കമലിന്റെ ആമിയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ‘ആമി’യില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരേ എഴുത്തുകാരനും സാമൂഹ്യവിമര്‍ശകനുമായ എന്‍.എസ്.മാധവന്‍. ദിവസം രണ്ടുനേരം ക്ഷേത്രസന്ദര്‍ശനം നടത്തുമെന്ന് മഞ്ജു വാര്യരെക്കൊണ്ട് പറയിപ്പിച്ച ദിവസം കലയെ സംബന്ധിച്ച് ദു:ഖകരമായ ഒന്നാണെന്ന് മാധവന്‍ പറയുന്നു.
”ഈ യുക്തി അനുസരിച്ച് ഹിറ്റ്‌ലര്‍, മുസോളിനി, ഗോഡ്‌സേ ഇവരെയൊക്കെ അവതരിപ്പിക്കുന്ന അഭിനേതാക്കളെയും വേട്ടയാടേണ്ടതാണ്. ദിവസം രണ്ടുനേരം ക്ഷേത്രത്തില്‍ പോകുമെന്ന് മഞ്ജു വാര്യരെക്കൊണ്ട് പറയിച്ച ദിവസം കലയെ സംബന്ധിച്ച് ദു:ഖകരമായ ഒന്നാണ്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇത്തരം വിമര്‍ശനങ്ങളെയൊക്കെ അവര്‍ തള്ളിക്കളയേണ്ടതായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ സിനിമാമേഖലയില്‍ നിന്ന് അവര്‍ക്ക് പിന്തുണയൊന്നും കിട്ടുന്നില്ല. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അവര്‍ അറിയുന്നില്ല.”
എന്‍.എസ്.മാധവന്‍
ആമിയായി മഞ്ജു വാര്യർ എത്തും എന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഇതിനെ വിമര്‍ശിച്ച് ഹിന്ദുത്വവാദികള്‍ പ്രതിഷേധമുയര്‍ത്തി എത്തിയത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ പ്രതികരണവുമായി മഞ്ജു ഫേസ്ബുക്കില്‍ എത്തി. ‘ആമി’യില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് തന്റെ രാഷ്ട്രീയപ്രഖ്യാപനമല്ലെന്നും കമല്‍ എന്ന ഗുരുതുല്യനായ കലാകാരനോടുള്ള ആദരം കൊണ്ടാണെന്നും മഞ്ജു കുറിച്ചു. ഭാരതത്തില്‍ ജനിച്ച ഏതൊരാളെയുംപോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയ’മെന്നും രണ്ട് നേരം ക്ഷേത്രത്തില്‍ ദീപാരാധന തൊഴുന്നയാളാണ് താനെന്നുമൊക്കെ മഞ്ജു ഫേസ്ബുക്കില്‍ എഴുതിയിരുന്നു.