അനധികൃത സ്വത്ത് സമ്പാദനകേസിൽ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടരി ശശികല നടരാജന് എതിരായ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. വിധി വരുന്നതുവരെ കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാരൊടൊപ്പമാണ് ശശികല തുടരുന്നത്. വിധി ശശികലയ്ക്ക് അനുകൂലമായാലും പ്രതികൂലമായാലും രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങുമെന്നാണ് നിരീക്ഷണം.
വിധി ശശികലയ്ക്ക് അനുകൂലമായാല്‍ ഗവര്‍ണര്‍ക്ക് ഉടന്‍ തന്നെ അവരെ സത്യപ്രതിജ്ഞയ്ക്ക് വിളിക്കേണ്ടി വരും. മറിച്ചായാല്‍ അത് ശശികലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ അന്ത്യമായിരിക്കുമെന്നാണ് സൂചന. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധി കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികള്‍ക്ക് നാലുവര്‍ഷത്തെ തടവിന് പുറമെ പിഴയും ബംഗളുരിലെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റ് പ്രതികള്‍ക്ക് പത്ത് കോടി വീതവുമായിരുന്നു പിഴ വിധിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ കര്‍ണാടക ഹൈക്കോടതി അംഗീകരിക്കുകയും ഇവരെ കുറ്റവിമുക്തരാക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ ജയലളിത അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്. ജയലളിതയ്ക്കും ശശികലയ്ക്കും പുറമെ ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ് മറ്റുപ്രതികള്‍.