സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമുണ്ടെന്ന് ചലച്ചിത്ര നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. മലയാളി നടിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് മാധ്യമപ്രവര്‍ത്തകരോട് ഗണേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. സിനിമ സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രമുഖ നടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന്, ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്. പല പ്രൊഡ്യുസര്‍മാര്‍ക്കും, നടീ നടന്‍മാര്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംഘടനകളിലേക്ക് അംഗത്വം നല്‍കുമ്പോള്‍ സ്‌ക്രീനിംഗ് സംവിധാനം കൊണ്ടു വരണമെന്നും ഗണേഷ് കുമാര്‍ ആശ്യപ്പെട്ടു.
പല നടിമാര്‍ക്കും ഇതിനുമുന്‍പും സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. എന്നാല്‍ അവരാരും പരാതിപ്പെടാന്‍ തയാറായില്ല. ഈ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. ബോംബെയില്‍ സിനിമാ, റിയല്‍ എസ്‌റ്റേറ്റ് അധോലോക മാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കൊച്ചിയിലും അതു പോലാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും ഗണേഷ് കുമാര്‍ പറഞ്ഞു.
പുറത്തു പറയാനാകാത്ത പല കാര്യങ്ങളും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരസ്യമായി പറയാനാകില്ല. ഇക്കാര്യത്തില്‍ തന്നോട് അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്ന സിനിമാക്കാര്‍ക്ക് ഫോണിലൂടെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധരിപ്പിക്കുമെന്നും എം.എല്‍.എ അറിയിച്ചു.