സര്‍, ഞങ്ങള്‍ എവിടെ ചെന്നാലും, രാജ്യത്തിന്റെ ഏതു കോണിലായാലും, അതൊരു പഠനയാത്രയോ വിനോദയാത്രയോ ആയിരുന്നാല്‍ കൂടിയും ആ സ്ഥലത്തുള്ള യുവജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കാറുണ്ട്. മിക്കവാറും ഞങ്ങളുടെ അതേ പ്രായത്തിലുള്ള പതിനെട്ടോ അതിനു മുകളിലോ ഉള്ള യുവജനങ്ങള്‍. വോട്ടിങ് അവകാശത്തെപ്പറ്റി അവരോടു സംവദിക്കുമ്പോള്‍ മിക്കവരും അഭിപ്രായപ്പെടുന്നത് തങ്ങള്‍ വോട്ടുചെയ്യില്ല എന്നാണ്. കാരണം, ഒരു പാര്‍ലമെന്റ് മെമ്പറായോ എം.എല്‍.എ. ആയോ തങ്ങളെ നയിക്കാന്‍ ആരും അര്‍ഹരല്ലെന്ന് അവര്‍ ചിന്തിക്കുന്നു. ഞങ്ങളും അതേ ചിന്താഗതിക്കാരാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വോട്ടു ചെയ്യുന്നില്ലെന്നു തീരുമാനിച്ചിരിക്കുന്നു.സര്‍, ഞങ്ങളെടുത്ത തീരുമാനം ശരിയാണോ എന്നു ദയവായി പറയാമോ?’
2014 മാര്‍ച്ച് 20ന് പഞ്ചാബിലെ റോപ്പറില്‍ വിദ്യാര്‍ത്ഥികളോടൊത്തുള്ള ഒരു സംവാദത്തില്‍ പങ്കെടുക്കാനെത്തിയ നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനോട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചോദിച്ച ചോദ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നടക്കുന്നരാഷ്ട്രീയ കിടമത്സരങ്ങള്‍ളും ഇലക്ഷനും എങ്ങനെ നോക്കിക്കാണണമെന്നുള്ള.., രാഷ്ട്രിത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഭരണനിര്‍വ്വഹണത്തെ പറ്റിയുള്ള കാര്യങ്ങളാണ് കലാം ഇതിനുത്തരമായി പറഞ്ഞത്.
പിന്നീട് ഭരണ നിര്‍വ്വഹണത്തെപ്പറ്റിയുള്ള യുവത്വത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണം അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങള്‍ ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മികച്ച ഭരണത്തിലൂടെ ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ എങ്ങനെ പടുത്തുയര്‍ത്താമെന്ന് ഇതിലെ ഒരോ ലോഖനവും വിശദീകരിക്കുന്നു. ഏത് തരത്തിലുള്ള ഭരണസംവിധാനങ്ങള്‍ അവലംബിക്കണം, അഴിമതിക്കെതിരെ എങ്ങനെ പ്രതികരിക്കാം, അഴിമതിരഹിത രാഷ്ട്രം എങ്ങനെ കെട്ടിപ്പടുക്കാം, ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കയാണ് എന്നീ കാര്യങ്ങളാണ് ഈ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മികച്ച ഭരണനിര്‍വ്വഹണത്തിലൂടെ മികവുറ്റ രാഷ്ട്രത്തെ നിര്‍മ്മിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് യുവത്വം കൊതിക്കുന്ന ഇന്ത്യ. വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. റോബി അഗസ്റ്റിന്‍ ആണ്. 2014 ലാണ് കലാമിന്റെ യുവത്വം കൊതിക്കുന്ന ഇന്ത്യ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് പുറത്തുള്ളത്.
ഉറക്കത്തില്‍ കാണുന്നതല്ല, നമ്മെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്‌നം എന്ന് ഇന്ത്യന്‍ ജനതയെ പഠിപ്പിച്ച, ലോകത്തിനുമുന്നില്‍ നമ്മുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് ഡോ എ പി ജെ അബ്ദുള്‍കലാം. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നഗരവും ഗ്രാമവും തമ്മിലുള്ള വിടവ് വളരെ കുറഞ്ഞിരിക്കുന്ന ഒരു രാജ്യം എന്നാണ്. അതായത് ഊര്‍ജ്ജവും വെള്ളവും എല്ലാവര്‍ക്കും തുല്യമായും ആവശ്യാനുസൃതവും വിതരണം ചെയ്യുന്ന, കൃഷിയും വ്യവസായവും സേവന രംഗവും ഒരേ താളത്തില്‍ മുന്നോട്ടുനീങ്ങുന്ന, മാര്‍ക്കുള്ള ഏതെങ്കിലും കുട്ടിക്ക് സാമൂഹിക സാമ്ബത്തിക വിവേചനത്താല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത, പ്രതിഭകളായ അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നിക്ഷേപകര്‍ക്കും താമസിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇടം. എല്ലാവര്‍ക്കും നല്ല ആരോഗ്യപരിപാലനം സംലംഭ്യമാക്കുന്ന രാജ്യം. അഴിമതി രഹിതവും സുതാര്യവും ഉത്തരവാദിത്വവും നിറഞ്ഞ ഭരണ സംവിധാനമുള്ള രാജ്യം. ലോകത്തിലെതന്നെ നല്ല ജീവിതം നയിക്കാന്‍ പറ്റിയ ഒരിടവും ഭരണ നേതൃത്വത്തെച്ചൊല്ലി അഭിമാനിക്കാവുന്ന ഒരു രാജ്യം. ഇതാണ് കലാം സ്വപ്‌നം കണ്ട ഇന്ത്യ എന്ന രാജ്യം. രാഷ്ട്രീയ അരാചകത്വവും മതസ്പര്‍ധയും, തമ്മില്‍തല്ലും വിളയാടുന്ന ഒരു രാഷ്ട്ര്‌ത്തെ നന്മയുടെ വഴികളിലേക്ക് കൊണ്ടുവരാന്‍ ഒരു പൗരനെന്നനിലയില്‍..രാഷ്ട്രതലവനെന്ന നിലയില്‍ കലാം കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ് യുവത്വം കൊതിക്കുന്ന ഇന്ത്യ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.
മികച്ച ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ നമ്മുടെ യുവാക്കളെ സജ്ജരാക്കാന്‍ ഈ പുസ്തകത്തിനുകഴിയുമെന്നത് തീര്‍ച്ച..!