Image may be NSFW.
Clik here to view.ബെഹ്‌റൈന്‍ കേരളീയസമാജത്തിന്റെ ഇക്കൊല്ലത്തെ സാഹിത്യപുരസ്‌കാരം എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സക്കറിയക്ക്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
ബഹ്‌റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് ഫെബ്രുവരി 25ന് ശനിയാഴ്ച രാത്രി 8ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് സക്കറിയയുമായി മുഖാമുഖം പരിപാടിയും ഉണ്ടാകും.
1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ച സക്കറിയ നോവല്‍, ചെറുകഥ, സഞ്ചാരസാഹിത്യം എന്നീ സാഹിത്യശാഖകളില്‍ വിലപ്പെട്ട സംഭാവനകളാണ് നല്‍കുന്നത്. 1979ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഒരിടത്ത്), 2004ല്‍ കേന്ദ സാഹിത്യ അക്കാദമി അവാര്‍ഡ് (സക്കറിയയുടെ കഥകള്‍), 2012ല്‍ ഒ.വി.വിജയന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന കഥകളെഴുതുന്നവരില്‍ പ്രഥമ സ്ഥാനീയനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ എഴുത്തുകാരനാണ് അദ്ദേഹം.
2000 മുതലാണ് ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എം.ടി.വാസുദേവന്‍നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്, സി.രാധാകൃഷ്ണന്‍, കാക്കനാടന്‍,സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി.പത്മനാഭന്‍, പ്രഫ.എം.കെ.സാനു, കെ.ജി ശങ്കരപിള്ള, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്കാണ് സാഹിത്യ പുരസ്ക്കാരം ലഭിച്ചത്.