പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല.
മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിട്ടില്ല. മണിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ഉണ്ടായിരുന്നു.
അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ മണിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസ് പരാജയമാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. പോലീസില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. കോടതി വഴി നീതി തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍.