![]()
38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. പതിനൊന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന, മേഖലയിലെ ഏറ്റവും വലിയ സാഹിത്യസാംസ്‌കാരികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പൂര്‍ത്തിയായി. എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തില്‍പ്പരം പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. നൂറ്റമ്പതോളം ഇന്ത്യന്‍ പ്രസാധകരും ഈ വര്‍ഷം പുസ്തകമേളക്കെത്തുന്നുണ്ട്.
തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസ്സുകള്‍ എന്നതാണ് പുസ്തകോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്പശാലകള്‍, മുഖാമുഖം എന്നിവ കൂടാതെ തത്സമയ പാചകപരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നു. മെക്‌സിക്കോ ആണ് ഈ വര്‍ഷം മേളയിലെ അതിഥി രാജ്യം.
നൊബേല്‍ പുരസ്‌കാര ജേതാവും വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക് പങ്കെടുക്കുന്ന പ്രഭാഷണപരിപാടിയാണ് ഉദ്ഘാടനദിനത്തിലെ മുഖ്യാകര്‍ഷണം. വൈകിട്ട് ഏഴ് മുതല്‍ എട്ടര വരെ, ബാള്‍ റൂമിലാണ് തന്റെ നോവലുകളെയും മറ്റ് രചനകളെയും തുര്‍ക്കിയിലെ തന്റെ ജീവിതത്തെയും കുറിച്ച് ഓര്‍ഹന്‍ പാമുക് സംവദിക്കുന്നത്.
ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ബോളിവുഡിന്റെ പ്രിയ താരങ്ങളായ ഗുല്‍ഷന്‍ ഗ്രോവര്‍, ലിസ റേ, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്‍, അനിത നായര്‍, അശ്വിന്‍ സാംഗി, ജീത് തയ്യില്‍, മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാര്‍എന്നിവരും കേരളത്തില്‍നിന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നടന്മാരായ ടൊവീനോ തോമസ്, സിദ്ദിഖ്, ഗായിക കെ.എസ്.ചിത്ര, ജി.എസ്.പ്രദീപ് എന്നിവരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.
മലയാളം-തമിഴ് ഭാഷകളിലുള്ള ഇരുനൂറ്റിമുപ്പതിലേറെ പുസ്തകങ്ങളാണ് ഈ വര്‍ഷം മേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക വേദിയും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ രചിച്ച നാല്‍പ്പതോളം പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പത് കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് കോമിക് കോര്‍ണര്‍ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേകതീയേറ്റര്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.
ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളാണ് ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. പുസ്തകപ്രകാശനത്തിനായി ഷാര്‍ജ ഭരണാധികാരി മേള സന്ദര്‍ശിക്കുന്നുണ്ട്.
പ്രവാസികളടക്കം നിരവധി മലയാളികള്‍ എല്ലാ വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. നവംബര്‍ 9ന് മേള സമാപിക്കും.
മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തു മണി വരെയായിരിക്കും പ്രദര്‍ശനം നടക്കുക. മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.