Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

‘വല്ലി’; പുസ്തകപ്രകാശനവും ചര്‍ച്ചയും ഖത്തറില്‍

$
0
0

ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ വല്ലി എന്ന പുതിയ നോവലിന്റെ പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചാണ് പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.

കഥ പറച്ചിലിന്റെ വേറിട്ട വഴികള്‍ തേടുന്ന ഷീലാ ടോമിയുടെ വയനാട് പശ്ചാത്തലമാക്കിയുള്ള നോവലാണ് വല്ലി . ഒരു കാലത്ത് കാടും മലയും വെട്ടിപ്പിടിച്ച് ജിവിതം കരുപ്പിടിപ്പിച്ച വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവഗാഥയാണിത്. അടുത്തിടെ പുറത്തിറങ്ങിയ നോവലിന് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


‘കുഞ്ഞാലിമരക്കാര്‍’തിരക്കഥയ്ക്കു പിന്നില്‍- ടി.പി രാജീവന്‍ പറയുന്നു

$
0
0

സര്‍ഗ്ഗവേദന പഞ്ചേന്ദ്രിയങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ എഴുതിയതല്ല ‘കുഞ്ഞാലിമരക്കാര്‍’ എന്ന ഈ തിരനോവല്‍. പ്രശസ്ത സംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടപ്രകാരം വായിച്ചും എഴുതിയും തുടങ്ങിയതാണ്. ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ ചിത്രീകരണം 2008-ല്‍ കോഴിക്കോട് ഫറോക്കില്‍, ഒരു പഴയ ഓട്ടുകമ്പനിയില്‍ നടക്കുന്നതിനിടയാണ് ജയരാജ് അങ്ങനെ ഒരു ആശയം പറഞ്ഞത്. പറയുക മാത്രമല്ല, എഴുത്തിന് ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കിത്തരികയും ചെയ്തു. സിനിമയില്‍നിന്നുള്ള ആദ്യത്തെ ക്ഷണം, അവസരം, ആയതു കൊണ്ട് വീട്ടിലും ഓഫീസിലും പോകാതെ ഞാന്‍ കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം നടന്നു, കോഴിക്കോട്, പുതുപ്പണം, ഗോവ എന്നിവിടങ്ങളില്‍.

പലരില്‍നിന്നും പലതും കേട്ടു. പല പുസ്തകങ്ങളും വായിച്ചു. നാട്ടുകാരുടെ കഥകള്‍ മുതല്‍ പോര്‍ച്ചുഗീസ് പാതിരിമാരുടെയും പട്ടാള ഉദ്യോഗസ്ഥന്മാരുടെയും ഡയറിക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളും. വായിച്ചതത്രയും കേട്ടതൊക്കെയും ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണന്‍, ഡോ.എം. ഗംഗാധരന്‍, ഡോ. വി. കുട്ട്യാലി തുടങ്ങിയവരുമായി സംസാരിച്ചു വ്യക്തത വരുത്തി.

അതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ജയരാജിനെ കണ്ട് എഴുത്തിന്റെ പുരോഗതി അറിയിക്കുകയും സിനിമ സംവിധായകന്റെ കലയും കച്ചവടവുമാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍, അഭിപ്രായം തേടുകയും ചെയ്തുകൊണ്ടിരുന്നു.

സിനിമയുടെ ആകര്‍ഷണമാണ് കുഞ്ഞാലിമരയ്ക്കാറിലേക്ക് എത്തിച്ചതെങ്കിലും അറിഞ്ഞുതുടങ്ങിയപ്പോഴാണ് യൂറോപ്യന്‍ അധിനിവേശ ചരിത്രത്തിലെ പ്രതിരോധപര്‍വ്വത്തിന്റെ ആരംഭമാണ് മരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവും എന്നു മനസ്സിലായത്. ആഫ്രിക്കയിലെയോ തെക്കേ അമേരിക്കയിലെയോ ആദിമഗോത്രങ്ങള്‍ കോളനീകരണത്തെ സായുധമായി ചെറുത്തുനിന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, സ്വാതന്ത്ര്യവാഞ്ഛയും നിര്‍ഭയത്വവും ആയോധനമികവുംകൊണ്ട് അധിനിവേശ ശക്തികളുമായി പൊരുതിയ ചരിത്രത്തിന്റെ ആരംഭം കുഞ്ഞാലിമരയ്ക്കാര്‍മാരുടേതാണ്. പോരാട്ടം ആത്മീയതലങ്ങളിലേയ്ക്കുയര്‍ത്തുന്ന വിശ്വാസമായിരുന്നു അവരുടെ ആയുധപ്പുര.

ഇത്തരം ആലോചനകളെല്ലാം ഉള്‍പ്പെടുത്തി എഴുത്ത് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ നടക്കാതെപോയി. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു.

ഇപ്പോഴും മലയാളത്തിലെ ഒരു നിര്‍മ്മാണക്കമ്പനിയുടെ പരിഗണനയില്‍ ഈ രചനയുണ്ട്. പല സംവിധായകരുടെ കൈകളിലൂടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ കടന്നുപോയിട്ടുണ്ട്. ഇതില്‍നിന്ന് ചില കഥാപാത്രങ്ങളെയും രംഗങ്ങളും അടര്‍ത്തിമാറ്റി സ്‌കിറ്റാക്കുകയുംചെയ്തിട്ടുണ്ട്. നാളെ ഇതപ്പാടെ മറ്റൊരാളുടെ രചനയായി സിനിമയായാലും എനിക്ക് അത്ഭുതമോ പരാതിയോ ഇല്ല. കാരണം, സിനിമ എന്റെ ആധിയോ വ്യാധിയോ അല്ല.

കേരളഗാന്ധിയുടെ ജന്മവാര്‍ഷികദിനം

$
0
0

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കാലഘട്ടത്തിലാണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗമായി.

വക്കീല്‍ ഗുമസ്തനായ അച്ഛന്റെ അഭിലാഷം മകനെ വക്കീലാക്കുക എന്നതായിരുന്നതിനാല്‍ ബോംബെയില്‍ തൊഴില്‍ജീവിതം നയിച്ച് നിയമപഠനം നടത്തി. ഇക്കാലത്താണ് ഗാന്ധിജിയുടെ ആഹ്വാനത്താല്‍ പ്രചോദിതനായി പഠനമുപേക്ഷിച്ച് ദേശീയ വിമോചനസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദ്യത്തെ കേരളീയനായിരുന്നു കേളപ്പന്‍. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. 1932-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് അദ്ദേഹം ഗുരുവായൂരിലെ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. കേരള സര്‍വോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സര്‍വോദയ മണ്ഡല്‍, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയന്‍ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. 1971 ഒക്ടോബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.

ഉദ്ധരണികള്‍

$
0
0

കാളയും കലപ്പയും കര്‍ഷകന്‍ ചൂടും തൊപ്പി-
പ്പാളയും പോയാല്‍ ഭൂമി സര്‍വ്വവും മരുഭൂമി

വെണ്ണിക്കുളം

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

$
0
0

ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി (66) അന്തരിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ 12.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. ജയ്റ്റ്‌ലി കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് മോദി സര്‍ക്കാര്‍ നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ നടപ്പിലാക്കിയത്.

എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അരുണ്‍ ജയ്റ്റ്‌ലി ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങി നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷനേതാവ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

സംഗീതയാണ് ഭാര്യ. മക്കള്‍: സോനാലി, രോഹന്‍. ഇരുവരും അഭിഭാഷകരാണ്.

ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ

$
0
0

ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍. ‘ഒരു വലിയ ലോകത്തില്‍ ഒരു ചെറിയ മനുഷ്യനായി കാലം കഴിച്ചപ്പോള്‍ പലതും കാണാനിടയായി. പലതിലും പങ്കെടുക്കാനിടയായി. പലതും നേരിട്ടറിയാനിടയായി. വലിയവരും ചെറിയവരുമായി ഇടപഴകാന്‍ സാധിച്ചു. ആ അനുഭവങ്ങള്‍, അനുഭൂതികള്‍, വേദനകള്‍, വീക്ഷണങ്ങള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടുകയാണ്. ഇതില്‍ കല്മഷമില്ല; വിദ്വേഷമില്ല വസ്തുനിഷ്ഠത മാത്രം. അഭിപ്രായങ്ങള്‍ കാണും. അവ എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. ചിലപ്പോള്‍ അവ എഴുതുന്നവന്റെ ദുഃസ്വാതന്ത്ര്യമായി തോന്നാം. ദയവായി ക്ഷമിക്കൂ.’ എം.കെ.കെ നായര്‍ തന്റെ ആത്മകഥയില്‍ കുറിക്കുന്നു.

ആമുഖത്തില്‍ ശ്രീ.എസ്. ഗുപ്തന്‍ നായര്‍ എഴുതുന്നു

‘1939-ല്‍ ഫിസിക്‌സിന് ഒന്നാം റാങ്കോടെ പാസ്സായ എംകെ.കെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. എം.എസ്.സിക്കും മദ്രാസില്‍ പോയി ചേര്‍ന്നെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് പട്ടാളത്തിലാണ്. അവിടെനിന്ന് ഐ.എ.എസ്സിലേക്കു കടന്നു. അക്കഥയൊക്കെ വലിയ ആത്മശ്ലാഘ കൂടാതെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഏതു വിഷയത്തിലേക്കും തിരിച്ചുവയ്ക്കാവുന്ന ഒരു മനസ്സും ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഡെന്മാര്‍ക്കിലും മറ്റും നമ്മുടെ അംബാസഡറായിരുന്ന കെ.എം.കണ്ണേമ്പള്ളി പറഞ്ഞ ഒരു കഥ ഞാന്‍ ഓര്‍മ്മിക്കുന്നു. കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ലോകപ്രശസ്തനായിരുന്ന ഒരു വിദഗ്ദ്ധനെ കണ്ട് സംസാരിക്കാനാണ് എം.കെ.കെ. കോപ്പന്‍ഹേഗനിലെത്തിയത്. അംബാസഡര്‍മുഖേന കൂടിക്കാഴ്ച ഏര്‍പ്പാടു ചെയ്തു. അവര്‍ തമ്മില്‍ സംസാരിച്ച് കരാറൊപ്പിട്ടു പിരിയുകയും ചെയ്തു. ആ വിദഗ്ദ്ധന്‍ പിന്നീട് കണ്ണേമ്പള്ളിയോടു പറഞ്ഞുവത്രേ: ‘ നന്നായി ഗൃഹപാഠം പഠിച്ചുകൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥമേധാവിയെ ഞാന്‍ ആദ്യമായി കണ്ടു’ എന്ന്. അതാണ് എം.കെ.കെയുടെ പ്രതിഭയുടെ പരപ്പ്. ഏതു വിഷയത്തിലേക്കും അത് തിരിയും. എല്ലാ വിഷയത്തിലും അവശ്യംവേണ്ട അറിവു നേടത്തക്കവണ്ണം ഉന്മിഷത്താണത്.

ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല. അദ്ദേഹം തന്നെ പറയുന്നതുപോലെ ഒരു കാലഘട്ടത്തിന്റെ കഥയാണ്. നേരിട്ടു കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെന്നപോലെ കേട്ടുകേഴ്‌വിയിലൂടെ ഗ്രഹിക്കുന്ന സംഭവങ്ങളും ഒട്ടേറെ വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷില്‍ റാക്കന്‍ന്റേര്‍(raconteur) എന്നൊരു രസികന്‍ വാക്കുണ്ട്. സരസകഥകള്‍ പറഞ്ഞു സ്‌നേഹിതന്മാരെ രസിപ്പിക്കുന്നവര്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. എം.കെ.കെ ഈ സല്ലാപലാലസന്റെ ഭാവമാണ് തന്റെ ആത്മകഥയിലൂടെ സമര്‍ത്ഥമായി അഭിനയിക്കുന്നത്. ഡല്‍ഹിയിലെ മന്ത്രാലയങ്ങളുടെ ഇരുളടഞ്ഞ ഉപശാലകളില്‍ നടക്കുന്ന അപ്രകാശിതങ്ങളായ നര്‍മ്മസംഭാഷണങ്ങളും ഗര്‍ഹണീയമായ ഏഷണികളും കാലുവാരലുകളും എല്ലാം ഈ കഥയിലെ അതിരസകരങ്ങളായ അദ്ധ്യായങ്ങളാണ്. നെഹ്‌റു, രാധാകൃഷ്ണന്‍, പട്ടേല്‍, പന്ത്, രാജാജി, വി.പി മേനോന്‍, ടി.ടി കൃഷ്ണമാചാരി തുടങ്ങിയ മഹാരഥന്മാര്‍ മുതല്‍ എം. ഒ മത്തായി തുടങ്ങിയ ചില്ലറക്കാര്‍വരെയുള്ളവരുടെ ആസ്വാദ്യമധുരമായ തൂലികാചിത്രങ്ങള്‍ സന്ദര്‍ഭോചിതമായി ഇതില്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ‘ആരോടും പരിഭവമില്ലാതെ’ യാണെന്നെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല. അതിബുദ്ധികള്‍ മന്ദബുദ്ധികളെ സഹിക്കുകയില്ലെന്നുള്ളത് പ്രസിദ്ധമാണ്. ഇതില്‍ വര്‍ണ്ണിതരായിട്ടുള്ള നെഹ്‌റുവും വി.പി മേനോനും ടി.ടി കൃഷ്ണമാചാരിയും മറ്റും അക്കൂട്ടത്തില്‍പെട്ട ഉജ്ജ്വലകഥാപാത്രങ്ങളാണ്. എം.കെ.കെ. അവരുടെ ഒരു കൊച്ചനന്തരവനാകാന്‍ സര്‍വ്വഥാ യോഗ്യനാണ്. ധിഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ‘മന്ത’ന്മാരുടെ നേര്‍ക്കുള്ള പുച്ഛവും തൂമ്പയെ തൂമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം.കെ.കെ.യുടെ അപൂര്‍വ്വവ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അദ്ധ്യായവും.’

മലയാളത്തിലുണ്ടായ മികച്ച ആത്മകഥാഗ്രന്ഥങ്ങളിലൊന്നായ ഈ കൃതി ഒരു കാലഘട്ടത്തിന്റെ കഥ കൂടി പറയുകയാണ്.

ഡി സി ബുക്സ് ഓണ്‍ലൈന്‍ബുക്ക് സ്റ്റോറില്‍ നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക 

വര്‍ണ്ണശബളിമയോടെ സാംസ്‌കാരിക സന്ധ്യകള്‍

$
0
0

തിരുവനന്തപുരം: പുതിയ ആശയങ്ങളുടെയും വ്യത്യസ്ത ചിന്തകളുടെയും തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ കാലികപ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇടംപിടിക്കുന്നു. മൂന്ന് വേദികളിലായി നാല് ദിവസം നടക്കുന്ന സംവാദങ്ങളില്‍ നിരവധി പ്രഗത്ഭരും അണിചേരുന്നു.

സംവാദവേദികള്‍ക്കു പുറമേ വിവിധ കലാപരിപാടികളും സ്‌പേസസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി കളം തീയറ്റര്‍ ആന്റ് റപ്രട്ടറി അവതരിപ്പിക്കുന്ന ‘മഹാസാഗരം’ എന്ന നാടകമാണ് ആദ്യദിനം വേദിയിലെത്തുന്നത്. പ്രശാന്ത് നാരായണന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് നാടകം അണിയിച്ചൊരുക്കുന്നത്. കലാശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്താണ് ഓഗസ്റ്റ് 30-ാം തീയതി സദസ്സിനു മുന്നിലെത്തുന്നത്.

ഓഗസ്റ്റ് 31-ാംതീയതി കേരളത്തിലെ വിഖ്യാതമായ മ്യൂസിക് ബാന്റ് തകരയുടെ മ്യൂസിക് ഷോയും സെപ്റ്റംബര്‍ ഒന്നാം തീയതി സംഗീതജ്ഞനും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഗീതക്കച്ചേരിയും സാംസ്‌കാരികസന്ധ്യകളുടെ ഭാഗമായി അവതരിപ്പിക്കപ്പെടും.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

തസ്‌ലിമ നസ്രിന് ജന്മദിനാശംസകള്‍

$
0
0

പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയാണ് തസ്‌ലിമ നസ്രിന്‍. 1965 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മൈമെന്‍സിങ്ങിലായിരുന്നു തസ്‌ലിമയുടെ ജനനം. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്‌ലിമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവര്‍ത്തക, മനുഷ്യാവകാശപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായി. ‘ലജ്ജ’ എന്ന നോവല്‍ തസ്‌ലിമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി. വധഭീഷണിയെത്തുടര്‍ന്ന് 1994-ല്‍ അവര്‍ ബംഗ്ലാദേശ് വിട്ട തസ്‌ലിമ ഇപ്പോള്‍ ഇന്ത്യയിലാണ് താമസം.


മദര്‍ തെരേസയുടെ ജന്മവാര്‍ഷികദിനം

$
0
0

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെട്ടിട്ടുള്ള ശ്രേഷ്ഠവനിതകളിലൊരാളാണ് അഗതികളുടെ അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന മദര്‍ തെരേസ. കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും കുഷ്ഠരോഗികളുടെയും കണ്ണുനീര്‍ തുടച്ച സന്യാസിനി. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. 2016 സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

അല്‍ബേനിയയിലെ ഒരു സാധാരണ കുടുംബത്തില്‍ 1910 ഓഗസ്റ്റ് 26 നായിരുന്നു മദര്‍ തെരേസയുടെ ജനനം. ആഗ്നസ് എന്നായിരുന്നു അന്നത്തെ പേര്. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. മദര്‍ തെരേസയുടെ കീഴില്‍ വളര്‍ന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാര്‍ ഈ സംഘടനയുടെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. 45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി അവര്‍ മാറി. മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട് . അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്. നോബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവര്‍ ചെലവഴിച്ചു. മാര്‍പ്പാപ്പ നല്‍കുന്ന പുരസ്‌കാരം, ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ മാഗ്‌സസെ പുരസ്‌കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്‌കാരങ്ങളും മദര്‍ തെരേസക്ക് ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബര്‍ അഞ്ചിന് അഞ്ചിന് മദര്‍ തെരേസ അന്തരിച്ചു.

‘ബി.വി ദോഷി’; ഇന്ത്യന്‍ വാസ്തുവിദ്യയുടെ കുലപതി

$
0
0

തിരുവനന്തപുരം: വാസ്തുവിദ്യാരംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത ആര്‍ക്കിടെക്ട് ബാലകൃഷ്ണ വിതാല്‍ദാസ് ദോഷി എന്ന ബി.വി ദോഷി സ്‌പേസസ് ഫെസ്റ്റ് 2019-ന്റെ വേദിയിലെത്തുന്നു. അന്താരാഷ്ട്രവാസ്തുവിദ്യാരംഗത്തെ ആധുനികപ്രവണതകള്‍ പ്രാദേശിക ചേരുവയോടെ അവതരിപ്പിച്ച ദോഷി വാസ്തുവിദ്യാരംഗത്ത് തെക്കന്‍ ഏഷ്യന്‍ മേഖലയിലെ പ്രധാന വ്യക്തിത്വമാണ്. പൂനെ സ്വദേശിയായ ബി.വി ദോഷി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട ആര്‍ക്കിടെക്ട് കൂടിയാണ്.

ചെലവു കുറഞ്ഞ പാര്‍പ്പിട നിര്‍മ്മാണ രൂപകല്പനയിലൂടെ ശ്രദ്ധേയനായ ബി.വി ദോഷിയുടെ നിര്‍മ്മിതികള്‍ ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, ഇന്‍ഡോറിലെ ചെലവുകുറഞ്ഞ കെട്ടിടസമുച്ചയമായ അരണ്യ, അഹമ്മദാബാദിലെ ഹുസൈന്‍ദോഷി തുടങ്ങിയ നിര്‍മ്മിതികള്‍ ഏറെ ശ്രദ്ധേയമാണ്. അംദാവാദ് നി ഗുഫ എന്ന പേരില്‍ അദ്ദേഹം നിര്‍മ്മിച്ച ഭൂഗര്‍ഭ അറ മ്യൂസിയം എം.എഫ് ഹുസൈനുമായി ചേര്‍ന്നാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

രാജ്യത്ത് വാസ്തുവിദ്യാപഠനമേഖല നവീകരിക്കുന്നതിലും ദോഷി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, ആഗാഖാന്‍ പുരസ്‌കാരം, കലാമികവിനുള്ള ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വാസ്തുവിദ്യക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ബി.വി ദോഷിയാണ് സ്‌പേസസ് 2019-ന്റെ മുഖ്യ ആകര്‍ഷണം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് അരങ്ങേറുന്നത്.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

ഷീല ടോമിയുടെ നോവല്‍ ‘വല്ലി’പ്രകാശനം ചെയ്തു

$
0
0

ദോഹ: പ്രവാസി എഴുത്തുകാരി  ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം. പ്രസിഡന്റ് എം.സുനില്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.കെ.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.വിജയകുമാറില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. തുടര്‍ന്ന് ശ്രീനാഥ് ശങ്കരന്‍കുട്ടി വല്ലിയെ സദസ്സിനു പരിചയപ്പെടുത്തി.

വയനാടിന്റെ ഉള്ളറകള്‍ തേടിയ ഒരു യാത്രയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന  ഷീലാ ടോമിയുടെ വല്ലി യെന്ന നോവല്‍. ഒരു കാലത്ത് കാടും മലയും വെട്ടിപ്പിടിച്ച് ജിവിതം കരുപ്പിടിപ്പിച്ച വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവഗാഥ. കഥ പറച്ചിലിന്റെ വേറിട്ട വഴികള്‍ തേടുന്ന  ഷീലാ ടോമിയുടെ ഈ നോവലിന് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘അടൂര്‍ ഗോപാലകൃഷ്ണന്‍’; മലയാള സിനിമയുടെ നിത്യവിസ്മയം

$
0
0

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടിക്കൊടുത്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ അതിഥിയായെത്തുന്നു. സ്‌പേസസ് വേദിയിലെത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനുമായി Architecture and Cinema: Space in the Cinematic Imagination എന്ന വിഷയത്തില്‍ കെ.ആര്‍ മനോജാണ് അഭിമുഖസംഭാഷണം നടത്തുന്നത്.

മലയാളസിനിമയുടെ മുഖം മാറ്റിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. അടൂരിന്റെ സ്വയംവരത്തിന് മുമ്പു വരെ സിനിമകള്‍ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യവശത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകള്‍ ചിന്തിക്കുവാന്‍ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച സ്വയംവരത്തെ സാധാരണ സിനിമാ പ്രേക്ഷകര്‍ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങള്‍ മാത്രം ഈ പുതിയ രീതിയെ സഹര്‍ഷം എതിരേറ്റു.

കേരളത്തില്‍ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ്. അരവിന്ദന്‍, പി.എ.ബക്കര്‍, കെ.ജി. ജോര്‍ജ്, പവിത്രന്‍, രവീന്ദ്രന്‍ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നിവയാണ് അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി അംഗീകാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച സംവിധായകര്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, ജെ.സി ദാനിയേല്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പേസസ് ഫെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് അരങ്ങേറുന്നത്.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

ഞാനും ബുദ്ധനും എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍

$
0
0

കരുണയുടെ ഉള്ളുറവകളില്‍ നിന്നുള്ള സൗമ്യപ്രവാഹമായാണ് ബുദ്ധനും ബുദ്ധദര്‍ശനങ്ങളും അതിന്റെ ചരിത്രപ്രയാണമാരംഭിച്ചത്. പതുക്കെ അതൊരു മഹാപ്രവാഹമായി, അന്നുവരെയുള്ള സാമൂഹ്യജീവിതത്തിന്റെ ആധാരശിലകളെ ഇളക്കിക്കളഞ്ഞ കുത്തൊഴുക്കായി. ജനപദങ്ങളെ മുക്കിക്കളഞ്ഞ പീതാംബര പ്രളയമായി. അനുയായികളും അനുചരവൃന്ദങ്ങളുമായി ബുദ്ധനു പിറകെ കൂടിയവരില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അപമാനഭാരം പേറിയ അസ്പൃശ്യര്‍ മാത്രമായിരുന്നില്ല. സര്‍വ്വാധികാരത്തിന്റെ സപ്രമഞ്ചങ്ങളുമുപേക്ഷിച്ച് സര്‍വ്വംഗപരിത്യാഗികളായ ചക്രവര്‍ത്തിമാരുമുണ്ടായിരുന്നു.

ഉത്തരദക്ഷിണാവര്‍ത്തങ്ങളെ ഇളക്കിമറിച്ച ബുദ്ധമതം ഇന്ന് ഇന്ത്യയില്‍ സജീവ സാന്നിദ്ധ്യമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു പല രാഷ്ട്രങ്ങളിലും ഉള്ളത്ര പോലും ശതമാനം ജനത ഈ മഹാരാജ്യത്ത് ഒരു മതം എന്ന നിലയില്‍ അതിനെ പിന്‍പറ്റുന്നില്ല. പക്ഷേ അവബോധത്തിലും, ജീവിത രീതിയിലും ബുദ്ധ ദര്‍ശനങ്ങള്‍ പലതരത്തില്‍ നമ്മുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ബുദ്ധനുണര്‍ത്തിയ ചോദ്യങ്ങളില്‍ സ്തംഭിച്ചു നിന്ന വൈദികമതം അതിന്റെ പ്രപഞ്ചവീക്ഷണത്തെയും രീതിശാസ്ത്രത്തെയും കൂടി സ്വാംശീകരിച്ചാണ് പുനരുജ്ജീവിക്കപ്പെട്ടത്. (ആദിശങ്കരന്‍ ‘പ്രച്ഛന്നബുദ്ധന്‍’ എന്ന് പരിഹസിക്കപ്പെട്ടിരുന്നുവല്ലോ?) ബുദ്ധയുഗത്തിന്റെ അസ്തമയത്തെക്കുറിച്ച് ചരിത്രം പലതരത്തില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ രണ്ടു വസ്തുതകള്‍ പ്രധാനമാണ്. ഈ ഭൂമിയിസില്‍ മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന രണ്ട് സവിശേഷ പ്രക്രിയകളുണ്ട്. ഒന്ന് ഉല്പാദനവും മറ്റൊന്ന് പ്രത്യുല്പാദനവും.

പ്രത്യുല്പാദനം പ്രകൃതിയുടെ നിയോഗമെങ്കില്‍ ഉല്പാദനപ്രക്രിയയാണ് സംസ്‌കൃതിയുടെ ആധാരശില. പ്രത്യുല്പാദനത്തെ ലക്ഷ്യം വച്ചുള്ള കുടുംബജീവിതവും ഉല്പാദനക്രമത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന തൊഴില്‍/സാമൂഹ്യജീവിതവും. ഇവയില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാവുന്ന പലവിധ മമതകളുണ്ട്. ആഗ്രഹങ്ങളുടെ / കാമനകളുടെ ലോകമാണ്, വിലോഭനീയമായ അവയുടെ നിറങ്ങളാണ് ഈ രണ്ട് ജീവിതങ്ങള്‍ക്കും ഊര്‍ജ്ജമാവുന്നത്.

മനുഷ്യന്‍ തന്റെ മോഹങ്ങളില്‍ സൂക്ഷിക്കുന്ന ഈ ലോകത്തിന്റെ നിറപ്പകിട്ടും യഥാര്‍ത്ഥ ജീവിതത്തിന്റെ നിറമില്ലായ്മയും തമ്മിലുള്ള പൊരുത്തക്കേടാണ്, സംഘര്‍ഷങ്ങളാണ് എല്ലാത്തരം ദു:ഖങ്ങളുടേയും അടിസ്ഥാനകാരണം. അതുകൊണ്ട് മമതയില്‍ നിന്നു പുറത്തു കടക്കാന്‍, ആഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ ബുദ്ധന്‍ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ലോകത്തോട് തോന്നുന്ന സമഭാവനയില്‍ അധിഷ്ഠിതമായ കരുണയെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരാട്ടിന്‍കുട്ടിക്ക് പകരം തന്റെ ശരീരം സമര്‍പ്പിക്കാന്‍ ആ നിരാസക്തിക്ക് സാധിക്കുന്നുണ്ട്.എല്ലാ ആഗ്രഹങ്ങളും ആന്ദനങ്ങളും ചെന്നുചേരുന്ന/സംവദിക്കുന്ന ഇന്ദ്രിയബദ്ധമായ ഉടല്‍. അതിന്റെ കാമനകളില്‍ നിന്നു മുക്തനാവാനുള്ള യുദ്ധമായിരുന്നു ബുദ്ധജീവിതം.

അതുകൊണ്ട് ഇണയില്‍ നിന്ന്/തൊഴിലില്‍ നിന്ന് ബുദ്ധന്‍ വഴിമാറി നടന്നു. തന്നെ പിന്‍പറ്റിയവര്‍ക്ക് ചീവരവും മരയോടും നല്‍കി. പക്ഷേ, ഭിക്ഷുക്കള്‍ കയ്യിലേന്തിയ മരയോടുകള്‍ നിറയണമെങ്കില്‍ അദൃശ്യമായ സ്ഥലങ്ങളില്‍, ചരിത്രം അടയാളപ്പെടുത്താത്ത മനുഷ്യര്‍ മണ്ണിലിറങ്ങിപ്പണിയണമായിരുന്നു. ഒരു തത്വചിന്തയിലും അടയാളപ്പെടുത്തിയിട്ടില്ലാത്ത മനുഷ്യര്‍.മമതയാല്‍, സ്വാര്‍ത്ഥതയാല്‍, ആഗ്രഹങ്ങളാല്‍ ബന്ധിതനായതുകൊണ്ടാണ് മനുഷ്യര്‍ അദ്ധ്വാനിക്കുന്നത്. ലോകം മുഴുവന്‍ ഈ മമതയില്‍ നിന്നു മുക്തി നേടിയാല്‍ പിന്നെ ഈ ഭിക്ഷാപാത്രത്തില്‍ എന്തു വന്നു നിറയുമെന്നാവും ബുദ്ധന്‍ കരുതിയിട്ടുണ്ടാവുക? പ്രകൃതി ശരീരത്തിലും മനസ്സിലും നിറച്ച രതിയുടെ രാസപരാഗങ്ങളെ ഭയന്നാണല്ലോ യശോധരയില്‍ (ഗോപ) നിന്ന്, ചോരക്കുഞ്ഞായ രാഹുലനില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ഒളിച്ചു പോവുന്നത്. (കരുണയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച ക്രിസ്തുമതത്തിന്റേയും അടിസ്ഥാന ഭയങ്ങളില്‍ ഒന്ന് ശരീരം തന്നെയായിരുന്നു എന്നത് യാദൃശ്ചികമാവാം).

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിനെക്കുറിച്ച് ഷിജു.ആര്‍ എഴുതിയ വായനാനുഭവം

ആനന്ദും എം.എന്‍ കാരശ്ശേരിയുമായുള്ള അഭിമുഖസംഭാഷണം

$
0
0

എന്റെ നോട്ടത്തില്‍, ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികളില്‍ ഏറ്റവും ഉന്നതനായ ചിന്തകനാണ് ആനന്ദ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സര്‍വദിക്കില്‍ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സമകാലികസമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നറിയാനുള്ള ആധി മുഴുത്തപ്പോള്‍ ഞാന്‍ ദല്‍ഹിക്കു ചെന്നു.

കഴിഞ്ഞ മാര്‍ച്ച് മാസം മുഴുവന്‍ ഞാന്‍ തലസ്ഥാനനഗരിയില്‍ ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി, സുഖ്‌ദേവ് വിഹാറിലെ വീട്ടിലിരുന്ന് ഞാന്‍ ആനന്ദുമായി ദീര്‍ഘദീര്‍ഘമായി സംസാരിച്ചു. പറ

യുന്നതും കേള്‍ക്കുന്നതുമൊക്കെ അപ്പപ്പോള്‍ കുറിക്കുന്നുണ്ടായിരുന്നു. സംഭാഷണരൂപത്തില്‍ അന്നോ പിറ്റേന്നോ തന്നെ എഴുതിപ്പോന്നു. പത്ത് ഭാഗങ്ങളുള്ള ദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

എം.എന്‍. കാരശ്ശേരി: എഴുതിത്തുടങ്ങിയത് എപ്പോഴാണ്?

ആനന്ദ്: 1960-കളുടെ തുടക്കത്തിലാവണം.

എന്താണ് ആദ്യമെഴുതിയത്?

ആള്‍ക്കൂട്ടം- ബറോഡയിലിരിക്കെയാണ് തുടങ്ങിയത്.

അതിന് എത്ര സമയം വേണ്ടിവന്നു?

1968- ലാണ് അതു പൂര്‍ത്തിയാക്കിയത്. 1970-ല്‍ എന്‍.ബി.എസ്. പ്രസിദ്ധീകരിച്ചു.

 ആള്‍ക്കൂട്ടം ആദ്യം എം. ഗോവിന്ദനെ കാണിച്ചു എന്ന് കേട്ടിട്ടുണ്ട്. 

അതെ. അസമില്‍നിന്ന് നാട്ടിലേക്ക് പോകുന്ന വഴി മദിരാശിയില്‍ ഇറങ്ങി. ചെന്നപ്പോള്‍ ഗോവിന്ദന്‍ വീട്ടിലില്ല. അത് അവിടെ ഏല്‍പ്പിച്ചു പോരികയായിരുന്നു.

അതിനെപ്പറ്റി ഗോവിന്ദന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആനന്ദ് അവിടെ വെച്ചുപോന്ന കയ്യെഴുത്തുകോപ്പിയുടെ ആദ്യത്തെ താളില്‍ ചായഗ്ലാസ് വെച്ചതിന്റെ പാട് കണ്ട് അദ്ദേഹം അമ്പരന്നു എന്നാണ് പറഞ്ഞത്. 

ഗോവിന്ദന്‍ സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് അത് അവിടെ ഏല്‍പ്പിച്ചു പോന്നു.

അത് ഗോവിന്ദനെ കാണിക്കണം എന്ന് തോന്നുവാനെന്താ?

ഞാന്‍ അദ്ദേഹത്തിന്റെ മാസികകളുടെ വരിക്കാരനും വായനക്കാരനും ആയിരുന്നു. കത്തുകളിലൂടെ പരിചയമുണ്ട്. അപ്പോള്‍ അതു കാണിച്ചേക്കാം എന്നുതോന്നി.

ആനന്ദിന്റെ ധാരാളം കത്തുകള്‍ ‘സമീക്ഷ’ മാസികയുടെ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചുകണ്ടത് എനിക്കോര്‍മ്മയുണ്ട്.

ഗോവിന്ദന് ചുറ്റും ധാരാളം ബുദ്ധിജീവികളും എഴുത്തുകാരും ഉണ്ടായിരുന്നു.

കെ.പി. അപ്പന്‍ ആ ‘ചങ്ങാത്ത’ത്തെ പവിത്ര സംഘം’എന്നു വിളിച്ചിട്ടുണ്ട്. ഗോവിന്ദന്റെ സംഭാവന എന്താണ്? 

ഭൗതികമായി ചൂണ്ടിക്കാണിക്കാവുന്ന തരമല്ല, ആ സംഭാവന. അദ്ദേഹത്തിന്റെ സാന്നിധ്യം അന്തരീക്ഷം ശുദ്ധീകരിക്കുന്ന പ്രാണവായു ഉത്പാദിപ്പിച്ചു. നമ്മുടെ ഭാഷയിലെ ആധുനികത്വത്തില്‍ ആ സാന്നിധ്യം വളരെ പ്രധാനമാണ്. ബുദ്ധിജീവികള്‍ കുറവായ നമ്മുടെ സാഹിത്യരംഗത്ത് പ്രത്യേകിച്ചും.

പഴയ ആശയങ്ങളെ വിചാരണ ചെയ്യുകയും പുതിയ ആശയങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നവരാണല്ലോ ബുദ്ധിജീവികള്‍-ആശയങ്ങള്‍ വിശകലനം ചെയ്യുന്നവര്‍. അത്തരക്കാര്‍ മലയാളത്തില്‍ അത്ര കുറവാണോ?

സാഹിത്യത്തിലും സിനിമയിലുമൊക്കെ പുതിയ പുതിയ പൊടിപ്പുകള്‍ ഉണ്ടായിവരുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗോവിന്ദന് വലിയ പങ്കുണ്ട്. അത്തരക്കാര്‍ക്കെല്ലാം ഒത്തുചേരാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയിരുന്നു ഗോവിന്ദന്‍.

ഗോവിന്ദന്റെ രാഷ്ട്രീയത്തെപ്പറ്റി എന്താ വിചാരിക്കുന്നത്?

എം.എന്‍. റോയിയുടെ രാഷ്ട്രീയചിന്തയാണ് ഗോവിന്ദനെ സ്വാധീനിക്കുന്നത്. എം.എന്‍.റോയി ഒരു ബുദ്ധിജീവിയാണ്. നേരത്തേ പറഞ്ഞപോലെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലും ബുദ്ധിജീവികള്‍ കുറവാണ്.

റോയിയുടെ രാഷ്ട്രീയചിന്തയ്ക്ക് ആനന്ദ് കാണുന്ന പ്രസക്തിയെന്താണ്?

കമ്മ്യൂണിസം ഒരു ഉറച്ച പ്രത്യയശാസ്ത്രമായി കട്ടപിടിച്ചപ്പോള്‍ അതില്‍ ചിന്താസ്വാതന്ത്ര്യത്തിന് ഇടം ഇല്ലാതായി. ഈ ഇടം ഉണ്ടാക്കുന്ന പണിയാണ് റോയി എടുക്കുന്നത്–‘ബിയോണ്ട് കമ്മ്യൂണിസം’ എന്ന പുസ്തകം ഉദാഹരണം. റാഡിക്കല്‍ ഹ്യൂമനിസത്തിന്റെയും ഉള്ളടക്കം ഇതാണ്. കമ്മ്യൂണിസം ഒരു പ്രത്യയശാസ്ത്രമാണ്. ഹ്യൂമനിസം അല്ല. അത് ഒരു സമീപനമാണ്. ഈ വഴിക്കാണ് ഗോവിന്ദനും പോയത്- ‘സ്വല്പം ചിന്തിച്ചാലെന്ത്?’ ‘കമ്മ്യൂണിസത്തില്‍നിന്ന് മുന്നോട്ട്’ തുടങ്ങിയ ഗോവിന്ദന്റെ പുസ്തകങ്ങള്‍  ഒരുപാട് പേരെ സ്വാധീനിച്ചിട്ടുണ്ട്.  അത് നമ്മുടെ നാട്ടിലെ ജനാധിപത്യസങ്കല്‍പ്പത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനാധിപത്യത്തെ പ്രത്യയശാസ്ത്രമായി കാണുവാന്‍ കഴിയുമോ? അത് രീതിശാസ്ത്രം മാത്രമല്ലേ?

ജനാധിപത്യം പ്രത്യയശാസ്ത്രമല്ല; ‘ഇസം’ അല്ല; അതൊരു മൂല്യവ്യവസ്ഥയാണ്.

കമ്മ്യൂണിസത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങളെന്തൊക്കെയാണ്? ഈ സ്വാതന്ത്ര്യമില്ലായ്മയാണോ മുഖ്യം?

അതും മുഖ്യമാണ്. ‘ജൈവമനുഷ്യന്‍’ എന്ന പുസ്തകത്തില്‍ രണ്ട്-മൂന്ന് അധ്യായങ്ങളില്‍ ഞാന്‍ എന്റെ സമീപനം വിശദീകരിച്ചിട്ടുണ്ട്.

അത് വിശദമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. നമുക്കതിലേക്ക് പിന്നെ വരാം. ഇന്നത്തെ നമ്മുടെ ജനാധിപത്യത്തെപ്പറ്റി എന്താണ് പറയാനുള്ളത്?

ഇന്നത്തെ ജനാധിപത്യം വ്യക്തികളുടെ ആത്മാര്‍ത്ഥത നശിപ്പിച്ചു. കാപട്യവും അധികാര രാഷ്ട്രീയവും പൊന്തിവന്നു. ഇന്നത്തെ മാതിരിയുള്ള മുന്നണി സങ്കല്‍പ്പങ്ങളൊക്കെ അന്നും ഉണ്ട്. കോണ്‍ഗ്രസ് അങ്ങനെയൊന്നായിരുന്നു. എങ്കിലും സത്യസന്ധത ഉണ്ടായിരുന്നു. വ്യക്തത-ക്ലാരിറ്റി-ഉണ്ടായിരുന്നു. പഴയ സ്വാതന്ത്ര്യസമരകാലത്തെ ധാര്‍മ്മികതയുടെ തുടര്‍ച്ചയാണത്. അതു കൊണ്ടുവന്നത് ഗാന്ധിയാണ്. നെഹ്‌റുവിനു ശേഷം ഒരു അസ്ഥിരത വന്നു. സ്വാര്‍ത്ഥത, അധികാരമോഹം, അഴിമതി-എല്ലാം കുടിയേറി.

നെഹ്‌റുവിന്റെ കാലത്തല്ലേ, അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്ന അഴിമതിക്കേസ്സിനെത്തുടര്‍ന്ന് ധനകാര്യമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജിവെക്കേണ്ടിവന്നത്?

മുണ്ട്‌റ കേസ് അല്ലേ? അങ്ങനെ ചിലതൊക്കെയുണ്ട്. എങ്കിലും ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്.

എന്താണ് നെഹ്‌റുവിന്റെ സംഭാവന?

സ്വാതന്ത്ര്യത്തിന് നമ്മുടെ രാജ്യത്തിന് ഒരു ധാര്‍മ്മികൗന്നത്യം (മോറല്‍ സ്റ്റേച്ചര്‍) ഉണ്ടാക്കിത്തന്നത് ആ മനുഷ്യനാണ്. എന്തെല്ലാം വൈചിത്ര്യങ്ങളുള്ള നാടാണിത്? 10-25 ഭാഷകള്‍. പല മതങ്ങള്‍. അനേകം ജാതികള്‍. ആചാരങ്ങള്‍. പല തലത്തില്‍ വിഘടനവാദങ്ങള്‍. ഇന്ത്യ അധികനാള്‍ ഉണ്ടാവില്ല, തകര്‍ന്നുപോകും എന്ന് പലരും കരുതിയതാണ്. ഇന്ത്യയെ ഇങ്ങനെ ഒരുമിപ്പിച്ച് നിര്‍ത്തിയത് നെഹ്‌റു പിന്തുടര്‍ന്ന മാനവികതയും ആര്‍ജ്ജവവും സത്യസന്ധതയും ധാര്‍മ്മികതയുമാണ്. സ്വാതന്ത്ര്യത്തിനുശേഷം ദേശീയരാഷ്ട്രീയം കൊണ്ടുനടന്നത്  നെഹ്‌റുവാണ്. ഗാന്ധിക്ക് അത് സാധിക്കുമായിരുന്നില്ല. ഗാന്ധി മികച്ച രാഷ്ട്രീയക്കാരന്‍തന്നെ. പക്ഷേ, അന്ന് ഇന്ത്യ എന്നത് ഒരു ആശയം മാത്രമായിരുന്നു; അത് ഒരു ജനാധിപത്യരാഷ്ട്രമാക്കിയത് നെഹ്‌റുവിന്റെ കാലത്താണ്; ഒരു സെക്കുലര്‍ സ്റ്റേച്ചര്‍ ഉണ്ടായതും. അയിത്തം, സ്ത്രീകളോടുള്ള വിവേചനം മുതലായവ അവസാനിപ്പിച്ച് നാം സ്വയം ശുദ്ധരായാലേ നമുക്ക് സ്വാതന്ത്ര്യത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് ഗാന്ധി പലപ്പോഴും പറഞ്ഞിരുന്നു.

ഈ വീട്ടില്‍ ഒരാളുടെ ഫോട്ടോ മാത്രമേ വെച്ചിട്ടുള്ളൂ-ഗാന്ധിയുടേത്. ഗാന്ധിക്ക് കാണുന്ന പ്രത്യേകതയെന്താണ്?

ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം വിമര്‍ശനങ്ങളെ അനുവദിച്ചിരുന്നു എന്നതാണ്. തന്റെ വാക്കിനെയോ പ്രവൃത്തിയെയോ ആരെങ്കിലും വിമര്‍ശിക്കുന്നതിനു നേരേ അദ്ദേഹം അസഹിഷ്ണുവായിരുന്നില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറായിരുന്നു. താന്‍ ദൈവമാണെന്നോ അവതാരമാണെന്നോ പ്രവാചകനാണെന്നോ പുണ്യപുരുഷനാണെന്നോ ഒന്നും ഭാവിച്ചിരുന്നില്ല. പിന്നെ, ഏത് അഭിപ്രായക്കാരെയും നിലപാടുകാരെയും അദ്ദേഹം ഉള്‍ക്കൊണ്ടു. വ്യത്യസ്തതയോ വൈരുദ്ധ്യമോ ഉള്ളവരെ അപരന്മാരായിക്കാണുന്ന രീതിയില്ല. ലോകത്തിലെ മിക്ക ചിന്താസംഹിതകളും മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യാറ്. വിശ്വാസി- അവിശ്വാസി, ധര്‍മ്മി-അധര്‍മ്മി എന്ന രീതിയില്‍. ‘അദറി’നെ സൃഷ്ടിക്കാനാണത്-ഒരു വിഭാഗത്തെ പുറത്തു നിര്‍ത്തുന്ന രീതി. അവരെ ഉള്‍ക്കൊള്ളാത്ത രീതി. അല്ലാത്തത് അപൂര്‍വ്വമാണ്. ‘തെറ്റു ചെയ്യാത്തവന്‍ കല്ലെറിയട്ടെ’ എന്നു പറഞ്ഞ ക്രിസ്തു ഒരപവാദമാണ്. ക്രിസ്തു ഒരു മതം സ്ഥാപിച്ചില്ല. ആ മനുഷ്യന്റെ പേരില്‍ സ്ഥാപിതമായ മതത്തില്‍ വിശ്വാസി-അവിശ്വാസി എന്ന് അപരത്വമുണ്ട്. പക്ഷേ, ക്രിസ്തുവില്‍ അതില്ല. അപരന്മാരാക്കി മാറ്റി നിര്‍ത്തുന്ന സ്വന്തം പാരമ്പര്യത്തിലെ യഹൂദരുടെ ‘പഴയ നിയമ’ത്തെ ക്രിസ്തു നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ക്രിസ്തീയപാരമ്പര്യം ഇതിനെ മറിച്ചിട്ടു. ഇസ്‌ലാമും ഫാസിസവും നാസിസവും കമ്മ്യൂണിസവുമെല്ലാം  അന്യരാക്കി, അപരന്മാരാക്കി ചിലരെ മാറ്റി നിര്‍ത്തുന്ന ഈ രീതിയാണ് തുടര്‍ന്നത്-എക്‌സ്റ്റേണലൈസിങ്. ചിലര്‍ നമ്മളില്‍ പെട്ടവരല്ല. നമ്മളില്‍ പെടാത്തവര്‍ അന്യരാണ്, ശത്രുക്കളാണ് എന്നുവരെയും. സംഘടിതമതങ്ങള്‍ക്കെല്ലാം ഈ സ്വഭാവമുണ്ട്. ആത്മവിമര്‍ശനം എന്ന സംഗതിയില്ല. അവര്‍ സ്വയം വിമര്‍ശിക്കുകയില്ല, തങ്ങളെ വിമര്‍ശിക്കുവാന്‍ മറ്റുള്ളവരെ വിടുകയും ഇല്ല. കബീറിന്റെ ഒരു ദോഹയുണ്ട്:

‘ബുരാ ജോ ദേഖന്‍ മേ ചലാ

ബുരാ ന മിലിയാ കോയി 

ജോ ദില്‍ ഖോജാ അപ്‌നോ

മുഝ് സേ ബുരാ ന കോയി”

അര്‍ത്ഥമിതാണ്: ചീത്ത മനുഷ്യനെ അന്വേഷിച്ച് ഞാന്‍ നടന്നു. ഒരു ചീത്ത മനുഷ്യനെയും കണ്ടുകിട്ടിയില്ല. എന്റെ ഉള്ളിലേക്കു നോക്കിയപ്പോള്‍ മനസ്സിലായി, എന്നെക്കാള്‍ ചീത്തയായി ആരുമില്ല!മെച്ചപ്പെടാനുള്ള വഴി ഇതാണ്-അവനവന്റെ ഉള്ളിലേക്ക് നോക്കുക. മറ്റുള്ളവരെയല്ല, നോക്കേണ്ടത്. സഹിഷ്ണുത ഇല്ല എന്നുവെച്ച്  സംഘടിതമതങ്ങള്‍ക്ക് യാതൊരു നന്മയും ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. സേവനോത്സുകമായ മാനവികതയെ ക്രിസ്തുമതം പില്‍ക്കാലത്ത് വീണ്ടെടുത്തിട്ടുണ്ട്.  രാഷ്ട്രീയത്തില്‍ ഗാന്ധി കൊണ്ടുവന്നത് ഏതാണ്ട് കബീറിന്റെ രീതിയാണ്.

സത്യഗ്രഹം എന്നത് സത്യത്തെ മുറുകെപ്പിടിക്കലാണ്. വാക്ക് സത്യാഗ്രഹമല്ല. ആഗ്രഹിക്കലല്ല, കുഴപ്പം ഉണ്ടാക്കലല്ല, കുഴപ്പം പരിഹരിക്കലാണ്. ചമ്പാരനില്‍ നീലം കൃഷിക്കാരുടെ  പ്രശ്‌നം പഠിക്കാന്‍ അദ്ദേഹം ചെന്നപ്പോള്‍ ആദ്യം ബ്രിട്ടീഷുകാര്‍ വിചാരിച്ചത് ഈ കക്ഷി കുഴപ്പം ഉണ്ടാക്കാന്‍ വന്നു എന്നാണ്. കുഴപ്പങ്ങള്‍ സംസാരിച്ച് പരിഹരിക്കാം എന്ന് ഗാന്ധിക്ക് ഉത്തമബോധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ശത്രുക്കളില്ല. താനുമായി അഭിപ്രായവ്യത്യാസം ഉള്ള ആളുകളും താനും ചേര്‍ന്ന് സംയുക്തമായി സത്യത്തെ അന്വേഷിക്കുന്നു എന്നാണ് അദ്ദേഹം സത്യമായും കരുതിയിരുന്നത്.

അയിത്തത്തിനെതിരായ ഇന്ത്യയിലെ ആദ്യകാല സമരങ്ങളിലൊന്നാണല്ലോ വൈക്കം സത്യഗ്രഹം- 1924-25 കാലത്താണ്. അതില്‍ ഗാന്ധി ആദ്യവസാനം ഇന്‍വോള്‍വ് ചെയ്യുന്നുണ്ട്. അദ്ദേഹം തിരുവിതാംകൂറിലെ മഹാറാണി സേതുലക്ഷ്മി ബായിയെയും ദിവാനെയും കണ്ട് സംസാരിച്ചു. ആഭരണങ്ങളോ രാജകീയപ്രൗഢി വിളിച്ചോതുന്ന വേഷഭൂഷകളോ ഇല്ലാതെ, ഒരു വെളുത്ത മുണ്ട് ധരിച്ചിരിക്കുന്ന റാണി ഗാന്ധിയെ ആകര്‍ഷിച്ചു. ‘അവര്‍ മനസ്സുകൊണ്ട് നമ്മുടെ കൂടെയാണ്’ എന്നായിരുന്നു പ്രതികരണം. ഗാന്ധി ഒരിക്കലും എവിടെയും നിരാശനാകാറില്ല. ‘നിരാശ എന്ന വാക്ക് എന്റെ പ്രസ്ഥാനത്തിലില്ല’ എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.  ഗാന്ധിക്ക് കിട്ടിയ ഒരു വിശേഷണം ‘പ്രതീക്ഷയുടെ  തടവുകാരന്‍'(പ്രിസണര്‍ ഓഫ് ഹോപ്പ്) എന്നതാണ്. അദ്ദേഹത്തിന് വിജയവും പരാജയവും ഇല്ല.

തുടര്‍ന്നു വായിക്കാം 

അഭിമുഖത്തിന്റെ ബാക്കി ഭാഗം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

(പത്ത് ഭാഗങ്ങളുള്ള ദീര്‍ഘമായ അഭിമുഖത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ മാത്രമാണിത്. വര്‍ത്തമാനകാല വര്‍ത്തമാനം എന്ന ഈ സംവാദത്തിന്റെ പുസ്തകരൂപം ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കും.)

വെട്ടം മാണിയുടെ ജന്മവാര്‍ഷികദിനം

$
0
0

കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാന്‍. മാതാവ് അന്നമ്മ. അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് അംഗീകൃത സ്‌കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകള്‍ക്കും ട്യൂഷന്‍ കൊടുക്കുന്ന ഒരു ട്യൂട്ടോറിയല്‍ കോളജ് വളര്‍ത്തിയെടുക്കുകയും ചെയ്തു.

ട്യൂട്ടോറിയല്‍ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എന്‍സൈക്ലോപീഡിയയുടെ നിര്‍മ്മാണം തുടങ്ങിയത്. പകല്‍ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വര്‍ഷങ്ങളോളം അധ്വാനിച്ചു. 1964-ല്‍ നാലു വാല്യങ്ങളായി പുരാണിക് എന്‍സൈക്ലോപീഡിയയുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1967ല്‍ രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ ഭാഷയിലും അതിന് സമാനമായൊരു കൃതിയില്ല.

1971-ല്‍ ഭാവന എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പ് തുടങ്ങിയെങ്കിലും 20 ലക്കങ്ങള്‍ക്കു ശേഷം അത് നിര്‍ത്തേണ്ടിവന്നു. ലഘുപുരാണ നിഘണ്ടു, ഇംഗ്ലീഷ് ഗുരുനാഥന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍. 1987 മെയ് 29-ന് അറുപത്തഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.


ഉദ്ധരണികള്‍

$
0
0

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനംതന്നെ പാരില്‍

വള്ളത്തോള്‍ നാരായണമേനോന്‍

ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന്‍ ചൗധരി അന്തരിച്ചു

$
0
0

ദില്ലി: ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. അസുഖബാധിതയായിരുന്ന ഇവര്‍ ദീര്‍ഘനാളായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള കാഞ്ചന്‍ ചൗധരി 2004-ലാണ് ഡിജിപിയായി നിയമിക്കപ്പെട്ടത്. ഉത്തരാഖണ്ഡ് ഡിജിപിയായാണ് നിയമിതയായത്. കിരണ്‍ ബേദിക്ക് ശേഷം നിയമിക്കപ്പെട്ട രാജ്യത്തെ രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയാണ് കാഞ്ചന്‍ ചൗധരി.

സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുകയും സ്ത്രീസമത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന കാഞ്ചന്‍ ചൗധരി രാഷ്ട്രീയത്തിലും അല്പകാലം പ്രവര്‍ത്തിച്ചിരുന്നു. പൊലീസില്‍ നിന്ന് വിരമിച്ച ശേഷം 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഞ്ചന്‍ ചൗധരി ആം ആദ്മി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.

വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കാഞ്ചന്‍ ചൗധരിക്ക് ലഭിച്ചിരുന്നു.  രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.

കണ്ണശ്ശ സ്മാരക പുരസ്‌കാരം പ്രൊഫ. പി.മാധവന്‍ പിള്ളയ്ക്ക്

$
0
0

തിരുവല്ല: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ സ്മാരകപുരസ്‌കാരം വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ളയ്ക്ക്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് 30-ാം തീയതി കടപ്ര കണ്ണശ്ശ സ്മാരക സ്‌കൂളില്‍ നടക്കുന്ന കണ്ണശ്ശ ദിനാചരണത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്‍ പുരസ്‌കാരം സമ്മാനിക്കും. മാത്യു ടി.തോമസ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 28,29 തീയതികളില്‍ തിരുവല്ല ഡയറ്റില്‍ ഒരു സംസ്ഥാന ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. 28-ാം തീയതി രാവിലെ 10 മണിക്ക് കവി എന്‍.പ്രഭാവര്‍മ്മ ശില്പശാല ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാറിന്റെ സെമിനാറും ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

എന്റെ വഴി എന്റെ ശരി: രഘുറാം ജി.രാജന്‍

$
0
0

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം ജി. രാജന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യന്‍ സമ്പദ്ഘടന. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട് കഠിനമായ പരിശ്രമത്തിലൂടെയും നിര്‍ണ്ണായകമായ തീരുമാനങ്ങളിലൂടെയും തന്റെ രാജ്യത്തിന് ലോകശക്തികള്‍ക്കൊപ്പം നിലനില്‍ക്കാന്‍ അദ്ദേഹം പ്രാപ്തി നല്‍കി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെയും ബാങ്കിങ് മേഖലയുടെയും വിപണിയുടെയും സങ്കീര്‍ണ്ണതകളും പ്രശ്‌നപരിഹാരവും പങ്കുവെക്കുകയാണ് എന്റെ വഴി എന്റെ ശരി (I Do What I Do ) എന്ന പുസ്തകത്തിലൂടെ രഘുറാം രാജന്‍. ടോം മാത്യുവാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ രഘുറാം രാജന്‍ കുറിക്കുന്നു

ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ഗവര്‍ണ്ണറായി സ്ഥാനമേറ്റ് അധികം കഴിയുംമുമ്പ് ഹാര്‍പര്‍ കോളിന്‍സിലെ കൃഷ്ണന്‍ ചോപ്ര എന്നോട് ഒരു പുസ്തകം എഴുതാന്‍ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള എന്റെ പ്രഭാഷണങ്ങളും മുന്‍കാല ലേഖനങ്ങളും എഡിറ്റ് ചെയ്ത് സമാഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. അത്യധികം തിരക്കായതിനാല്‍ സമയക്കുറവ് ചൂണ്ടിക്കാട്ടി ഞാന്‍ ഒഴിവായി. ഗവര്‍ണ്ണര്‍ പദവിയുടെ അവസാനകാലഘട്ടമെത്തിയപ്പോള്‍ സമയം ഒരു തടസ്സമല്ലെന്ന് ഞാന്‍ മനസ്സിലാക്കി. റിസര്‍വ്വ് ബാങ്കിലായിരിക്കേ ഞാന്‍ നടത്തിയ പ്രഭാഷണങ്ങളില്‍, നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പൊതുജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുന്നതിനും വേണ്ട സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും അതിനു പിന്നിലെ യുക്തിയെക്കുറിച്ചും വിശദീകരിച്ചിരുന്നു. ആ പ്രഭാഷണങ്ങള്‍, അവയ്ക്കു പിന്നിലെ പ്രേരകശക്തിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പം ഒരു പുസ്തകത്തില്‍ ഒന്നിച്ചുചേര്‍ത്താല്‍ കേന്ദ്രബാങ്കിനൊപ്പം ജോലി ചെയ്യുന്നതിന്റെ ആവേശം രാജ്യത്തെ യുവജനങ്ങളെ അനുഭവവേദ്യമാക്കാന്‍ എനിക്കു കഴിഞ്ഞേക്കും. ഇന്ത്യ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മികച്ച ആളുകളെ ആവശ്യപ്പെടുന്ന സാമ്പത്തിക ശാസ്ത്രത്തിന്റെയും ധനകാര്യത്തിന്റെയും മേഖലയിലേക്ക് ചിലരെയെങ്കിലും ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞേക്കും. റിസര്‍വ്വ് ബാങ്കില്‍ ഞാന്‍ ചെയ്ത കാര്യങ്ങളുടെ യുക്തി വിശദീകരിക്കാന്‍ കഴിഞ്ഞാല്‍, പൂര്‍ത്തിയാക്കിയ പരിഷ്‌കരണങ്ങള്‍ക്ക് തിരിച്ചടി നേരിടാതെ നിലനില്‍ക്കാനും നടന്നുവരുന്ന പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞേക്കും.

എന്റെ പിന്‍ഗാമി പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങുന്ന ആദ്യനാളുകളില്‍ ഏതെങ്കിലും വിധത്തിലുള്ള എന്റെ ഇടപെടല്‍ ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ ഒരു വര്‍ഷത്തേക്ക് നിശബ്ദത പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിനുശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്റെ വിവിധ പ്രഭാഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഉദ്ദേശ്യം ആമുഖക്കുറിപ്പുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെങ്കിലും വിവിധ പൊതുപ്രവര്‍ത്തകരുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ഞാന്‍ റിസര്‍വ്വ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധിയില്‍ മുഖ്യസാമ്പത്തിക വിദഗ്ധനായും ചിക്കാഗോ സര്‍വ്വകലാശാലയിലെ ബൂത്ത് സ്‌കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചുവരവേ നടത്തിയ ഏതാനും പ്രഭാഷണങ്ങളും ചില ലേഖനങ്ങളും പുസ്തകത്തിന്റെ ഒടുവിലായി നല്‍കിയിരിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ തലക്കെട്ട് (ഇംഗ്ലീഷ്) പൊതുജീവിതത്തിലെ ആകസ്മികതയെ സൂചിപ്പിക്കുന്നു.

ഇന്ത്യ സാമ്പത്തികമായി ഏറ്റവും ദുര്‍ബ്ബലമായ അഞ്ചു രാഷ്ട്രങ്ങളില്‍ ഒന്നായി എണ്ണപ്പെട്ടിരുന്ന നാണയപ്രതിസന്ധിയുടെ കാലത്താണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി ഞാന്‍ ചുമതലയേറ്റത്. അതിനാല്‍ എന്റെ ആദ്യ ലക്ഷ്യം രൂപയുടെ സ്ഥിരത വീണ്ടെടുക്കുകയായിരുന്നു. എന്നാല്‍ സ്ഥിരത കൈവരിക്കുന്നതിന് ധനകാര്യമേഖലയുടെ പരിഷ്‌കരണം സഹായകമാകുമെന്ന് ആദ്യം മുതലേ ഞാന്‍ മനസ്സിലാക്കിയിരുന്നു. കുറഞ്ഞ വരുമാനമുള്ള രാജ്യം എന്ന നിലയില്‍നിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമായി ഇന്ത്യ വളരുന്ന സാഹചര്യത്തില്‍ ഈ പരിഷ്‌കരണങ്ങളുടെ ആവശ്യകത വ്യക്തമായിരുന്നു. തീര്‍ച്ചയായും പരിഷ്‌കരണം ഒരു തുടര്‍പ്രക്രിയയാണ്. അതിന് തിരിച്ചടികളും ഉണ്ടാവാം. അതിനാല്‍ പരിഷ്‌കരണങ്ങളുടെ നിലനില്പിന് അവയെ പുതിയ സ്ഥാപനങ്ങളുമായി കൂട്ടിയിണക്കുകയും പരിഷ്‌കരണങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച അവബോധം റിസര്‍വ്വ് ബാങ്കിനുള്ളിലും പുറത്തുള്ള ഓഹരി ഉടമകളിലും സൃഷ്ടിച്ചെടുക്കുകയും വേണം.

രഘുറാം രാജന്‍: പ്രശസ്തനായ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട അക്കാദമിഷ്യനുമായ വ്യക്തി. 2013 സെപ്റ്റംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണ്ണറായിരുന്നു. 2003-2006 കാലയളവില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പ്രധാന സാമ്പത്തികശാസ്ത്രജ്ഞനും റിസര്‍ച്ച് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ല്‍ ടൈം മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 ആളുകളുടെ പട്ടികയില്‍ ഇടംനേടി. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊഫസ്സറാണ്.

അയ്യങ്കാളി ജന്മവാര്‍ഷികദിനം

$
0
0

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. തിരുവനന്തപുരം ജില്ലയിലെ വേങ്ങാനൂരില്‍ 1863 ഓഗസ്റ്റ് 28-നായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.

1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യ നേതാവായിമാറി. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, ക്രൂരമായ അനാചാരങ്ങളെ ഭൗതികമായി തന്നെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍. അധ:സ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്കി. 1941 ജൂണ്‍ 18-ന് അദ്ദേഹം അന്തരിച്ചു.

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>