“ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നല്ലേ പള്ളീം അമ്പലോമൊക്കെ”. ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു ; ‘അങ്ങനേങ്ഖില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പങ്ങളെയും നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ നമുക്ക് സൃഷ്ടിച്ചുകൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരന്‍”
“കാക്കത്തൊള്ളായിരം ഈശ്വരന്‍മാരെക്കൊണ്ട് പൊറുതകിമുട്ടിയിരിക്കുമ്പോള്‍ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്‍തുകാര്യം”. സഹീര്‍ ചോദിച്ചു.
“സകല ഈശ്വരന്‍മാരും ബദലായി നില്‍ക്കുന്നവനാണവന്‍. അതിനാല്‍ നമ്മള്‍ സൃഷ്ടിക്കുന്ന പുതിയൊരീശ്വരന്റെ പേര് നിരീശ്വരന്‍ എന്നായിരിക്കും.”
നിരീശ്വരന്‍…നിരീശ്വരന്‍.. ഭാസ്‌കരന്‍ ആ നാമം രണ്ടുവട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു.
ആന്‍ണി ഭാസ്‌കരന്‍ സഹീര്‍ എന്നീ (ആഭാസ) സുഹൃത്തുക്കളുടെ മനസ്സില്‍ രൂപംകൊണ്ട ആശയമായിരുന്നു ഈശ്വരസങ്കല്പത്തെ തകര്‍ക്കാന്‍ ഒരു നിരീശ്വരന്‍ എന്നത്. എല്ലാ മ്ലേച്ഛയോഗങ്ങളും തികഞ്ഞ ഒരു അമാവാസിരാത്രിയില്‍ അവര്‍ നിരീശ്വരനെ ആഭാസത്തെരുവെന്ന് പുനര്‍നാമകരണം ചെയ്ത ദേവത്തെരുവിന്റെ കേന്ദ്രമായ ആത്മത്തറയില്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പിന്നീട് മൂവരുടെയും കണക്കുകൂട്ടലുകള്‍ തകര്‍ത്തുകൊണ്ട് നിരീശ്വരന്‍ വളര്‍ന്നു.
സര്‍വരാലും ബഹുമാനിതനായി, പൂജിതനായി, ആരാധ്യനായി, അത്ഭുതപ്രവൃത്തികളഉടെ കാരണഭൂതനായി, ‘വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന’ മറ്റൊരു ദൈവമായി മാറുകയായിരുന്നു നിരീശ്വരന്‍. ഈശ്വരനിരീശ്വര സങ്കല്പങ്ങളെ മാന്യമായൊരു തലത്തില്‍ വച്ചുകൊണ്ട് വായനക്കാരുടെ വിചിന്തനത്തിനു വിടുകയാണ് നോവലിസ്റ്റ്. നോവലിന്റെ മറ്റൊരു തലത്തില്‍ ശാസ്ത്രത്തിന്റെയും സാമൂഹികാവസ്ഥകളുടെയും ചിത്രീകരണവും ഉണ്ട്. മലയാണ്‍മയുടെ മണമുള്ള, തികച്ചും ഗ്രാമ്യമായൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സാര്‍വ്വകാലികമായൊരു കഥപറയുകയാണ് വി.ജെ.ജയിംസ്.
ഇങ്ങനെ പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും അവതരണത്തിന്റെ തീവ്രതതകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടുംശ്രദ്ധേയമായ നോവലാണ് വി ജെ ജയിംസിന്റെ നിരീശ്വരന്‍. അവിശ്വാസികള്‍ സ്ഥാപിച്ച ആ വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരുകയും അങ്ങനെ നായകപദവിയിലെത്തിത്തീരുകയും ചെയ്യുന്ന രസകരമായ കഥ പറയുന്ന നോവലാണ് വി ജെ ജയിംസിന്റെ നിരീശ്വരന്‍.
ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കന്‍ ശ്രമിക്കുന്ന ആഭാസന്മാര്‍ അശുഭസമയത്ത് ആഭാസത്തെരുവില്‍ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാള്‍ ഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏല്‍പ്പിക്കുന്നു. പക്ഷേ തുടര്‍ന്ന് ആ തെരുവില്‍ ഉണ്ടാകുന്ന എല്ലാ അത്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാര്‍ത്ഥനയാല്‍ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവള്‍ക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരന്‍ എന്ന മിത്തിനെതിരെ നിര്‍മ്മിക്കപ്പെട്ട് നിരീശ്വരന്‍ മറ്റൊരു മിത്തായി തീരുന്നു. ഇങ്ങനെ മിത്തുകള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
2014ലെ മികച്ച വായനാനുഭവം പകര്‍ന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വായനക്കാരും മാധ്യമങ്ങളും തിരഞ്ഞെടുത്ത പുസ്തകങ്ങളിലൊന്നാണ് നിരീശ്വരന്‍. സ്വന്തം കൈപ്പിടിയില്‍ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂര്‍ത്തീകരിച്ചു കിട്ടുമ്പോള്‍ അതിലൊരു അതീന്ദ്രിയ ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭാരതീയരുടെ ഇഷ്ടത്തെ നോവലിസ്റ്റ് ഭംഗിയായി നിരീശ്വരന്‍ എന്ന ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നിരീശ്വരന്റെ അഞ്ചാമത് പതിപ്പും വിപണിയിലെത്തി.