Image may be NSFW.
Clik here to view.ദേശാഭിമാനി എം ടി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി് എം ടി മ്യൂസിയം തുറന്നു. ജീവിച്ചിരിക്കെ മലയാളത്തില്‍ ഒരെഴുത്തുകാരനും ലഭിക്കാത്ത അപൂര്‍വ ആദരമാണ് ‘ദേശാഭിമാനി’ ഒരുക്കിയ എം ടി മ്യൂസിയം. കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ താല്‍ക്കാലികമായി ഒരുക്കിയിരിക്കുന്ന മ്യൂസിയത്തില്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ലഭിച്ച മഹദ്പുരസ്‌കാരങ്ങളും ജീവിതചിത്രങ്ങളുമൊക്കെയായി എം ടിയെക്കുറിച്ചുള്ളതെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ജ്ഞാനപീഠം ഉള്‍പ്പെടെയുള്ള വിഖ്യാത പുരസ്‌കാരങ്ങള്‍, എം ടിയുടെ രചനാവൈശിഷ്ട്യം പിറന്ന തൂലിക, കൈയെഴുത്തു പ്രതികള്‍ എന്നിവയെല്ലാം അപൂര്‍വ കാഴ്ചകളാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്രകേരള സാഹിത്യ പുരസ്‌കാരങ്ങള്‍, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങി എം ടിക്ക് ലഭിച്ച ഒരുപാട് ബഹുമതികളുടെ ശേഖരവുമുണ്ട്. എം ടി വര്‍ഷങ്ങളോളം ഉപയോഗിച്ച എഴുത്തുമേശയും കസേരയും കൗതുകവും വിസ്മയവും സൃഷ്ടിക്കുന്നതാണ്. എം ടിയുടെ പുസ്തകങ്ങളാണ് മറ്റൊന്ന്. മൊഴിമാറ്റം നടത്തിയ കൃതികളും കാണാം.
എം ടിയെന്ന ചലച്ചിത്രപ്രതിഭയെയും മ്യൂസിയത്തില്‍ കാണാം. മലയാളിയുടെ ദൃശ്യബോധത്തിന് പുതു വെളിച്ചംപകര്‍ന്ന എം ടിയുടെ പഴയ സിനിമാഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള അപൂര്‍വ ഫോട്ടോകളിവിടെയുണ്ട്. പുനലൂര്‍ രാജന്‍, പി മുസ്തഫ, റസാക്ക് കോട്ടക്കല്‍, ബി ജയചന്ദ്രന്‍, വിനയന്‍ തുടങ്ങിയവരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ഫോട്ടോകള്‍ എം ടിയിലേക്കുള്ള സഞ്ചാരമാണ്. ഇങ്ങനെ കാലത്തിന്റെ നാലുകെട്ടുകള്‍ കടന്ന എഴുത്തുകാരന്റെ ആദര മുദ്രകളുടെ അപൂര്‍വശേഖരമാണ് ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയിലുള്ളത്.
നാലുദിവസത്തേക്ക് സജ്ജീകരിച്ച മ്യൂസിയം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷനായി. ഡോ. എം ജി എസ് നാരായണന്‍ മുഖ്യാതിഥിയായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, കലിക്കറ്റ് പ്രസ്‌ക്‌ളബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ചിത്രകാരന്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ഒ പി സുരേഷ് സ്വാഗതവും പ്രമോദ് കോട്ടൂളി നന്ദിയും പറഞ്ഞു.
ബുധനാഴ്ച ദേശീയ സാഹിത്യ സെമിനാര്‍ ആരംഭിക്കും. ടാഗോര്‍ഹാളില്‍ രാവിലെ പത്തിന് ജ്ഞാനപീഠം ജേത്രി പ്രതിഭാറായ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ രണ്ട് ദിവസമായി സെമിനാര്‍ നടക്കും. രാത്രി ഏഴിന് ‘രണ്ടാമൂഴ’ത്തെ ആസ്പദമാക്കി സുചിത്ര വിശ്വേശ്വരന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം അരങ്ങേറും. 24ന് വൈകിട്ട് ആറിന് കടപ്പുറത്ത് ദേശാഭിമാനി സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രമുഖ സിനിമാതാരങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തസംഗീതവിരുന്ന്.