മലയാള ഭാഷയുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ഹൃദയത്തില്‍ തട്ടിയാണ് ഒ.എന്‍.വി സംസാരിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയുടെ ഒന്നാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന അനുസ്മരണം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാ സംരക്ഷണത്തിന് അദ്ദേഹം നടത്തിയ നിരന്തര പോരാട്ടം വിസ്മരിച്ച് മലയാളി മാനസികമായ അധിനിവേശത്തിന് വിധേയരായി. സ്‌കൂളുകളില്‍ മാതൃഭാഷ ഒഴിവാക്കി കുട്ടികളെ ഇംഗ്‌ളീഷ് പഠിപ്പിക്കുന്നതിന് കാരണമിതാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
കവി വി. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, കവി പ്രഭാവര്‍മ, രാധിക സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.എന്‍.വി ഫൗണ്ടേഷന്റെ പ്രതിഭ പുരസ്‌കാരം തിരുവനന്തപുരം വനിത കോളജിലെ ഒന്നാംവര്‍ഷ എം.എ വിദ്യാര്‍ഥി അപ്‌സര ശശിധരന്‍ വി. മധുസൂദനന്‍ നായരില്‍നിന്ന് ഏറ്റുവാങ്ങി. കലാലയ മാഗസിനുകളിലെ കവിതകളില്‍നിന്നാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പും ജി. ദേവരാജന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒഎന്‍വിയുടെ ഭാര്യ സരോജിനിയുടെ സാന്നിധ്യംകൊണ്ട് ആര്‍ദ്രമായിരുന്നു ചടങ്ങുകള്‍.
ഒഎന്‍വി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ‘ഓര്‍മകളുടെ തിരുമുറ്റത്ത്’ പരിപാടി രാവിലെ കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വിയുടെ അദൃശ്യസാന്നിധ്യമില്ലാത്ത ഒരുനിമിഷംപോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കവയിത്രി സുഗതകുമാരി ഒ.എന്‍.വി സ്മൃതിപൂജ നടത്തി. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷതവഹിച്ചു. പിരപ്പന്‍കോട് മുരളിയുടെ അധ്യക്ഷതയില്‍ കവി സമ്മേളനവും നടന്നു.