‘ലോകമാതൃഭാഷാ ദിന’മാണ് ഫെബ്രുവരി 21. ലോകമാതൃഭാഷ എന്ന പ്രയോഗം സാധുവാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു കണ്ടു. കാരണം ലോകമാതൃഭാഷ എന്നൊന്നുണ്ടോ? ഇല്ല. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. അപ്പോള്‍ എന്താണ് ലോകമാതൃഭാഷാ ദിനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തിലും ബഹുമാനത്തിലും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണത്.
മാതൃഭാഷയ്ക്കായി 1952-ൽ ഫെബ്രുവരി 21ന് കിഴക്കൻ പാകിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) ഡാക്കാ സർവകലാശാലയിലെ വിദ്യാർഥികളും ജനതയും നടത്തിയ ധീരോജ്വല പോരാട്ടമാണ് ഈ ദിനത്തെ മാതൃഭാഷാദിനമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. സമരം നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ചു. അബ്ദുസലാം, റഫീഖുദീൻ അഹമ്മദ്, അബ്ദുൾ ബർക്കത്, അബ്ദുൾ ജബ്ബാർ എന്നീ വിദ്യാർഥി നേതാക്കളുൾപ്പെടെ നിരവധിപേർ പൊലീസ് വെടിവെപ്പിൽ ജീവൻ ബലിയർപ്പിച്ചു.
1947 ൽ ബ്രിട്ടീഷുകാർ പാകിസ്ഥാൻ എന്നൊരു പുതിയൊരു രാജ്യത്തെയുംകൂടി സൃഷ്ടിച്ചുകൊണ്ടാണല്ലോ അവരുടെ കോളനിവാഴ്ച ഇന്ത്യയിൽ അവസാനിപ്പിച്ചത്. പാകിസ്ഥാനെ സൃഷ്ടിച്ചതാകട്ടെ ഇന്ത്യയുടെ രണ്ട് ചിറകുകളെന്നപോലെ കിഴക്കും പടിഞ്ഞാറുമുളള പ്രദേശങ്ങളെ വെട്ടിമാറ്റിക്കൊണ്ടുമാണ്. ഇതിൽ പടിഞ്ഞാറൻ പാകിസ്ഥാനായിരുന്നു അധികാര കേന്ദ്രം. കിഴക്കൻ പാകിസ്ഥാനിൽ ഭാഷ ബംഗാളിയും പടിഞ്ഞാറിന്റേത് ഉറുദുവും. ഉറുദുവിനെ ഏക ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതോടെ കിഴക്കൻ പാകിസ്ഥാൻകാർ സ്വാഭാവികമായും അസ്വസ്ഥരായി. ജിന്നയുടെ പിൻഗാമിയായിവന്ന ഗവർണർ ജനറൽ ക്വാജാ നസിമുദ്ദീൻ 1952 ജനുവരി 27ന് ഉർദുമാത്രം എന്ന കർക്കശനയം പ്രഖ്യാപിച്ചതോടെ കിഴക്കൻ പാകിസ്ഥാൻ ഇളകിമറിഞ്ഞു. സ്വന്തം നാവുമുറിക്കാൻ അന്തസുളള ഒരു ജനതയും നിന്നുകൊടുക്കില്ലല്ലോ അവർ പ്രക്ഷോഭത്തിനിറങ്ങി. 1952 ജനുവരി 31ന് ഡാക്ക സർവകലാശാലാ ലൈബ്രറിഹാളിൽ മൗലാനാബാഷാനിയുടെ അധ്യക്ഷതയിൽ മാതൃഭാഷാസ്നേഹികളുടെ യോഗം ചേർന്നു. ഫെബ്രുവരി 21 പ്രതിഷേധദിനമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. പാകിസ്ഥാൻ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ടാണ് ഇതിനെ നേരിട്ടത്.
നിരോധനാജ്ഞ വകവയ്ക്കാതെ തങ്ങളുടെ ഭാഷയെ സംരക്ഷിക്കാനായി ഫെബ്രുവരി 21 പ്രഭാതത്തിൽ വിദ്യാർഥികൾ സംഘം ചേർന്നു. പതിനൊന്ന് മണിയോടെ അവർ പൊലീസ് വലയം ഭേദിച്ച് മുന്നോട്ടുനീങ്ങി. കിഴക്കൻ ബംഗാൾ നിയമസഭയ്ക്കുമുന്നിൽ അവർ മുദ്രാവാക്യം മുഴക്കിക്കൊണ്ട് അണിനിരന്നു. ബംഗാളിക്കുവേണ്ടി വാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന മട്ടിൽ അധികാരിവർഗം പൊലീസിന് നിറയൊഴിക്കാൻ ആജ്ഞനൽകി. ധീരദേശാഭിമാനികളായ ഭാഷാസ്നേഹികൾ വിരിമാറുകാട്ടി.
തങ്ങളുടെ ഭാഷയുടെ കാവലാളുകളായി മാറി. തോക്കുകൾക്ക് ആൾക്കാരെ കൊല്ലാനാവും, എന്നാൽ ആശയത്തെ തോൽപ്പിക്കാൻ ആവില്ലല്ലോ.. ഫെബ്രുവരി 21 നെ തുടർന്നുള്ള ദിവസങ്ങളിലും മാതൃഭാഷാ സ്നേഹികൾ പൊലീസിനെയും തോക്കുകളെയും കൂസാതെ ഭാഷാ സമരവുമായി മുന്നേറി. ഒടുവിൽ മുട്ടുകുത്തിയത് അധികാരിവർഗം തന്നെയായിരുന്നു. ജനങ്ങളുടെ നിരന്തരസമരത്തിനു മുന്നിൽ അവർ ബംഗാളിഭാഷയ്ക്ക് പാകിസ്ഥാന്റെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി അംഗീകാരം നൽകി. തുടർന്ന് നമുക്കറിയാം ബംഗ്ലാദേശ് എന്നൊരു രാഷ്ട്രം തന്നെ പിറവികൊള്ളാനിടയായത് 1952 ൽ ആളിക്കത്തിയ ഈ ഭാഷാസമരമാണ്.
മനുഷ്യരക്തംകൊണ്ട് ചരിത്രംകുറിച്ച 1952 ഫെബ്രുവരി 21 അങ്ങനെ ലോക ജനതയ്ക്കുമുന്നിൽ മാതൃഭാഷയുടെ പ്രസക്തിയും പ്രാധാന്യവും ഊന്നിയുറപ്പിച്ചു. ബംഗ്ലാദേശിൽ വളരെ ദേശീയ പ്രാധാന്യത്തോടെ ഭാഷാദിനമായി ഫെബ്രുവരി 21 ആഘോഷിച്ചുപോന്നു. അവരുടെ ഏറ്റവം പ്രാധാന്യമേറിയ ദേശീയ അവധികളിൽ ഒന്നാണ് ഫെബ്രുവരി 21. ലോകമാകെ മാതൃഭാഷയുടെ പ്രസക്തി വർധിച്ചുവരുന്ന ചരിത്രഗതികൾ വിലയിരുത്തിക്കൊണ്ട് 2000 ത്തിലാണ് ഐക്യരാഷ്ട്ര സംഘടന ലോകമാതൃഭാഷാദിനമായി ഫെബ്രുവരി 21നെ അംഗീകരിച്ചത്.