Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ വായനക്കാര്‍ക്കായി ഒരിക്കല്‍കൂടി

$
0
0

പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. പുസ്തകസമാഹാരം സ്വന്തമാക്കാന്‍ ഇതുവരെ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം കൂടി ഒരുക്കുകയാണ് പ്രീബുക്കിങ്ങിലൂടെ.

ബാല്യകാലത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യസ്മരണകളെ വീണ്ടും ഓര്‍ത്തെടുക്കാനും കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനമാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് വാല്യങ്ങളിലായി 3,333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ നവംബര്‍ 1 മുതല്‍ 30 വരെയാണ് പ്രീബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. 3499 രൂപ മുഖവിലയുള്ള പുസ്തകം 2499 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലും പ്രീബുക്ക് ചെയ്യാവുന്നതാണ്. ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും പുസ്തകം പ്രീബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ 9947055000 എന്ന മൊബൈല്‍നമ്പരില്‍ വിളിച്ചും വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

 


ഇന്ന് കേരളപ്പിറവി ദിനം

$
0
0

ഇന്ന് കേരള സംസ്ഥാനത്തിന്റെ പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ചുസംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലിക-സാമൂഹിക- രാഷ്ട്രീയരംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം.

1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കേരളം. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ.എം. പണിക്കര്‍, പണ്ഡിറ് ഹൃദയനാഥ് കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953-ലാണ്. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരള സംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ച് ജില്ലകളാണുണ്ടായിരുന്നത്.

നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍ കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്.

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ഇന്നു മുതല്‍ ആരംഭിക്കുന്നു

$
0
0

കോട്ടയം: ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരിതെളിയുന്നു. നവംബര്‍ 1 മുതല്‍ 10 വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. എം.ജി.സര്‍വ്വകലാശാല, ജില്ലാഭരണകൂടം, നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മേള നടത്തുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും.  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണമേനോന്‍ പ്രദര്‍ശനവും മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ കലാസന്ധ്യയും ഉദ്ഘാടനം ചെയ്യും.

10 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഡി സി ബുക്സ് ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള 200-ലധികം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. സാഹിത്യസംവാദം, സെമിനാര്‍, സാഹിത്യസാംസ്‌കാരിക നേതാക്കളുമായുള്ള അഭിമുഖം, ചര്‍ച്ചകള്‍, സിമ്പോസിയം, പുസ്തകചര്‍ച്ച, നിമിഷകവിതാരചനാമത്സരം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരം, കാര്‍ട്ടൂണ്‍ ശില്പശാല, ഫോട്ടോപ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

10-ാം തീയതി വൈകിട്ട് നാലിന് സമാപന സമ്മേളനം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയാകും.

 

സ്വപ്‌നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണം: സ്റ്റീവ് ഹാര്‍വെ

$
0
0

സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നമുക്കുണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ. ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞ യു.എ.ഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ സ്റ്റീവ് ഹാര്‍വെ. ഈ വര്‍ഷത്തെ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ’പ്രിന്‍സിപ്പല്‍ ഗസ്റ്റ് ഓഫ് ഓണര്‍’ ആയി തെരഞ്ഞെടുത്തിട്ടുള്ളത് സ്റ്റീവ് ഹാര്‍വെയാണ്.

പത്തു വയസ്സ് മുതല്‍ ഒരു ടെലിവിഷന്‍ താരമാകാന്‍ കൊതിച്ച വ്യക്തിയാണ് താന്‍. തന്റെ ആ പ്രായത്തില്‍ അമേരിക്കയിലെ ടെലിവിഷനുകളില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ പോലുമുണ്ടായിരുന്നില്ല. പിതാവിനേയും സഹോദരങ്ങളേയും പോലെ താനും ഒരു നിര്‍മ്മാണത്തൊഴിലാളിയായി മാറേണ്ടതായിരുന്നു. ഒരു ടെലിവിഷന്‍ താരമാകണമെന്ന ആഗ്രഹം പത്താം വയസ്സില്‍ തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കറുത്തവനാണെന്ന ഓര്‍മ്മപ്പെടുത്തലോടെ നിരന്തരം തന്നെ നിരുത്സാഹപ്പെടുത്താനായിരുന്നു ശ്രമിച്ചിരുന്നത്. പിന്നീട് അമേരിക്കയില്‍ ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന, നായകകഥാപാത്രമാകുന്ന ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായി താന്‍ മാറി. ജീവിതത്തിലെ തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് താന്‍ നേരിട്ട പ്രശ്‌നങ്ങളേക്കാള്‍ പ്രാധാന്യവും മൂല്യവും നല്‍കിയതുകൊണ്ടാണ്. ജീവിതത്തില്‍ വിജയമുണ്ടാകണമെങ്കില്‍, സ്വന്തം സ്വപ്‌നങ്ങളെയും നാം നേരിടുന്ന പ്രശ്‌നങ്ങളേയും വെല്ലുവിളികളേയും ഉയരത്തില്‍ കാണണം.

ആരും ടെലിവിഷന്‍ താരമായി ജനിക്കുകയോ സ്‌കൂളുകളില്‍ പഠിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം സദസ്സില്‍ തന്നെ ശ്രവിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസവും അച്ചടക്കവും നമ്മെ വിജയത്തിലേക്ക് നയിക്കും. സ്റ്റീവ് ഹാര്‍വേ അവരോടായി പറഞ്ഞു.

എമ്മി അവാര്‍ഡ് നേടിയ ടെലിവിഷന്‍ എന്റര്‍ടെയിനറായ സ്റ്റീവ് ഹാര്‍വെ, ഫാമിലി ഫോഡ്, സെലിബ്രിറ്റി ഫാമിലി ഫോഡ് എന്നീ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനാണ്. കൂടാതെ അദ്ദേഹം, മിസ്സ് യൂണിവേഴ്‌സ്, ഫോക്‌സ് ന്യൂ ഇയര്‍ ഈവ് വിത്ത് സ്റ്റീവ് ഹാര്‍വെ:ലൈവ് പരിപാടികളുടെയും അവതാരകനാണ്. അദ്ദേഹത്തിന്റെ ദി സ്റ്റീവ് ഹാര്‍വെ മോണിംഗ് ഷോ അമേരിക്കയില്‍ ഏറ്റവും ജനപ്രീതിയുള്ള റേഡിയോ പരിപാടിയാണ്.

1970-കളില്‍ ഹാസ്യകലാകാരനായാണ് സ്റ്റീവ് ഹാര്‍വെ രംഗത്ത് വന്നത്. ഹാസ്യതാരമെന്ന് പേരെടുത്ത സ്റ്റീവ് ഹാര്‍വെ പിന്നീട് ഇറ്റ്‌സ് ഷോടൈം അറ്റ് ദി അപ്പോളോ, കിംഗ്‌സ് ഓഫ് കോമെഡി, തിങ്ക് ലൈക്ക് എ മാന്‍ തുടങ്ങിയ ജനപ്രിയപരിപാടികളിലൂടെ ഉയരങ്ങളിലെത്തി. സന്നദ്ധപ്രവര്‍ത്തനരംഗത്തും സ്റ്റീവ് ഹാര്‍വെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്വന്തമായി രൂപം നല്‍കിയ സ്റ്റീവ് ആന്റ് മര്‍ജോറി ഹാര്‍വെ ഫൗണ്ടേഷന്‍ വഴി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്യാമ്പുകള്‍ സ്ഥാപിച്ചതുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റീവ് ഹാര്‍വെ നേതൃത്വം നല്‍കുന്നുണ്ട്.

സ്റ്റീവ് ഹാര്‍വെയുടെ പ്രശസ്തങ്ങളായ പുസ്തകങ്ങള്‍ പുസ്തകമേളയില്‍ ലഭ്യമാണ്. വില്പനയ്ക്കുള്ളവയില്‍ ഇരുനൂറ് കോപ്പികള്‍ സ്റ്റീവ് ഹാര്‍വെയുടെ കൈയ്യൊപ്പോടുകൂടി മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

$
0
0

തിരുവനന്തപുരം: 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ സമുന്നത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരളസര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

മലയാള നോവല്‍ സാഹിത്യ രംഗത്തെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹം അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന ജീവിതചിത്രീകരണങ്ങള്‍ക്ക് ശ്രമിച്ചു. അതിനായി അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.

1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വ്വീസിലും എഞ്ചിനീയറായിരുന്നു. പി.സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ത്ഥപേര്. നാലു വര്‍ഷത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോവല്‍, കഥ, ലേഖനം, പഠനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശില്പകലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖചിത്രമായി അദ്ദേഹം നിര്‍മ്മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ആനന്ദിന്റെ കൃതികള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

$
0
0

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2020 ജനുവരി 16,17,18,19 തീയതികളില്‍ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കും.

കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. സമകാലിക കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നത്. ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, പുസ്തകപ്രദര്‍ശനം തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്‌ട്രേഷനായി സൗകര്യമൊരുക്കിയിട്ടുണ്ട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കായി ഇപ്പോള്‍ 799 രൂപയുടെ ടിക്കറ്റുകള്‍ 649 രൂപയ്ക്ക് ലഭിക്കുന്നതാണ്. കേരളപ്പിറവിയോടനുബന്ധിച്ച് അടുത്ത ഏഴ് ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

പ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍.കാരശ്ശേരിക്ക്

$
0
0

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗത്തിന്റെ 2019-ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരനും വാഗ്മിയുമായ ഡോ.എം.എന്‍.കാരശ്ശേരിക്ക്. എം.എന്‍.കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളവിഭാഗം സാഹിത്യ ഉപസമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവിയായി വിരമിച്ച ഡോ.എം.എന്‍.കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തനങ്ങളുമായി അറുപതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ജോര്‍ജ് ബര്‍ണാഡ് ഷായുടെ ചരമവാര്‍ഷികദിനം

$
0
0

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

1856 ജൂലൈ 26-ന് അയര്‍ലണ്ടിലെ ഡബ്ലിനിലായിരുന്നു ജോര്‍ജ് ബര്‍ണാഡ് ഷായുടെ ജനനം. സോഷ്യലിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ, തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയന്‍ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവര്‍ഗ്ഗചൂഷണങ്ങള്‍ക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബല്‍ സമ്മാനവും(1925) ഓസ്‌കര്‍ പുരസ്‌കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ് ബെര്‍ണാര്‍ഡ് ഷാ. ബഹുമതികളില്‍ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബല്‍ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഭാര്യയുടെ പ്രേരണയാല്‍ അതു സ്വീകരിച്ചു. 1943 സെപ്റ്റംബര്‍ 12-ന് അദ്ദേഹം അന്തരിച്ചു.


റൂത്തിന്റെ ലോകം; ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ക്രൈംത്രില്ലര്‍

$
0
0

ലാജോ ജോസിന്റെ പുതിയ പുസ്തകവും പതിവ് തെറ്റിച്ചില്ല. ഇന്നലത്തെ ഉറക്കവും ഗോവിന്ദ..!!! ലാജോയുടെ ഓരോ ബുക്ക് വായിച്ച് തീരുമ്പോഴും നല്ലൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കണ്ട അനുഭൂതിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തുക എന്നത് നിസ്സാരമായ ഒരു കഴിവല്ല. അതില്‍ ലാജോ എത്രമാത്രം മുന്നോട്ട് നീങ്ങി എന്നതിന് ഉത്തമ ഉദാഹരണമാണ് ‘റൂത്തിന്റെ ലോകം‘.

ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയും അവളുടെ ഭര്‍ത്താവും വേലക്കാരിയും അടങ്ങുന്ന ലോകം. ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലുള്ള ജീവിതത്തില്‍ അവള്‍ കാണുന്ന ഒരു വാര്‍ത്ത അവളുടെ അതുവരെയുള്ള ജീവിതത്തെ തകിടം മറയ്ക്കുന്നു. സത്യവും മിഥ്യയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തന്റെ ലോകത്തില്‍ നിന്നുകൊണ്ട് ആ സംഭവത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള റൂത്തിന്റെ യാത്രയാണ് നോവല്‍ പറയുന്നത്.

ട്വിസ്റ്റ് ഏറെക്കുറെ ഊഹിക്കാന്‍ സാധിക്കുമെങ്കിലും എന്ത് ? എങ്ങനെ ? എന്ന ചോദ്യങ്ങള്‍ നമ്മെ ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് നിര്‍ത്താതെ ഓടിച്ചുകൊണ്ടേയിരിക്കും. എഴുത്തിന്റെ ശൈലിയും വളരെ ലളിതവും അതേസമയം വളരെ ചടുലവുമാണ്.

പള്‍പ് ഫിക്ഷന്‍ കാറ്റഗറിയില്‍ നമുക്ക് നഷ്ടമായത് ഓരോന്നായി ലാജോയിലൂടെ തിരിച്ചു ലഭിക്കുന്നു എന്ന് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഇനി അടുത്ത പുസ്തകത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുതിയ നോവലിന് സുദിന്‍ പി.കെ.എഴുതിയ വായനാനുഭവത്തില്‍നിന്ന്

ഉദ്ധരണികള്‍

$
0
0

മനഃസാക്ഷിയെന്ന തീപ്പൊരി
നിങ്ങളുടെ മനസ്സില്‍
അണയാതെ സൂക്ഷിക്കുക
വിജയത്തിന് അതുമതി

ജോര്‍ജ് വാഷിങ്ടണ്‍

സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന് നിര്‍ഭയരായ ജനതയാണ് ആവശ്യം: ഗുല്‍സാര്‍

$
0
0

ഷാര്‍ജ: ആത്മാവിഷ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഗുല്‍സാര്‍. സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍ സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവം മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സാഹിത്യസൃഷ്ടികളെക്കുറിച്ചും ചലച്ചിത്രജീവിതത്തെക്കുറിച്ചും വാചാലനായ ഗുല്‍സാര്‍ പുതിയ എഴുത്തുകാര്‍ക്ക് ധാരാളം അവസരങ്ങളാണ് തുറന്നുകിട്ടിയിരിക്കുന്നതെന്നും പുതിയ കാലത്തിന്റെ പ്രത്യേകതയാണിതെന്നും ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികതകള്‍ പുതിയ എഴുത്തുകാരെ നന്നായി പിന്തുണയ്ക്കുന്നുമുണ്ട്.

ടാഗോര്‍ അടക്കമുള്ള പ്രമുഖരായ ബംഗാളി കവികളുടെ രചനകള്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ഗുല്‍സാര്‍ തന്റെ വിവര്‍ത്തനാനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു. ബംഗാളികവിതകള്‍ വിവര്‍ത്തനം ചെയ്യാന്‍ ബംഗാളിഭാഷ പഠിച്ച കാര്യം അദ്ദേഹം വിവരിച്ചു. ഒരേ സാംസ്‌കാരികപശ്ചാത്തലമുള്ള ഭാഷകളുടെ കാര്യത്തില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വിവര്‍ത്തനം നടത്തുമ്പോള്‍ അര്‍ത്ഥശോഷണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമായ എല്ലാ ഭാഷകള്‍ക്കും അര്‍ത്ഥപരമായ ഐകരൂപ്യമുണ്ട്. ടാഗോറിന്റെ ബംഗാളിയും വൈക്കം മുഹമ്മദ് ബഷീറിന്റെ മലയാളവും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണ്.

അന്‍പതുകളില്‍ ഉണ്ടായ ഗാനങ്ങളുടെ തനിമയും മാധുര്യവും സമീപകാലങ്ങളിലെ ഗാനങ്ങള്‍ക്കില്ലാതെ പോകുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം മാറുമ്പോള്‍, സിനിമയുടെയും ഗാനങ്ങളുടെയും സ്വഭാവവും മാറുമെന്നും ഗുല്‍സാര്‍ അഭിപ്രായപ്പെട്ടു.

ഷാര്‍ജ പുസ്തകമേളയുടെ ‘പുസ്തകം തുറക്കുക മനസ്സ് തുറക്കുക’ എന്ന ശീര്‍ഷകം തീര്‍ത്തും അര്‍ത്ഥവത്താണെന്ന് പറഞ്ഞ ഗുല്‍സാര്‍, പുസ്തകം തുറക്കുന്നതിലൂടെ മനസ്സും കണ്ണും ബുദ്ധിയും തുറക്കാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു. നൂറ് താളുകള്‍ വായിക്കുക, ഒരു താള്‍ എഴുതുക എന്നതാണ് വായനയും എഴുത്തും തമ്മില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന അനുപാതമെന്ന് ഗുല്‍സാര്‍ പറഞ്ഞു.

ഗഗന്‍ മുല്‍ക്കാണ് ഗുല്‍സാറുമായുള്ള സംവാദം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഗായകരായ ജയപ്രകാശും നിഷിത ചാള്‍സും ഗുല്‍സാറിന്റെ പ്രശസ്തങ്ങളായ ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചു.പരിപാടിയുടെ ആരംഭത്തില്‍ ആനന്ദ് പദ്മനാഭന്‍ ഗുല്‍സാറിനെക്കുറിച്ചുള്ള ഒരു ലഘുവിവരണവും നടത്തിയിരുന്നു.

സംവാദത്തിന്റെ ഭാഗമായി ഗുല്‍സാറിന്റെ പുസ്തകങ്ങള്‍ വാങ്ങാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനും വായനക്കാര്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു.

നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം; പുസ്തകപ്രകാശനം നവംബര്‍ മൂന്നിന്

$
0
0

ഷാര്‍ജ: പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന ആര്‍. നരേന്ദ്രപ്രസാദിന്റെ നാടകങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ പ്രകാശനം ചെയ്യുന്നു. നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച വൈകിട്ട് 7.30ന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിലെ ഹാള്‍ നമ്പര്‍ 7-ലാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്. കെ.പി.രാമനുണ്ണി, പ്രൊഫ.അലിയാര്‍, ഷാബു കിളിത്തട്ടില്‍, ദിവ്യ സതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പ്രൊഫ.അലിയാര്‍ സമാഹരിച്ചിരിക്കുന്ന നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷെമിയുടെ ‘മലപ്പുറത്തിന്റെ മരുമകള്‍’ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

$
0
0

ഷാര്‍ജ: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഹിറ്റ് 96.7 എഫ്.എം ന്യൂസ് ഹെഡ് ഷാബു കിളിത്തട്ടില്‍ പ്രശസ്ത ചലച്ചിത്രനടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഫ്.എം റേഡിയോ അവതാരകരായ കെ.കെ, മായ കര്‍ത്ത, നിമ്മി, അര്‍ഫാസ്, ഡി സി ബുക്‌സ് സി.ഇ.ഒ രവി ഡി സി എന്നിവര്‍ പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുത്തു.

നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവലിന് ശേഷം ഷെമി രചിച്ച ഏറ്റവും പുതിയ കൃതിയാണ് മലപ്പുറത്തിന്റെ മരുമകള്‍. മുസ്‌ലിം സമുദായത്തിലെ സ്ത്രീജീവിതങ്ങളുടെ യഥാര്‍ത്ഥചിത്രമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്.

ഭാരതീയര്‍ ഇതിഹാസങ്ങളേയും പുരാണങ്ങളേയും അന്ധമായി വിശ്വസിക്കുന്നു: ആനന്ദ് നീലകണ്ഠന്‍

$
0
0

ഇതിഹാസങ്ങളിലും പുരാണങ്ങളിലും എഴുതിവച്ചിരിക്കുന്നതിനെ ഭാരതീയര്‍ അന്ധമായി വിശ്വസിച്ചുപോരുകയാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍. സ്വന്തം യുക്തിക്കനുസരിച്ച് ഉപദേശങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യണമെന്ന് കൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശം നല്‍കിയത് ഭാരതീയര്‍ ശ്രദ്ധിക്കുന്നതേയില്ല. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് നീലകണ്ഠന്‍.

കാലഘട്ടത്തിന് നിരക്കുന്ന ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും ജീവന്‍ നല്‍കേണ്ടുന്നതിന് പകരം ഭാരതീയര്‍ ഇപ്പോഴും അഹിംസ, ആത്മസാക്ഷാത്കാരം തുടങ്ങിയ പദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.സമൂഹത്തിന് ഒരു വിധത്തിലും ഗുണകരമാകാത്ത ചിട്ടകളും ശീലങ്ങളുമാണ് ഹിന്ദുമതത്തിലും ഭാരതജന്യമായ മറ്റ് മതങ്ങളിലും ഇപ്പോഴുമുള്ളത്. ഒന്നിനേയും നോവിക്കാതെ ദിഗംബരന്മാരായി നടക്കുന്ന ജൈനസാധുക്കളുടെ ജീവിതശൈലി ഇതിന് ഉദാഹരണമാണ്. ഇത്തരം ശൈലികളെയാണ് ഭാരതീയപൈതൃകമെന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍, ആ പൈതൃകത്തിന്റെ അവകാശിയാകാന്‍ താനില്ലെന്ന് ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.

സമ്പന്നമായ പൈതൃകങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും ബിംബങ്ങളുടെയും യഥാര്‍ത്ഥസത്തകളെ ഉള്‍ക്കൊള്ളുന്നതിന് പകരം ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി, പരമശിവന്റെ ലേസര്‍ നേത്രങ്ങള്‍ തുടങ്ങിയ വിഡ്ഢിത്തങ്ങളിലാണ് ഭാരതീയര്‍ ഊറ്റം കൊള്ളുന്നത്.

ഹിന്ദുത്വം എന്നത് അടിസ്ഥാനപരമായി ഗോത്രവര്‍ഗ്ഗവിശ്വാസങ്ങളുടെ ആകെത്തുകയാണെന്ന് പറഞ്ഞ ആനന്ദ് നീലകണ്ഠന്‍, ദാര്‍ശനികമായ ഒട്ടേറെ ഔന്നത്യങ്ങള്‍ ഹിന്ദുമതത്തിന് അവകാശപ്പെടാനുണ്ടെങ്കിലും ആധുനികമനുഷ്യജീവിതത്തിന് പ്രായോഗികമാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഹിന്ദുമതത്തിന് ഫലപ്രദമായി ഇടപെടാനാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ആധുനികമനുഷ്യന് മനസ്സിലാകുന്ന തരത്തില്‍ ഹിന്ദുത്വത്തെ ലളിതവത്ക്കരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് അദ്വൈതസിദ്ധാന്തക്കാരായിരുന്നിട്ടും, ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതും. സാധാരണമനുഷ്യന് എളുപ്പം ദഹിക്കാത്ത അദ്വൈതവേദാന്തദര്‍ശനങ്ങളില്‍ നിന്ന് താഴേക്കിറങ്ങിവന്നവര്‍ രൂപം നല്‍കിയ ഭക്തിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഹിന്ദുത്വം ഒരു മതമായി മാറിയത്.

ആധുനികമായ ഭൂരിപക്ഷം കണ്ടുപിടുത്തങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സംഭാവനയാണ്. ആനന്ദ് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ആ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെയോ ചൈനയുടെയോ ദര്‍ശനങ്ങളും പൈതൃകങ്ങളുമായി വിദൂരബന്ധം ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലത്തിന് ചേര്‍ന്ന സങ്കല്‍പ്പങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് പകരം ഭാരതീയര്‍ തങ്ങളുടെ പഴമകളില്‍ അഭിരമിക്കുകയാണ്. പടിഞ്ഞാറന്‍ ആശയങ്ങളുടെ വിജയത്തിന് മുന്നില്‍ സ്വന്തം അരക്ഷിതബോധം മൂലം ഇന്ത്യക്കാര്‍ വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ തങ്ങളുടെ പഴമ വിളമ്പുകയാണ്.

ഭാരതത്തിലെ ഋഷിമാരൊന്നും മനുഷ്യകുലത്തിന് ഉപകാരപ്രദമായ ഒന്നും കണ്ടുപിടിച്ചിട്ടില്ല. പകരം സര്‍വ്വവിനാശകരമായ ആണവായുധങ്ങളാണ് അവര്‍ ബ്രഹ്മാസ്ത്രങ്ങളുടെ രൂപത്തില്‍ കണ്ടുപിടിച്ചത്. ശാസ്ത്രം എന്നത് സാര്‍വ്വദേശീയമാണ്. റഷ്യന്‍ സയന്‍സ്, അമേരിക്കന്‍ സയന്‍സ് എന്ന് ശാസ്ത്രത്തെ വേര്‍തിരിക്കാനാകില്ല. ഇന്ത്യയില്‍ നിന്ന് നോബല്‍ സമ്മാനം നേടിയവരുടെ എണ്ണം കുറവായിരിക്കുന്നതിന്റെ കാരണം, കാലത്തിനൊത്ത് ചിന്തിക്കാതിരുന്നതുമൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ പുസ്തകങ്ങളെയും രചനാരീതികളെയും കുറിച്ചും ആനന്ദ് നീലകണ്ഠന്‍ സദസ്സുമായി സംവദിച്ചു.ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങള്‍ക്ക് സദസ്സില്‍ നിന്ന് ശരിയുത്തരം പറഞ്ഞ കുട്ടികള്‍ക്ക്, അദ്ദേഹത്തിന്റെ കൈയ്യൊപ്പിട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

നരേന്ദ്രപ്രസാദിന്റെ ചരമവാര്‍ഷികദിനം

$
0
0

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയായിരുന്നു ആര്‍. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബര്‍ 26-ന് മാവേലിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് രാഘവപ്പണിക്കര്‍. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്‌സറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

കുട്ടിക്കാലത്തുതന്നെ സാഹിത്യത്തില്‍ താത്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ബാല്യത്തില്‍ മുത്തച്ഛനും മുത്തശ്ശിയുമാണ് സാഹിത്യത്തിലേക്കു നയിച്ചതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ സാഹിത്യത്തെ അറിഞ്ഞു. അക്കാലത്ത് കുറേ കവിതകളും എഴുതി. ആദ്യ കവിത കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. മുതിര്‍ന്നപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളനാട് വാരിക എന്നീ വാരികകളില്‍ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതിയിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകരംഗത്തിനും അദ്ദേഹം നിസ്തുലസംഭാവനകള്‍ നല്‍കി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്നു. സൗപര്‍ണ്ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും പ്രശസ്തമായ നാടകം. ഈ കൃതി കേരളസാഹിത്യ അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

എഴുപതിലധികം ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തലസ്ഥാനം, ഏകലവ്യന്‍, പൈതൃകം, ആറാം തമ്പുരാന്‍, അദ്വൈതം, ബന്ധുക്കള്‍ ശത്രുക്കള്‍, പവിത്രം എന്നീ ശ്രദ്ധേയചിത്രങ്ങളില്‍ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്. 2003 നവംബര്‍ മൂന്നിന് നരേന്ദ്രപ്രസാദ് അന്തരിച്ചു.


ഒ.വി. ഉഷയ്ക്ക് ജന്മദിനാശംസകള്‍

$
0
0

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ് ഒ.വി. ഉഷ. 1948 നവംബര്‍ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരന്‍ ഒ.വി.വിജയന്റെ സഹോദരിയാണ് ഒ.വി.ഉഷ.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്‌ഗ്രോഹില്‍ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ പ്രസിദ്ധീകരണവകുപ്പില്‍ അദ്ധ്യക്ഷയായി നിയമിതയായിരുന്നു.

സ്‌നേഹഗീതങ്ങള്‍,ഒടച്ചുവട്, ധ്യാനം, അഗ്‌നിമിത്രന്നൊരു കുറിപ്പ്(കവിത), ഷാഹിദ് നാമ(നോവല്‍),നിലംതൊടാമണ്ണ് (കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍. 2000-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് താത്പര്യം: അനിത നായര്‍

$
0
0

ഷാര്‍ജ: തന്റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യാക്കാരാണെന്ന് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് തനിക്കേറെ താത്പര്യം. കണ്ടുവളര്‍ന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ കഥകളെഴുതുമ്പോള്‍ അതിനു സ്വാഭാവികത കൈവരാറുമുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിനം നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അനിത നായര്‍. ഈറ്റിങ് വാസ്പ്‌സ് എന്ന നോവലിനെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍, അനിത നായര്‍ തന്റെ സാഹിത്യകൃതികളെയും എഴുത്തിന്റെ വഴിയിലെ അനുഭവങ്ങളെയും കുറിച്ച് സദസ്സിനോട് സംവദിച്ചു.

ബാല്യകാലം മുതല്‍ താന്‍ എഴുത്തില്‍ തത്പരയായിരുന്നുവെന്ന് അനിത നായര്‍ പറഞ്ഞു. മുതിര്‍ന്നപ്പോള്‍ ധാരാളം എഴുതുമായിരുന്നെങ്കിലും അവയൊന്നും ആര്‍ക്കും വായിക്കാന്‍ നല്‍കിയിരുന്നില്ല. തന്റെ ഒരു കഥയുടെ കൈയ്യെഴുത്തുപ്രതി വായിച്ച ഒരു പത്രപ്രവര്‍ത്തകസുഹൃത്താണ് എഴുതുന്ന കഥകള്‍ വായനക്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ആ ഉപദേശം തന്റെ എഴുത്തിന്റെ വഴിയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും അനിത നായര്‍ ഓര്‍മ്മിച്ചു.

എഴുത്തുകാരി, മാതാവ്, സാമൂഹ്യജീവി എന്നെല്ലാമുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും, ആത്യന്തികമായി താനൊരു സ്ത്രീയാണ്. വര്‍ത്തമാനകാലത്ത് ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞതും വരാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ല. സ്ത്രീയുടെ അസ്തിത്വം തേടുന്ന രചനകളാണ് തന്റേത്. തന്റെ സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം അസ്തിത്വം തേടുന്നവരാണ്. അമൂര്‍ത്തമായ അസ്തിത്വസങ്കല്പങ്ങള്‍ക്ക് ഭൗതികമായ രൂപം നല്‍കാനാണ് സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ താന്‍ ശ്രമിക്കുന്നത്.

നോവലില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പട്ടം പറത്തല്‍ പോലെയാണ്. സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നവരാണ് തന്റെ കഥാപാത്രങ്ങളെങ്കിലും പട്ടത്തിന്റെ ചരട് തന്റെ കൈയ്യില്‍ത്തന്നെയായിരിക്കും. എഴുത്തുകാര്‍ക്ക് തങ്ങളുടെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ല. ഓരോ പ്രാവശ്യം എഴുതുമ്പോഴും ആദ്യമായി എഴുതുമ്പോഴുള്ള സംശയവും ആശങ്കയും എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്. രചനാത്മകമായ എഴുത്തിന് ആ സഭാകമ്പം ഗുണകരമാണ്. ഉത്തമയായ സ്ത്രീക്ക് സ്വന്തമായി ആഗ്രഹങ്ങള്‍ പാടില്ലെന്ന അലിഖിതവിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്. ഈ വിശ്വാസത്തെ ചെറുത്തുതോല്‍പ്പിക്കുവാണ് കൂടിയാണ് എഴുത്തിലൂടെ താന്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെയും ദുരുപയോഗത്തെയും കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, സ്ത്രീകള്‍ സോഷ്യല്‍ മീഡിയയുടെ ഇരകളാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അനിത നായര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ സര്‍വ്വരുടേയും ജീവിതത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി നല്ലതും ചീത്തയുമായ കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. ചുറ്റുമുണ്ടാകുന്ന എന്തു സംഭവങ്ങളും ‘റെക്കോര്‍ഡ്’ ചെയ്യാനാണ് നമുക്കിപ്പോള്‍ താല്‍പ്പര്യം. സോഷ്യല്‍ മീഡിയ ഒരു ഉപാധി മാത്രമാണ്. അത് ജീവിതത്തിന് പകരമാണ്. സോഷ്യല്‍ മീഡിയയില്‍ സ്വയം അലിയുന്നതിന് പകരം നമുക്ക് ചുറ്റുമുള്ള വ്യക്തികളുമായി സംവദിക്കാന്‍ ശ്രമിക്കണം.

മനുഷ്യക്കടത്തെന്നത് മാരകമായ വിപത്താണ്. തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍ നിര്‍ബന്ധിതതൊഴിലെടുക്കലിനും ലൈംഗികചൂഷണത്തിനും വിധേയരാകുകയാണ്. അവര്‍ക്ക് സാധാരണജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാന്‍ അവസരമുണ്ടാകാറില്ല. ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്. കണ്ടുകിട്ടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. കാണാതെ പോകുന്ന കുട്ടികള്‍ തന്നെ ഏറെ ദുഖിപ്പിക്കുന്നുവെന്നും അനിത നായര്‍ പറഞ്ഞു.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലെക്ച്വല്‍ ഹാളില്‍ നടന്ന സംവാദത്തില്‍ ചിത്ര രാഘവന്‍ മോഡറേറ്ററായിരുന്നു.

ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍

$
0
0

‘ബലിച്ചോറു മടുത്തു…
ബിരിയാണിയാണേല്‍
വരാമെന്ന് ബലിക്കാക്ക’

ഒരു കര്‍ക്കിടക വാവുബലിക്ക് ഇട്ട ഈ ഹൈക്കുകവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകളിലെ കവിതകള്‍ എല്ലാം തന്നെ തീവ്രമായതും വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

ലളിതമായ വരികള്‍ ആണെങ്കില്‍പോലും ഓരോ കവിതയിലും ഒരു സന്ദേശവും അല്ലെങ്കില്‍ വായനക്കാരന്‍ സ്വയം കണ്ടെത്തുന്ന കുറച്ചു ചോദ്യങ്ങളും ഉത്തരങ്ങളും കാണും. ആനുകാലികപ്രസക്തിയുള്ള കാര്യങ്ങള്‍ ആണ് കൂടുതലും ഓരോ കവിതയുടെയും ഉള്ളില്‍ നില്‍ക്കുന്നത്. സമൂഹത്തില്‍ കൂടി ഒരു എത്തിനോട്ടം എന്നു പറയാം. ചില കവിതകള്‍ നര്‍മ്മത്തില്‍ ചാലിച്ചതാകുമ്പോള്‍ ചിലത് കണ്ണീരില്‍ ചാലിച്ചതാണ്.

150-ല്‍ കൂടുതല്‍ ഹൈക്കു കവിതകള്‍ ഇതിലുണ്ട്. ഇഷ്ടപ്പെട്ട ചില കവിതകള്‍ പറയാം.

‘ചിതല്‍’

അടുത്ത ജന്മത്തില്‍ എനിക്കൊരു ചിതലാകണം,
മതഗ്രന്ഥങ്ങള്‍ ഓരോന്നായി തിന്നുതീര്‍ക്കണം .

‘മാലയോഗം’

സൗന്ദര്യവും സ്ത്രീധനവും ഇല്ലാഞ്ഞു മുടങ്ങിയ,
ചൊവ്വയും ശനിയും ചേര്‍ന്നു മുടക്കിയ
മാലയോഗം ഉണ്ടായത്
ചുവരില്‍ ഒരു ചിത്രമായി
അവള്‍ തൂങ്ങിയപ്പോളാണ്.

‘ഒരു വിളി’

മരിച്ചുകിടക്കുമ്പോഴും
അമ്മയുടെ കയ്യില്‍ ഫോണുണ്ടായിരുന്നു,
വിവരം അറിഞ്ഞു
മക്കളെങ്ങാനും വിളിച്ചാലോ !!

‘ശിക്ഷ’

വ്യഭിചരിക്കുന്നവരെ ശിക്ഷിക്കാന്‍ ആളുണ്ട്.
നിയമത്തെ വ്യഭിചരിക്കുന്നവരെ ശിക്ഷിക്കാന്‍ ആരുണ്ട് ?

അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ ഇതിലെ മുഴുവന്‍ കവിതകളും ഇതില്‍ എഴുതുവാന്‍ തോന്നും.വായനയെ, ഹൈക്കു കവിതകളെ ഇഷ്ടപെടുന്നവര്‍ക്ക് ഈ കുഞ്ഞു കവിതാസമാഹാരം നിര്‍ദ്ദേശിക്കുന്നു. ഇനിയും ഒരുപാട് തീഷ്ണമായ രചനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍ എന്ന കവിതാസമാഹാരത്തിന് നിഥിന്‍ മുരളി എഴുതിയ വായനാനുഭവം

മലയാള സിനിമാമേഖലയില്‍ വിവേചനമില്ല: ടൊവീനോ തോമസ്

$
0
0

മലയാളസിനിമാമേഖലയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് പ്രശസ്തനടന്‍ ടൊവിനോ തോമസ്. വ്യക്തിഗതമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍. ആളുകളുടെ അപകര്‍ഷതാബോധവും അഹംഭാവവും ഇത്തരം തോന്നലുകള്‍ക്ക് കാരണമാകുന്നതായും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ടൊവീനോ പറഞ്ഞു.

മലയാളസിനിമ വളരെ വേഗത്തില്‍ ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയും. കഴിവും ആഗ്രഹവും പ്രയത്‌നവും ഉണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുമെന്നു തന്നെയാണ് വിചാരിക്കുന്നത്. മലയാള സിനിമയില്‍ തന്നേക്കാള്‍ മുതിര്‍ന്നവരാണ് പ്രചോദനമായിട്ടുള്ളത്. ടൊവീനോ പറഞ്ഞു.

മനസ്സില്‍ തട്ടുന്ന വൈകാരികാംശമുള്ള തിരക്കഥകളാണ് അഭിനയിക്കാനായി തിരഞ്ഞെടുക്കുന്നത്. കലാമൂല്യം, സാമ്പത്തികസുരക്ഷ, വിനോദമൂല്യം എന്നിവ ഒത്തിണങ്ങിയ സിനിമകളെയാണ് പൂര്‍ണ്ണവിജയമായി താന്‍ കണക്കാക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകം പരാജയപ്പെട്ടാല്‍ ആ സിനിമ ഭാഗികവിജയം നേടിയെന്നേ പറയാനാകൂ. താന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും തനിക്കിഷ്ടമാണ്.

തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തിനായി ധാരാളം പുകവലിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, പുകവലിച്ചത് സിനിമയിലെ കഥാപാത്രമാണെന്നും വ്യക്തിജീവിതത്തില്‍ താന്‍ പുകവലിക്കാറില്ലെന്നും ടൊവീനോ പറഞ്ഞു. ചെയ്യാനാഗ്രഹിക്കുന്ന സ്വപ്ന കഥാപാത്രങ്ങളായി ഒന്നുമില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നേ ആഗ്രഹമുള്ളൂ. ഇന്‍ ടു ദി വൈല്‍ഡ് എന്ന സിനിമ ഇഷ്ടമാണ്. അത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും ടൊവീനോ മറുപടി പറഞ്ഞു.

സ്വന്തം വായനയെ കുറിച്ചുള്ള ചോദ്യത്തിന്, കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണങ്ങള്‍ വായിച്ചതിന് ശേഷം 2009 വരെ കാര്യമായൊന്നും വായിച്ചിരുന്നില്ലെന്ന് ടൊവീനോ പറഞ്ഞു. കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് പുതിയ താമസസ്ഥലത്തുനിന്നും കളഞ്ഞുകിട്ടിയ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് വായനയിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയത്. സമീപകാലത്തെ ജനപ്രിയരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എഴുത്തുകാരില്‍, ഖാലിദ് ഹൊസെയ്‌നിയെ ഏറെയിഷ്ടവുമാണ്. ടൊവീനോ പറഞ്ഞു.

സ്വന്തമായി കൂട്ടിവച്ച പണം കൊടുത്താണ് താന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്. അങ്ങനെ വാങ്ങിയ പുസ്തകങ്ങളുടെ ഒരു ചെറിയ ശേഖരം വീട്ടിലുണ്ട്. പിതാവിന്റേതായി വീട്ടിലുള്ള പുസ്തകശേഖരങ്ങളില്‍ നിന്ന് എം.ടി.യേയും വൈക്കം മുഹമ്മദ് ബഷീറിനേയും മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട എഴുത്തുകാരേയും ഇപ്പോള്‍ വായിക്കുന്നുണ്ട്. പുസ്തകം തുറന്നുവായിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റേത് സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചാലും ലഭിക്കില്ലെന്ന് ടൊവീനോ പറഞ്ഞു.

എല്ലാവരും ടൊവീനോയെ സ്‌നേഹിക്കണമെന്നും, അതുപോലെതന്നെ പരസ്പരം സ്‌നേഹിക്കണമെന്നുമാണ് എളിയ സന്ദേശമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന് ടൊവീനോ പറഞ്ഞു.

ഷാര്‍ജ പുസ്തകമേളയുടെ ഭാഗമായി എക്‌സ്‌പോ സെന്ററില്‍ നടന്ന മീറ്റ് ദി യൂത്ത് സ്റ്റാര്‍ പരിപാടിയില്‍ അതിഥിയായെത്തിയ ടൊവീനോ തൊമസിനെ ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. ഷാര്‍ജ പുസ്തകമേളയിലേക്ക് ക്ഷണിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു.

എഴുത്തുകാരായ കെ.വി.മോഹന്‍കുമാര്‍, സംവിധായകന്‍ സലിം അഹമ്മദ്, നാന എഡിറ്റര്‍ കെ. സുരേഷ്, ലിപി അക്ബര്‍ എന്നിവരും പരിപാടിയില്‍ ടൊവീനോയ്‌ക്കൊപ്പം പങ്കെടുത്തു. റേഡിയോ അവതാരകരായ വൈശാഖും മീര നന്ദനുമായിരുന്നു പരിപാടിയുടെ അവതാരകര്‍.

ടൊവീനോ തോമസ് അഭിനയിച്ച ‘ലൂക്ക’, ‘ആന്റ് ദി ഓസ്‌കാര്‍ ഗോസ് റ്റു’ എന്നീ സിനിമകളുടെ തിരക്കഥകളുടെയും, കെ. സുരേഷ് രചിച്ച ‘നക്ഷത്രങ്ങള്‍ പറയാന്‍ ബാക്കി വച്ചത്’ എന്ന പുസ്തകത്തിന്റെയും പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകങ്ങളുടെ പ്രസാധകര്‍.

റൂത്തിന്റെ ലോകം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുകളുടെ ശ്രേണിയിലേക്ക് പുതിയൊരു നോവല്‍കൂടി

$
0
0

മലയാളത്തില്‍ ജനപ്രിയസാഹിത്യമെഴുതിയവരില്‍ മികച്ച കഥ പറച്ചിലുകാരും പാത്രസൃഷ്ടിയില്‍ അസാധാരണ മികവുണ്ടായിരുന്ന എഴുത്തുകാരും ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ വാരികകളില്‍ സീരിയലൈസ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ടോ, വായനക്കാരുടെ അഭിരുചി ഇങ്ങനെയൊക്കെയാണ് എന്ന മുന്‍വിധികൊണ്ടോ ഘടനയിലോ ഭാഷയിലോ ക്രാഫ്റ്റിലോ വേണ്ടവിധം ശ്രദ്ധ പുലര്‍ത്താന്‍ അവരാരും ശ്രമിച്ചിരുന്നില്ല. വാരികപ്രസിദ്ധീകരണം ആവശ്യപ്പെടുന്ന ഒരു തരം ലൂസ് ഘടനയാണ് അവയ്ക്കുണ്ടായിരുന്നത്. മുഖ്യധാരാനോവലുകള്‍ എഴുതിയിരുന്നവര്‍, മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, ത്രില്ലര്‍ പോലെയുള്ള ജനപ്രിയപ്രമേയങ്ങള്‍ കൈകാര്യം ചെയ്തതുമില്ല. സൈക്കോളജിക്കല്‍ ത്രില്ലര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ജനപ്രിയ നോവലുകള്‍ വാരികക്കാലത്ത് വായിച്ചിട്ടുണ്ട് എങ്കിലും അവയില്‍ പലതും മുകളില്‍ പറഞ്ഞ അതേകാരണംകൊണ്ട് വിസ്മൃതിയിലാണ്ട് പോകാന്‍ തക്ക നിലവാരമേ ഉണ്ടായിരുന്നുള്ളൂ. അന്നും ഇന്നും ഈ Genre-ന് മലയാളത്തില്‍ നമുക്ക് ശേഷിച്ചിട്ടുള്ള ഒരു മാതൃക മലയാറ്റൂരിന്റെ ‘യക്ഷി’യാണ്. ലാജോ ജോസിന്റെ പുതിയ നോവല്‍ ഈ അഭാവം നികത്തുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ പെട്ട ഏത് മികച്ച രചനയുടെയും ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളതാണ് ലാജോ ജോസിന്റെ പുതിയ നോവല്‍ ‘റൂത്തിന്റെ ലോകം’.

ലോകസാഹിത്യത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍, കഥാപാത്രങ്ങളുടെ അല്ലെങ്കില്‍ പ്രധാനകഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന, ഉദ്വേഗജനകമായ സംഭവവികാസങ്ങള്‍ ചിത്രീകരിക്കുന്ന നോവലാണ്. ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ ഇത്തരം ആഖ്യാനങ്ങളുടെ പ്രാഗ്രൂപമാണ് എന്ന് പറയാം. സിനിമയില്‍ ഹിച്ച്‌കോക്ക് ഈ വിഭാഗത്തെ ശ്രദ്ധയോടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ Shadow of a Doubt, Strangers on a Train, Spellbound, Psycho, Marnie ഒക്കെ ഈ ഗണത്തില്‍ പെടും. പലപ്പോഴും സൈക്കോളജിക്കല്‍ ത്രില്ലര്‍ താളം തെറ്റിയ മനസ്സുകളുടെ പാത്രപഠനങ്ങളായും അവതരിപ്പിക്കപ്പെടാറുണ്ട്. പട്രീഷ്യ ഹൈസ്മിത്തിന്റെ നോവലുകള്‍ ഈ ഉപവിഭാഗത്തിലെ ഏറ്റവും സോളിഡ് ആയ റഫറന്‍സുകളാണ്. സമകാലികയായ റൂത്ത് റെന്‍ഡലും ഇവയുടെ ശ്രദ്ധേയമായ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘റൂത്തിന്റെ ലോക’വും അപഭ്രംശമുള്ള ഒരു മനസ്സിന്റെ സൂക്ഷ്മമായ പഠനമാണ്. എന്നാല്‍ ലാജോ അവിടെ വളരെ ഫലപ്രദമായ ഒരു സമീപനം പുലര്‍ത്തിയിട്ടുണ്ട് എന്ന് ഞാന്‍ നിരീക്ഷിക്കുന്നു. മജീഷ്യന്‍ കാണികളുടെ ശ്രദ്ധ തന്റെ ഇടത് കൈയിലേക്ക് ക്ഷണിക്കുന്നത് വലതുകൈ കൊണ്ട് മാജിക് കാണിക്കാന്‍ വേണ്ടിയാണ് എന്ന് പറയാറുണ്ട്. സമാനമായ ഒരു ടെക്‌നിക് ആണത്. ഇത്തരം നോവലുകള്‍ക്ക് അത് അന്യവുമല്ല. അത് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് Spoiler ആയിരിക്കും എന്നതുകൊണ്ട് പരാമര്‍ശിക്കുന്നത് ശരിയല്ല.

ബുദ്ധിയും യുക്തിയും ആവശ്യപ്പെടുന്ന സാഹിത്യമേഖലയാണിത്. കരുക്കള്‍ നീക്കുന്നതുപോലെ കൃത്യതയോടെ, മുറുക്കത്തോടെ മുന്നോട്ട് നീങ്ങേണ്ടത് ആവശ്യവുമാണ്. ഉത്തരം കണ്ടെത്തിയതിന് ശേഷം അതിന് യോജിച്ച ചോദ്യം സൃഷ്ടിക്കുന്നത് പോലെ മനസ്സില്‍ പിന്നില്‍ നിന്ന് മുന്നിലേയ്ക്ക് നിര്‍മ്മിക്കേണ്ട രചന. ആഖ്യാനശൈലിയിലെ സാമ്പ്രദായികരീതികള്‍ ഒഴിവാക്കി കഥയുടെ സങ്കീര്‍ണത ആവശ്യപ്പെടുന്ന രീതികള്‍ പ്രയോഗിക്കാന്‍ ലാജോ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈ നോവലില്‍ ഉദാഹരണത്തിന് പ്രധാനകഥാപാത്രങ്ങളായ റൂത്ത് റൊണാള്‍ഡ്, റൊണാള്‍ഡ് തോമസ് എന്നീ കഥാപാത്രങ്ങളുടെ ഫസ്റ്റ് പെഴ്‌സന്‍ ആഖ്യാനങ്ങള്‍ ഒന്നിടവിട്ട് അവതരിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അത് ഒരേസമയം വായനയ്ക്ക് തുടര്‍ച്ചയാവുകയും തുടര്‍ച്ചയെ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. രണ്ടുവശത്ത് നിന്നും കാര്യങ്ങളെ നോക്കിക്കാണാന്‍ സാധ്യത നല്‍കുന്ന സമീപനം. റീഡര്‍ഷിപ്പ് ഉറപ്പാക്കിക്കൊണ്ട് തന്നെ ഈ നോവലിന് പതിവായി നിലനിന്നുപോരുന്ന ജനപ്രിയ/ഉന്നതസാഹിത്യ ദ്വന്ദങ്ങളെ പൊളിച്ച് സ്വതന്ത്രമായ ഒരു സ്‌പെയ്‌സ് ലഭിക്കും എന്ന് സംശയമില്ല. റിലീസിംഗ് കാത്തിരിക്കുന്ന ഒരു പോപ്പുലര്‍ സിനിമ പോലെ ഒരു പുസ്തകം കാത്തിരിക്കപ്പെടുന്നത്, വില്‍ക്കപ്പെടുന്നത് മലയാളത്തില്‍ പതിവില്ലാത്ത രീതിയാണ്. അത് ലാജോ തന്റെ രണ്ട് മുന്‍ പുസ്തകങ്ങള്‍ കൊണ്ട് നേടിയെടുത്തതാണ്. പ്രസാധകര്‍ ക്രൈം പുസ്തകങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. Cover Design-ലും കെട്ടിലും മട്ടിലും സെന്‍സേഷനല്‍ ആവാതെ ഒരു മിനിമല്‍ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് നല്ല കാര്യമാണ്.

കഥ പറച്ചില്‍, വായനാവേഗത, ഫലപ്രദമായി ഉദ്വേഗം ജനിപ്പിക്കുക എന്നതിലൊക്കെ തന്റെ മുന്‍ നോവലുകളുടെ ഗുണങ്ങള്‍ എഴുത്തുകാരന്‍ നിലനിര്‍ത്തിയിട്ടുണ്ട്. സ്ത്രീകളുടെ പാത്രസൃഷ്ടിയിലും അവതരണത്തിലും ലാജോയ്ക്ക് കൂടുതല്‍ മികവുണ്ട് എന്ന് ഞാന്‍ നിരീക്ഷിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ പാമില എന്ന നോവലെഴുതിയ സാമുവല്‍ റിച്ചാര്‍ഡ്‌സണിനെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. സിനിമയില്‍ ജോര്‍ജ് ക്യൂക്കറിനെക്കുറിച്ചും. മുന്‍ നോവലുകളില്‍ എസ്തറിന്റെയും കൂട്ടുകാരിയുടെയും സൗഹൃദത്തിന്റെ ലോകം അവതരിപ്പിക്കുന്ന ഭാഗങ്ങളില്‍ എഴുതിയത് ഒരു സ്ത്രീയാണോ എന്ന് തോന്നിപ്പിക്കുന്നുഎന്ന് എന്റെ സ്‌നേഹിത പറയുകയുണ്ടായി.

പ്രമേയപരമായി പട്രീഷ്യ ഹൈസ്മിത്തിന്റെ കഥാലോകമാണ് എന്നെ ‘റൂത്തിന്റെ ലോകം’ ഓര്‍മ്മിപ്പിച്ചത്. ക്ലൈമാക്ടിക്ക് വെളിപാടുകളില്‍ പോലും ഒരു Sudden Twist എന്നതിന് പകരം വായനക്കാരന് ഊഹിക്കാന്‍ അവസരം കൊടുത്തുകൊണ്ട് വളരെ Gradual ആയ ഒരു വികാസമാണ് നല്‍കിയിരിക്കുന്നത്. ഒരു അന്താരാഷ്ട്രപരിസരത്ത് നിന്ന് ചിന്തിക്കുമ്പോഴും ലജ്ജിക്കാതെ ഏത് മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ കൂട്ടത്തിലും പോയി നില്‍ക്കാന്‍ കെല്‍പ്പുള്ള നോവലാണ് ‘റൂത്തിന്റെ ലോകം’. അതുകൊണ്ട് തന്നെ ഒരു നല്ല വിവര്‍ത്തനം കൊണ്ടുവരുന്നതിനെക്കുറിച്ച് ലാജോയ്ക്ക് ധൈര്യമായി ആലോചിക്കാവുന്നതാണ്. സൈക്കളോജിക്കല്‍ ത്രില്ലര്‍ മേഖലയില്‍ കമ്പമുള്ള എല്ലാവര്‍ക്കും നിര്‍ദേശിക്കുന്നു.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന പുതിയ നോവലിന് മരിയ റോസ് എഴുതിയ വായനാനുഭവം

Viewing all 31623 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>