എം ടി നാടുപേക്ഷിച്ചുപോകണമെന്നു പറയുന്നവര്‍ എം ടിയെ അറിയാത്തവരാണെന്നും അങ്ങനെയുള്ളവര്‍ ഒറ്റപ്പെടുമെന്നും പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ദേശാഭിമാനി ഒരുക്കിയ എം ടി മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കല കാലത്തെ അതിജീവിക്കുന്നതാണ്. പ്രേക്ഷകനെയും കലാകാരനെയും ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്താനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈനെ ഇന്ത്യ വിട്ടുപോകാന്‍ പ്രേരിപ്പിച്ചതും പ്രശസ്ത പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്തതും ഇതേ ശക്തികളാണ്. എം ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അതില്‍ ‘ചാവ്’ എന്നെഴുതി. കമലിനോട് ഇന്ത്യ വിട്ടുപോകാന്‍ ആജ്ഞാപിച്ച് അവര്‍ കൈയേറ്റം നടത്തി. നിശ്ശബ്ദമാക്കുക എന്നതാണ് വര്‍ഗീയ ഭ്രാന്തന്മാരുടെ അജന്‍ഡ-അദ്ദേഹം പറഞ്ഞു.
എം ടി ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെയോ ആശയത്തിന്റേയോ വക്താവല്ല. സമൂഹത്തിന് താളംതെറ്റുമ്പോള്‍ എം ടി തുറന്നുപറയാറുണ്ട്. അത്രയും മതി, അദ്ദേഹത്തില്‍നിന്നും സമൂഹം പ്രതീക്ഷിക്കുന്നതും അതാണ്. നാടിനെപ്പറ്റി ഇത്രയേറെ തുറന്നെഴുതിയ ഒരാള്‍ എം ടിയെപോലെ വേറെയുണ്ടെന്ന് കരുതുന്നില്ല. തന്നെക്കുറിച്ചോ രചനകളെക്കുറിച്ചോ അവകാശവാദങ്ങള്‍ ഉന്നയിക്കാത്ത വ്യക്തിത്വമാണ് എം ടി. മറ്റുള്ളവരെ അപവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാറുമില്ല. എം ടിയില്‍ നാട്ടിന്‍പുറത്തിന്റെ മനസ്സ് എന്നും നിലനിന്നു. ഒറ്റപ്പെടുത്തിയാലും അപവാദങ്ങള്‍ പറഞ്ഞാലും ദേഷ്യമില്ലാതെ, പരിഭവമില്ലാതെ തന്നിലേക്ക് മടങ്ങുന്ന എഴുത്തുകാരനാണദ്ദേഹം. കേരളത്തില്‍ ആദ്യമായാണ് എഴുത്തുകാരനുവേണ്ടി മ്യൂസിയം ഒരുങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ എം ടിയുടെ അനുമതി ഉണ്ടെങ്കില്‍ സ്ഥിരം മ്യൂസിയം സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
എം ടിയുടെ ‘രണ്ടാമൂഴം’ നോവല്‍ വന്നപ്പോള്‍ അത് ക്ലാസിക്കല്‍ സാഹിത്യവും ആധുനിക സാഹിത്യവും തമ്മിലുള്ള കണ്ണിയാവുകയായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണനും അഭിപ്രായപ്പെട്ടു.. യുധിഷ്ഠിരനെയും അര്‍ജുനനെയും അല്ല, ഭീമനെയാണ് എം ടി അവതരിപ്പിച്ചത്. അവശത അനുഭവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തകഴിയും ഉറൂബും വിലസിയ കാലത്ത് എം ടി ശ്രദ്ധേയനായതെന്നും മുഖ്യ പ്രഭാഷണം നടട്ടിയ അദ്ദേഹം പറഞ്ഞു.
എം ടിയുടെ പേരില്‍ സ്ഥിരം മ്യുസിയം തുടങ്ങാന്‍ എം ടിയുടെ അനുമതി നോക്കേണ്ടതില്ലെന്നും എം ജി എസ് പറഞ്ഞു. എം ടിയുടെ അനുമതി ഉണ്ടെങ്കില്‍ സ്ഥിരം മ്യൂസിയം സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന മന്ത്രി എ കെ ബാലന്റെ ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എം ജി എസ്.