്‍ ഊറിക്കൂടിയ അടങ്ങാത്ത പകയും പ്രതികാരവുമായിരുന്നു എന്നും സുഗ്രീവന് ബോദ്ധ്യമായി. പക മാരകമായ മനോരോഗമാണ്. അത് മനസ്സിനേയും ശരീരത്തേയും മാത്രമല്ല, സമൂഹത്തേയും നശിപ്പിക്കും. പക മൂടിയ മനസ്സില്‍ കാര്യകാരണ ബന്ധം മുറിഞ്ഞുപോകും. വിവേകജ്ഞാനം തീരെ ഉണ്ടാകില്ല. യുക്തിബോധം മരവിച്ചുപോകും. ചിന്താശക്തിക്ക് മങ്ങലേല്‍ക്കും. അതിന്റെ എല്ലാം ഫലമായി ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയാനാകാതെവരും. പക മൂടിയ മനസ്സുള്ളവന്‍ പ്രതികാരദാഹി മാത്രമായി മാറും. അതുകൊണ്ടാണ് ബാലിയെ വധിക്കാന്‍ സഹായിച്ചാല്‍ എന്തും ചെയ്തുതരാമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്‍കിയത്.

പ്രതികാരം ചെയ്തു കഴിയുമ്പോള്‍ അത് ചെയ്യേണ്ടിയിരുന്നില്ല എന്നു പ്രതികാരം ചെയ്ത ആര്‍ക്കും തോന്നും. ഒരുവന്‍ ജീവിതകാലം മുഴുവന്‍ സമാഹരിച്ച ശക്തികൊണ്ട് പ്രതികാരദാഹിയായി മറ്റൊരുവനെ കൊന്നൊടുക്കി കഴിയുമ്പോള്‍ അത് ചെയ്തവനില്‍ കനത്ത ശൂന്യത അവശേഷിപ്പിക്കും. അപ്പോഴാണ് ചെയ്തത് തെറ്റാണെന്നും അതു ചെയ്യേണ്ടിയിരുന്നില്ല എന്നും തോന്നുന്നത്. പകയാല്‍ പ്രേരിതമായ പ്രതികാരപ്രവര്‍ത്തി അത് ചെയ്തവനെ ഒരിക്കലും തൃപ്തനാക്കില്ല. അതുകൊണ്ട്, മഹാഭാരതത്തിലെ അശ്വത്ഥാത്മാവിനെപോലെ പ്രതികാരദാഹി അശാന്തനായി അലയേണ്ടിവരും. ഈ അലച്ചില്‍ ആദ്യം മനസ്സിലാണ് തുടങ്ങുന്നത്. അത് ക്രമേണ മനോവിഭ്രമമായി മാറും. അശാന്തമായി മനസ്സ് ശരീരത്തിന്റെ ആരോഗ്യവും നശിപ്പിക്കും. പക മനസ്സില്‍ സൂക്ഷിക്കുന്ന പ്രതികാര ദാഹിക്ക് ആരെയും ചതിക്കാന്‍ മടിയുണ്ടാകില്ല. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നുമാണ് അയാള്‍ വിശ്വസിക്കുക. ആരെ കൂട്ടുപിടിച്ചും ഏതു നീചമാര്‍ഗ്ഗത്തിലൂടെയും പ്രതികാര ദാഹി ലക്ഷ്യം നിറവേറ്റും. ലക്ഷ്യം നേടിക്കഴിയുമ്പോഴാണ് താന്‍ ഒന്നും നേടിയില്ലല്ലോ എന്ന തോന്നലുണ്ടാകുന്നത്.

വംശനാശകരമായ കൊടുംചതി താന്‍ ചെയ്തു എന്നും അതുകൊണ്ട് താന്‍ രാജാധികാരത്തിന് അനര്‍ഹനാണെന്നും സുഗ്രീവന്‍ പറയുന്നുണ്ട്. സഹോദരന്റെ മരണം കാംക്ഷിക്കുകയും സഹോദരനെ വധിക്കുകയും ചെയ്ത മഹാപാതിയായ താന്‍ ജീവിക്കുന്ന സ്ഥലം ഐശ്വര്യം കെട്ടു മുടിയുമെന്നും പറഞ്ഞ് സുഗ്രീവന്‍ വിലപിച്ചു. അഗാഥമായ ദുഃഖവും ശൂന്യമായ ബോധവും മനസ്സില്‍ ആധിപത്യം നേടുമ്പോള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതും സ്വാഭാവികം. പ്രതികാരദാഹത്തോടെ അപരനെ കൊല്ലുന്നവന്‍ ഒന്നുകില്‍ കൊല്ലപ്പെടും അല്ലെങ്കില്‍ സ്വയം മരിക്കും. ഇതുരണ്ടും സംഭവിച്ചില്ലെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുപിടിക്കും. പകമൂടിയ മനസ്സുമായി പ്രതികാരം ചെയ്യുന്നവന് ശാന്തമായ ജീവിതം വിധിച്ചിട്ടില്ല. കൊല്ലുന്നത് അപരനെ ആയാലും അവനവനെത്തന്നെയായാലും കൊലപാതകം എന്ന നിലയില്‍ അത് അഭിന്നമായ പ്രവര്‍ത്തിയാണ്. അതുകൊണ്ടാണ് ആളിക്കത്തുന്ന അഗ്നിയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു എന്ന് സുഗ്രീവന്‍ പറഞ്ഞത്. പോരില്‍ കൊല്ലാന്‍ അവസരമുണ്ടായിട്ടും സഹോദരന്‍ എന്ന നിലയില്‍ കൊല്ലാതെ വെറുതെ വിട്ടയക്കപ്പെട്ട ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ദാനം കിട്ടിയ ജീവന്‍ കൊണ്ടാണ് ജീവിക്കുന്നത്. അങ്ങനെയുള്ളവന്‍ സ്വസഹോദരനെ കൊല്ലുകകൂടി ചെയ്താല്‍ തന്റെ സ്വാസ്ഥ്യം എന്നന്നേക്കുമായി നശിപ്പിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ട് സ്വയം ഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നു പറഞ്ഞു സുഗ്രീവന്‍ വിലാപത്തില്‍ മുങ്ങി.

ബാലിപത്‌നിയും രാജ്ഞിയുമായ താരയ്ക്കും കുടുംബത്തിനും ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പത്‌നി വിരഹദുഃഖം എന്ത് എന്ന് അങ്ങയ്ക്ക് അറിയാമല്ലോ എന്നു പറഞ്ഞ താര, മരണത്തിലും തന്റെ പ്രിയതമനായ ബാലി പത്‌നീ വിരഹദുഃഖം അനുഭവിക്കുന്നുണ്ടെന്നും, താര രാമനെ ഓര്‍മ്മിപ്പിച്ചു. ധനധാന്യ സമൃദ്ധിയും പുത്രസമ്പത്തും ഉണ്ടെങ്കിലും ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിധവയായിട്ടാണ് ലോകം കാണുന്നതും ഭര്‍ത്തൃവിയോഗം സൃഷ്ടിക്കുന്ന കുറവ് പരിഹരിക്കാനാകില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളെ ജയിച്ച ലോകാഭിരാമനായ രാമന്‍ തന്നെയും കൊന്നുതരണമെന്ന് മാറത്തലച്ചുകരഞ്ഞുകൊണ്ട് താര പറഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും ദാശരഥി രാമന്‍ കണ്ണീരടക്കി ബുദ്ധിമന്ദീഭവിച്ചതുപോലെ ഒരു നിമിഷം നിന്നു എന്നാണ് വാല്മീകി എഴുതിയിരിക്കുന്നത്. അത്രയ്ക്ക് ഹൃദയഭേദകമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. രാജ്യം നേടിയ സുഗ്രീവനും രാജ്യം നഷ്ടപ്പെട്ട ബാലിയുടെ പത്‌നിയും പുത്രനും മാത്രമല്ല കിഷ്‌കിന്ധയിലെ പൗരാവലിയും ശോകത്തില്‍ അമര്‍ന്നു.

താരയേയും സുഗ്രീവനേയും ബാലിവധത്തിലുള്ള ദുഃഖം സഹിക്കാതെ കരയുന്നവരെയും ലോകാഭിരാമനായ രാമന്‍ സമാശ്വസിപ്പിച്ചു. ആദ്യം ജീവിതത്തെക്കുറിച്ചുള്ള തത്ത്വബോധം എന്ത് എന്ന് രാമന്‍ വിശദീകരിച്ചു. സുഖദുഃഖങ്ങള്‍ മുന്‍പേ നിശ്ചയിക്കപ്പെട്ടവയാണ്. സുഖദുഃഖങ്ങള്‍ക്ക് കാരണം മനുഷ്യന്‍ അനുഷ്ഠിക്കുന്ന കര്‍മ്മവുമാണ്. ഓരോ മനുഷ്യനും സ്വകര്‍മ്മ സൃഷ്ടികളാണ്. അതുകൊണ്ട് ഓരോ മനുഷ്യനും അനുഭവിക്കുന്നത് അവനവന്റെ കര്‍മ്മഫലങ്ങള്‍ തന്നെയാണ്. ഏതൊരുവന്റെയും കര്‍മ്മഗുണത്തിനും കര്‍മ്മദോഷത്തിനും അവന്‍ തന്നെയാണ് ഉത്തരവാദി. മനുഷ്യന്റെ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളുടേയും കര്‍മ്മപ്രേരക ശക്തി നിയതിയാണ്. എല്ലാ കര്‍മ്മങ്ങളുടേയും കര്‍ത്തൃഭാവവും നിയതിക്ക് തന്നെ. നിയതിയുടെ ആധാരം കാലമാണ്. കാലം നാശമില്ലാതെ നിലനില്ക്കുന്നു. എല്ലാത്തിനേയും സൃഷ്ടിച്ചുസംരക്ഷിച്ചു സംഹരിക്കുന്നതും കാലം തന്നെ.

എല്ലാ സൃഷ്ടിജാലങ്ങളും കാലത്തിന് വിധേയമാണ്. കാലത്തിന് ഒരാളോടും ബന്ധുത്വവും ഇല്ല ശത്രുത്വവും ഇല്ല. കാലം ഇഷ്ടാനിഷ്ടവിമുക്തമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. നാം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും അനുഭവിക്കേണ്ടതുമായ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെല്ലാം കാലത്തിന് അധീനമാണ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകം തന്നെ കാലമാണ്. കാലം ജഗദ് രക്ഷകനാണ്. കാലത്തെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. കാലഹിതങ്ങളായ കാര്യങ്ങള്‍ കാലാകാലങ്ങളില്‍ ചെയ്യുക എന്നല്ലാതെ മനുഷ്യന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. അതുകൊണ്ട്, കാലം നമ്മില്‍ അര്‍പ്പിക്കുന്ന കര്‍മ്മങ്ങള്‍ ഓരോന്നായി ചെയ്യുക എന്നതാണ് കരണീയം. അല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. വീരനായ ബാലിക്ക് വേണ്ട അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്നും രാമഭാഷണത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ലക്ഷ്മണന്‍ കൂട്ടിച്ചേര്‍ത്തു.

ബാലിയുടെ അന്ത്യകര്‍മ്മത്തിന് ശ്രീരാമന്‍ തന്നെ നേതൃത്വം നല്കി. മലഞ്ചരിവിലുള്ള നദീതീരത്ത് വീരനായക വാനരായ ബാലിക്ക് വാനരവൃന്ദം ചിതയൊരുക്കി. ബാലിയുടെ ശവശരീരം ചിതലിയെലുത്തുവെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനിച്ചുകൊണ്ടിരിക്കെ അന്തകന്‍ രാമന്റെ രൂപത്തില്‍ വന്ന് തന്റെ പ്രാണാഥനെ കൊണ്ടുപോകുന്നു എന്നു പറഞ്ഞു താര വീണ്ടും വിലപിച്ചു. കഠിന ദുഃഖഗ്രസിതരായ സുഗ്രീവനും അംഗഭനും കരഞ്ഞുകൊണ്ട് ജഡത്തെ ചിതയില്‍ വെച്ചു. ബാലിയെ അഗ്നിവിഴുങ്ങി. സുഗ്രീവനെപ്പോലെ രാമനും താപാര്‍ത്തനായിരുന്നു.

സുഗ്രീവനെ രാജാവും അംഗഭനെ യുവരാജാവുമാക്കി. സ്ഥാനാരോഹണ ചടങ്ങുകള്‍ ഹനുമാന്‍ നേതൃത്വം നല്‍കി. രാമന്‍ കൊട്ടാരത്തില്‍ താമസിക്കണമെന്ന് മാരുതിയും സുഗ്രീവനും ആവശ്യപ്പെട്ടെങ്കിലും സ്വയം കാടുവാഴാന്‍ തീരുമാനിച്ച രഘുപതി പ്രസ്രവണം എന്ന പര്‍വ്വതത്തിലേക്ക് പോയി. അപ്പോഴേക്കും വര്‍ഷകാലമെത്തി. മഴകഴിയുന്നതുവരെ രാമലക്ഷ്മണന്മാര്‍ ഗുഹയില്‍ പാര്‍ത്തു. മഴക്കാലം കഴിഞ്ഞാല്‍ സീതാന്വേഷണം. രാജാവായ സുഗ്രീവനും യുവരാജാവായ അംഗദനും രാജ്യഭാരത്തില്‍ മുഴുകി. അങ്ങനെയാണ് കാലം മാറുന്നത്. കാലമാറ്റത്തിനൊത്ത് അടുത്ത ഘട്ടമെത്തുന്നതുവരെ എല്ലാവരും സന്തുഷ്ടരായി ജീവിച്ചു. കാലത്തിനാകട്ടെ സന്തുഷ്ടിയും അസന്തുഷ്ടിയും ഇല്ലല്ലോ.

അദ്ധ്യാത്മരാമായണം പാരായണം ഇരുപതാം ദിവസം

$
0
0

ശ്രീമദ് അദ്ധ്യാത്മരാമായണം കിഷ്‌കിന്ധാകാണ്ഡം

ലക്ഷ്മണന്റെ പുറപ്പാട്, സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍, സീതാന്വേഷണോദ്യോഗം, സ്വയംപ്രഭാഗതി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി

$
0
0

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതാവും. ഇതോടെ, ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാവും.

ഇന്നു രാവിലെയാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനതീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. അധികം വൈകാതെ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായകതീരുമാനം.

ജമ്മു-കശ്മീരിനെ വിഭജിക്കുമെന്നും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജമ്മു-കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭയുണ്ടാവില്ല, പകരം കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരിക്കും പ്രദേശം. ഇതിന് അംഗീകാരം തേടി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയം വലിയ ബഹളത്തിലാണ് കലാശിച്ചത്.

മലയാള പാഠപുസ്തകങ്ങള്‍ സാഹിത്യത്തോടു ചെയ്തത്…

$
0
0

എന്റെ ഒരു രചന കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കാര്യംതന്നെയാണ്. അതിനുവേണ്ടി എനിക്കു പരിചയമുള്ള പാഠപുസ്തകകമ്മറ്റിയംഗത്തെയോ കരിക്കുലംകാരനെയോ ആവുംവിധം സ്വാധീനിക്കുന്നതിനെ വലിയ തെറ്റായി ഞാന്‍ കാണുന്നുമില്ല. നൂറില്‍ തൊണ്ണൂറു മലയാളികളും ഒരാളെ സാഹിത്യകാരനായി അംഗീകരിക്കുന്നത് അയാളുടെ പേര് പാഠപുസ്തകത്തില്‍ കാണുന്നതോടെയാണല്ലോ. അങ്ങനെ വരാന്‍ കാരണം നമ്മുടെ പള്ളിക്കൂടങ്ങളിലെ ഭയങ്കര അധ്യാപകവര്‍ഗ്ഗം കണ്ണുരുട്ടിയും വടിയെടുത്തും പഠിപ്പിച്ച സാഹിത്യമല്ലാതെ മറ്റൊന്നും ഈ നൂറില്‍ തൊണ്ണൂറുകാര്‍ വായിച്ചിട്ടില്ല എന്നതുകൊണ്ടാണ്.

ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഈ തൊണ്ണൂറുശതമാനക്കാരെ ഞാന്‍ വായനയില്ലാത്ത മണ്ടന്‍മാര്‍ എന്നു കുറ്റപ്പെടുത്തുകയാണെന്ന് ആരും കരുതരുതേ. നാടിന്റെ മുന്നോട്ടുള്ള പോക്കിന് ഏറ്റവുമധികം അദ്ധ്വാനിക്കുന്നത് ബുദ്ധിയുള്ള സ്വതന്ത്രചിന്താഗതിക്കാരായ ഈ തൊണ്ണൂറു ശതമാനക്കാരാണെന്ന് എനിക്കുറപ്പുണ്ട്. ഭാഷ പഠിപ്പിക്കാന്‍ പുസ്തകമായി എന്തെങ്കിലും വേണം എന്ന് ആര്‍ക്കോ തോന്നിയ കാലംതൊട്ട് ആരൊക്കെയോ ഉണ്ടാക്കിവെച്ച പാഠപുസ്തകങ്ങള്‍ പഠിച്ചുപഠിച്ച് അത്രമേല്‍ ഉപദ്രവകാരിയാണ് സാഹിത്യം എന്ന ഉറച്ച ബോധ്യത്തോടെ അതിനെ കണ്ടംവഴിയോടിച്ച് സ്വസ്ഥമായി ജീവിക്കുന്നവരാണവര്‍. അവരെ മൈദത്തരിയോളം പോലും കുറ്റപ്പെടുത്താന്‍ ഞാന്‍ ആളല്ല.

ഇങ്ങനെ സാധാരണക്കാരായ ആളുകളുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ നല്ലതേ ചെയ്തിട്ടുള്ളൂ. വെറുതെ മെനക്കെടുത്തുക മാത്രം ചെയ്യുന്ന സാഹിത്യത്തെ ഉപേക്ഷിച്ച് അവനവന്റെ പാടേദുരിതേ നോക്കി ജീവിക്കാന്‍ പാഠപുസ്തകങ്ങള്‍ അവര്‍ക്ക് നിമിത്തമായല്ലോ. എന്നാല്‍ സകലലോകകലര്‍പ്പുമുണ്ടെങ്കിലും കേരളം എന്ന ഈ നാട്ടിലെ ജീവിതത്തിന് ചില പ്രത്യേകതകളൊക്കെയുണ്ടെന്നും ഇവിടെ സംസാരിക്കുന്ന മലയാളം തരക്കേടില്ലാത്ത വിധം കരുത്തോടെ ജീവിക്കുന്ന ഒരു ഭാഷയാണെന്നും ആ ഭാഷയില്‍ എഴുത്തും വായനയുമൊക്കെ നടക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ. നമ്മുടെ മലയാളം പാഠപുസ്തകങ്ങളേപ്പറ്റി അവരെന്തു പറയുന്നു എന്നറിയാനാണ് എനിക്ക് ആഗ്രഹം. എന്തായാലും മലയാളഭാഷയോടും സാഹിത്യത്തോടും പാഠപുസ്തകങ്ങള്‍ ചെയ്തതെന്ത് എന്ന് എന്റെ പൊട്ടബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ ചുമ്മാ പറഞ്ഞു പോവുകയാണ്.

പറച്ചിലായിട്ടും എഴുത്തായിട്ടും സാഹിത്യം നമുക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഭൂമിമലയാളത്തില്‍ ജീവിച്ചിരുന്ന ജനങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും എഴുത്തും വായനയും അറിവില്ലാത്തവരായിരുന്നല്ലോ. എന്നോര്‍ത്ത് അവര്‍ക്ക് സാഹിത്യമില്ലായിരുന്നു എന്ന് കരുതണ്ട. അന്നത്തെ മലയാളസാഹിത്യം അവരുടെ വായില്‍നിന്നും പുറത്തുചാടി ചെവികളിലൂടെ തലച്ചോറിലേക്ക് കയറിയ കഥകളും പാട്ടുകളും ചൊല്ലുകളും ശൈലികളുമൊക്കെയായിരുന്നു.

ആ നാടന്‍സാഹിത്യത്തിനകത്ത് അന്നു ജീവിച്ചിരുന്ന ആട്ടുന്നവരും നെയ്യുന്നവരും കാച്ചുന്നവരും കെളയ്ക്കുന്നവരും കൊയ്യുന്നവരും പിടിക്കുന്നവരും തെളിക്കുന്നവരും കഴുകുന്നവരും കേറുന്നവരും കുഴിക്കുന്നവരും ചെത്തുന്നവരും പൊട്ടിക്കുന്നവരും മുറിക്കുന്നവരും കീറുന്നവരും ഊന്നുന്നവരും കിടന്നുകൊടുക്കുന്നവരും കുനിഞ്ഞുകൊടുക്കുന്നവരുമൊക്കെ ഉണ്ടായിരുന്നിരിക്കാം. അതൊന്നും ആരും എഴുതിവെച്ചിട്ടില്ല. വളരെ കുറച്ചു വമ്പന്‍മാര്‍ക്കല്ലേ അന്ന് എഴുതാന്‍ അറിയുമായിരുന്നുള്ളൂ. അവര്‍ എഴുതിയതിനകത്ത് നമ്മള്‍ മുകളില്‍ പറഞ്ഞ ഈറ്റങ്ങളൊന്നും വന്നിട്ടില്ല.

എഴുതാനറിയുന്നവരുടെ സാഹിത്യത്തില്‍ വന്‍ സെറ്റപ്പുള്ള ദൈവങ്ങളും ആ ദൈവങ്ങളുടെ അടുത്തയാളുകളും രാജാക്കന്‍മാരും ഈ രാജാക്കന്‍മാരുടെ വേണ്ടപ്പെട്ടവരും വലിയ പത്രാസുള്ള വേശ്യകളും ഒക്കെയാണല്ലോ ഉണ്ടായിരുന്നത്. അതെല്ലാം ഇറക്കുമതി ചെയ്ത സംസ്‌കാരത്തില്‍പെട്ടതായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ശരിക്കും കേരളീയമെന്നും മലയാളമെന്നും നമുക്ക് പറയാവുന്ന ജീവിതവും ഭാഷയും റെക്കോഡു ചെയ്യപ്പെടാത്ത വായവര്‍ത്താനത്തില്‍ തീര്‍ന്നു പോവുകയാണ് ഉണ്ടായത്. പള്ളിക്കൂടവും പാഠപുസ്തകങ്ങളുമൊക്കെയുണ്ടായ കാലത്ത് ശരിക്കും മലയാളഭാഷാ പഠനമാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ആ വായവര്‍ത്താനങ്ങളെ തിരിച്ചു പിടിച്ചു പഠിക്കുയല്ലായിരുന്നോ ചെയ്യേണ്ടിയിരുന്നത്? അല്ല, സംസ്‌കൃതത്തില്‍ നിന്നാണ് മലയാളം ഉണ്ടായതെന്നും ഈ ശ്രേഷ്ഠഭാഷ ഇന്‍ഡോ ആര്യന്‍ ഗോത്രത്തില്‍ പെടുന്നതാണെന്നും വിശ്വസിച്ചിരുന്ന അന്നത്തെ യമണ്ടന്‍ ഭാഷാപണ്ഠിതന്‍മാര്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്നോരുടെ ഭാഷ കേട്ട് അതിനെ പഠിക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ നടക്കും.

ആദ്യകാല പാഠപുസ്തകക്കാരെ കുറ്റം പറയാന്‍ പറ്റില്ല. അവരെ നേരിട്ട് ഭരിക്കുന്നത് രാജാവ്. രാജാവിന്റെ മുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തം. പിന്നെ വന്‍ ആസ്തിയുള്ള അമ്പലങ്ങളും പള്ളികളും അതിന്റെ കൈകാര്യക്കാരും. പള്ളിക്കൂടങ്ങളില്‍ വരുന്ന വല്ല്യവീട്ടിലെ പിള്ളേര്‍ക്ക് പഠിക്കാന്‍വേണ്ടി നമ്മടെ രാജാവിനും ബ്രിട്ടനിലുള്ള രാജാവിനും ദൈവത്തിന്റെ ആളുകള്‍ക്കും വിരോധമുണ്ടാക്കാത്ത രീതിയില്‍ എഴുത്തച്ഛനെ ഭാഷാപിതാവാക്കിപ്പിടിച്ച് കുറച്ചു പാഠപുസ്തകങ്ങളുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ചെയ്‌തോട്ടെ, ആരാ തെറ്റു പറഞ്ഞത്. പക്ഷെ സ്വതന്ത്രകേരളവും ആദ്യ ജനകീയ സര്‍ക്കാരും തൊട്ട് ഇന്നുവരെ ഉണ്ടാക്കിയ മലയാളപാഠപുസ്തകങ്ങളുടെ അവസ്ഥയെന്താണ്?

ഇതിനിടയ്ക്ക് ഡിസി ബുക്‌സ് ഇറക്കിയ കേരളപാഠാവലി സമാഹാരത്തില്‍ ഒരുമാതിരി കിട്ടാവുന്ന പാഠങ്ങളൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അത് വെച്ചിട്ടാണ് എന്റെ ഈ കളി. അതില്‍ കണ്ട പാഠങ്ങളൊക്കെ നോക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് രണ്ടാംപത്തുകളിലെ കേരളീയ സമൂഹം ഇത്രയെങ്കിലും പുരോഗമന സ്വഭാവം കാണിക്കുന്നത് തീര്‍ച്ചയായും വലിയവലിയ അത്ഭുതമാണെന്നു പറയാം.

എന്താണെന്നറിയുമോ സാമ്രാജ്യത്വത്തില്‍ നിന്നും സ്വതന്ത്രരായ കേരളീയര്‍ പഠിച്ച മലയാളപാഠങ്ങളിലെ കേരളം പരശുരാമന്‍ മഴു എറിഞ്ഞുണ്ടാക്കിയതാണ്. ആ കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷം മഹാവിഷ്ണുവിന്റെ പാദസ്പര്‍ശമേറ്റ് മഹാബലി എന്ന അസുരചക്രവര്‍ത്തിക്ക് പാതാളത്തിലേക്ക് താഴ്ന്നുപോകാനുള്ള ഭാഗ്യം ലഭിച്ചതിന്റെ ഓര്‍മ്മയില്‍ കൊണ്ടാടുന്ന ഓണമാണ്. കേരളത്തിന്റെ കലാരൂപങ്ങള്‍ ദൈവങ്ങളുടെയും രാജാക്കന്‍മാരുടെയും കഥപറയുന്ന കഥകളിയും ചാക്യാര്‍കൂത്തും കൂടിയാട്ടവും തുള്ളലും തിരുവാതിരക്കളിയുമാണ്. മലയാളസാഹിത്യമെഴുതാന്‍ കഴിവുള്ളത് കുറുപ്പനും മേനോനും നമ്പൂതിരിയ്ക്കും പിഷാരടിയ്ക്കും പിള്ളയ്ക്കും നായര്‍ക്കും വര്‍മ്മയ്ക്കും പേരിനൊരു സിസ്റ്റര്‍ മേരീ ബനീഞ്ജയ്ക്കും ആശാനുമാണ്.

പേരുകേട്ട ഈ സാഹിത്യകാരന്‍മാരുടെ രചനകളില്‍ കേരളത്തിലെ മുക്കാലേ അരയ്ക്കാലും വരുന്ന ആശാരിയുടെയോ കൊല്ലന്റെയോ തട്ടാന്റെയോ മൂശാരിയുടെയോ ചെത്തുകാരുടെയോ കൂലിപ്പണിക്കാരുടെയോ നെയ്ത്തുകാരുടെയോ മീന്‍പിടുത്തക്കാരുടെയോ കൃഷിക്കാരുടെയോ കുടിയേറ്റക്കാരുടെയോ ഗള്‍ഫ് പ്രവാസിയുടെയോ കച്ചവടക്കാരുടെയോ തുന്നല്‍ക്കാരുടെയോ െ്രെഡവേഴ്‌സിന്റെയോ മെക്കാനിക്കുകളുടെയോ അടുക്കളക്കാരികളുടെയോ പെറുക്കിത്തീനികളുടെയോ അലച്ചിലുകാരുടെയോ യഥാര്‍ത്ഥ ജീവിതവും ഭാഷയും എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊന്നുമില്ലാത്ത പാഠപുസ്തകങ്ങളിലെ എന്തു കുന്തമാണ് മലയാളമാണെന്നും പറഞ്ഞ് നാം പഠിച്ചുകൊണ്ടിരുന്നത്?

ഇതിന്റെയൊക്കെ കാരണമായിട്ട് എനിക്കു തോന്നിയിട്ടുള്ളതെന്താണെന്നു പറയാം. രാജാക്കന്‍മാരുടെ കാലത്ത് പാഠപുസ്തകമുണ്ടാക്കിയത് തമ്പുരാക്കന്മാരായിരുന്നല്ലോ. അവരുടെ കടുംകൂട്ട് ഭക്തന്‍മാരായിരുന്ന ശിഷ്യന്‍മാരാണ് പിന്നീട് പാഠപുസ്തകമുണ്ടാക്കിയത്. ആ ഇനത്തിന്റെ ശിഷ്യന്‍മാര്‍ പിന്നീട് പുസ്തകമുണ്ടാക്കി. അങ്ങനെ ഒണ്ടാക്കിയുണ്ടാക്കി പ്രണയം നല്ല ഫുള്‍ജാര്‍ തേപ്പായി നില്‍ക്കുന്ന ഈ കാലത്തെ അധ്യാപകര്‍ക്കു പോലും ഋതുയോഗം എന്ന പേരില്‍ ശാകുന്തളം പ്രണയവും തനിതന്തയല്ലാത്തവന്‍ തൊട്ടാല്‍ രക്ഷ പാമ്പായ് കടിക്കുമെന്ന പുരോഹിതയുക്തിയും ജാതികൊണ്ടാണ് മനുഷ്യന്റെ സ്വഭാവമുണ്ടാകുന്നതെന്നുള്ള ചാതുര്‍വര്‍ണ്ണ്യചിന്തയുമെല്ലാം അന്തവും കുന്തവും തിരിയാതെ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നു. അതു പഠിക്കുന്ന കുട്ടികള്‍ പേടിച്ച് പതിവുപോലെ സാഹിത്യത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.

കുട്ടികള്‍ രക്ഷപ്പെട്ട് വല്ല പണിയുമെടുത്ത് ജീവിച്ചോളും. അതുകൊഴപ്പമില്ല. പിന്നെ നമ്മളങ്ങോട്ടു ചെന്ന് പ്രബുദ്ധ നവോത്ഥാന പരിഷ്‌കൃത സംസ്‌കാരസമ്പന്ന സമൂഹമാകാത്തതെന്തേ എന്നുമാത്രം ചോദിക്കരുത്. കാരണം നമ്മളീ പറയുന്ന വാക്കിന്റെ അര്‍ത്ഥം നമ്മക്കറിയത്തില്ല. അത് സംസ്‌കൃതമാണ്. പിന്നെയല്ലേ പിള്ളേര് മനസ്സിലാക്കുന്നത്. എല്ലാ കാര്യവും നമ്മള്‍ ഇങ്ങനെതന്നെയാണ് ചെയ്തിട്ടുള്ളത്. മിക്ക കാര്യങ്ങളും നമ്മള്‍ കുട്ടികളോട് പറഞ്ഞത് അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു. മലയാളഭാഷാ പഠനത്തിനെന്നു പറഞ്ഞ് നമ്മള്‍ ചെലവാക്കിയ സമയം മുഴുവന്‍ നമ്മുടെ സാഹിത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്ന സംസ്‌കൃതത്തിന്റെ ശവമെടുത്ത് കീറിമുറിക്കാനായിരുന്നു. ഓരോ കാലത്തും ജീവിക്കുന്ന മലയാളം പാഠപുസ്തകത്തിന്റ പരിസരത്തു വരാതിരിക്കാന്‍വേണ്ടി അതുണ്ടാക്കിയവര്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

മലയാളം ബി.എയും എം.എയും പഠിച്ച എനിക്ക് ഇപ്പോള്‍ ചോദിക്കാനുള്ളത് എന്തിനായിരുന്നു കുരുപ്പുകളേ രാമാ, രാമാ, രാമാഹ എന്നും പറഞ്ഞ് എന്നെക്കൊണ്ട് സംസ്‌കൃതം പഠിപ്പിച്ചത്? മലയാളഭാഷ പഠിക്കാമെന്ന് തെറ്റിദ്ധരിച്ച് ഇപ്പഴും മലയാളം കോഴ്‌സുകള്‍ക്കൊക്കെ ചേരുന്ന പാവം പിള്ളേരെ എന്തിനാണ് സംസ്‌കൃതത്തിന്റെ ശവം തീറ്റിക്കുന്നത്? ഉത്തരം എനിക്കറിയാം. നമ്മുടെ തമ്പുരാക്കന്‍മാരൊക്കെ സാഹിത്യത്തില്‍ കുത്തിച്ചെലുത്തിയ സംസ്‌കൃതപദങ്ങളുടെ അര്‍ത്ഥവും വ്യാകരണവും പഠിച്ചും പഠിപ്പിച്ചും ഭാഷാപരമായ ജന്മിത്തം ഒരിക്കലും നശിക്കാതെ നമ്മളെല്ലാം കെട്ടിപ്പേറി കൊണ്ടുനടക്കണം. എന്നതായാലും പാഠപുസ്തകങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം നടന്നു. തമ്പുരാക്കന്‍മാര്‍ ഉദ്ദേശിച്ചതിനേക്കാളൊക്കെ വിധേയന്‍മാരായി നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മള്‍ അക്കാര്യം ചെയ്തുകൊണ്ടേയിരിക്കുന്നു.

സാധാരണജീവിതത്തില്‍ മനുഷ്യന് മനസ്സിലാകുന്നതുപോലെ സംസാരിച്ചു നടക്കുന്ന നമ്മള്‍ ഒരു സ്ഥലത്ത് പ്രസംഗിക്കാന്‍ എഴുന്നേറ്റാല്‍ ‘വേദിയിലിരിക്കുന്ന അഭിവന്ദ്യരേ…’ എന്നൊക്കെ പറഞ്ഞ് മഹാസംസ്‌കൃതന്‍മാരായി മാറും. എഴുതാനിരിക്കുമ്പോഴും സംഭവിക്കുന്നത് അതുതന്നെയാണ്. തമ്പുരാന്‍ഭാഷയല്ല മലയാളം എന്നു പറയാന്‍വേണ്ടി ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ പോലും പലയിടത്തും ആഢ്യത്തം കയറിവരുന്നതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാധാരണ ജീവിതത്തിലെ ഭാഷ എഴുത്തിലും പ്രസംഗത്തിലും പരമാവധി ഉപയോഗിക്കാതിരുന്നെങ്കിലേ നമുക്ക് ഒരു വിലയുണ്ടാകുകയുള്ളൂ എന്നാണ് ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും. അങ്ങനെ നമ്മുടെ നാട്ടിലെ മിക്കവരും പഠിച്ചുവെച്ചതുകൊണ്ടാണ് കേരളീയജീവിതം ആഴത്തില്‍ പറയുന്ന കൃതികള്‍ ഉണ്ടായപ്പോഴൊക്കെ ഓ വൃത്തികേട്…വൃത്തികേട്… എന്ന് നമ്മള്‍ വിളിച്ചു പറഞ്ഞത്.

തനിമലയാളം പറയുന്നവരെ പോക്കണംകെട്ടവരായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. ‘അവള്‍ വന്നതെന്തിനാണെന്ന് പറഞ്ഞു’ എന്നകാര്യം ‘അവളുടെ ആഗമനോദ്ദേശം വെളിവാക്കി’ എന്നേ പറയാന്‍ പാടുള്ളൂ. അങ്ങനെ പറയണമെന്ന് നമ്മളെ പഠിപ്പിച്ചത് പാഠപുസ്തകങ്ങളാണ്. ജീവിതത്തിന്റെ വിയര്‍പ്പുമണം സാഹിത്യമാളികളില്‍ അടിച്ചുകയറാനുള്ളതല്ല എന്നാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ നമ്മളോട് പറഞ്ഞു തന്നിട്ടുള്ളത്. അല്ല എന്നു പറയുന്നവരോട് ഒറ്റ കാര്യംകൂടി. മലയാളത്തിലെ ആദ്യചെറുകഥ കള്ളനേക്കുറിച്ചാണ്. ലക്ഷണമൊത്തില്ല എന്നുപറഞ്ഞ് നമ്മള്‍ മാറ്റിനിര്‍ത്തിയ ആദ്യകാല നോവലുകള്‍ പറയുന്നത് ദളിത് ജീവിതമാണ്. തുടക്കം അതൊക്കെയായിട്ടും നമ്മുടെ പാഠപുസ്തകങ്ങളിലെ കഥകളിലും നോവലുകളിലും എന്താണുണ്ടായിരുന്നത്? ഇപ്പോഴെന്താണുള്ളത്? വിരലിലെണ്ണാവുന്ന സംവരണകൃതികളൊഴികെ കേരളത്തിലെ എണ്‍പതുശതമാനം വരുന്ന അദ്ധ്വാനിക്കുന്നവന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ എവിടെയാണുള്ളത്.

എന്നിട്ടും പറയുന്നു മലയാളമാണ് പഠിപ്പിക്കുന്നതെന്ന്. മാതൃഭോഗി എന്നെനിക്കിവിടെ എഴുതാം. അതിന്റെ മലയാളം ഞാനിവിടെ എഴുതിയാല്‍ തെറിയായി. പിന്നെയെന്തിനാണ് നമ്മള്‍ മലയാളത്തെ ശ്രേഷ്ഠഭാഷയെന്ന് വിളിക്കുന്നത്? തള്ളയെന്ന മലയാളപദം മോശവും അംബയെന്ന സംസ്കൃത പദം ശ്രേഷ്ഠവുമാകുപ്പോള്‍ ഏത് ഭാഷയെയാണ് നമ്മള്‍ കളിയാക്കുന്നത് എന്ന് തിരിച്ചറിയാന്‍പോലും പറ്റാത്ത അവസ്ഥയുള്ള നാട്ടില്‍ എന്തു ഭാഷാപഠനം നടന്നു എന്നാണ് പറയുന്നത്?

ഹിരോഷിമ ദിനം

$
0
0

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6. ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.

അച്ചുതണ്ട് ശക്തികളില്‍ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാന്‍ സഖ്യകക്ഷികളില്‍ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാര്‍ഗ്ഗമായിരുന്ന അണുവായുധ പ്രയോഗം. ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഏകദേശം 2,80,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതല്‍ 5,140,000 വരെ ആളുകള്‍ ആണവവികിരണം മൂലം പില്‍ക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

ഈ സംഭവത്തോടെ ആണവായുധങ്ങളുടെ പ്രഹരശേഷി മനസ്സിലാക്കിയ മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന പാതയിലാണ്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ ഒരുപക്ഷേ ഇത്തരം കൊടുംപ്രഹരശേഷിയുള്ള ആയുധങ്ങളാല്‍ ലോകം മുഴുവനും ചുട്ടുചാമ്പലായി ഒരു പുല്‍ക്കൊടി പോലും അവശേഷിക്കാത്ത സ്ഥിതിവിശേഷമാകും ഉണ്ടാവുക. ഓരോ വര്‍ഷവും ഈ ദിനം ഓര്‍മ്മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ല, പകരം നാളെയുടെ ലോകത്ത് സമാധാനത്തിന്റെ ചിറകു വിരിക്കുന്ന ശുഭസൂചകങ്ങളായിട്ടായിരിക്കണം.

മാരുതിയുടെ സമുദ്രലംഘനം

$
0
0

അധികാരലഹരി സുഗ്രീവനെ മത്തനാക്കി. മന്ത്രിമാരെ ഭരണമേല്പിച്ചുകൊണ്ട് അന്തപ്പുരത്തില്‍ നാരീസക്തനായി സുഗ്രീവന്‍ കാലം കഴിച്ചു. മദ്യവും മദിരാക്ഷിയും സുഗ്രീവനെ സ്ഥലകാലബോധത്തില്‍ നിന്ന് അകറ്റി. രാമന് നല്കിയിരുന്ന വാഗ്ദാനം രാജാവായ സുഗ്രീവന്‍ മറന്നു. ക്രുദ്ധനായി ലക്ഷ്മണന്‍ കൊട്ടാരവാതില്‍ക്കല്‍ എത്തിയപ്പോഴാണ് സുഗ്രീവന്‍ രതിലഹരിയില്‍ നിന്ന് ഉണര്‍ന്നത്. സുസ്ഥിരത, ആത്മശുദ്ധി, ജീവകാരുണ്യം, ആര്‍ജ്ജവം, പരാക്രമം ഇവയൊന്നുമില്ലാത്ത നിഷ്ഠൂരനായ രാജാവാണ് സുഗ്രീവന്‍ എന്ന് യുവരാജാവായ അംഗദന്റെ വിലയിരുത്തല്‍ തെറ്റാണെന്ന് പറയാനും കഴിയില്ല. ബാലിപത്‌നി താരയ്ക്ക് അമ്മയുടെ സ്ഥാനമാണുള്ളത്. എന്നാല്‍ മാതൃസ്ഥാനമുള്ള താരയെ ഭാര്യയാക്കുക എന്ന ഹീനകൃത്യമാണ് രാജാവായ സുഗ്രീവന്‍ ചെയ്തത്. ബാലി തന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു ഭാര്യയാക്കി എന്നായിരുന്നു സുഗ്രീവന്റെ ആക്ഷേപം. ബാലിയുടെ ഭാര്യ താരയെ ഭാര്യയാക്കിക്കൊണ്ട് സുഗ്രീവന്‍ അതിനും പ്രതികാരം ചെയ്തു.

ധര്‍മ്മഭയം സുഗ്രീവന് ഉണ്ടായിരുന്നില്ല. എങ്കിലും ജീവഭയം ഉണ്ടായിരുന്നു. ക്രുദ്ധനായ ലക്ഷ്മണനെ സമാശ്വസിപ്പിക്കുന്നതിനായി സീതാന്വേഷണം നടത്താന്‍ സുഗ്രീവന്‍ തീരുമാനിച്ചു. കോടിക്കണക്കിന് വരുന്ന വാനര സൈന്യത്തെ നാടിന്റെ നാനാദിക്കിലേക്കും സുഗ്രീവന്‍ നിയോഗിച്ചു. വിനിതന്റെ നേതൃത്വത്തിലുള്ള വാനരസേന കിഴക്ക് ദിക്കിലേക്ക് നീങ്ങി. പടിഞ്ഞാറന്‍ മേഖലയുടെ അന്വേഷണമേധാവി സുഷേണനായിരുന്നു. ഉത്തരഭാഗത്തേക്കുള്ള അന്വേഷണസംഘത്തലവന്‍ ശതബലിയും. ദക്ഷിണദിക്കിലെ അന്വേഷണത്തിന്റെ നേതാവ് ഹനുമാനായിരുന്നു. ബലശാലികളും യുദ്ധവിദഗ്ധരും ബുദ്ധിശാലികളുമായ വാനരസേനക്ക് രണ്ട് കാര്യങ്ങളന്വേഷിച്ച് നിജസ്ഥിതി അറിയണമെന്നു നിര്‍ദ്ദേശമുണ്ടായിരുന്നു. ഒന്ന്, സീത ജീവിച്ചിരിപ്പുണ്ടോ? രണ്ട്, രാവണന്‍ എവിടെയാണ് വസിക്കുന്നത്. ഈ രണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു നിജസ്ഥിതി ഉറപ്പുവരുത്താന്‍ ഒരു മാസത്തെ സമയവും രാജാവായ സുഗ്രീവന്‍ നല്‍കിയിരുന്നു. ഈ രണ്ട്, കാര്യങ്ങളും കണ്ടെത്തിയില്ലെങ്കില്‍ അന്വേഷണത്തെ ഏകോപിക്കുന്ന ചുമതലയുണ്ടായിരുന്ന അംഗദന്‍ അടക്കം എല്ലാവരും വധശിക്ഷക്ക് വിധിക്കപ്പെടുമെന്നും രാജാവ് പറഞ്ഞിരുന്നു.

സുഗ്രീവന്‍ ധര്‍മ്മബോധമില്ലാത്തവനും നിഷ്ഠുരനുമായതുകൊണ്ട് അന്വേഷണം വിജയിച്ചില്ലെങ്കില്‍ മരണം ഉറപ്പാണെന്ന് അംഗദനറിയാമായിരുന്നു. സുഗ്രീവന്‍ സ്വന്തം തീരുമാനപ്രകാരമല്ല രാമന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ യുവരാജാവാക്കിയതെന്നും അതുകൊണ്ട് ഒരു അവസരം ലഭിച്ചാല്‍ തന്നെ വധിക്കാന്‍ സുഗ്രീവന്‍ മടിക്കില്ലെന്നും അംഗദന്‍ കരുതി. സുഗ്രീവഭയം മൂലം പകല്‍ മുഴുവന്‍ അന്വേഷിക്കുകയും രാത്രിയില്‍ വിശ്രമിക്കുകയും ചെയ്തുകൊണ്ട് വാനരസേന കഠിനമായി പരിശ്രമിച്ചു. മുപ്പതാംദിവസം സേനാനായകര്‍ നിരാശരായി ഒത്തുകൂടി. സീതയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, അന്വേഷണത്തില്‍ സീത എവിടെയാണെന്നു കരുതാവുന്ന ഒരു തുമ്പും ലഭിക്കുകയും ചെയ്തില്ല. എല്ലാവരും കൂടി ആത്മഹത്യ ചെയ്താലോ എന്നായി ആലോചന. അതില്‍ നിന്നും ഹനുമാന്‍ വാനരരെ പിന്‍തിരിപ്പിച്ചു. പ്രത്യാശ കൈവിടരുതെന്നും ഓര്‍മ്മിപ്പിച്ചു.

അങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോഴാണ് പ്രസ്രവണഗിരിയിലെ ഋഷിബിലം എന്ന ഗുഹയില്‍ വാനരനായകരായ അംഗദന്‍, താരന്‍, ഹനുമാന്‍, ജാംബവാന്‍, ഗജന്‍, ഗവയന്‍, ഗവാക്ഷന്‍ എന്നിവര്‍ എല്ലാം എത്തപ്പെട്ടത്. എല്ലാവരും പരിക്ഷീണിതരായിരുന്നു. കുടിക്കാന്‍ വെള്ളമില്ലാതെ ദാഹിച്ചുവലഞ്ഞ് അവര്‍ നില്ക്കുമ്പോഴാണ് വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ചിറകുമായി ചില പക്ഷികള്‍ ഗുഹയില്‍ നിന്നു പറന്നുവരുന്നത് കണ്ടത്. രണ്ടും കല്പിച്ച് ഗുഹയില്‍ ഇറങ്ങാമെന്ന് ഹനുമാന്‍ തീരുമാനിച്ചു. ഗുഹയില്‍ കൂരിരുട്ട്. എല്ലാവരും കൈകോര്‍ത്തു പിടിച്ച് ഒന്നിച്ചു നീങ്ങി. വളരെ പെട്ടെന്നാണ് വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്നതും സമ്പല്‍ സമൃദ്ധവുമായ വീടുകള്‍ നിറഞ്ഞതുമായ ഒരു പ്രദേശം കണ്ടത്. ഉജ്ജ്വലകാന്തി നിറഞ്ഞ സ്വയംപ്രഭ എന്ന താപസിയുടെ ആസ്ഥാനമാണത്. മയന്‍ എന്ന അസുരശില്പി മായാവിദ്യ കൊണ്ട് നിര്‍മ്മിച്ചവയാണ് ഗുഹയും വന്‍കാടും മണിമന്ദിരങ്ങളുമെല്ലാം. അപ്‌സര സ്ത്രീകളില്‍ അതിസുന്ദരിയായ ഹേമയില്‍ മയന്‍ അനുരക്തനായി. ആ മനോഹരാംഗിക്ക് വേണ്ടിയാണ് മയന്‍ ഇവ നിര്‍മ്മിച്ചത്. ദേവസുന്ദരി ഹേമയില്‍ അസുരശില്പി മയന്‍ അനുരക്തനായതില്‍ ക്ഷുഭിതനായ ദേവേന്ദ്രന്‍ മയനെ കൊന്നു. ഹേമയ്ക്ക് ലഭിച്ച ഈ ഗുഹയുടെ സൂക്ഷിപ്പുകാരിയാണ് ഹേമയുടെ സഖിയായ സ്വയംപ്രഭ.

ഗുഹയില്‍ കടന്നവരാരും ജീവനോടെ പുറത്ത് പോയിട്ടില്ല. സ്വയംപ്രഭയുടെ തപഃശ്ശക്തി കൊണ്ട് വാനരവൃന്ദത്തെ ഗുഹയ്ക്ക് പുറത്ത് എത്തിച്ചു. സീതയെ കാണാന്‍ കഴിയാത്ത സ്ഥിതിയില്‍ മരണം മാത്രമെ കരണീയമായിട്ടുള്ളു എന്നു കരുതി പ്രായോപവേശം ചെയ്യാന്‍ മര്‍ക്കടവൃന്ദം തീരുമാനിച്ചു. ഇതിനിടയില്‍ സീതാപഹരണവൃത്താന്തം അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഈ സംഭഷണം അതിനടുത്തുള്ള ഗുഹയില്‍ താമസിച്ചിരുന്ന ഒരു കഴുകന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കഥയിലെ ജടായുവൃത്താന്തം കഴുകനെ ഉന്മേഷവാനാക്കി. ജടായുവിന്റെ സഹോദരന്‍ സമ്പാതിയായിരുന്നു ആ കഴുകന്‍. ജടായുവും സമ്പാതിയും സഹോദരങ്ങള്‍; സൂര്യനിലേക്ക് പറക്കുന്നതിനിടയില്‍ ചൂട് അസഹസ്യമായപ്പോള്‍ അനുജനായ ജടായുവിനെ സംരക്ഷിക്കാനായി അവന് മുകളില്‍ പറന്ന് തന്റെ പക്ഷങ്ങള്‍ കൊണ്ട് അവനെ രക്ഷിച്ചു. പക്ഷേ, സൂര്യതാപമേറ്റ് തന്റെ ചിറകുകള്‍ കത്തിക്കരിഞ്ഞു പോയി. ഇക്കഥ പറഞ്ഞുകൊണ്ട് സീതാപഹരണവൃത്താന്തം തനിക്കറിയാമെന്നും സീത എവിടെയുണ്ടെന്ന് താന്‍ പറയാമെന്നും സമ്പാദി പറഞ്ഞു.

ചിറകറ്റ് വീണുകിടക്കുന്ന സമ്പാദിക്ക് വേണ്ടി ഇരതേടിപ്പോകുന്നത് സമ്പാദിയുടെ മകനായ സുവാര്‍ശനാണ്. അങ്ങനെ ഇരതേടി വരുമ്പോഴാണ് രാക്ഷസരാജനായ രാവണന്‍ ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ട് ആകാശമാര്‍ഗേ പോകുന്നത് കണ്ടത്. ലങ്കാധിപനായ രാവണന്‍ ലങ്കയിലേക്കാണ് സീതയെ കൊണ്ടുപോയത് എന്നും പടിഞ്ഞാറന്‍ സമുദ്രത്തില്‍ നൂറുയോജന അപ്പുറത്താണ് ലങ്ക എന്നും കടല്‍കടന്ന് അപ്പുറം പോയാല്‍ സീതയെ കാണാന്‍ കഴിയുമെന്നും സമ്പാദി പറഞ്ഞു. വാനരവൃന്ദം പടിഞ്ഞാറന്‍ കടല്‍ക്കരയില്‍ ഒത്തുകൂടി. എന്നാല്‍ നൂറുയോജന വരുന്ന കടല്‍ കടക്കാനായി എന്താണ് മാര്‍ഗ്ഗമെന്ന് ഒരാള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. എല്ലാവരും അവരവരവുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിസ്തരിച്ചു പറഞ്ഞുകൊണ്ടിരിക്കെ മാരുതി നിശബ്ദനായി ചിന്തയില്‍ ആണ്ടിരുന്നു. എല്ലാവരുടേയും ശ്രദ്ധ മാരുതിയില്‍ ആയി. കടല്‍ താണ്ടി ലങ്കയിലെത്തി സീതയെ കണ്ടാല്‍ തങ്ങള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

അപ്പോഴാണ് ഹനുമാന്റെ ജനനരഹസ്യം സമ്പാദി വെളിവാക്കിയത്. അപ്‌സരസായ അഞ്ജനയ്ക്ക് വായു ദേവനില്‍ ജനിച്ച മകനാണ് മാരുതി. വായുപുത്രന് കാറ്റിന്റെ കരുത്തും വേഗവും ലഭിച്ചിട്ടുണ്ട്. ജനിച്ച ഉടനെ ഉദയസൂര്യനെ പഴമാണെന്നു തെറ്റിധരിച്ച് അത് പറിച്ചെടുക്കാനായി നൂറു യോജന ചാടിയ കാര്യം ജാംബവാന്‍ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തില്‍ അസ്ത്രശസ്ത്രങ്ങളാല്‍ വധിക്കപ്പെടുകയില്ല എന്ന വരലബ്ധി. വജ്രായുധം കൊണ്ടുപോലും കൊല്ലപ്പെടാത്തവനായ മാരുതിക്ക് താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരണമുള്ളു എന്ന വരവും ലഭിച്ചിട്ടുണ്ട്. ഗരുഡ പത്രങ്ങളെക്കാള്‍ ഉറച്ച കൈകാലുകള്‍. ജാംബവാന്റെ വാക്കുകള്‍ കേട്ട മാരുതി കാറ്റിന്റെ ശക്തിയും വേഗവും ഒരിക്കല്‍കൂടി സ്മരിച്ചു. നൂറു യോജന കടല്‍ കടക്കാനും തിരിച്ചെത്താനും തനിക്ക് അനായാസേന കഴിയുമെന്ന് മാരുതി ഉറച്ച ബോധത്തോടെ നിന്നു.

ആത്മവിശ്വാസത്തികവോടെ മാരുതി മഹേന്ദ്രഗിരിയിലെത്തി. വിജൃംഭിതവീര്യനായി ഗരുഡനെ പോലെ കൈവിരിച്ചുകൊണ്ട് ഉറച്ച കാല്‍വെപ്പുകളോടെ ലങ്കാപുരിയില്‍ മനസ്സുറപ്പിച്ചു നിന്നു. ഏതൊരാളുടെയും അവിസ്മരണീയം എന്നു പറയാവുന്ന കര്‍മ്മങ്ങള്‍ എല്ലാം നിര്‍വ്വഹിക്കപ്പെടുന്നത് പതറാത്ത ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍ മാത്രമാണ്. ആത്മവിശ്വാസമുള്ളവന് മാത്രമെ അത്ഭുതകമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയൂ. ജാംബവാന്‍ ഹനുമാന്റെ ജന്മരഹസ്യം വെളിവാക്കിക്കൊണ്ട് അത്ഭുതകരമായ കര്‍മ്മം ചെയ്യാനുള്ള കരുത്തും വേഗവും ഊര്‍ജ്ജവും ഹനുമാനിലുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആത്മവിശ്വാസം എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമെന്ന് അയാളെ ബോദ്ധ്യപ്പെടുത്തുക എന്നാണര്‍ത്ഥം. അക്കാര്യം ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ സ്വയം അതു ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗുരുക്കന്മാരും ഇതു മാത്രമാണ് ചെയ്യുന്നത്.

ആത്മവിശ്വാസമുറ്റവനായി ദശവദനപുരിയില്‍ തന്റെ ഹൃദയം ഉറപ്പിച്ചുകൊണ്ട് മഹേന്ദ്രഗിരിയില്‍ ഗരുഡനേക്കാള്‍ കരുത്തനായി മാരുതി നിന്നപ്പോള്‍ കപികുലത്തിനാകെ ജീവന്‍ തിരിച്ചുകിട്ടിയതുപോലെയായി. ആത്മവിശ്വാസമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല. ആത്മവിശ്വാസമില്ലാത്തവന്റെ കഴിവുകള്‍ പ്രയോഗവിദ്യ എന്ത് എന്ന് അറിയാതെ ഒരുവന്‍ സൂക്ഷിക്കുന്ന ആയുധംപോലെ ഉപയോഗശൂന്യമാണ്. ആത്മവിശ്വാസത്തികവോടെ തന്റെ കരുത്തും വേഗവും ഊര്‍ജ്ജവും ഉപയോഗിക്കാനായി മഹേന്ദ്രഗിരിയില്‍ മാരുതി നിന്നു.

അദ്ധ്യാത്മരാമായണം പാരായണം 21-ാം ദിവസം

$
0
0

ശ്രീമദ് അദ്ധ്യാത്മരാമായണം കിഷ്‌കിന്ധാകാണ്ഡം

സ്വയംപ്രഭാസ്തുതി, അംഗദാദികളുടെ സംശയം, സമ്പാതി വാക്യം, സമുദ്രലംഘനചിന്ത

 


മറവികള്‍, മായ്ക്കലുകള്‍

$
0
0

മലയാളത്തില്‍ ആധുനികസാഹിത്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് സാഹിത്യവിമര്‍ശനമെന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ അര്‍ത്ഥത്തില്‍ ആധുനികമെന്ന സംജ്ഞ ഉപയോഗിച്ചിരുന്നില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പുറത്തുവന്ന സാഹിത്യരചനകളിലെ എല്ലാതരം നവീനതകളെയും ആ മട്ടില്‍ വ്യാഖ്യാനിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്തെ നിരൂപണരചനകളിലെല്ലാം പ്രകടമായിരുന്നു. ആധുനികസാഹിത്യവ്യവഹാരങ്ങളുടെ ഭാഗമായിരിക്കെതന്നെ അതിനെ നിര്‍വ്വചിച്ചെടുക്കുന്നതിലെ യുക്തികള്‍ നിര്‍മ്മിച്ചെടുത്തുമായിരുന്നു മലയാളത്തില്‍ സാഹിത്യവിമര്‍ശനം പ്രവര്‍ത്തിച്ചത്. നിരൂപണമെന്നത് പുതിയൊരേര്‍പ്പാടും പുതിയതായി ഉണ്ടായിവരുന്ന സാഹിത്യകൃതികളുടെ അനിവാര്യഭാഗവുമായാണ് രംഗത്തു വന്നത്. കേരളവര്‍മ്മയുടെയും സി.പി. അച്യുതമേനോന്റെയും പുസ്തകാഭിപ്രായങ്ങള്‍ അങ്ങനെ സംഭവിക്കുന്നതാണ്. നമ്മുടെ നിരൂപണവ്യവഹാരങ്ങള്‍ ആധാരമാക്കിയിരുന്ന ലാവണ്യയുക്തികളുടെ വിമര്‍ശനാത്മകവായനകള്‍ സാഹിത്യാധുനികതയുടെ രാഷ്ട്രീയത്തെക്കുറിച്ചുകൂടി സംസാരിക്കും. ചിലതരം രചനകളെയും അഭിരുചികളെയും ശ്രേഷ്ഠവും മികച്ചതുമായി കാണുന്ന അത്തരം സമീപനങ്ങളില്‍ തിരസ്‌കരിക്കപ്പെട്ടതും വിസ്മരിക്കപ്പെട്ടതുമായ രണ്ടുകൃതികളെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ഉന്നയിക്കാനുളള ശ്രമമാണ് ഈ ലേഖനം. 19-ാം നൂറ്റാണ്ടിന്റെ അവസാനം രചിക്കപ്പെട്ട രണ്ടു നോവലുകള്‍, പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയവും(1892) ആര്‍.വി.വാസുദേവപ്രഭുവിന്റെ രതിസുന്ദരിയുമാണ്(1894) ഈ ആലോചനകളെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതില്‍ സരസ്വതീവിജയം പില്‍ക്കാലത്ത് നോവല്‍ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് വന്നെങ്കിലും രതിസുന്ദരി എന്നെന്നേക്കുമായി വിസ്മരിക്കപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ടിലെ നിരൂപണ/വിമര്‍ശനചരിത്രങ്ങള്‍ മലയാളസാഹിത്യത്തിന്റെ പുരോഗതിയുടെ കഥ പറയുന്നതും അതിനുവേണ്ടി നിരൂപകര്‍ അനുഷ്ഠിച്ച വിപ്ലവകരമായ പ്രവൃത്തികളെ രൂപകാത്മകഭാഷയില്‍ വിവരിക്കുന്നതുമായ ആഖ്യാനങ്ങളാണ്. ആദ്യകാലനിരൂപകരില്‍ ഒരാളായ കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ മുതല്‍ കഴിഞ്ഞ നൂറ്റാണ്ട് അവസാനംവരെ പ്രബലമായി നിന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ മുഴുവന്‍ പറയുന്നത് അതാണ്. കേസരി ഏ. ബാലകൃഷ്ണപിള്ളയും കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എം.പി.പോളും കെ.പി. അപ്പനുമടക്കം ഒരുകൂട്ടം നിരൂപകര്‍ വ്യവസ്ഥയോടുള്ള കലഹികളും കലാപകാരികളുമായി നമ്മുടെ വിമര്‍ശനചരിത്രത്തില്‍ അവരോധിക്കപ്പെട്ടവരാണ്. യാഥാസ്ഥിതികര്‍ എന്നു വിമര്‍ശനചരിത്രത്തില്‍ ചിലപ്പോഴെങ്കിലും വിളിക്കപ്പെടുന്നുണ്ടെങ്കിലും സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയും എസ്. ഗുപ്തന്‍നായരും എം.കൃഷ്ണന്‍നായരും മറ്റും മറ്റും വിശാലമായ അര്‍ത്ഥത്തില്‍ ആധുനികമലയാളസാഹിത്യത്തിന്റെ പുരോഗതിക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിച്ചരും അതിനുവേണ്ടി നിലകൊണ്ടവരുമായി. പുരോഗമനവാദികളും യാഥാസ്ഥിതികരുമായ മേല്‍ജാതിസാഹിത്യവിമര്‍ശകര്‍ പൊതുവായി പങ്കുവെക്കപ്പെട്ടിരുന്നത് വരേണ്യവും ലാവണ്യാത്മകവുമായ സാഹിത്യയുക്തികളായിരുന്നു. അത് കീഴാളമെന്നും ജനപ്രിയമെന്നും വിളിച്ചിരുന്ന സാഹിത്യാവിഷ്‌കാരങ്ങളെ നിര്‍ദ്ദിഷ്ടമായ സാഹിത്യഗുണങ്ങളുടെ പേരില്‍ പുറംതള്ളുന്നതായിരുന്നു. സരസ്വതീവിജയത്തിന്റെ പില്‍ക്കാലജീവിതത്തെയും രതിസുന്ദരിയുടെ മായ്ച്ചുകളയലിനെയും മുന്‍നിര്‍ത്തി നമ്മുടെ സാഹിത്യവിമര്‍ശനം എന്നെങ്കിലും റാഡിക്കലായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കുന്നത്.

1892-ലാണ് സരസ്വതീവിജയം ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. തന്റെ സാമൂഹികപരിഷ്‌കരണപരിശ്രമങ്ങളുടെ, സാമൂഹികമാറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയിലാണ് ആ പുസ്തകം പോത്തേരി കുഞ്ഞമ്പു(1857-1919) രചിക്കുന്നത്. മിഷനറിപ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് ഭരണവും മലബാറിലെ അടിമകളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അത് അടിമജാതികളുടെ ജീവിതത്തിലുണ്ടാക്കിയ ഉണര്‍വ്വുകളും അതിന്റെ പൊതുപശ്ചാത്തലമാണ്. ബ്രിട്ടീഷുകാര്‍ അഞ്ചരക്കണ്ടിയില്‍ നിര്‍മ്മിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ തോട്ടങ്ങളിലൊന്നില്‍ അടിമകളെ ഉപയോഗിച്ചിരുന്നുവെന്ന ചര്‍ച്ചകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്. 1843-ലെ അടിമത്തനിരോധനനിയമത്തിലേക്ക് വഴിതുറക്കുന്നത് ഈ ചര്‍ച്ചകളാണ്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പുലയര്‍ക്കായി അവിടെ ആരംഭിച്ച പാഠശാലയിലാണ് കീഴ്ജാതിമനുഷ്യര്‍ ആദ്യമായി സാക്ഷരതയിലേക്ക് എത്തിനോക്കുന്നത്. സരസ്വതീവിജയത്തില്‍ കൊല്ലപ്പെട്ടു എന്നു കരുതിയിരുന്ന കഥാപാത്രം മരത്തന്‍ രക്ഷപ്പെട്ടു എത്തിയത് അഞ്ചരക്കണ്ടിയിലെ തോട്ടത്തിലേക്കാവുന്നത് ഒരു വിമോചനസ്ഥാനം എന്ന നിലയില്‍ അതിനെ പോത്തേരി കുഞ്ഞമ്പു മനസ്സിലാക്കിയിരുന്നു എന്നതുകൊണ്ടാണ്.

‘തീയ്യര്‍’, ‘രാമകൃഷ്ണസംവാദം’,’മൈത്രി’,’ഭഗവത്ഗീതോപദേശം’, ‘രാമായണസാരശോധന’ തുടങ്ങി
അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സാമുദായികതയോടും ബ്രാഹ്മണ്യത്തോടും അവശ്യം സംവദിച്ചിരു
ന്നതും അവയുടെ ഉള്ളടക്കം കൊണ്ടുതന്നെ വിപ്ലവകരവുമായിരുന്നു. സരസ്വതീവിജയം(1892) അതുകൊണ്ടുതന്നെ സോദ്ദേശ്യപരമായ ഒരു രചനയായിതന്നെ കുഞ്ഞമ്പു സങ്കല്‍പ്പിച്ചതാണ്. ഇന്ദുലേഖയും തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയും വരുന്ന കാലത്തുതന്നെയാണ് ജാതിയുടെ നിരര്‍ത്ഥകതയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കീഴ്ജാതിമനുഷ്യരുടെ നിര്‍വാഹകത്വവും ഊന്നിപറയാന്‍ ശ്രമിച്ച സരസ്വതീവിജയം വരുന്നത്. മലബാറില്‍ ചന്തുമേനോനും തിരുവിതാംകൂറില്‍ കേരളവര്‍മ്മയും പ്രധാനപ്പെട്ട കൃതികളുടെ പ്രസാധനം സ്വന്തം ചുമതലയായി ഏറ്റെടുക്കുന്നുണ്ടെങ്കിലും അത്തരം ആനുകൂല്യം ലഭിക്കാനിടയില്ലാത്ത കുഞ്ഞമ്പു കണ്ണൂരില്‍ എഡ്വേര്‍ഡ് എന്ന പേരില്‍ സ്വന്തം പ്രസ്സ് സ്ഥാപിച്ചാണ് നോവല്‍ പുറത്തിറക്കുന്നത്. എന്നാല്‍ അതിനു ലഭിച്ച ആദ്യനിരൂപണശ്രമംതന്നെ തികച്ചും നിഷേധാത്മകമായിരുന്നു. ആദ്യകാലനിരൂപകരില്‍ സി.പി. അച്യുതമേനോന്‍ മാത്രമാണ് വിമര്‍ശിക്കാനായി എങ്കിലും അത് പരിഗണിക്കുന്നത്. അതും കുഞ്ഞമ്പുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്. സി.പി.വിദ്യാവിനോദിനിയില്‍ നടത്തിയ ഖണ്ഡന നിരൂപണം(പു.3,ന.6.മീനം.1067) ആ എഴുത്തുകാരനെയും ആ നോവലിന്റെ ഉള്ളടക്കത്തെയും നിശിതമായി ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു.

പുതിയ പുസ്തകങ്ങള്‍ പത്രമാസികകളില്‍ അയച്ചുകൊടുത്തു അഭിപ്രായം തേടുക എന്ന രീതി എല്ലാ എഴുത്തുകാരും അന്ന് അനുവര്‍ത്തിച്ചു വരുന്നതാണ്. പുസ്തകങ്ങള്‍ വായനക്കാരിലേക്ക് സര്‍ക്കുലേറ്റു ചെയ്യപ്പെടുന്നതിന്റെ മാധ്യസ്ഥം അന്ന് പത്രമാസികകളില്‍ വന്നുകൊണ്ടിരുന്ന ഇത്തരം നിരൂപണപംക്തികളായിരുന്നു. മാത്രമല്ല സരസ്വതീവിജയം നോവലിസ്റ്റ് തനിക്കനുകൂലമായ ഒരു പ്രതികരണത്തിനുവേണ്ടി വിദ്യാവിനോദിനിക്ക് അയച്ചതാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് സി.പി. നിരൂപണം തുടങ്ങുന്നതുതന്നെ. കുഞ്ഞമ്പു തന്റെ കൃതിയുടെ മേല്‍ പുലര്‍ത്തിയ ആത്മവിശ്വാസം അവിടെ പ്രകടമാണ്. എന്നാല്‍ അതിന്റെ വാക്യഘടനതൊട്ട് ദോഷങ്ങള്‍ എണ്ണിപ്പറയുന്ന സി.പി നോവലിനെക്കുറിച്ചുള്ള തന്റെ സങ്കല്പത്തിനും ആസ്വാദനനിലവാരത്തിനും നിരക്കാത്ത ഒരു രചനയാണ് അതെന്ന് വിധി പുറപ്പെടുവിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികദിനം

$
0
0

നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

1861 മെയ് 7-നായിരുന്നു ജനനം. എട്ടാംവയസ്സില്‍ കവിതയെഴുത്തു തുടങ്ങി. ഒന്നരക്കൊല്ലക്കാലം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടി. ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോര്‍ ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു. 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത് ഇദ്ദേഹമാണ്. 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌ക്കരിച്ചു.

1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. 1913-ല്‍ ഗീതാഞ്ജലി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാഗോറിനെ അര്‍ഹനാക്കി. ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മാനസി, സോനാല്‍തരി, പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടാഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി. 1941 ഓഗസ്റ്റ് ഏഴിന് ടാഗോര്‍ അന്തരിച്ചു.

സുഷമ സ്വരാജ് അന്തരിച്ചു

$
0
0

ദില്ലി: ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.15നായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യവകുപ്പ് മന്ത്രിയായിരുന്ന സുഷമ ജനകീയഇടപെടലുകളിലൂടെയാണ് സാധാരണക്കാരുടെയും മനം കവര്‍ന്നത്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രിയായിരുന്നു. രാവിലെ 11 വരെ ദില്ലിയിലെ വസതിയിലും തുടര്‍ന്ന് 12 മുതല്‍ മൂന്നു വരെ ബി.ജെ.പി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ നടക്കും.

ഹരിയാനയിലെ അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രുവരി 14-ന് ജനിച്ച സുഷമ, എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1977-ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 25 വയസ്സിലായിരുന്നു ആ സ്ഥാനലബ്ധി. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു സുഷമ. ഏഴ് തവണ ലോക്‌സഭാംഗമായി. ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ക്ക് ഉടമയാണ് സുഷമ.

2016-ല്‍ വൃക്കമാറ്റ ശസ്ത്രക്രിയക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സുപ്രീം കോടതി അഭിഭാഷകനും ഗവര്‍ണ്ണറുമായിരുന്ന സ്വരാജ് കൗശാലാണ് ഭര്‍ത്താവ്. ഭാംസുരി സ്വരാജാണ് ഏകമകള്‍.

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

നൊബേല്‍ പുരസ്‌കാര ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

$
0
0

ന്യൂയോര്‍ക്ക്:വിഖ്യാത ആഫ്രോ-അമേരിക്കന്‍എഴുത്തുകാരിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ് ടോണി മോറിസണ്‍. 1993-ലാണ് പുരസ്‌കാരം ലഭിക്കുന്നത്. ടോണി മോറിസണിന്റെ പ്രസാധകരായ നോഫ് ആണ് മരണവാര്‍ത്ത പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചത്.

നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തതായിരുന്ന ടോണി മോറിസണ്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ ആവിഷ്‌കരണങ്ങളിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധ നേടിയത്. 11 നോവലുകള്‍ രചിച്ചിട്ടുണ്ട്. 1970-ലാണ് ആദ്യ നോവലായ ബ്യൂവസ്റ്റ് ഐ പ്രസിദ്ധീകരിച്ചത്. ബിലവ്ഡ് (1987) ആണ് ഏറ്റവും പ്രശസ്തമായ നോവല്‍. സോങ് ഓഫ് സോളമന്‍, ജാസ്,  ഗോഡ് ഹെല്‍പ് ദ് ചൈല്‍ഡ്, പാരഡൈസ്, ലവ് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നോവലുകള്‍ക്ക് പുറമേ ബാലസാഹിത്യ കൃതികളും നാടകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. 1988-ലെ സാഹിത്യത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരവും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം എന്ന ബഹുമതിക്കും അവര്‍ അര്‍ഹയായി.

ടോണി മോറിസണിന്റെ പ്രിയപ്പെട്ടവള്‍, നീലിമയേറിയ കണ്ണുകള്‍, സുല എന്നീ കൃതികള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജാനകീദേവിയുടെ ഉഗ്രപ്രതിജ്ഞ

$
0
0

രാവണനോട്, കാമാവേശമില്ലാത്ത ഒരു സ്ത്രീ പോലും രാവണന്റെ അന്തപ്പുരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഹനുമാന് നേരിട്ട് കണ്ടപ്പോള്‍ ബോദ്ധ്യമായി. രാവണനോട് വെറുപ്പുണ്ടായിരുന്ന ഒരു സ്ത്രീ മാത്രമേ ലങ്കയില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. അത് സീതയായിരുന്നു. രാവണന്റെ ആയിരത്തിലേറെ വരുന്ന അതിസുന്ദരികളായ ഭാര്യമാര്‍ എല്ലാവരും കാമാവേശത്താല്‍ വിലാസലോലുപരായിട്ടാണ് ലങ്കയില്‍ വാണത്. എന്നാല്‍ സീത മാത്രം പുണ്യം ക്ഷയിച്ചു ഭൂമിയില്‍ പതിഞ്ഞ നക്ഷത്രത്തെപ്പോലെ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഇരുന്നു. അവിടെ സീതയെ കാണാനായി വില്ലെടുക്കാത്ത മന്മഥനെപോലെ രാവണന്‍ ചെന്നു. അതുല്യമായ തേജസ്സുണ്ടായിരുന്നു മാരുതിക്ക്. ലങ്കേശന്റെ ഉഗ്രതേജസ് കണ്ടപ്പോള്‍ മാരുതിയുടെ മനസ്സും ചഞ്ചലമായി. സീതയെ എങ്ങനെയെങ്കിലും വശംവദയാക്കുക എന്നതായിരുന്നു രാവണന്റെ സന്ദര്‍ശനലക്ഷ്യം.

സീത വെറുംനിലത്ത് ആഹാരമൊന്നും കഴിക്കാതെ അവശയായി കിടക്കുകയായിരുന്നു. ദാശരഥിരാമന്‍ ജാനകിയെ തേടിയെത്തുമെന്ന ഭ്രാന്തമായ പ്രതീക്ഷ സീതയ്ക്കുണ്ടായിരുന്നു. പക്ഷേ, അതിന്റെ പ്രായോഗികതയില്‍ സംശയവും ജനിച്ചിരുന്നു. കാരണം, മകരമത്സ്യങ്ങള്‍ അടക്കി വാഴുന്ന ഘോരസമുദ്രത്താല്‍ ചുറ്റപ്പെട്ട ഒരു വലിയ തുരുത്തായിരുന്നു ലങ്ക. കടല്‍ കടന്ന് അവിടെയെത്താന്‍ സൈന്യങ്ങള്‍ക്കാകില്ല എന്ന് സമുദ്രത്തെ പറന്നു താണ്ടി ലങ്കയിലെത്തിയ മാരുതിയും കരുതി. ലങ്കയെ ആക്രമകാരികളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നത് രാവണന്റെ കയ്യൂക്കും സമുദ്രത്തിന്റെ കാവലുമായിരുന്നു. അവ്വിധമുള്ള ലങ്കയില്‍ രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് രാവണന്റെ ആക്രമം ഏതു സമയത്തും ഉണ്ടാകാമെന്ന സന്ദേഹത്തോടെ വസിക്കുമ്പോഴും ജനകപുത്രിയുടെ ആത്മവിശ്വാസം നശിച്ചിരുന്നില്ല.

സീതയുടെ മനോഹാരിതയെ രാവണന്‍ ആവോളം പ്രശംസിച്ചു. പരപത്‌നീഹരണം രാക്ഷസര്‍ക്ക് വിഹിതകര്‍മ്മാണെന്നും അതിനാല്‍ സീതയെ അപഹരിച്ചത് തെറ്റല്ല എന്നും രാവണന്‍ സമര്‍ത്ഥിച്ചു. ബലാല്‍സംഗവും രാക്ഷസര്‍ക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ സീതയോടുള്ള അതിരറ്റ സ്‌നേഹംമൂലം താന്‍ ഒരിക്കലും അതിന് മുതിരില്ലെന്നും രാവണന്‍ പറഞ്ഞു. മാത്രമല്ല, സീതയ്ക്ക് അതൃപ്തിയുണ്ടാകുന്ന വിധം അവളെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും താന്‍ മുതിരില്ല എന്നും രാവണന്‍ വാക്ക് കൊടുത്തു. യൗവ്വനം വെറുതെ കളയരുതെന്ന മുന്നറിയിപ്പു നല്‍കി. താന്‍ നേടിയ മുഴുവന്‍ സമ്പത്തും, തന്റെ രാജ്യവും തന്നെത്തന്നെയും സീതയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കാമെന്നും തന്റെ മുഴുവന്‍ ഭാര്യമാരും പട്ടമഹിഷിയായ മണ്ഡോദരിയും സീതയുടെ ദാസിമാരായിരിക്കുമെന്നും രാവണന്‍ ആണയിട്ടു പറഞ്ഞു. പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സര്‍വ്വാലംകൃതയായി, ഒരു നിമിഷമെങ്കിലും, ഉള്‍ക്കുളിര് ഉണ്ടാകുംവിധം ഒന്നു കാണാനായി മാത്രം നില്ക്കണമെന്ന് കേണ് അപേക്ഷിച്ചു. അതിനു ശേഷമാണ് രാമനെ പരാമര്‍ശിച്ചത്. രാമന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുതന്നെയറിയില്ല. രാമന്‍ തനിക്ക് തുല്യനല്ല. തപസ്സ്, ബലം, പരാക്രമം, ധനം, തേജസ്സ്, കീര്‍ത്തി എന്നിവയില്‍ എല്ലാം താന്‍ രാമനെക്കാള്‍ എത്രയോ മേലെയാണ്.

തന്റെ അധീനത്തിലുള്ള ലങ്കയില്‍ രാമന് കാല്‍കുത്താന്‍ കഴിയില്ലെന്നും രാവണന്‍ ആമുഖമായി പറഞ്ഞു.സീത രാവണനെ ഒന്നു നോക്കാന്‍ പോലും സന്നദ്ധയായില്ല. ഒരു ഉണക്കപുല്‍ക്കൊടി എടുത്തുവെച്ചതിനുശേഷം രാവണനോട് എന്നപോലെ പുല്‍ക്കൊടിയോടു സംസാരിച്ചു. പാപനിരതനായിരികുന്ന രാവണന് തന്നെപ്പോലെയുള്ള ഒരാളോട് സംസാരിക്കാനുള്ള യോഗ്യത പോലുമില്ല. ഏകഭര്‍ത്തൃവ്രതം അനുഷ്ഠിക്കുന്ന താന്‍ രാക്ഷസചക്രവര്‍ത്തിക്ക് യോജിച്ചവളല്ല. അന്യന് അധീനമാക്കുന്ന സ്വപത്‌നിയെ രക്ഷിക്കുന്നതുപോലെ അന്യന്റെ ഭാര്യയെ അധര്‍മ്മത്തില്‍ നിന്നും സംരക്ഷിക്കേണ്ടത് രാജാവിന്റെ ധര്‍മ്മാണെന്നും ഓര്‍ക്കണം. ഭര്‍ത്തൃമതിയായ ഭാര്യ അവളെ അപഹരിക്കുന്നവനെ അപമാനിക്കും. ഇതൊന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിയുന്ന സജ്ജനങ്ങള്‍ രാവണരാജ്യത്ത് ഇല്ലേ എന്നും സീത ചോദിച്ചു. അഹങ്കാരത്താല്‍ മതിമറക്കുന്ന രാവണനെ സദുപദേശം നല്‍കാന്‍ ആളുകള്‍ മടിക്കുന്നതാകാം എന്നും സീത പറഞ്ഞു. മനോനിയന്ത്രണില്ലാതെ നീതിരഹിതമായ രാജ്യം ഭരിക്കുന്ന രാജാവിന്റെ രാജ്യം നശിക്കും. അവിടത്തെ ഐശ്വര്യം നശിക്കും. അതുകൊണ്ട് ‘രാവണാ നിന്റെ നാശത്തില്‍ ജീവജാലം മുഴുന്‍ സന്തോഷിക്കു’മെന്നും സീത പറഞ്ഞു.

പ്രഭ സൂര്യനില്‍ ലയിച്ചിരിക്കുന്നതുപോലെ താന്‍ രഘുകുലദേവനില്‍ അവിഭാജ്യയായി നില്ക്കുന്നു. ഉത്തമബ്രാഹ്മണനില്‍ ആത്മവിദ്യ എന്നപോലെ താന്‍ രാമചന്ദ്രനില്‍ നിലനില്‍ക്കുന്നു. ലോകനാഥനായ ശ്രീരാമന്റെ പേര് പറയാന്‍ പോലും രാവണന് അവകാശമോ അര്‍ഹതയോ ഇല്ല. ദയാസമുദ്രമാണ് രാമന്‍. അഭയം പ്രാപിക്കുന്നവരെ കൈവിടില്ല. അതുകൊണ്ട് രാമനെ അഭയം പ്രാപിക്കുക; അത് മാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം. രാമനെ എതിര്‍ത്താല്‍ രാവണനും ലങ്കയും ഒരുപോലെ നശിക്കും. ആത്മബലത്തില്‍ അഹങ്കരിക്കുന്ന രാവണന്‍ ഭീരുവാണ്. അതുകൊണ്ടാണല്ലോ, ചതിപ്രയോഗത്തിലൂടെ രാമലക്ഷ്മണന്മാരെ കാണാതെ തന്നെ മോഷ്ടിച്ചതെന്നും സീത പറഞ്ഞു, ‘രാവണാ, നീ ഏത് ഗുഹയില്‍ ഒളിച്ചാലും രാമബാണം നിന്നെ തേടിയെത്തി നിന്നെ വധിക്കും.’ സീത പറഞ്ഞുനിര്‍ത്തി.

രുഷ്ടനായ രാവണന്റെ ഭാവം മാറി. തന്നെ സീത അപമാനിച്ചതില്‍ ക്ഷോഭം കൊണ്ടു. തിരുവായ്ക്ക് എതിര്‍വാക്കില്ലാത്ത ചക്രവര്‍ത്തിയെ അപമാനിച്ചവള്‍ എന്ന നിലയില്‍ സീത വധാര്‍ഹയാണ്. പക്ഷേ, സീതയോടുള്ള അദമ്യമായ പ്രേമം തന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു എന്നു രാവണന്‍ പ്രതിവചിച്ചു. രണ്ടുമാസത്തെ അവധികൂടി നിനക്ക് താന്‍ സൗജന്യമായി നല്കുകയാണെന്നും അതിനുള്ളില്‍ തന്റെ കിടപ്പറയില്‍ തന്നോടൊപ്പം ശയിക്കണമെന്നും രാവണന്‍ അന്ത്യശാസനം നല്കി. രണ്ടുമാസം കഴിഞ്ഞ് താന്‍ ഒരിക്കല്‍കൂടി വരുമെന്നും അതിനുള്ളില്‍ തന്റെ ഇംഗിതം നിറവേറ്റിയില്ലെങ്കില്‍ സീതയെ വെട്ടിനുറുക്കി പ്രഭാതഭക്ഷണമായി കഴിക്കുമെന്നും രാവണന്‍ ഭീഷണിപ്പെടുത്തി. രാവണന്റെ നാശം ആഗ്രഹിക്കുന്നവരാണ് ലങ്കയില്‍ ഉള്ളതെന്നും അതുകൊണ്ടാണ് ഈ അധര്‍മ്മത്തെ അവരാരും തടയാത്തത് എന്നും സീത ഓര്‍മ്മപ്പെടുത്തി. തന്റെ പാതിവ്രത്യത്തിന്റ അഗ്നിയില്‍ രാവണനെ ദഹിപ്പിക്കാന്‍ കഴിയുമെന്നും അതു ചെയ്യാത്തത് രാമന്റെ അനുവാദമില്ലാത്തതു കൊണ്ടാണെന്നും സീത പറഞ്ഞു. തന്നെ അപമാനിച്ചത് രാവണനാശത്തിനായി ദൈവം കണ്ടെത്തിയ മാര്‍ഗ്ഗമാണെന്നു സീത മുന്നറിയിപ്പു നല്‍കി. ധന്യമാലിനി എന്ന രാക്ഷസി ഈ ഘട്ടത്തില്‍ ഇടപെട്ടു. തന്നോട് കാമമില്ലാത്തവളെ കാമിക്കുന്നത് പുരുഷശരീരത്തെ തപിപ്പിക്കുമെന്നും സ്‌നേഹിക്കുന്നവളെ വേണം പുരുഷന്‍ കാമിക്കേണ്ടത് എന്നുംപറഞ്ഞ് രാവണനെ അവള്‍ അന്തപുരത്തിലേക്ക് കൊണ്ടുപോയി.

രാവണന്റെ ഉദ്യമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും രാവണന്‍ നിരാശനായില്ല. ചതുരുപായങ്ങള്‍ ഉപയോഗിച്ച് സീതയെ പാട്ടിലാക്കാന്‍ രാക്ഷസീവൃന്ദത്തെ ചുമതലപ്പെടുത്തിയിട്ടാണ് രാവണന്‍ അന്തപ്പുരത്തിലേക്ക് നീങ്ങിയത്. അപ്പോഴാണ് തന്നെ കടിച്ചുതിന്നാലും വെട്ടി നുറുക്കി ഭക്ഷിച്ചാലും താന്‍ രാക്ഷസപത്‌നിയായിരിക്കില്ല എന്ന് സീത പ്രതിജ്ഞ ചെയ്തത്. അന്യന്റെ ഭാര്യയെ മോഷ്ടിക്കാനും അവളെ ബലാല്‍സംഗം ചെയ്യാനും ബലാല്‍സംഗത്തിനു വഴങ്ങിയില്ലെങ്കില്‍ അവളെ വെട്ടി നുറുക്കി ഭക്ഷിക്കാനും തനിക്ക് അവകാശമുണ്ടെന്നു വിശ്വസിക്കുന്ന ഏതൊരു രാജാവും രാക്ഷസന്‍ തന്നെയാണ്. കാരണം, ‘യഥാ രാജ തഥാ പ്രജ’ എന്ന തത്ത്വപ്രകാരം ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളും രാജാവിനെ അനുകരിച്ചുകൊണ്ട് പരന്റെ ഭാര്യയെ മോഷ്ടിക്കാനും, ബലാല്‍സംഗം ചെയ്യാനും ബലാല്‍സംഗത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുതിന്നാനും ശ്രമിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. അത്തരം ഒരു അവസ്ഥ അരാജകത്വമായിരിക്കും സൃഷ്ടിക്കുക. അരാജകത്വം കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കും. ആ വ്യവസ്ഥയാകട്ടെ പരമശക്തന്റെ സര്‍വ്വാധികാരത്തെ അരിയിട്ടു വാഴിക്കും.

അത്തരം പരമശക്തന്റെ തികവുറ്റ ഉദാഹരണമാണ് രാവണന്‍. സ്വശക്തിയില്‍ അഹങ്കരിക്കുന്ന രാവണന്മാരെ സംബന്ധിച്ചിടത്തോളം എന്തു ചെയ്തും ഇന്ദ്രിയസുഖം നേടണമെന്നു മാത്രമെ വിശ്വസിക്കുകയുള്ളൂ. ലങ്കയുടെ സ്വര്‍ണ്ണപ്പകിട്ടും ആര്‍ഭാടപൂര്‍ണ്ണമായ ജീവിതവും ആ ജീവിതം പ്രദാനം ചെയ്യുന്ന ലഹരിയും നമ്മോടു പറയുന്നത് ജീവിതം ഇന്ദ്രിയസുഖം നേടാനുള്ള ഉപായം മാത്രമാണെന്നാണ്. അതിനുവേണ്ടി എന്തും ചെയ്യാമെന്നും എന്തു ചെയ്യുന്നതും തെറ്റല്ല എന്നും അതില്‍ അഭിരമിക്കുന്നവന്‍ വിശ്വസിക്കും. അതുകൊണ്ടല്ലേ സീതയുമായി രമിക്കണം എന്ന ഒറ്റ ലക്ഷ്യം നേടുന്നതിനുവേണ്ടി ഒരു രാജ്യത്തെ മുഴുവന്‍ അവരുടെ കാല്‍കീഴില്‍ അടിയറ വെക്കാന്‍ രാവണന്‍ തയ്യാറായത്. സ്വാര്‍ത്ഥതാപൂരണത്തിനായി ഒരു രാജ്യത്തെ അടിയറ വെക്കാന്‍ ഒരു രാജാവിനും ഒരു രാജ്യഭരണവ്യവസ്ഥയ്ക്കും അധികാരം നല്‍കുന്നില്ല. താനാണ് രാജ്യം. തന്റെ ഇഷ്ടാനിഷ്ടങ്ങളാണ് രാജ്യനിയമമെന്ന് രാവണനെ പോലെ വിശ്വസിക്കുന്ന ഏത് രാജാവും സ്വയം തകരുമെന്നു മാത്രമല്ല, രാജ്യത്തെ തകര്‍ക്കുകയും ചെയ്യും.സീതാപഹരണം ആ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

അദ്ധ്യാത്മരാമായണം പാരായണം 22-ാം ദിവസം 

$
0
0

ശ്രീമദ് അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡം

സമുദ്രലംഘനം, മാര്‍ഗ്ഗവിഘ്‌നം, ലങ്കാലക്ഷ്മിമോക്ഷം, സീതാസന്ദര്‍ശനം, രാവണന്റെ പുറപ്പാട്‌

 

കര്‍ക്കടകകഞ്ഞി

$
0
0

കര്‍ക്കടകം ദുര്‍ഘടമാണെന്നാണ് വെപ്പ്. എന്നാല്‍ വരുംകാലത്തുള്ള സമ്പദ്‌സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ച് പതിവായി നെറ്റിയില്‍ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളില്‍നിന്നും ക്ഷേത്രങ്ങളില്‍നിന്നും രാമായണപാരായണം ഉണരുന്നു.

ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികള്‍ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കര്‍ക്കടകത്തില്‍ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകള്‍ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്ത് ചെറുതായി അരിയുന്നു. അതില്‍ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. ഏങ്കിലേ അതിലെ ‘കട്ട്’ മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകള്‍ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാല്‍ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിലെ ഇല നുള്ളിയെടുത്ത് ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അത് നന്നായി പിഴിഞ്ഞ് ഉലര്‍ത്തിയെടുത്ത് നാളികേരം ചിരകിയിട്ടാല്‍ അത് സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളില്‍ കാണുന്ന പൊന്നാങ്കണ്ണിയും പോഷകസമൃദ്ധമായ ഒരു ഇലക്കറിയായി ഉപയോഗിക്കാം.

ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയില്‍ പഴമക്കാര്‍ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കര്‍ക്കടകത്തില്‍ ഔഷധച്ചെടികള്‍ക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കര്‍ക്കടകത്തില്‍ കൂടുതല്‍ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകല ദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു.

പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തു വരുമ്പോള്‍ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളി മുതലായവ നാളികേരത്തോടൊപ്പം അരച്ചു ചേര്‍ക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേര്‍ക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിന്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കുന്നത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞു പോയാല്‍ അതിന്റെ ഔഷധമൂല്യം നഷ്ടപ്പെടും.

(ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നാട്ടറിവുകള്‍- നാട്ടുഭക്ഷണം എന്ന പുസ്തകത്തില്‍നിന്നും)


ക്വിറ്റ് ഇന്ത്യ ദിനം

$
0
0

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റില്‍ ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാര്‍ധയില്‍ വെച്ചു നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ഇന്ത്യന്‍ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീര്‍പ്പിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ ക്രിപ്‌സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങള്‍ കൈയൊഴിയും എന്ന് വ്യക്തമായി നിര്‍വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍ നല്‍കാന്‍ തയ്യാറായ പരിമിത ഡൊമീനിയന്‍ പദവി ഇന്ത്യന്‍ പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍ പരാജയപ്പെട്ടു. സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പു ലഭിക്കാനായി. കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാപ്രസ്ഥാനം ആരംഭിച്ചു.

സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാല്‍ അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം ഓഗസ്റ്റ് എട്ടിന് മുംബൈയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ ‘ഡൂ ഓര്‍ ഡൈ’ (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന ആഹ്വാനത്തില്‍ പ്രതിഫലിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗം നടന്ന് ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍ തുറുങ്കിലടച്ചു. അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷഭാഗം ജയിലില്‍ കഴിയേണ്ടി വന്നു.

അദ്ധ്യാത്മരാമായണം പാരായണം 23-ാം ദിവസം

$
0
0

ശ്രീമദ് അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡം

രാവണന്റെ ഇച്ഛാഭംഗം, ഹനുമല്‍സീതാസംവാദം

കണ്ടൂ സീതയെ…

$
0
0

അഞ്ജനാതനയനായ മാരുതിയാണ് സുന്ദരകാണ്ഡത്തിലെ നായകന്‍. കാറ്റിന്റെ വേഗവും മെയ്‌വഴക്കവും കരുത്തും പര്‍വ്വതത്തിന്റെ സ്ഥൈര്യവും ഉള്ള വിഖ്യാതനായ രാമഭക്തനായി അപ്പോള്‍ മാരുതി അറിയപ്പെട്ടിരുന്നില്ല. സീതാന്വേഷണത്തിനായി സുഗ്രീവന്‍ നിയോഗിച്ച അനേകം കുരങ്ങന്മാരില്‍ ഒരാള്‍; ദക്ഷിണദിക്കിലേക്ക് നിയോഗിക്കപ്പെട്ട അന്വേഷണസംഘത്തിന്റെ മേധാവി; അംഗദന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സുഗ്രീവന്റെ വിശ്വസ്തനായ മന്ത്രി, ഇത്രയൊക്കെ വിശേഷണങ്ങളാണ് മാരുതി സുന്ദരകാണ്ഡത്തിന്റെ തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. ഹനുമാന്റെ ഭാഷാശുദ്ധിയില്‍ മതിപ്പുണ്ടായിരുന്ന രാമന്‍ തന്റെ ഉള്‍ക്കാഴ്ചയിലൂടെ മാരുതിയുടെ ശക്തി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ അടയാളമോതിരം മാരുതിയുടെ കയ്യില്‍ രാഘവന്‍ ഏല്പിച്ചത്.

ഒടുവില്‍ കടല്‍ ചാടിക്കടക്കാന്‍ നിയുക്തനാക്കപ്പെട്ടവന്‍ മാരുതിയായിരുന്നു. അസാമാന്യമായ കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാരുതിക്കാവുമെന്ന് കണ്ടറിഞ്ഞ് സമുദ്രലംഘനത്തിനുള്ള ആത്മവിശ്വാസം ഹനുമാനില്‍ ഉദ്ദീപ്തമാക്കിയത് ജാംബവാനാണ്. ആത്മവിശ്വാസത്താല്‍ പ്രചോദിതനായിട്ടാണ് മഹേന്ദ്രശൈല ശൃംഗത്തില്‍ മാരുതി നിന്നത്. ദക്ഷിണദിക്കിലെ ലങ്കാനഗരം അതിനുമുന്‍പ് മാരുതി കണ്ടിരുന്നില്ല. നാലുവശവും ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്നതും നരഭോജികളായ മത്സ്യങ്ങള്‍ നീന്തി നടക്കുന്നതും എളുപ്പത്തില്‍ ആര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തതുമായ മഹാനഗരമാണ് ലങ്ക. രാവണരാജധാനിയുടെയും രാവണരാജ്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷണം ഈ സമുദ്രമായിരുന്നു. ആ സമുദ്രം നൂറുയോജന ചാടിക്കടക്കുന്നതിനുവേണ്ടി മനസ്സിനെ ആദ്യം അവിടെ ഉറപ്പിക്കുകയായിരുന്നു മാരുതി ചെയ്തത്. മനസ്സുപോയ വഴിയെ ശരീരത്തെ എത്തിക്കുക എന്ന ദൗത്യമാണ് മാരുതി സമുദ്രലംഘനത്തിലൂടെ നിര്‍വ്വഹിച്ചത്.

വായുവേഗത്തില്‍ അനായാസമായി മാരുതി കടല്‍ കടന്നു ലങ്കയിലെത്തി. മാരുതി കണ്ട ലങ്കാനഗരമാണ് വായനക്കാര്‍ കാണുന്നത്. ലങ്കാനഗരത്തിന്റെ പ്രൗഢിയും ആഡംബരവും അല്പം പോലും മങ്ങല്‍ ഏല്‍ക്കാതെ വിവരിക്കുവാന്‍ മാരുതി ശ്രമിച്ചു. രാവണനോട് അനിഷ്ടമുണ്ടായിരുന്നു എങ്കിലും രാവണരാജ്യത്തെ വിവരിക്കുമ്പോള്‍ അതിന്റെ ആര്‍ഭാടം അനിഷ്ടത്തിന്റെ പേരില്‍ കുറച്ചുകണ്ടില്ല. താന്‍ ഒരിക്കലും അസത്യം പറയില്ല എന്നു മാത്രമല്ല, മനസ്സില്‍ അസത്യം തോന്നുകയും ഇല്ലെന്നു ജാനകിയോട് മാരുതി പറയുന്നത് തീര്‍ത്തും ശരിയാണെന്നു വായനക്കാരന് തോന്നുന്നതും അതുകൊണ്ടാണ്. ലങ്കയിലേക്ക് ഹനുമാന്‍ പറന്നുപോകുമ്പോള്‍ മൈനാകപര്‍വ്വതം സമുദ്രത്തില്‍ നിന്നും ഉയര്‍ന്നുവന്ന് വിശ്രമത്താവളമൊരുക്കി. മാരുതിയുടെ ബലവേഗങ്ങള്‍ പരീക്ഷിക്കാനായി സുരസ എത്തി. നിഴലിനെപോലും പിടിച്ചുതിന്നാന്‍ കെല്പുള്ള സിംഹിക തടയാന്‍ പരിശ്രമിച്ചു. ഇന്ദ്രിയങ്ങളും മനസ്സും ശരീരവും ലങ്കയില്‍ ഉറപ്പിച്ച മാരുതി അതിനെയെല്ലാം ആയാസരഹിതമായി അതിജീവിച്ചു. കടല്‍ കടക്കാനായി പറക്കുമ്പോള്‍ മാരുതിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സീതയെ കണ്ടെത്തി തിരിച്ചുവന്നു വിവരം രാമലക്ഷ്മണന്മാരെയും സുഗ്രീവനെയും അറിയിക്കുക.

ലങ്കാനഗരദര്‍ശനത്തിന്റെ അവസാനമാണ് അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിലിരിക്കുന്ന സീതയെ കണ്ടത്. രാക്ഷസനാരിമാരുടെ കടുവാക്കുകളും രാവണരാജന്റെ ഭീഷണിയും കൊണ്ട് തളര്‍ന്നിരുന്നെങ്കിലും പ്രാണന്‍ ത്യജിച്ചും പാതിവ്രത്യം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചെയ്യുന്ന സീതയെയാണ് മാരുതി ലങ്കയില്‍ കണ്ടത്. നീണ്ട ജടപിടിച്ച തലമുടി കഴുത്തില്‍ ചുറ്റി തൂങ്ങിമരിക്കാമെന്നാണ് സീത കരുതിയത്. സീതയോട്, ഏത് ഭാഷയില്‍ സംസാരിക്കുമെന്നത് ഹനുമാന് ഒരു പ്രശ്‌നമായിരുന്നു. കാരണം സംസ്‌കൃതത്തിലാണ് രാവണന്‍ സംസാരിച്ചത്. സംസ്‌കൃതഭാഷയില്‍ സംസാരിച്ചാല്‍ രാവണന്റെ മായാവേഷങ്ങളില്‍ ഒന്നാകാമെന്നു സീത തെറ്റിദ്ധരിക്കാനിടയുണ്ട്. അതുകൊണ്ട് മാനുഷഭാഷയിലാണ് സീതയുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനുവേണ്ടി മാരുതി സംസാരിച്ചത്. രാമഭൂതനായി ചെന്ന മാരുതിയുടെ സൂക്ഷ്മമായ പരഹൃദയജ്ഞാനത്തെയാണ് ഇക്കാര്യം ഉദാഹരിക്കുന്നത്. സീത ലങ്കയില്‍ എത്തിയിട്ട് പത്തുമാസം കഴിഞ്ഞിരുന്നു. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ രാവണന് വശഗതയാകണം. അത് സീത ചെയ്യില്ല. പിന്നെ രണ്ട് സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ സ്വയം മരിക്കാം അല്ലെങ്കില്‍ രാക്ഷസികളാല്‍ കൊല്ലപ്പെടാം.

വിഭീഷണനും കുടുംബവും രാക്ഷസസ്വഭാവികളല്ല എന്നും അവിന്ധ്യനാകട്ടെ ഋഷിതുല്യനാണെന്നും ഹനുമാനെ അറിയിക്കുന്നത് സീതയാണ്. ലങ്കയെ ആകെ ദഹിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിഭീഷണഗൃഹത്തെ ഇതുമൂലം ഒഴിവാക്കാന്‍ മാരുതി ശ്രമിക്കുകയും ചെയ്തു. രാക്ഷസവംശജര്‍ മാത്രം വസിക്കുന്നതും ധര്‍മ്മബോധമോ നീതിനിഷ്ഠയോ ഇല്ലാത്ത രാജാവായ രാവണന്‍ രാജ്യഭാരം നടത്തുന്ന ലങ്കയില്‍ ഋഷിതുല്യരും ധാര്‍മ്മികരും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ദൂതന്‍ മാത്രമായ മാരുതി ലങ്കയില്‍ ചെയ്ത കാര്യങ്ങളും ദുസാദ്ധ്യങ്ങളായവയാണ്. അശോകവനവും പ്രമദവനവും തല്ലിത്തകര്‍ത്തു. പ്രഹസ്തപുത്രന്‍ ജംബുമാലിയെ കൊന്നു. എട്ടു മന്ത്രിപുത്രന്മാരെയും അവരുടെ സൈന്യത്തേയും മുടിച്ചു. വിരൂപാക്ഷന്‍, യൂപാക്ഷന്‍, ദുര്‍ദ്ധര്‍ഷന്‍, പ്രഘസന്‍, ഭാസകര്‍ണ്ണന്‍ എന്നീ സേനാപതികളെ വധിച്ചു. എണ്‍പതിനായിരം വരുന്ന കിങ്കരസൈന്യത്തെ മുച്ചൂടും മുടിച്ചു. രാവണപുത്രനായ അക്ഷകുമാരനെയും കൊന്നു. നിവൃത്തിയില്ലാതെയാണ് ഇന്ദ്രജിത്ത് പോരിനിറങ്ങിയതും ബ്രഹ്മാസ്ത്രം കൊണ്ട് ബന്ധിച്ച് രാവണന്റെ രാജ്യസഭയില്‍ മാരുതിയെ എത്തിച്ചതും. ദേവേന്ദ്രന്‍ പ്രതിക്രിയയ്ക്ക് വേണ്ടി അയച്ച മഹാജന്തുവാണ് ഹനുമാന്‍ എന്നാണ് രാവണന്‍ കരുതിയത്. അക്ഷകുമാരനെ കാലില്‍ പിടിച്ചു ചുഴറ്റി നിലത്തടിച്ചാണ് മാരുതി കൊന്നത് എന്ന ദുഃഖവും കോപവും രാവണനില്‍ ഒരുപോലെ വര്‍ദ്ധിച്ചിരുന്നു. നാല് സിംഹങ്ങളെ പൂട്ടിയ രഥത്തിലാണ് ഇന്ദ്രജിത്ത് ഹനുമാനെ വധിക്കാനായി യുദ്ധത്തിന് എത്തിയത്. ചണക്കയര്‍ കൊണ്ട് കൈകാലുകള്‍ ബന്ധിച്ചാണ് ഇന്ദ്രസഭയ്ക്ക് തുല്യമെന്ന് രാവണന്‍ വിശ്വസിക്കുന്ന രാജസഭയില്‍ ഹനുമാനെ എത്തിച്ചത്. പ്രഹസ്തന്‍, മഹാപാര്‍ശ്വന്‍, മഹാമന്ത്രിയായ നികുംഭന്‍, മന്ത്രിമാരും, പ്രമാണിമാരുമടങ്ങുന്ന സദസ്സ് നിശ്ശബ്ദമായിരുന്നു. വിചാരണ ചെയ്യാനായി രാജാവായ രാവണന്‍ അനുവാദം നല്കി. ആ സദസ്സ് നീതിനിര്‍വ്വഹണ സഭയാണെന്നും സത്യമേ പറയാവൂ എന്നും സത്യം പറഞ്ഞാല്‍ നിരുപാധികം മോചിപ്പിക്കാമെന്നും കളവു പറഞ്ഞാല്‍ വധിക്കപ്പെടുമെന്നും ആമുഖമായി പ്രഹസ്തന്‍ പറഞ്ഞു. കള്ളം പറയാനും കക്കാനും യാതൊരു മടിയുമില്ലാത്ത രാവണനാണ് അദ്ദേഹത്തോട് എല്ലാവരും സത്യം പറയണമെന്ന് ശഠിക്കുന്നത്. അതാണ് സത്യത്തിന്റെ ശക്തി. ഏതു പെരുങ്കള്ളനും തന്നോട് സത്യം പറയണമെന്ന് ആഗ്രഹിക്കാനുള്ള കാരണം എല്ലാവരും കളവ് പറയുന്ന ഒരു സമൂഹത്തില്‍ ഒരു പെരുങ്കള്ളനും ജീവിക്കാനാവില്ല എന്നതാണ്. പെരുങ്കള്ളന് ജീവന്‍ നിലനിര്‍ത്തണമെങ്കിലും താനൊഴികെയുളളവര്‍ സത്യം പറയുന്ന സമൂഹം നിലനിന്നേ പറ്റൂ. ലോകം സത്യത്തിന്റെ ബലമുള്ള ശിലയിലാണ് നിലനില്ക്കുന്നത് എന്നു പറയുന്നതും അതുകൊണ്ടുകൂടിയാണ്.

രാവണരാക്ഷസന്‍ സ്മരിക്കുന്ന കാര്യം അഹിംസയും അവ്വിധമാണ് എന്നതാണ്. ഒരു സമൂഹത്തിലെ മുഴുവന്‍ പേരും രാവണനെപോലെ പരന്റെ ഭാര്യയെ കക്കുകയും പരദാരങ്ങളെ ബലാല്‍സംഗം ചെയ്യുകയും ഇഷ്ടമില്ലാത്തവരെ കൊല്ലുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു രാവണരാക്ഷസ രാജാവിനും ജീവിക്കാനാകില്ല. അത്തരമൊരു സമൂഹത്തില്‍ പരശക്തനായവന്‍ മാത്രമെ അവശേഷിക്കുകയുള്ളൂ. ഇന്നത്തെ ശക്തന്‍ നാളെ അശക്തനായേക്കാം. അതുകൊണ്ടാണ് ദേവന്മാരാലും അസുരന്മാരാലും താന്‍ വധിക്കപ്പെടരുത് എന്ന വരദാനത്തോടെ ജീവിച്ച രാവണന്‍ മനുഷ്യനായ രാമനാല്‍ വധിക്കപ്പെട്ടത്. കുരങ്ങനായ ഹനുമാനാല്‍ രാവണസൈന്യം മുടിഞ്ഞത്; പ്രമാണിമാരായ രാക്ഷസ വീരന്മാര്‍ കൊല്ലപ്പെട്ടത്. സ്വാഭാവികമായും ശക്തന്റെ അഹങ്കാരവും അടക്കി വാഴ്ചയുമല്ല ശക്തന്റേയും അശക്തന്റേയും സഹകരണവും സഹവര്‍ത്തിത്വവുമാണ് ധാര്‍മ്മികമായ ജീവിതരീതി എന്ന് വാല്മീകി നിരീക്ഷിക്കുകയും ചെയ്തു. വെട്ടാന്‍ മാത്രം നടക്കുന്ന ഒരു പോത്തിനും വേദം മനസ്സിലായിട്ടില്ല. രാവണനും ധാര്‍മ്മികശക്തി എന്തെന്ന് അറിയില്ലായിരുന്നു. അതായിരുന്നു രാവണന്റെ പരാജയ കാരണവും.

കട്ടുകൊണ്ടുവന്ന ജനകപുത്രിയെ സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞ് രാമന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതാണ് രാവണന് കരണീയം എന്നും അല്ലെങ്കില്‍ വംശനാശം സംഭവിക്കുമെന്നും ഭീഷണി സ്വരത്തില്‍ രാമദൂതന്‍ അറിയിച്ചു. ഈ സന്ദര്‍ഭത്തിലാണ് കര്‍മ്മഫല തത്ത്വം ഹനുമാന്‍ വിശദീകരിക്കുന്നത്. ഇന്നലെ ചെയ്ത അധര്‍മ്മഫലത്തെ ഇന്നത്തെ ധര്‍മ്മഫലം കൊണ്ട് മറികടക്കാനാകില്ല. ഫലരഹിതമായ കര്‍മ്മം ലോകത്തില്ല. അധര്‍മ്മം ചെയ്തയാള്‍ അനുഭവിക്കുകയും വേണം. ധര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം കിട്ടും. ഇന്നു ചെയ്യുന്ന ധര്‍മ്മഫലത്തെക്കൊണ്ട് ഇന്നലെ ചെയ്ത അധര്‍മ്മഫലത്തെ തടയാനും കഴിയില്ല. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും ഫലങ്ങള്‍ അനുഭവിച്ചു തീരുക തന്നെ വേണം. എന്നാല്‍ അധര്‍മ്മത്തെ ഉപേക്ഷിച്ചുകൊണ്ട് ധര്‍മ്മം അനുഷ്ഠിച്ചാല്‍ ധര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ കഴിയുമെന്നു രാവണനെ ഉപദേശിക്കുകയും ചെയ്തു.

അതിന്റെ ദേഷ്യം സഹിക്കാതെയാണ് വാലില്‍ തുണിചുറ്റി എണ്ണ മുക്കി തീ കൊളുത്തിയത്. അതോടെ ലങ്ക ദഹിച്ചു. രാക്ഷസര്‍ ചത്തൊടുങ്ങി. ലങ്കാനഗരം വിലാപത്തിന്റെ നഗരമായി മാറി. അതിന്റെ അവസാനം സീതയെ കണ്ട് കുശലം പറഞ്ഞതിനുശേഷം അരിഷ്ടപര്‍വ്വതത്തില്‍ കയറി വടക്കോട്ടു പറന്നു. പറന്നിറങ്ങുമ്പോള്‍ മാരുതി ഉറക്കെ പറഞ്ഞു ‘കണ്ടൂ ദേവിയെ’. വാനരവൃന്ദം അതുകേട്ട് ആഹ്ലാദിച്ചു.

നാഗസാക്കി ദിനം

$
0
0

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.

‘വിഭീഷണാ കടക്കു പുറത്ത്’

$
0
0

കടലിനക്കരെ വാനരസൈന്യം നിറഞ്ഞുനില്ക്കുന്നത് രാവണനറിഞ്ഞു. ലങ്കയില്‍ കടല്‍ കടന്നുവന്ന് മാരുതി ചെയ്ത രാക്ഷസദ്രോഹങ്ങള്‍ അപമാനകരമാണെന്നും രാവണന്‍ കരുതി. ഈ പശ്ചാത്തലത്തിലാണ് രാവണന്‍ രാജസഭ വിളിച്ചു ചേര്‍ത്തതും തുടര്‍കാര്യങ്ങള്‍ ആലോചിച്ചതും. ഈ സംഭവവികാസങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ രാവണന്‍ ഇങ്ങനെ സംക്ഷേപിച്ചു; രാമപത്‌നിയായ സീതയെ താന്‍ കട്ടുകൊണ്ടുവന്നു. അവള്‍ തനിക്ക് വഴങ്ങുന്നില്ല. മയന്‍ മായയാല്‍ നിര്‍മ്മിച്ചതുപോലെ അപാരസൗന്ദര്യമാണവള്‍ക്ക്. അവള്‍ ഭര്‍ത്തൃമതിയായി ഭര്‍ത്താവിനെ ധ്യാനിച്ചിരിക്കുന്നു. അഗ്നിജ്വാല പോലെ അവള്‍ വിശുദ്ധയാണ്. രാമന് സീതയെ തിരികെ നല്കാനാവില്ല. രാമലക്ഷ്മണന്മാരെ കൊല്ലണം. അതിനുള്ള മാര്‍ഗ്ഗമെന്തെന്ന് ആലോചനാപൂര്‍വ്വം പറയുന്നതിനും അറിയുന്നതിനും വേണ്ടിയാണ് സഭ വിളിച്ചുചേര്‍ത്തത്.

ആറുമാസത്തെ ഉറക്കം കഴിഞ്ഞ് കുംഭകര്‍ണ്ണന്‍ ഉണര്‍ന്ന സമയമായിരുന്നു. അതുകൊണ്ട് കുംഭകര്‍ണ്ണനും സഭയില്‍ പങ്കെടുത്തിരുന്നു. സീതാപഹരണത്തിന് മുന്‍പ് തങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ശരിയായില്ല. രാജാവിനും എന്തും ചെയ്യാനാകില്ലല്ലോ. എന്നാലും രാമലക്ഷ്മണന്മാരെ താന്‍ തന്നെ നിഗ്രഹിച്ചോളാം എന്നു കുംഭകര്‍ണ്ണന്‍ ഉറപ്പു നല്‍കി. തുടര്‍ന്നു സംസാരിച്ച മഹാപാര്‍ശ്വന്റെ വാക്കുകള്‍ രാവണന് സുഖകരമായിരുന്നു. സീത രാവണന്റെ അധീനതയിലായിരുന്നതുകൊണ്ട് രാവണന്‍ സീതയെ ആദ്യം അനുഭവിക്കുന്നതാണ് ഉചിതം. ബാക്കി എന്തു വന്നാലും തങ്ങള്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പും നല്കി. ഇക്കാര്യം താന്‍ തന്നെ ആലോചിച്ചതാണെന്നും എന്നാല്‍ ബ്രഹ്മശാപം മൂലം ബലാല്‍സംഗം ചെയ്താല്‍ തന്റെ തല പൊട്ടിത്തെറിക്കുമെന്നും രാവണന്‍ മഹാപാര്‍ശ്വനോട് പറഞ്ഞു. പുഞ്ജികസ്ഥല എന്ന സ്ത്രീയെ രാവണന്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ ബ്രഹ്മാവ് സ്വന്തം നിലയ്ക്ക് രാവണനെ ശപിക്കുകയായിരുന്നു. അന്നുമുതലാണ് രാക്ഷസന്മാര്‍ക്ക് വിഹിതമായ കര്‍മ്മം എന്നു രാവണന്‍ വിശ്വസിച്ചിരുന്ന ബലാല്‍സംഗത്തില്‍ നിന്നും രാവണന്‍ ഒഴിഞ്ഞുമാറിയത്. രാവണന്‍ മാന്യനായതുകൊണ്ടല്ല ജീവഹാനി ഭയന്നാണ് സീതയെ ബലാല്‍സംഗം ചെയ്യാതിരുന്നത്. ജീവഹാനി ഭയന്ന് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാതിരിക്കുന്നത് ഒരുവന്റേയും യോഗ്യതായി കരുതാനുമാകില്ല.

തന്റെ ശക്തി മഹാസാഗരം പോലെ അപാരമാണെന്നും മനുഷ്യരായ രാമലക്ഷ്മണന്മാരെ തനിക്ക് വധിക്കാന്‍ കഴിയുമെന്നും രാമലക്ഷ്മണന്മാര്‍ വധിക്കപ്പെട്ട കാര്യമറിഞ്ഞാല്‍ സീതയുടെ മനം മാറുമെന്നും രാവണന്‍ ആഗ്രഹിച്ചിരുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ സീതയെ വധിക്കാമെന്നും രാവണന്‍ നിശ്ചയിച്ചിരുന്നു. വിഭീഷണന്‍ സ്‌നേഹാദരപൂര്‍വ്വം രാവണനെ അതില്‍നിന്നും വിലക്കി. രാമലക്ഷ്മണന്മാരെ യുദ്ധത്തില്‍ ജയിക്കുക എന്നത് പ്രയാസമാണ്. സീതയെ രാമന് നല്കി പ്രശ്‌നം അവസാനിപ്പിക്കുകയാണ് രാക്ഷസവംശത്തിനും രാവണനും നല്ലത്. അപ്പോള്‍, സംഭാഷണത്തില്‍ ഇടപെട്ടുകൊണ്ട്, രാമന്‍ ഒരു ശത്രുവേ അല്ലെന്നും രാവണന് നിഷ്പ്രയാസം തോല്പിക്കാന്‍ കഴിയുമെന്നും പ്രഹസ്തന്‍ പറഞ്ഞു. വിഭീഷണനെ ഭയം ഗ്രസിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവ്വിധം പറയുന്നത്. രാവണന്റെ വീരസാഹങ്ങള്‍ ഒന്നൊന്നായി എടുത്തുപറഞ്ഞ് രാമലക്ഷ്മണന്മാരെ അനായാസം വധിക്കാന്‍ കഴിയുമെന്ന് ഇന്ദ്രജിത്തും പറഞ്ഞു. രാവണന് സന്തോഷമായി.

ഈ ഘട്ടത്തില്‍ രാമന്‍ മൂലം രാവണന് നാശമുണ്ടാകുമെന്ന് ആവര്‍ത്തിച്ച വിഭീഷണന്‍ മറ്റൊന്നുകൂടി പറഞ്ഞു. രാവണന്‍ തന്റെ മൂത്ത സഹോദരനാണ്. എന്നാല്‍ ധര്‍മ്മിഷ്ഠനല്ല. രാജാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ രാജ്യത്തിന്റെ താല്പര്യമായി കരുതരുത് എന്നതാണ് അടിസ്ഥാന രാജധര്‍മ്മവ്യവസ്ഥ. കാരണം രാജാവ് രാജ്യത്തിന്റെ വിധാതാവാണെങ്കിലും രാജാവല്ല രാജ്യം. ലങ്കാ മഹാരാജ്യത്തിനു വേണ്ടിയല്ല രാവണന്‍ സീതയെ അപഹരിച്ചത്. തന്നില്‍ സദാ നിലനിന്നിരുന്ന കാമവെറി മൂലമാണ് ആ ഹീന കൃത്യം ചെയ്തത്. രാജാവിന്റെ വ്യക്തിപരമായ കാമലഹരിയുടെ സംതൃപ്തി രാജ്യതാല്പര്യത്തിന്റെ ഭാഗമല്ല. രാജ്യതാല്പര്യത്തെ മുന്‍നിര്‍ത്തി എടുക്കേണ്ട തീരുമാനമായിരുന്നു എങ്കില്‍ അക്കാര്യം രാജസഭയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. വേറൊരുവന്റെ ഭാര്യയെ മോഷ്ടിച്ചെടുക്കേണ്ടത് ലങ്കാമഹാരാജ്യത്തിന്റെ ഉത്തമ താല്പര്യത്തിന് അനുപേക്ഷണീയമാണെന്നു സമര്‍ത്ഥിക്കാന്‍ രാവണനു പോലും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് തങ്ങളോട് ആദ്യമേ ആലോചിക്കണമായിരുന്നു എന്ന കുംഭകര്‍ണ്ണന്റെ നിലപാട് പ്രസക്തമാകുന്നത്. എന്നാല്‍ രാവണന്‍ അതിനൊന്നും മിനക്കെട്ടില്ല.

പക്ഷേ, രാവണന്‍ തന്റെ വ്യക്തിതാല്പര്യങ്ങള്‍ രാജ്യതാല്പര്യങ്ങളാണ് എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട്, രാവണന്‍ തന്റെ അടങ്ങാത്ത കാമസാഫല്യത്തിനായി നടത്തിയ പേക്കൂത്തുകളെല്ലാം ലങ്കാമഹാരാജ്യത്തിന്റെ ശ്രേയസ്സിനായി നടത്തിയതാണെന്ന് സഭാവാസികളെക്കൊണ്ട് പറയിപ്പിക്കാന്‍ രാവണന്‍ ശ്രമിച്ചിരുന്നു. അതില്‍ രാവണന്‍ വിജയിക്കുകയും ചെയ്തു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ല് പ്രസക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. എത്ര ലളിതമായിട്ടാണ് മഹാപാര്‍ശ്വന്‍ പ്രശ്‌നപരിഹാരം പറയുന്നത് എന്നു നോക്കുക. ആദ്യമേ സീതയെ ബലാല്‍സംഗം ചെയ്യുക. അതിന് പ്രയാസവുമില്ല. കാരണം, സീത അപ്പോള്‍ രാവണന്റെ അധീനതയിലാണ്. രാവണന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ രാവണനിശ്ചയ പ്രകാരം സീത വധിക്കപ്പെടുകയും ചെയ്യും. പരദാരത്തെ മോഷ്ടിച്ചെടുക്കാനും, മോഷ്ടിക്കപ്പെട്ട സ്ത്രീയ ബലാല്‍സംഗം ചെയ്യാനും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ അവളെ കൊല്ലാനും ഒരു രാജാവിന് ഉപദേശം നല്കുന്ന മന്ത്രിമാരും ഉപദേശകരും രാജാവിന്റെ മാത്രമല്ല, രാജ്യത്തിന്റേയും ശത്രുക്കളാണ്. കാമാന്ധനായ രാവണന് ഇക്കാര്യം പക്ഷേ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. രാജാവ് എന്താണോ ആഗ്രഹിക്കുന്നത് ആ ആഗ്രഹത്തിനൊത്ത് ശരി തെറ്റുകള്‍ നോക്കാതെ ചിന്തിക്കുന്നതും പറയുന്നതുമാണ് ശരി എന്നു കരുതി ഉപദേശം നല്കുന്നവരാണ് ഏത് ഭരണാധികാരിയേയും കഷ്ടകാലത്തിലെത്തിക്കുന്ന ഇഷ്ടം പറയുന്ന ബന്ധുക്കള്‍. അവര്‍ സത്യം പറയുന്ന ശത്രുവിനെക്കാള്‍ അപകടകാരികളാണ്.

തന്റെ ഇഷ്ടത്തെ മാറ്റിവെച്ചുകൊണ്ട് ജനഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് ധര്‍മ്മനിഷ്ഠനായ രാജാവ്. ഇഷ്ടവും ഹിതവും രണ്ടു കാര്യങ്ങളാണ്. പ്രേയസ്സുണ്ടാകുന്നതാണ് ഇഷ്ടം. ശ്രേയസ്സു നല്കുന്നതാണ് ഹിതം. പ്രേയസ്സ് എന്നാല്‍ ഇന്ദ്രിയങ്ങളും മനസ്സും പ്രദാനം ചെയ്യുന്ന സുഖദുഃഖങ്ങള്‍ എന്നാണര്‍ത്ഥം. ഒരുവന്‍ തന്റെ മുഴുവന്‍ കര്‍മ്മശേഷിയേയും ഇഷ്ടാനിഷ്ടപ്രേരണയാല്‍ അവനവന്റെ കാമപൂരണത്തിനായി വിനിയോഗിക്കുന്നതാണ് പ്രേയസ്‌കരമായ ജീവിതം. തന്റെ മുഴുവന്‍ കര്‍മ്മശേഷിയും പ്രപഞ്ചത്തിലെ പ്രതിഭാസ ജാലങ്ങള്‍ക്ക് എല്ലാം സുഖം പകരണം എന്ന ലക്ഷ്യത്തോടെ സമര്‍പ്പിക്കുന്നതാണ് ശ്രേയസ്‌കരമായ കര്‍മ്മം. പ്രേയസ്സ് ഒരു വ്യക്തിയുടെ മാത്രം സുഖത്തെയാണ് പ്രദാനം ചെയ്യുന്നത്. തന്റെ മാത്രം സുഖത്തിനുവേണ്ടി ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും വിധേയനായി പ്രവര്‍ത്തിക്കുന്നവന്‍ പ്രേയസ്സിനുവേണ്ടി നിലകൊള്ളുന്നു. സീതയെ കാമിക്കുക എന്നത് ലങ്കയുടെ ആവശ്യമായിരുന്നില്ല. രാവണന്റെ വ്യക്തിപരമായ ഇഷ്ടത്തിന്റെ പൂര്‍ത്തീകരണം മാത്രമായിരുന്നു. രാജാവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ രാജ്യത്തിന്റെ ഇഷ്ടാനിഷ്ടങ്ങളായി വ്യാഖ്യാനിക്കുന്നത് അധര്‍മ്മമാണ്. രാജാവായ രാവണന്‍ ഈ അധര്‍മ്മം ചെയ്യുന്നു എന്നതുകൊണ്ടാണ് രാവണനോട് അദ്ദേഹം മൂത്ത സഹോദരനാണെന്നും എന്നാല്‍ ധര്‍മ്മനിഷ്ഠനല്ല എന്നും പറഞ്ഞത്.

സ്വാഭാവികമായും അതികാമിയായ രാവണന് വിഭീഷണന്റെ ഹിതോപദേശം അസ്വീകാര്യമായിരുന്നു. രാവണന്‍ വിഷം കലര്‍ന്ന ആഹാരം പോലെ വിഭീഷണന്റെ വാക്കുകളെ തിരസ്‌കരിച്ചു. മാത്രമല്ല, മറ്റാരെങ്കിലുമായിരുന്നു അവ്വിധം പറഞ്ഞിരുന്നതെങ്കില്‍ തല കാണുമായിരുന്നില്ല എന്ന് രാവണന്‍ നേരെ തന്നെ പറഞ്ഞു. മാത്രമല്ല, ലങ്കയില്‍ നിന്നും പരുഷ വാക്കുകളോടെ പുറത്താക്കുയും ചെയ്തു. ശത്രു എന്ന വാക്കിന് രാവണന്‍ നല്കിയിരുന്ന നിര്‍വ്വചനം തന്റെ ഇഷ്ടത്തിനൊപ്പം നില്ക്കാത്തവര്‍ എന്നാണ്. സഹോദരന്‍ എന്ന ഔദാര്യം കൊണ്ടാണ് വെട്ടികൊല്ലാതിരുന്നത്. വിയോജിക്കുന്നവരെല്ലാം ശത്രുക്കളാണെന്നു കരുതുന്ന മനോവൈകല്യം രാവണനുണ്ടായിരുന്നു. ശത്രു വധ്യനാണെന്നും രാവണന്‍ കരുതിയിരുന്നു. അതുകൊണ്ടാണല്ലോ തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ സീതയെ കൊന്നുതിന്നുമെന്ന് രാവണന്‍ വധിച്ചത്. രാവണന്റെ കഴിവും വീര്യവും ഉപയോഗിച്ചത് രാവണനു വേണ്ടി മാത്രമായിരുന്നു. അപ്പോള്‍, രാവണന്റെ കരുത്തിന്റെ ഗുണഭോക്താക്കളായിരുന്നല്ലോ രാക്ഷസവംശം എന്ന ചോദ്യം സ്വാഭാവികം. രാവണന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാക്ഷസവംശജരെ മാത്രമെ അദ്ദേഹം സംരക്ഷിക്കുകയുള്ളൂ. പരദാരാപഹരണം ശ്രേയസ്‌കരമല്ല എന്നു മാത്രമല്ല അത് രാക്ഷസവംശത്തെ പാടെ നശിപ്പിക്കുമെന്നും പറഞ്ഞു എന്നതാണ് വിഭീഷണന്റെ കുറ്റം. ഏത് തെറ്റിലും തന്നോടൊപ്പം നിന്ന് തെറ്റിന് സാധൂകരണം നല്കുന്നവന്‍ മിത്രം. തെറ്റ് തിരുത്തണമെന്നു പറയുന്നവന്‍ ശത്രു. ഈ നിലപാട് അധര്‍മ്മമാണ്. രാവണന്‍ ഈ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് രാവണന്‍ ധര്‍മ്മനിഷ്ഠനല്ല എന്നു വിഭീഷണന്‍ പറഞ്ഞത്. മഹാസമുദ്രത്തെപോലെ അപാരമായ ശക്തി രാവണനുണ്ട് എന്നു രാവണന്‍ പറയുന്നത് ശരിയാണ്. എന്നാല്‍ ആ ശക്തി മുഴുവന്‍ തന്റെ കാമപൂരണത്തിന് മാത്രമായി രാവണന്‍ വിനിയോഗിക്കുകയും ചെയ്തു. ഒരുവന്‍ അവന്റെ കര്‍മ്മശേഷിയെ മുഴുവന്‍ അവന്റെ കാമപൂരണത്തിന് മാത്രമായി വിനിയോഗിക്കുന്നത് അധര്‍മ്മാണ്. അതുകൊണ്ടാണ് രാവണന്‍ ധര്‍മ്മശാലിയല്ലെന്ന് വിഭീഷണന്‍ പറഞ്ഞത്.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>