Quantcast
Channel: DC Books
Viewing all 31623 articles
Browse latest View live

സ്വാതന്ത്ര്യദിനാശംസകള്‍

$
0
0

സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 73-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-നാം സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തും. ദില്ലിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍


ഉന്മാദിയായ രാവണന്‍

$
0
0

രാവണനെ യുദ്ധം ഉന്മാദിയാക്കിയിരുന്നു. പോര്‍ക്കളത്തില്‍ ജയം മാത്രം ലക്ഷ്യമാക്കി യുദ്ധം ചെയ്യുമ്പോള്‍ തനിക്ക് ശത്രു-മിത്രങ്ങളെ തിരിച്ചറിയാന്‍ കഴിയാറില്ല എന്നു രാവണന്‍ തന്നെ സമ്മതിക്കുന്നുണ്ട്. തന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ ഭര്‍ത്താവായ വിദ്യുജിഹ്വയെ അങ്ങനെയാണ് രാവണന്‍ കൊന്നത്. എന്തുകൊണ്ടാണ് തന്റെ ഭര്‍ത്താവിനെ കൊന്ന് തന്നെ വിധവയാക്കിയത് എന്ന ശൂര്‍പ്പണഖയുടെ ചോദ്യത്തിന് ഉത്തരം പറയവെയാണ് രാവണന്‍ തന്റെ ഉന്മാദാവസ്ഥയെക്കുറിച്ച് പറഞ്ഞത്.

ഖരദൂഷണന്മാരുടെയും പതിന്നാലായിരം രാക്ഷസസേനകളുടേയും നേതൃത്വത്തില്‍ ദണ്ഡകാരണ്യത്തില്‍ സ്വൈര്യവിഹാരം ചെയ്യാന്‍ ശൂര്‍പ്പണഖയെ അനുവദിച്ചുകൊണ്ടാണ് രാവണന്‍ സഹോദരിയുടെ വൈധവ്യത്തിന് പരിഹാരം കണ്ടത്. ജയം മാത്രമായിരുന്നു യുദ്ധത്തില്‍ രാവണന്റെ മിത്രം. യുദ്ധവിജയം തനിക്ക് മാത്രമായി എന്നും വേണമെന്നും താന്‍ ലോകം കീഴടക്കിയവനാണെന്നും ലോകം അംഗീകരിക്കണമെന്നും രാവണന് നിര്‍ബന്ധം ഉണ്ടായിരുന്നു. താനാണ് രാജ്യമെന്നും തന്റെ ഇഷ്ടമാണ് നിയമമെന്നും രാവണന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. തന്റെ ഇഷ്ടത്തിനൊത്തു നില്‍ക്കുന്നവന്‍ മാത്രം, അല്ലാത്തവരെല്ലാം ശത്രു. ഇതായിരുന്നു രാവണന്റെ ധര്‍മ്മബോധം.

തന്റെ സഹോദരനായ വൈശ്രവണന്റെ മകന്‍ നളകൂബരന്റെ ഭാര്യയായ രംഭയെ ബലാല്‍സംഗം ചെയ്യുന്നതിനായി രാവണന്‍ കണ്ടെത്തുന്ന യുക്തി വിചിത്രമാണ്. അപ്‌സരസായ രംഭയില്‍ രാവണന് അതികാമാസക്തി തോന്നി. തനിക്ക് വഴങ്ങണമെന്ന് രാവണന്‍ ആവശ്യപ്പെട്ടു. താന്‍ രാവണന് പുത്രവധു സമാനയാണെന്നും അതുകൊണ്ട് തന്നെ പ്രാപിക്കരുത് എന്ന് രംഭ കരഞ്ഞുപറഞ്ഞപ്പോള്‍ അപ്‌സരസ്സുകള്‍ വശംവദകളാണെന്നും ചാരിത്ര്യം കുലവധുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതുകൊണ്ട് അപ്‌സരസ്സുകളെ യഥേഷ്ടം പ്രാപിക്കാമെന്നും രാവണന്‍ പറഞ്ഞു.

രംഭയെ രാവണന്‍ ബലാല്‍സംഗം ചെയ്തു. അതിലൂടെ അകാമികളായ സ്ത്രീകളെ ബലാല്‍സംഗം ചെയ്താല്‍ തല നൂറായി പൊട്ടിത്തെറിക്കുമെന്ന ശാപം നേടുകയും ചെയ്തു. എന്നാല്‍ താന്‍ ഏകഭര്‍ത്തൃമതിയും ചാരിത്ര്യശുദ്ധിയുള്ളവളാണെന്നും സീത പറഞ്ഞപ്പോള്‍ കുലവധുക്കള്‍ക്കും ഭര്‍ത്തൃമതികള്‍ക്കും മാത്രമെ സ്വഭാവശുദ്ധിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നു രംഭയോടു പറഞ്ഞ ന്യായീകരണം സീതയുടെ കാര്യത്തില്‍ രാവണന് സ്വീകാര്യമായില്ല. താനാണ് രാജ്യമെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളാണ് നിയമമെന്നും കരുതുന്ന ഉന്മാദിയായ ഏകാധിപതികള്‍ക്ക് രാവണനെ പോലെ മാത്രമെ ചിന്തിക്കാന്‍ കഴിയൂ.

പ്രജാപതിയുടെ പുത്രനാണ് പുലസ്ത്യന്‍. അപാരതപസ്സിദ്ധികള്‍ ഉണ്ടായിരുന്ന മഹര്‍ഷി. ആ പുലസ്ത്യന്റെ മകനാണ് രാവണന്‍. ഉഗ്രമായ തപസ്സില്‍ മുഴുകിയ പുലസ്ത്യന്റെ തപസ്സു മുടക്കാനെത്തിയ അപ്‌സരിനെ ശപിച്ചതോടൊപ്പം തന്റെ ആശ്രമത്തില്‍ അനുവാദമില്ലാതെ പ്രവേശിക്കുന്ന ഏതു കന്യകയും ഉടന്‍ ഗര്‍ഭവതികളാകും എന്ന ഒരു സ്ഥിരശാപവും പുലസ്ത്യന്‍ പ്രഖ്യാപിച്ചു. ഇത് അറിയാതെയാണ് തൃണബിന്ദു എന്ന ഋഷിയുടെ മകള്‍ പുലസ്ത്യാശ്രമത്തിലെത്തിയതും ഗര്‍ഭവതിയായതും. മകളെ പുലസ്ത്യന് ഭാര്യയായി നല്കി തൃണബിന്ദു പ്രശ്‌നം പരിഹരിച്ചു. തൃണബിന്ദുവിന്റെ മകളില്‍ പുലസ്ത്യനുണ്ടായ മകനാണ് വിശ്രമവസ്സ് വിശ്രമവസ്സിന് ഭരദ്വാജപുത്രി ദേവര്‍ണ്ണനിയിലാണ് വൈശ്രവണന്‍ ജനിച്ചത്. വൈശ്രവണന്‍ കൊടുംതപസ്സിലൂടെ ധനാധിപത്യവും ദിക്പാലകത്വവും നേടി പ്രമാണിയായി വാണരുളി.

വൈശ്രവണനില്‍ സംപ്രീതനായ വിധാതാവ് പുഷ്പക വിമാനം നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു. തെക്കെ സമുദ്രത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ത്രികൂടാചലത്തിലെ ലങ്കാനഗരം അക്കാലത്ത് വെറുതെ കിടക്കുകയായിരുന്നു. ലങ്കാ നിവാസികളായ രാക്ഷസരെ ദേവഗണം തോല്പിച്ച് പാതാളത്തിലേക്ക് നാടുകടത്തിയിരുന്നു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ലങ്കാ നഗരത്തിന്റെ ആധിപത്യവും വൈശ്രവണന് ലഭിച്ചു. ഹേതി എന്ന രക്ഷസ്സിന്റെ മകനായ വിദ്യുത് കേശന്റെ പുത്രനായ സുകേശന് ദേവതി എന്ന ഗന്ധര്‍വ്വ പുത്രിയില്‍ മാല്യവാന്‍, സുമാലി, മാലി എന്നീ മൂന്നു പുത്രന്മാര്‍ ഉണ്ടായി. മൂന്നുപേരും ഉഗ്രമായി തപസ്സു ചെയ്തു. നിത്യമായ സഹോദര മൈത്രിയും യുദ്ധത്തില്‍ തോല്‍വിയില്ലാത്ത വിജയവും വരമായി നേടി. സുമാലി കേതുമതിയേയും മാല്യവാന്‍ സുന്ദരിയേയും മാലി വസുഭയേയും വരിച്ചു. സുമാലിക്ക് കേതുമതിയിലുണ്ടായ പുത്രിയാണ് കൈകസി. ദേവന്മാരാല്‍ പരാജയപ്പെട്ടു പാതാളത്തിലായിരുന്നു ഇവരുടെ വാസം. വൈശ്രവണനെപോലെയുള്ള ഒരു പുത്രനെ ലഭിക്കുന്നതിനുവേണ്ടി പിതാവായ സുമാലിക്കൊപ്പം കൈകസി പുലസ്ത്യാശ്രമത്തിലെത്തി. പുലസ്ത്യന് കൈകസിയില്‍ രാവണന്‍ ജനിച്ചു. കൂടാതെ കുംഭകര്‍ണ്ണന്‍, ശൂര്‍പ്പണഖ എന്നിവരും പുലസ്ത്യന്റെ മക്കളാണ്.ആണ്‍മക്കള്‍ മൂന്നുപേരും ഉഗ്രമായ തപസ്സ് ചെയ്തു. ക്രോധത്തോടെ ഉഗ്രതപസ്സില്‍ മുഴുകിയ രാവണന്‍ സ്വന്തം തലകള്‍ ഓരോന്നായി ഹോമിച്ചുകൊണ്ടായിരുന്നു തപസ്സ് ചെയ്തത്. ഒന്‍പതു തലകളും ഹോമിക്കപ്പെട്ടതിനുശേഷം പത്താമത്തെ തല ഹോമിക്കുന്നതിനു മുന്‍പ് വിധാതാവ് പ്രത്യക്ഷപ്പെട്ടു.

ദേവാസുര പക്ഷി മൃഗങ്ങളാല്‍ കൊല്ലപ്പെടരുത്. ഇഷ്ടാനുസരണം രൂപം മാറാനുള്ള കഴിവുണ്ടാകണം. അമരത്വവും വേണം. രാവണന് വരദാനം നല്‍കി ഖരബലത്താല്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഏതവസ്ഥയിലും മനോവാക്കര്‍മ്മങ്ങള്‍ ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കണം എന്നു വിഭീഷണനും സുഖനിദ്രയാല്‍ താന്‍ അനുഗ്രൃഹീതനാകണം എന്നും കുംഭകര്‍ണ്ണനും വരലാഭം ഉണ്ടായി.

വരബലം നേടിയ രാവണന്‍ വൈശ്രവണ സമീപത്തേക്ക് പ്രഹസ്തനെ ദൂതനായി അയച്ചുകൊണ്ട് രാക്ഷസര്‍ക്ക് നഷ്ടപ്പെട്ട ലങ്കാനഗരം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ലങ്കയുടെ അധികാരം നല്കില്ല എന്നും താമസിക്കാന്‍ അവസരം നല്കാമെന്നായി വൈശ്രവണന്‍. തന്റെ രണ്ട് മക്കള്‍ തമ്മില്‍ യുദ്ധമുണ്ടാകുമെന്നു കണ്ടപ്പോള്‍ വൈശ്രവണനെ കൈലാസശൈലം ഭരിക്കാനും രാവണനെ ലങ്ക ഭരിക്കാനും പുലസ്ത്യന്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. കൈലാസത്തിലെത്തിയ വൈശ്രവണന്‍ ശിവനുമായി സഖ്യം ഉണ്ടാക്കിയതറിഞ്ഞ രാവണന്‍ കൈലാസത്തിലെത്തി ശിവനെ പ്രസാദിപ്പിച്ച് ചന്ദ്രഹാസം നേടി. വേദവതിയെ ബലാല്‍സംഗം ചെയ്തു അവളുടെ ശാപം ഇരന്നു വാങ്ങി.

മൂന്നു ലോകങ്ങളെ കീഴടക്കാനും ദിക്പാലകരെ വരുതിയിലാക്കാനും ഇറങ്ങി തിരിച്ച രാവണന്‍ അതെല്ലാം നേടി. ഒന്നുകില്‍ യുദ്ധം ചെയ്യാനും അല്ലെങ്കില്‍ തോല്‌വി സമ്മതിക്കാനും ഓരോ രാജാവിനോടും രാവണന്‍ ആവശ്യപ്പെട്ടു. പല രാജാക്കന്മാരും യുദ്ധമില്ലാതെ തോല്‍വി സമ്മതിച്ചു. സമ്മതിക്കാത്തവരെ യുദ്ധത്തില്‍ ജയിക്കുകയോ വധിക്കുകയോ ചെയ്തു. മരുത്തനെ ജയിച്ചു. അനരണ്യനെ വധിച്ചു. ഇങ്ങനെ രാവണന്‍ വിരാജിക്കുമ്പോഴാണ് ജനിക്കുമ്പോള്‍ തന്നെ ജര, നര, രോഗം, വിശപ്പ്, ദാഹം എന്നിവകളാല്‍ ജനിക്കുമ്പോഴേ കൊല്ലപ്പെട്ടുകഴിഞ്ഞ മാനവരെ തോല്പിക്കുന്നത് രാവണന്റെ അന്തസ്സിനു യോജിക്കുന്ന കാര്യമല്ലെന്നും യമനെ കീഴടക്കുന്നതാണ് ഉചിതമെന്നും നാരദന്‍ ഉപദേശിച്ചത്. യമലോകത്ത് എത്തിയ രാവണന്‍ നരകസ്വര്‍ഗ്ഗങ്ങള്‍ കണ്ടതിനുശേഷം യമനെ തോല്പിച്ചു. നരകത്തില്‍ കിടന്ന ദുഷ്‌കൃതികളെ മോചിപ്പിച്ചു.

നിവാതകവചന്മാരുമായി സന്ധി ചെയ്തു സൗഹാര്‍ദ്ദത്തിലായ രാവണന്‍ അവരില്‍ നിന്നും നൂറ് മായാവിദ്യകള്‍ പഠിച്ചു. കാലകേയന്മാരുമായുള്ള യുദ്ധത്തിലും രാവണന്‍ ജയിച്ചു. കാവണനുമായുള്ള യുദ്ധത്തില്‍ പേടിച്ച വരുണന്‍ ഒളിവില്‍ പോയി. സൂര്യനെ ജയിച്ചു. മാന്ധാതാവിയോട് സന്ധിചെയ്ത് കാലചക്രം തിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പ്രബലനായ കാര്‍ത്തവീരാര്‍ജ്ജുനനുമായി യുദ്ധം ചെയ്തു ഒത്തുതീര്‍പ്പുണ്ടാക്കി. ബാലിയുമായുള്ള യുദ്ധത്തില്‍ രാവണന് ക്ഷീണം പറ്റി. അവര്‍ തമ്മില്‍ അനാക്രമണ സഖ്യം ഉണ്ടാക്കി ബാലിയെ കൂടെ നിര്‍ത്തി. രാവണപുത്രനായ മേഘനാദന്‍ ഇന്ദ്രനെ ജയിച്ച് ഇന്ദ്രജിത്തായി. ദേവാസുര രാജവംശഗണങ്ങളെ മുഴുവന്‍ ജയിച്ച രാവണന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയായി.

തിരുവായ്ക്ക് എതിര്‍വാ പറയുന്നത് രാവണന് ഇഷ്ടമായിരുന്നില്ല. സീതയെ അപഹരിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മാരീചനെ സമീപിക്കുമ്പോള്‍ അതില്‍ നിന്നും രാവണന്‍ പിന്മാറണമെന്നും സീതാപഹരണം വംശനാശത്തിന് കാരണമാകുമെന്നും പറഞ്ഞപ്പോള്‍ തന്നെ അനുസരിച്ചില്ലെങ്കില്‍ കൊല്ലും എന്നു പറയാന്‍ രാവണന്‍ മടിച്ചില്ല. രാമനുമായി യുദ്ധം വേണ്ടെന്നും സീതയെ നല്കി പ്രശ്‌നം അവസാനിപ്പിക്കണമെന്നും വിഭീഷണന്‍ പറഞ്ഞപ്പോഴും മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വെട്ടിക്കൊല്ലുമായിരുന്നു എന്നുപറഞ്ഞ് ഭീഷണി മുഴക്കുകയാണ് ചെയ്തത്. യുദ്ധകാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന രാജസഭയില്‍ യുദ്ധമല്ല, സമാധാനമാണ് കാമ്യം എന്നു പറഞ്ഞവരെ ഭീരുക്കള്‍ എന്നു പരിഹസിച്ചിരുത്തുകയാണ് ചെയ്തത്. സീതയെ നല്കി യുദ്ധം ഒഴിവാക്കണമെന്ന് പട്ടമഹിഷിയായ മണ്ഡോദരി പറഞ്ഞപ്പോള്‍ അവരുമായും രാവണന്‍ മുഷിഞ്ഞു സംസാരിച്ചു. ലോകത്തിന്റെ ചക്രവര്‍ത്തിയായ തന്നോട് എതിര് പറയുന്നവനെ വധ്യനായും അനിഷ്ടം പറയുന്നവനെ ശത്രുവായും കരുതി രാവണനെ സ്തുതിപാഠകരായ അവസരവാദികള്‍ ഇഷ്ടംപറഞ്ഞ് കൊല്ലിക്കുകയും ചെയ്തു.

മൂപ്പാരിനും ഉടമയായിരുന്ന രാവണന്‍ ലോകഭോഗങ്ങളുടെ അടിമയായിരുന്നു. അധികാരം, പണം, പദവി, യശസ്സ് എന്നിവകളുടെ അടിമയും ഉടമയുമായിട്ടായിരുന്നു രാവണജീവിതം. ആയിരക്കണക്കിന് പുരനാരികളെ ആസ്വദിച്ചും പരദാരങ്ങളെ ബലാല്‍സംഗം ചെയ്തും ജീവിതം ആഘോഷിച്ച രാവണന് പക്ഷേ, സ്വയം കൃതാനാര്‍ത്ഥങ്ങളിലൂടെ സമ്പാദിച്ച ശാപം മൂലം സീതയെ ആസ്വദിക്കാനോ ബലാല്‍സംഗം ചെയ്യാനോ കഴിയാതെ നിരാശനായി മരിക്കേണ്ടി വന്നു. സീതയെ കാമിക്കുക എന്ന അദമ്യമായ ആഗ്രഹം നിറവേറ്റാനാകാതെയാണ് മക്കളും ചെറുമക്കളും ബന്ധുജനങ്ങളും സൈന്യശേഷിയും നഷ്ടപ്പെട്ട് അനാഥനെപോലെ രാവണന്‍ മരിച്ചത്.
ബ്രാഹ്മണ പുത്രനായി ജനിച്ച രാവണന് നാല് വേദങ്ങളും ആറ് ശാസ്ത്രങ്ങളും ഹൃദിസ്ഥമായിരുന്നു. പത്തു തലകള്‍ നല്കിയ അപാരമായ ബുദ്ധിശക്തികൊണ്ട് സംഗീത സാഹിത്യാദികലകളില്‍ അപാരമായ കഴിവുകള്‍ നേടി. ഇരുപതു കയ്യുകള്‍ നല്കിയ കൈക്കരുത്തുകൊണ്ട് കൈലാസത്തെ പോലും വിറപ്പിച്ചു. അളവറ്റ സമ്പത്തു നേടി ലങ്കയെ സ്വര്‍ണ്ണനഗരമാക്കി മാറ്റി. ഇതൊക്കെ ഉണ്ടായിട്ടും രാവണനെ മാനവസംസ്‌കാരത്തിന്റെ മാതൃകയായി ആരും കാണുന്നില്ല. എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. രാവണന്‍ നേടാനല്ലാതെ ഒന്നിനെയും ഉപേക്ഷിക്കാന്‍ പഠിച്ചിട്ടില്ല. ലോകഭോഗങ്ങളുടെ ഉടമയും അടിമയും എന്ന നേട്ടത്തില്‍ മാത്രമെ അഭിരമിക്കുകയുള്ളൂ. ജീവിതം ത്യാഗത്തിന്റേതു കൂടിയാണെന്ന ലളിതമായ കാര്യം അവര്‍ക്ക് മനസ്സിലായില്ല. ലോകം മുഴുവന്‍ കീഴടക്കിയ ഒരു ചക്രവര്‍ത്തി എല്ലാം നഷ്ടപ്പെട്ട് അനാഥനെ പോലെ മരിക്കേണ്ടി വന്നത് ജീവിതവും ലോകവും തനിക്ക് വേണ്ടി മാത്രമാണെന്നു വിശ്വസിക്കുന്നവന്റെ വിധിയാണ്. അനിവാര്യമായ ഈ നാശത്തിന്റെ കഥകൂടി അടങ്ങിയതാണ് രാവണചരിതം.

സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം

$
0
0

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്നു സി. അച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാളില്‍ 1913 ജനുവരി 13-ന് ജനിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവര്‍ണ്ണമുദ്രകള്‍ നേടി. ഇന്റര്‍മീഡിയറ്റിനു റാങ്കും സ്‌കോളര്‍ഷിപ്പും സമ്പാദിച്ചു.ബി.എ.യ്ക്ക് മദിരാശി സര്‍വകലാശാലയില്‍ ഒന്നാമനായി ജയിച്ചു.

അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി. 1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 22 വരെയും കേരള മുഖ്യമന്ത്രിയായി.

നല്ലൊരു സാഹിത്യകാരന്‍ കൂടിയായിരുന്നു സി. അച്യുതമേനോന്‍. എച്ച്. ജി. വെല്‍സിന്റെ ലോകചരിത്രസംഗ്രഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വായനയുടെ ഉതിര്‍മണികള്‍, സ്മരണയുടെ ഏടുകള്‍, കേരളം- പ്രശ്‌നങ്ങളും സാധ്യതകളും, സോവിയറ്റ് നാട്, കിസാന്‍ പാഠപുസ്തകം എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. 1991 ഓഗസ്റ്റ് 16-ന് സി. അച്യുതമേനോന്‍ അന്തരിച്ചു.

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; പ്രീബുക്കിങ് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം

$
0
0

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം വായനക്കാരിലേക്ക്. നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അധിപനും ആധ്യാത്മിക ഗുരുവും  നാരായണ ഗുരുവിന്റെ ശിഷ്യപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടതുമായ  ശ്രീ. മുനി നാരായണപ്രസാദ് വ്യാഖ്യാനം ചെയ്ത ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. ശ്രീനാരായണഗുരുവിന്റെ മുഴുവന്‍ കൃതികളും മലയാളത്തില്‍ ആദ്യമായാണ് സമഗ്രമായി വ്യാഖ്യാനം ചെയ്ത് പുറത്തിറക്കുന്നത്.

ആത്മീയവും സാമൂഹ്യവുമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും സൂക്ഷിക്കേണ്ടതാണ് ഈ വിശുദ്ധഗ്രന്ഥം. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക കൃതികള്‍, സ്‌ത്രോത്ര കൃതികള്‍, സാരോപദേശ കൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമകള്‍ തുടങ്ങി വിവിധ വിഭാഗത്തിലുള്ള  63 കൃതികളാണ് മൂന്നു വാല്യങ്ങളിലായി 3000 പേജുകളില്‍ സമാഹരിച്ചിരിക്കുന്നത്. പദങ്ങളുടെ അര്‍ത്ഥം വിശദീകരിച്ച് ലളിതവും വിശദവുമായ വ്യാഖ്യാനമാണ് കൃതികള്‍ക്കു നല്‍കിയിട്ടുണ്ട്. വര്‍ണ്ണനകള്‍ക്കു പിന്നിലെ ഭാവാര്‍ത്ഥങ്ങള്‍ പ്രത്യേകം വിശദീകരിക്കുന്നു. മറ്റുള്ള വ്യാഖ്യാനങ്ങളെല്ലാം പരിശോധിച്ച് അവയിലുള്ള കുറവുകളും മേന്മയും കണ്ടറിഞ്ഞ് സൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓരോ വ്യാഖ്യാനവും. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖവും എഴുതിയിട്ടുണ്ട്.

മൂന്നു വാല്യങ്ങളിലായി 3000 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

3500 രൂപ മുഖവിലയുള്ള ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപയ്ക്ക് ലഭിക്കുന്നു.ഒപ്പം 1000 ഡിസി റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു. രണ്ടു തവണ (1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500 ഡിസി റിവാര്‍ഡ് പോയിന്റ്‌സ് ലഭിക്കുന്നു.) മൂന്നു തവണ (1000+600+600)=2200 രൂപ (90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 റിവാര്‍ഡ് പോയിന്റ്‌സും ലഭിക്കുന്നു.)

ബുക്കിങ്ങിനായി വിളിക്കുക

9946109101, 9947055000, 9946108781

വാട്‌സ് ആപ് നമ്പര്‍: 9946109449

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക:https://onlinestore.dcbooks.com/books/sree-narayana-guru-krithikal-sampoornam
http://prepublication.dcbooks.com/product/sreenarayanaguru-krithikal-sampoornam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.
ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

സ്‌പേസസ്; ആശയാവലികളുടെ പുത്തന്‍ലോകത്തിന് തിരശ്ശീല ഉയരുന്നു

$
0
0

തിരുവനന്തപുരം: സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design, Culture & Politics ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മഹോത്സവമാണ് SPACES. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും അരങ്ങേറും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

രാമായണ ഭരണസങ്കല്പം

$
0
0

ഇന്ത്യയുടെ രാഷ്ട്രഭരണസങ്കല്പം വളരെ വ്യത്യസ്തമായ ഒന്നാണ്; വിശേഷിച്ചും രാമായണത്തില്‍ കാണുന്നതുപോലെ. ആറിലൊന്നു നികുതി പിരിച്ചു രാജ്യഭാരം നിര്‍വ്വഹിക്കുന്ന രാജാവിന് പ്രജകളുടെ കര്‍മ്മഫലത്തിന്റെ ആറിലൊന്നു ലഭിക്കും. ധര്‍മ്മമായാലും അധര്‍മ്മമായാലും പ്രജകളുടെ കര്‍മ്മത്തിന്റെ ആറിലൊന്ന് രാജാവില്‍ വന്നുചേരും. ഏതൊരു രാജ്യത്തും അധര്‍മ്മികളായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട് എങ്കില്‍ ആ രാജാവിന് സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടാകില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് പ്രജകള്‍ ധര്‍മ്മനിഷ്ഠരായിരിക്കണം. പ്രജകള്‍ ധര്‍മ്മനിഷ്ഠരാകണമെങ്കില്‍ രാജാവും ധര്‍മ്മനിഷ്ഠനാകണം. എവ്വിധമാണോ രാജാവ് അവ്വിധമായിരിക്കും പ്രജകളും എന്നാണ് ആപ്തവാക്യം.

എന്നാല്‍ പാശ്ചാത്യസങ്കല്പം അങ്ങനെയല്ല. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം. ഭരണാധികാരി ദുര്‍വൃത്തനും ദുരാചാരിയും അധര്‍മ്മിയുമാണെങ്കില്‍ ജനങ്ങള്‍ അവ്വിധമായതുകൊണ്ടാണ് അത്രയ്ക്കു മോശമായ ഭരണാധികാരിയെ ലഭിച്ചത് എന്നാണ് വിശ്വാസം. അതായത് ഭരണാധികാരിയുടെ ദുഷ്‌ചെയ്തികള്‍ക്കു ഉത്തരവാദി ഭരണീയരാണ് എന്നാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തി രാജ്യം കൊള്ളയടിക്കുന്ന ഒരു ഭരണാധികാരി ഒരു രാജ്യത്ത് ഉണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഭരിക്കപ്പെടുന്ന ജനങ്ങളാണ് എന്നു സാരം. യുക്തിശൂന്യമായ ഈ വിശ്വാസം അക്രമികളായ എല്ലാ ഭരണാധികാരികള്‍ക്കും അത്താണി ഒരുക്കുന്നു.

ഒരു രാജ്യത്ത് അതിവൃഷ്ടിയും അനാവൃഷ്ടിയും വരള്‍ച്ചയും പ്രകൃതി ക്ഷോഭങ്ങളും പകര്‍ച്ച വ്യാധികളും അകാല മരണങ്ങളും മറ്റും ഉണ്ടായാല്‍ രാജാവിന്റെ ഭരണവൈകല്യമാണ് അതിന് കാരണം എന്നാണ് വാല്മീകി പറയുന്നത്. അത്തരം രാജാക്കന്മാരെ ജനങ്ങള്‍ ഉപേക്ഷിക്കും. ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെടുന്ന രാജാവ് നരകത്തില്‍ പതിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഇല്ലാതെ രാജ്യം ഭരിക്കുക എന്ന ദുഷ്‌കരമായ കര്‍മ്മമാണ് രാജാവിനെ കാത്തിരിക്കുന്നത്. ദേവഗംഗയെ ഭൂമിയില്‍ എത്തിക്കുന്നതിനു വേണ്ടി ഭഗീരഥ രാജാവ് ചെയ്ത സാഹസവൃത്തികള്‍ ഓര്‍ക്കാവുന്നതാണ്. വരള്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നു മാത്രമല്ല, തന്റെ ഭരണകാലത്ത് വരള്‍ച്ചയുണ്ടായത് പ്രജകളുടെ കുറ്റം കൊണ്ടല്ല, തന്റെ കുറ്റം കൊണ്ടാണെന്നും ഭഗീരഥന്‍ വിശ്വസിച്ചിരുന്നു.

രാജാവിനും തനിക്ക് തോന്നുംവിധം രാജ്യം ഭരിക്കാനാകില്ല. രാജ്യഭരണവ്യവസ്ഥ അനുസരിച്ചാകണം രാജാവ് രാജ്യഭാരം നിര്‍വ്വഹിക്കേണ്ടത്. പശുപക്ഷി ജാലങ്ങള്‍ക്കും നീതി ലഭിക്കുന്ന വ്യവസ്ഥയാണ് രാജ്യഭരണവ്യവസ്ഥയുടെ അടിത്തറ. പുല്ലിനും പുഴുവിനും അവകളായി ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്ന അവസ്ഥയാണ് നീതിവ്യവസ്ഥയുടെ കാതല്‍. ഉത്തരകാണ്ഡത്തിലെ സാരമേയ കഥനം തന്നെ ഉദാഹരണം. മൂന്നു ലോകങ്ങള്‍ക്കും വേണ്ടിവന്നാല്‍ ശത്രുക്കള്‍ക്കും താങ്ങായി നില്ക്കുന്നതാണ് ധര്‍മ്മം എന്ന് ശ്രീരാമ ചന്ദ്രമഹാരാജാവിനെ ഓര്‍മ്മപ്പെടുത്തിയതിനുശേഷം, അകാരണമായി ഒരു വിപ്രന്‍ തന്റെ തലയ്ക്ക് അടിച്ചു എന്നാണ് പറയുന്നത്. കുറ്റാരോപിയെ വിളിച്ചുവരുത്തി വിസ്തരിച്ചു. നിയന്ത്രിക്കാന്‍ വയ്യാത്ത കോപം മൂലം അടിച്ചു പോയതാണെന്ന് വിപ്രന്‍ സമ്മതിച്ചു. തെറ്റു ചെയ്തവനെ ശിക്ഷിച്ചാല്‍ മാത്രമെ പ്രജാസംരക്ഷണം പൂര്‍ത്തിയാകുകയുള്ളൂ.

ഇക്കഥ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം രാജ്യം ഭരിക്കുന്ന രാജിവനെ നേരിട്ട് കണ്ട് ആവലാതി പറയാന്‍ ഒരു നായയ്ക്ക് പോലും അവകാശമുണ്ടായിരുന്നു എന്നു മാത്രമല്ല, ഒരു നായയുടെ പോലും പരാതി പരിഹരിക്കാന്‍ രാജാവിന് ബാധ്യത ഉണ്ടായിരുന്നു എന്നുമാണ്. ഏറ്റവും എളിയവന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് രാജധര്‍മ്മം സഫലമാകുന്നത് എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. നായ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ശത്രുക്കള്‍ക്ക് പോലും ചില സന്ദര്‍ഭങ്ങളില്‍ രാജാവ് താങ്ങായിരിക്കണമെന്നാണ്. ശത്രുവിന് പോലും അവര്‍ അര്‍ഹിക്കുന്ന നീതി കൊടുക്കുക എന്നത് രാഷ്ട്രധര്‍മ്മാണെന്ന വിശ്വാസമാണ് ഈ രാജധര്‍മ്മം ലക്ഷ്യമാക്കുന്നത്. ശത്രുവിന് രാഷ്ട്രവ്യവഹാരത്തില്‍ ഇടമില്ല എന്ന വിശ്വാസമാണ് പാശ്ചാത്യരാഷ്ട്ര വ്യവഹാര വ്യവസ്ഥകള്‍ എല്ലാം പറയുന്നത്.

ഭരതന്‍ രാജ്യഭാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് രാമനെ കാണാന്‍ എത്തുന്നത്. രാജ്യഭരണത്തെക്കുറിച്ചു ഭരതന് രാമന്‍ നല്കുന്ന സുപ്രധാന ഉപദേശം ചാര്‍വ്വാകവിപ്രരെ മാനിക്കണമെന്നതാണ്. ചാര്‍വ്വാകന്മാര്‍ക്ക് ഏറ്റവും നല്ല നിര്‍വ്വചനം നല്കിയിരിക്കുന്നത് ശ്രീനാരായണഗുരുവാണ്. പ്രത്യക്ഷമാത്രവാദികള്‍ എന്നാണ് ചാര്‍വ്വാകന്മാരെ ഗുരു നിര്‍വ്വചിക്കുന്നത്. പ്രത്യക്ഷം എന്നാല്‍ ഇന്ദ്രിയപ്രത്യക്ഷം എന്നു വിവക്ഷ. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെയാണ് ജ്ഞാനമീമാംസകര്‍ പ്രത്യക്ഷം എന്നു പറയുന്നത്. അനുഭവങ്ങളുടെ തുടക്കം പ്രത്യക്ഷത്തിലാണ്. പ്രത്യക്ഷത്തെക്കൂടാതെ, അനുമാനം, ഉപമാനം, അനുഭവലബ്ധി, ശബ്ദം എന്നിങ്ങനെയുള്ള പ്രമാണങ്ങള്‍ വേറെയുണ്ട്. പക്ഷേ, ചാര്‍വ്വാകന്മാര്‍ പ്രത്യക്ഷത്തെ മാത്രമാണ് പ്രമാണമായി അംഗീകരിക്കുന്നത്. അതായത് പ്രത്യക്ഷത്തിന് വിഷയീഭവിക്കാത്തതൊന്നും അനുഭവങ്ങളല്ല എന്നാണ് അവരുടെ നിലപാട്. അതുകൊണ്ട് അര്‍ത്ഥവും കാമവും മാത്രമാണ് അവര്‍ക്ക് പുരുഷാര്‍ത്ഥങ്ങള്‍. ധര്‍മ്മത്തെ അവര്‍ അംഗീകരിക്കുന്നില്ല.

എന്നാല്‍ അയോദ്ധ്യയിലെ രാജ്യഭരണവ്യവസ്ഥയുടെ അടിത്തറ ധര്‍മ്മമാണ്. ആ ധര്‍മ്മത്തെ അംഗീകരിക്കാത്ത ദുഷ്ടപണ്ഡിതരാണ് ചാര്‍വ്വാകന്മാര്‍. അവ്വിധമുള്ള ചാര്‍വ്വാകന്മാരെ ആദരിക്കാനുള്ള ബാധ്യത രാജാവിനുണ്ട് എന്നാണ് രാമന്‍ ഉപദേശിക്കുന്നത്. വിയോജിക്കാനുള്ള മനുഷ്യാവകാശത്തെ രാജാവ് അംഗീകരിച്ച് ആദരിക്കണമെന്ന് സാരം. വിയോജിക്കുക എന്നാല്‍ അധികാരത്തോടു വിയോജിക്കുക എന്നാണര്‍ത്ഥം. അധികാരത്തോടും ഭരണത്തോടും വിയോജിക്കാനുള്ള ഭരണാധികാരികളുടെ ബാദ്ധ്യതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ ഗ്രന്ഥം രാമായണമായിരിക്കും എന്നു തോന്നുന്നു. അതുകൊണ്ട് ഒക്കെയാണ് രാമായണത്തെ ആദികാവ്യം എന്നു വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യരാജ്യത്ത് വോള്‍ട്ടയര്‍ പറയുന്നതു വരെ ഇവ്വിധം ഒരു അവകാശം മനുഷ്യര്‍ക്ക് ഉണ്ട് എന്ന് അറിയില്ലായിരുന്നു. യൂറോസെന്‍ട്രിക്ക് ആയ ഒരാള്‍ വോള്‍ട്ടയറാണ് വിയോജിക്കാനുള്ള മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത് എന്നു കരുതുന്നതില്‍ കുഴപ്പമില്ല. കാരണം യൂറോപ്പും യൂറോപ്യരുമാണ് ലോകവിജ്ഞാനത്തിന്റെ കേന്ദ്രമെന്നും യൂറോപ്പിന്റേതല്ലാത്ത എല്ലാ വിജ്ഞാനങ്ങളും അധര്‍മ്മമാണെന്നും വിശ്വസിക്കുന്നവരെയാണ് യൂറോ സെന്‍ട്രിസ്റ്റുകള്‍ എന്നു പറയുന്നത്. രാമായണം വായിച്ചു പഠിക്കുന്ന ഇന്ത്യാക്കാരും വിയോജിക്കുന്നവനെ ആദരിക്കുന്നതാണ് ഭരണത്തിന്റെ ഏറ്റവും സവിശേഷമയ കാര്യം എന്ന സങ്കല്പം യൂറോപ്പിലാണ് ഉണ്ടായത് എന്നു പറയുമ്പോള്‍ അവരുടെ അടിമബോധത്തെയാണ് അവര്‍ സാധൂകരിക്കുന്നത്. വിയോജിക്കുന്നവനെ മാത്രമല്ല, വിരോധികള്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കണമെന്ന ബോധം ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയായി മാറിയതും രാമായണ സംസ്‌കാരം മൂലമാണ്.

ശ്രീരാമചന്ദ്രന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുവരാജ സ്ഥാനം ഭരതനായിരുന്നു. ലോകം മുഴുവന്‍ ഏതാണ്ട് രാമഭരണത്തിലായപ്പോള്‍ ധര്‍മ്മസേതു എന്നു പ്രശംസിക്കപ്പെടുന്ന രാജസൂയയജ്ഞം നടത്താന്‍ ശ്രീരാമന്‍ ആലോചിച്ചു. രാജസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ ഭരതന്‍ അതിനു സമ്മതം നല്കിയില്ല. രാജസൂയം നടത്തുന്ന രാജാവിന്റെ അധികാരം അംഗീകരിക്കാത്ത രാജാക്കന്മാരെ യുദ്ധത്തില്‍ തോല്പിക്കേണ്ടി വരും. യുദ്ധം നാം ആലോചിക്കുകപോലും ചെയ്യാത്തവിധം ഹിംസയുണ്ടാക്കും. യുദ്ധത്തില്‍ അപരാധികള്‍ മാത്രമല്ല, നിരപരാധികളും കൊല്ലപ്പെടും. നിരപരാധികളെ വധിക്കുന്നത് കൊടിയ അധര്‍മ്മാണ്. അതുകൊണ്ട് രാജസൂയം ഒഴിവാക്കണമെന്ന് ഭരതന്‍ വാദിച്ചു. ശ്രീരാമന്‍ ആ ഉപദേശം സ്വീകരിക്കുകയും രാജസൂയം നടത്തേണ്ടതില്ല എന്നു തീരുമാനിക്കുകയും ചെയ്തു. രാജാവിന്റേയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഹിതം കാംക്ഷിക്കുന്ന മന്ത്രി രാജാവിന് നല്‌കേണ്ട ഉപദേശമാണ് ഭരതന്‍ രാമന് നല്കിയത്. രാജാവിന് ഇഷ്ടം പറഞ്ഞു കൊടുക്കുന്ന ഭാഗ്യാന്വേഷികളെ ഉപദേഷ്ടുക്കളായി നിയമിക്കുന്ന ഭരണാധികാരികള്‍ അവരെക്കൊണ്ട് തന്നെ നശിക്കും. സീതയെ ആദ്യമേ ബലാല്‍സംഗം ചെയ്യുക, അതിനുശേഷം യുദ്ധത്തിനിറങ്ങിയാല്‍ മതിയെന്നു രാവണനെ ഉപദേശിക്കുന്ന മന്ത്രിയെ ഓര്‍ക്കാവുന്നതാണ്.

ഭരതകുമാരന്റെ ഉള്‍ക്കാഴ്ചയേയും ധര്‍മ്മബോധത്തേയും ഈ സംഭവം ഉദാഹരിക്കുന്നുണ്ട്. രാവണനോട് സീതയെ രാമന് നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്നു ഉപദേശിച്ച എല്ലാവരെയും വിഭീഷണനടക്കം രാവണന്‍ ശത്രുവായിട്ടാണ് കണ്ടത്. തന്റെ ഇംഗിതത്തിന് വിരുദ്ധമായ കാര്യം ഉപദേശമായി നല്കിയ ഭരതനെ രാമന്‍ ആത്മമിത്രമായിട്ടാണ് കണ്ടത്. രാജാവിന്റെ ഇഷ്ടം നടപ്പിലാക്കുന്നവനല്ല, രാജ്യത്തിന്റെയും ലോകത്തിന്റെയും ഹിതാനുവര്‍ത്തിയായിരിക്കണം രാജാവ് എന്ന മഹാസന്ദേശമാണ് ഭരണാധികാരികള്‍ക്ക് രാമന്‍ നല്കുന്നത്. രാജാവിന്റെ വൈക്തികമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് രാജഭരണ വ്യവസ്ഥയില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ല എന്ന വിശ്വാസമാണ് രാമരാജ്യധര്‍മ്മത്തിന്റെ അടിസ്ഥാനം. രാവണനാകട്ടെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളായിരുന്നു രാജധര്‍മ്മം.

ഒരുപക്ഷേ, രാമനോളമോ അതിലധികമോ ഭരണമികവ് ഭരതനുണ്ടായിരുന്നു. രാമനെപോലെ ഭരതനും രാജ്യമോഹിയായിരുന്നില്ല. കൈകേയിലുടെ എല്ലാ മോഹങ്ങളും പൊലിഞ്ഞത്, നിയമപരമായി താന്‍ അര്‍ഹിക്കാത്ത ഭൂമി താന്‍ ഭരിക്കില്ല എന്ന നിലപാടാണ് രാമകഥയുടെ ഗതി മാറ്റിയത്. നന്ദിഗ്രാമില്‍ ജടാമകുടങ്ങള്‍ അണിഞ്ഞ്, ഫലമൂലാദികള്‍ ഭക്ഷിച്ച് രാമപാദുകങ്ങളെ സാക്ഷ്യമാക്കി ധര്‍മ്മാചരണം നടത്തി രാജ്യഭാരം നിര്‍വ്വഹിച്ച ഭരതനു സമാനമായി ഒരാള്‍ വേറെയുണ്ട് എന്നു തോന്നിയില്ല. രാമന്‍ മഹാപ്രസ്ഥാനത്തിനു പോകുന്നതിന്റെ മുന്നൊരുക്കം എന്ന നിലയില്‍ ഭരതനെ രാജാവാക്കാന്‍ തീരുമാനിച്ചു. താന്‍ രാജ്യാര്‍ത്ഥിയല്ല എന്നും രാമനെ കൂടാതെ രാജ്യം മാത്രമല്ല, സ്വര്‍ഗ്ഗം പോലും തനിക്ക് വേണ്ടെന്നും രാജ്യം ലവകുശന്മാര്‍ക്കായി വീതിച്ചു നല്കണമെന്നും ഭരതന്‍ പറഞ്ഞു. നിഷ്‌കാമമായ രാജ്യഭരണ മികവ് എവിടെ കാണാം എന്നു ചോദിച്ചാല്‍ അതു ഭരതനിലുണ്ട് എന്നു പറയാവുന്നതാണ്.

സീതാപരിത്യാഗം

$
0
0

ത്രൈയ്യംബകം വില്ലൊടിഞ്ഞപ്പോള്‍ മൈഥിലി മയില്‍പേടയെപ്പോലെ സന്തോഷിച്ചു. ഇക്ഷ്വാകുവംശ പരമ്പരയിലെ മഹാനായ രാജകുമാരന്റെ ഭാര്യാപദവി ജനകജ അന്ന് ഏറ്റെടുത്തു. നിഴല്‍പോലെ രാമനെ ജനകജ പിന്തുടരുമെന്ന ഒരു ഉറപ്പ് സീതയുടെ കൈപിടിച്ച് രാമനെ ഏല്പിക്കുമ്പോള്‍ പിതാവായ ജനകന്‍ നല്കിയിരുന്നു. സീത അത് അക്ഷരം പ്രതി പാലിച്ചു. ബാലകാണ്ഡത്തില്‍ കണ്ട അതി സുന്ദരിയും ലജ്ജാവതിയുമായ പെണ്‍കുട്ടിയേ അല്ല അയോദ്ധ്യാ കാണ്ഡത്തില്‍ കാണാന്‍ കഴിയുന്നത്. പിതൃഹിതം നിറവേറ്റുന്നതിനു വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാനനവാസം വരിച്ച ഭര്‍ത്താവിനെ പിന്‍തുടരാന്‍ രാമന്റെ നിഴലായിമാറിയ സീതയുടെ സ്ഥൈര്യം ആദ്യം കാണുന്നതും അയോദ്ധ്യാകാണ്ഡത്തിലാണ്. കൊട്ടാരത്തില്‍ നിന്നും കൊടുങ്കാട്ടിലേക്കുള്ള മാറ്റത്തില്‍ സീത അനിഷ്ടം പറഞ്ഞില്ല. ഭര്‍ത്തൃകര്‍മ്മാനുസരണം നിര്‍വ്വഹിക്കുന്ന പതിവ്രതയായ ഭാര്യയായ സീത നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.

ആരണ്യകാണ്ഡത്തിലെ കഠിന ജീവിതവുമായി ജനകപുത്രി ആയാസരഹിതമായി ഇണങ്ങിച്ചേര്‍ന്നു. കിട്ടുന്നത് എന്തോ അതുതിന്നു ജീവിക്കാന്‍ കൊട്ടാരസുഖഭോഗങ്ങളില്‍ ജീവിച്ചുശീലിച്ച ജനകപുത്രിക്ക് മടിയുണ്ടായിരുന്നില്ല. ഭര്‍ത്താവൊത്തു കാനനവാസം ഭര്‍ത്താവില്ലാത്ത കൊട്ടാരജീവിതത്തെക്കാള്‍ ശ്രേഷ്ഠമാണെന്നു കണ്ടെത്താന്‍ ജീവിതധര്‍മ്മബോധം ജാനകിയെ സഹായിച്ചു. ദണ്ഡകവനമാസം അതികഠിനമായിരുന്നു. മൃഗങ്ങളെക്കാള്‍ ക്രൂരരും നരഭോജികളുമായ രാക്ഷസവംശജരുടെ അപ്രതീക്ഷിതമായ ആക്രമണത്തെ ഭയന്നായിരുന്നു ജീവിതം. രാക്ഷസചക്രവര്‍ത്തിയായ രാവണന്റെ അധീനതയിലുള്ള സ്ഥലമായിരുന്നു ദണ്ഡകവനം. പതിനാലായിരം രാക്ഷസസൈന്യത്തിന്റെ ഖരദൂഷണന്മാര്‍ ശൂര്‍പ്പണഖ എന്ന രാവണസഹോദരിയുടെ സൈ്വര്യസഞ്ചാരം ഉറപ്പു വരുത്തി ഭരിച്ചിരുന്ന പ്രദേശമായിരുന്നു ദണ്ഡകവനം. ഖരഭൂഷന്മാരും സൈന്യവും രാമസായകമേറ്റു മുടിഞ്ഞു. മനസ്സിനും ശരീരത്തിനും മുറിവേറ്റ ശൂര്‍പ്പണഖ രാവണ രാജാവിനെ കണ്ട് അലമുറയിട്ട് കരഞ്ഞുപറഞ്ഞു.

രാവണനാല്‍ സീത മോഷ്ടിക്കപ്പെട്ടു. ഒരു രാക്ഷസ ചക്രവര്‍ത്തി ചന്ദ്രഹാസവും മായാവിദ്യയും കാപട്യവും പ്രയോഗിച്ചാണ് ഒരു മനുഷ്യസ്ത്രീയെ മോഷ്ടിച്ചതെന്നും ഓര്‍ക്കണം. സീത ലങ്കയിലെ അശോകവനിയിലെ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഭര്‍ത്തൃവിരഹത്താല്‍ ശോകഗ്രസ്തയായും രാവണന്റെയും രാക്ഷസികളുടെയും അതിക്രമങ്ങളാല്‍ പീഡിതയായും സീത ഇരുന്നു ദുഃഖിച്ചപ്പോള്‍ വനാന്തരങ്ങളിലൂടെയും കിഷ്‌കിന്ധാ രാജ്യത്തിലൂടെയും സീതാവിരഹ ദുഃഖം സഹിക്കാന്‍ കഴിയാതെ വാവിട്ടുകരഞ്ഞ് രാമന്‍ സീതാന്വേഷണം നടത്തി. രാവണമാര്‍ഗ്ഗം കേട്ടറിഞ്ഞ് സീതയിരിക്കുന്നിടം കണ്ടെത്തി. സുന്ദര കാണ്ഡത്തില്‍ മാരുതി പറന്ന് ലങ്കയിലെത്തി. ലങ്കയെ സൂക്ഷ്മ നിരീക്ഷണം നടത്തി പഠിച്ചു. സീതയെ കണ്ട് മുദ്രാംഗുലീയം നല്കി. ലങ്ക ദഹിപ്പിച്ചു. രാവണനെ വിറപ്പിച്ചു തിരിച്ചത്തി. പിന്നെ സേതുബന്ധനവും രാവണവധവും സീതയെ വീണ്ടെടുക്കലും. സീതയെ വീണ്ടെടുത്തു തന്റെ മുന്നിലെത്തിക്കുന്നതുവരെ രാമന്‍ സീതാവിരഹ വിവശനായിരുന്നു.

സീത മുന്നിലെത്തിയപ്പോള്‍ രാമന്റെ മട്ടുമാറി. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളും ചാരിത്ര്യശുദ്ധിയില്‍ സംശയമുണ്ടെന്നും അതുകൊണ്ട് സീത അസ്വീകാര്യയാണെന്നും ബഹുജന മദ്ധ്യത്തില്‍ വെച്ച് വിളിച്ചുപറഞ്ഞ് രാമന്‍ സീതയെ അധിക്ഷേപിച്ചു. ഇക്ഷാകുവംശത്തിനേറ്റ കളങ്കം തീര്‍ക്കുന്നതിനായിട്ടാണ് രാവണനെ വധിച്ചതും സീതയെ വീണ്ടെടുത്തതെന്നും സീതയ്ക്ക് വേണ്ടിയായിരുന്നില്ല എന്നും രാമന് വിശദീകരിച്ചു. ആത്മാവില്‍ മുറിവേറ്റ സീതയ്ക്ക് ജനകമഹാരാജാവിന്റെ ധാര്‍മ്മിക വംശമഹിമയും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അഗ്നിപരീക്ഷയിലൂടെ ജനകജ രാമനേയും ലോകത്തെയും വിസ്മയിപ്പിച്ചു. പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത ചാരിത്ര്യശുദ്ധിയോടോടെ അല്ലാതെ സീതയെ സ്വീകരിച്ചിരുന്നു എങ്കില്‍തന്നെ അതികാമിയായി ലോകം കരുതുമായിരുന്നു എന്ന് പറഞ്ഞ് രാമന്‍ ന്യായം കണ്ടെത്തി. തനിക്ക് ഒരിക്കലും ജാനകിയില്‍ സംശയമേ ഉണ്ടായിരുന്നില്ല എന്നും രാമന്‍ വിശദീകരിച്ചു. സീതയുടെ അപാരമായ ആത്മവിശ്വാസം, ആത്മശക്തി, ആത്മശുദ്ധി എന്നിവ ലോകസമക്ഷം തെളിയുന്ന സന്ദര്‍ഭവും അഗ്നിപരീക്ഷ തന്നെയായിരുന്നു. അഗ്നിപരീക്ഷയ്ക്ക് ശേഷം സീതയെ അത്ഭുതത്തോടെയാണ് മാനസമൂഹവും അയോദ്ധ്യാവാസികളും മാത്രമല്ല വാനയക്കാരും കാണുന്നത്.

ചക്രവര്‍ത്തിയായ രാമന്റെ രാജ്യഭാരയശസ്സ് നാടാകെ പരന്നിരുന്നു. രാമന്റെ അയോദ്ധ്യ ധര്‍മ്മരാജ്യമാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നു. രാമന്‍ സര്‍വ്വഭൂതഹിതനായ രാജാവായിരുന്നു. മനുഷ്യന്റെ മാത്രമല്ല, മണല്‍ത്തരിയുടെപോലും ധാര്‍മ്മികാവകാശം രാമരാജ്യത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. സീത ഗര്‍ഭവതിയായി. സ്ത്രീസഹജമായ ഗര്‍ഭകാലാവശ്യമായി സീത പറഞ്ഞത് തനിക്ക് മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. അത് ചെയ്തുതരാമെന്നു രാമന്‍ സസന്തോഷം സമ്മതിക്കുകകയും ചെയ്തു. അതിനിടയിലാണ് രാജഭരണത്തിന്റെ കണക്കെടുപ്പില്‍ സീതയുടെ ചാരിത്യശുദ്ധിയില്‍ ജനത്തിന് സംശയമുണ്ടെന്ന അപവാദം രാമന്‍ കേട്ടത്. ഫലിതം പറയുന്നതില്‍ മിടുക്കരായഎട്ടുപേര്‍ ഒത്തുകൂടി നര്‍മ്മം പറഞ്ഞുകൊണ്ടിരിക്കെയാണ് ഭദ്രന്‍ എന്ന വിദ്വാന്‍ സീതാപവാദ കഥ പറഞ്ഞത്. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളെ രാജാവായ രാമന്‍ സ്വീകരിച്ചതുകൊണ്ട് പൗരജനങ്ങളുടെ ഭാര്യമാര്‍ മറ്റൊരുവന്റെ അധീനതയിലിരുന്നാല്‍ അവരും രാജപാത പിന്‍തുടര്‍ന്നു അത്തരക്കാരെ സ്വീകരക്കേണ്ടിവരും. കാരണം, രാജാവ് ചെയ്യുന്നത് എന്തോ അത് പ്രജകളും ചെയ്യേണ്ടിവരും. അന്യന്റെ അധീനതയില്‍ കഴിഞ്ഞ സ്വഭാര്യയെ ഓരോരുത്തരും സ്വീകരിക്കേണ്ടി വന്നാല്‍ അത് രാജ്യത്ത് ധാര്‍മ്മികമായ അസ്ഥിരത ഉണ്ടാക്കും.

രാജാവായ രാമന്‍ ഉടന്‍ ഭരണപങ്കാളികളായ അനുജന്മാരെ വിളിച്ചുവരുത്തി. സീത പതിവ്രതാരത്‌നവും യശസ്വിനിയുമാണെന്ന് തന്റെ അന്തരാത്മാവിന് അറിയാമെന്നും അതുകൊണ്ടാണ് സര്‍വ്വസാക്ഷിയായ അഗ്നിദേവനും സര്‍വ്വഗാമിയായ വായുദേവനും സീതപരിശുദ്ധയാണെന്നു പറയുകയും ദേവേന്ദ്രന്‍ സീതയെ തന്നെ ഏല്പിക്കുകയും ചെയ്തപ്പോള്‍ താന്‍ സീതയെ സ്വീകരിച്ചത് എന്നും രാമന്‍ പറഞ്ഞു. എന്നാല്‍ അയോദ്ധ്യാവാസികള്‍ ‘എന്റെ സീതയെ സംശയിക്കുന്നു’ എന്നു നെഞ്ചുപൊട്ടി രാമന്‍ പഞ്ഞു. എന്നാല്‍ ഈ അകീര്‍ത്തി തനിക്ക് അസഹ്യമാണെന്നും അകീര്‍ത്തി മാറ്റാന്‍ രാജാവ് ബാദ്ധ്യസ്ഥനാണെന്നും അതുകൊണ്ട് ഗംഗാനദിയുട അക്കരെ തമസാ നദിയുടെ തീരത്ത് വാല്മീകി മുനീന്ദ്രന്റെ ആശ്രമപരിസരത്ത് സീതയെ ഉപേക്ഷിക്കണമെന്ന് ഉഗ്രമായ ആജ്ഞ രാമന്‍ ലക്ഷ്മണന് നല്കി. സീതയ്ക്ക് വേണ്ടി ആരും ഒന്നും പറയേണ്ടതില്ല; അവള്‍ക്ക് വേണ്ടി അനുനയവാക്കുകളും വേണ്ട. പുനഃപരിശോധനയില്ലാത്ത ആജ്ഞയാണ്. അനുസരിക്കുക രാമന്‍ പറഞ്ഞു.

ഇത്രയും പറഞ്ഞ് കണ്ണീരൊഴുകുന്ന മുഖവുമായി നെടുവീര്‍പ്പിട്ടു കരഞ്ഞുകൊണ്ട് രാമന്‍ അന്തപ്പുരത്തിലേക്ക് പോയി. സീതയെ ലക്ഷ്മണന്‍ ആശ്രമ പരിസരത്ത് ഉപേക്ഷിച്ചു. വിധിവാക്യം കേട്ട സീത ബോധമറ്റുവീണു. പിന്നെ എഴുന്നേറ്റു. കരഞ്ഞുകൊണ്ട് സീത പറഞ്ഞു. അകീര്‍ത്തി ഭയത്തിലാണ് രാമന്‍ തന്നെ വെടിഞ്ഞത്. രാമന്റെ കീര്‍ത്തി സംരക്ഷിക്കേണ്ടത് തന്റെയും കടമയാണ്. ധാര്‍മ്മികമായ ജീവിതംകൊണ്ട് പ്രജകള്‍ നേടുന്നതാണ് രാജധനം. പൗരാപവാദത്തെക്കുറിച്ചു കേട്ടപ്പോള്‍ ഉള്ളത്ര വ്യസനം തന്റെ ശരീരത്തിന്റെ നിലനില്പിനെപ്പറ്റി തനിക്കില്ല എന്നും സീത പറഞ്ഞു. സീതയുടെ പാദങ്ങളില്‍ ഒഴുകി വീഴുന്ന കണ്ണീരോടെ നമസ്‌കരിച്ച് ഹൃദയം പൊട്ടി ലക്ഷ്മണന്‍ മടങ്ങി.

രാജാവായ രാമന്‍ അശ്വമേധം നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു അനുജന്മാരോടും പത്‌നിസമേതരായി യാഗത്തില്‍ എത്താന്‍ ആജ്ഞ കൊടുത്തു. തന്റെ അടുത്ത് കാഞ്ചനസീത മതി എന്നും തീരുമാനിച്ചു. നൈമിശാരണ്യത്തിലെ യാഗശാലയുടെ പരിസരത്ത് ഋഷിമണ്ഡലം മുഴുവന്‍ എത്തി പര്‍ണ്ണശാലയിട്ടു താമസിച്ചു. ആക്കൂട്ടത്തില്‍ വാല്മീകിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. തന്ത്രീലയസമായുക്തമായും സമതാളസമന്വിതമായും സത്യയുക്തമായും വാല്മീകി രചിച്ച രാമായണ കാവ്യം അവിടെ മുഴുവന്‍ നിര്‍ത്താതെ പാടിനടക്കാന്‍ തന്റെ ശിഷ്യന്മാര്‍ കൂടിയായ ലവകുശന്മാരെ വാല്മീകി ചുമതലപ്പെടുത്തി. രാമായണ കാവ്യാലാപനം രാമന്റെ ചെവിയിലുമെത്തി. രാജസദസ്സില്‍ കുട്ടികള്‍ പാടി. വാല്മീകിയും രാമന്റെ രാജധാനിയില്‍ എത്തി.
രാമന്‍ രാമായണകാവ്യം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഋഷിമാര്‍ ഇരുന്നതിനു ശേഷമേ പാടാന്‍ പാടുള്ളു എന്നു വാല്മീകി പറഞ്ഞിരുന്നു. സീത സംശുദ്ധയാണെങ്കില്‍ അവള്‍ തെളിയിക്കട്ടെ എന്നു രാമന്‍ പറഞ്ഞു. രാമന്റെ രാജസഭാമദ്ധ്യത്തില്‍ ശപഥം ചെയ്യാനായി സീത എത്തി. വസിഷ്ഠന്‍, വിശ്വാമിത്രന്‍, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരടങ്ങുന്ന ഋഷിമണ്ഡലം സദസ്സിലുണ്ടായിരുന്നു. സീത തലകുനിച്ച് സദസ്സിലെത്തി. അനൃതം ഓര്‍ക്കാന്‍ പോലും കഴിയാത്തവനും പ്രചേതസ്സിന്റെ പത്താം പുത്രനുമായ വാല്മീകി പറഞ്ഞു, സുവ്രതയും ധര്‍മ്മചാരിണിയും പതിവ്രതയുമാണ് സീത. സീത അവ്വിധമല്ലെങ്കില്‍ ആയിരത്താണ്ടുകള്‍ തപം ചെയ്തു താന്‍ നേടിയ തപഃസിദ്ധികളുടെ ഫലം നിഷ്ഫലമായിത്തീരട്ടെ എന്നു വാല്മീകി സീതയ്ക്കു വേണ്ടി സാക്ഷ്യം പറഞ്ഞു. അപവാദഭയം മൂലം സീതയെ ഉപേക്ഷിച്ച രാജാധിരാജനായ ചക്രവര്‍ത്തിയോട് അരുത് എന്ന് ആജ്ഞാപിക്കുകയായിരുന്നു വാല്മീകി. ജനമദ്ധ്യത്തില്‍ വിശുദ്ധി തെളിയിച്ച സീതക്ക് തന്നില്‍ പ്രീതി തോന്നട്ടെ എന്നായി രാജാവായ രാമന്‍. രാഘവനൊഴികെ ആരെയും താന്‍ മനസ്സുകൊണ്ട് ചിന്തിക്കാറില്ലെങ്കില്‍, മനോവാക്കര്‍മ്മം കൊണ്ട് രാമനെ ആരാധിക്കുന്നു എങ്കില്‍ രാമനെയല്ലാതെ മറ്റാരെയും താന്‍ അറിഞ്ഞില്ല എങ്കില്‍ ഭൂമീദേവി തനിക്ക് ഇടം തരണമെന്ന് സീത പ്രാര്‍ത്ഥിച്ചു. ഭൂമിദേവി രണ്ടുകയ്യും നീട്ടി അവരുടെ മകളെ സ്വീകരിച്ചുകൊണ്ട് രസാതലത്തില്‍ മറഞ്ഞു. ദേവന്മാര്‍ സീതയുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി.

 ലക്ഷ്മണോപദേശം

സീതയെ വാല്മീകിയുടെ ആശ്രമപരിസരത്ത് ഉപേക്ഷിച്ചതിനുശേഷം കൊട്ടാരത്തിലെത്തിയ ലക്ഷ്മണന്‍ ദുഃഖവിവശനായി കണ്ണീര്‍ പൊഴിച്ചിരിക്കുന്ന ശ്രീരാമനെയാണ് കണ്ടത്. സീതാ പരിത്യാഗം രാമന് ഹൃദയഭേദകമാണെന്ന് മറ്റാരേക്കാളും നന്നായി ലക്ഷ്മണനറിയാം. പഞ്ചവടിയില്‍ നിന്ന് രാവണന്‍ മായാവിദ്യയാല്‍ സീതയെ മോഷ്ടിച്ചതിനുശേഷം രാമലക്ഷ്മണന്‍മാര്‍ പഞ്ചവടിയില്‍ തിരിച്ചെത്തിയ സന്ദര്‍ഭം ലക്ഷ്മണന്റെ സ്മരണയിലുണ്ട്. ‘എന്റെ സീതേ’ എന്നു വിളിച്ചുകൊണ്ട് വൃക്ഷലതാദികളോടും പക്ഷിമൃഗാദികളോടും സീതയെ അന്വേഷിച്ച് അലമുറയിട്ടു കരഞ്ഞ രാമന്റെ രൂപം ലക്ഷ്മണന് മറക്കാനാകില്ല. അയോദ്ധ്യയെ ത്യജിച്ചുകൊണ്ട് അടവിയിലെത്തിയപ്പോഴൊന്നും രാമന്‍ കരഞ്ഞിരുന്നില്ല എന്നും ഓര്‍ക്കണം. സീതയെ ഓര്‍ത്തുകൊണ്ട് ആരണ്യകാണ്ഡത്തില്‍ തുടങ്ങിയ കരച്ചില്‍ യുദ്ധകാണ്ഡത്തിലും തുടര്‍ന്നതും ലക്ഷ്മണന് ഓര്‍മ്മയുണ്ട്. അപ്പോഴെല്ലാം രാമന് സമാശ്വാസം നല്കിയത് ലക്ഷ്മണനായിരുന്നു.

രാമലക്ഷ്മണന്മാര്‍ ഒരമ്മപെറ്റ മക്കളല്ല. എന്നിട്ടും ഒരമ്മപെറ്റ സഹോദരങ്ങള്‍ക്കും അവര്‍ മാതൃകകളായി. രാമനെ അനുസരിക്കാന്‍ മാത്രം അറിയാവുന്ന അനുജന്‍. കാനനവാസക്കാലത്ത് എന്നും രാവിലെ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് സീതയടെ പാദങ്ങളില്‍ നമസ്‌കരിച്ചിരുന്ന ലക്ഷ്മണന്‍, രാമനെ ദശരഥനായും അടവിയെ അയോദ്ധ്യയായും സീതയെ മാതാവായും കരുതണമെന്ന ഉപദേശം മനസ്സിലും ശിരസ്സിലും വഹിച്ച ലക്ഷ്മണന്‍, രാവണന്‍ മോഷ്ടിച്ചുകൊണ്ടുപോയ സീതയുടെ ആഭരണങ്ങള്‍ കണ്ടു തിരിച്ചറിയുന്ന സന്ദര്‍ഭം രാമായണത്തിലൂടെ തനിക്ക് സീതയുടെ പാദസരം മാത്രമെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത് താന്‍ എല്ലാദിവസവും പാദനമസ്‌കാരം ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്. മറ്റൊന്നും തനിക്ക് അറിയില്ല എന്നു പറഞ്ഞു ലക്ഷ്മണന്‍. രാമനുവേണ്ടി പ്രയാസമേറിയ കാര്യങ്ങള്‍ മറുത്തൊരു അക്ഷരം പറയാതെ അനുസരിക്കുക മാത്രം ചെയ്ത ലക്ഷ്മണന്‍.

യുദ്ധകാണ്ഡത്തില്‍ അഗ്നിശുദ്ധി തെളിയിക്കുന്നതിനായി ചിതയൊരുക്കാന്‍ സീത ആജ്ഞാപിക്കുന്നതും ലക്ഷ്മണനോടാണ്. തന്റെ ഏത് ആജ്ഞയും അനുസരിക്കുമെന്നു സീതയ്ക്ക് ഉറപ്പും വിശ്വാസവുമുള്ള ബന്ധു ലക്ഷ്മണനായിരുന്നു. വാല്മീകിയുടെ ആശ്രമത്തില്‍ സീതയെ ത്യജിക്കാനുള്ള രാമന്റെ ആജ്ഞ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വവും ലക്ഷ്മണനാണ് നിറവേറ്റാന്‍ വിധിയുണ്ടായത്. താന്‍ ഉപേക്ഷിക്കപ്പെട്ട വൃത്താന്തം അവസാനം അറിഞ്ഞതിനുശേഷം താന്‍ ഗര്‍ഭിണിയാണെന്നും അത് തന്റെ വയറ് നോക്കി ഉറപ്പുവരുത്തണമെന്നും സീത ലക്ഷ്മണനോട് പറയുന്നുണ്ട്. അപ്പോഴും താന്‍ ദേവിയുടെ പാദങ്ങളല്ലാതെ മറ്റൊരു അവയവവും കണ്ടിട്ടില്ല എന്നും കാണാന്‍ തനിക്കു കഴിയുന്നില്ല എന്നും ആത്മനൊമ്പരത്തോടെ പറയുന്ന ലക്ഷ്മണനെ മറക്കാനാകില്ല. രാമനോട് ലക്ഷ്മണന്‍ ഒന്നും ചോദിച്ചിട്ടില്ല. രാമനുവേണ്ടി രാമന്‍ ആജ്ഞാപിക്കുന്നതല്ലാതെ യാതൊന്നും ലക്ഷ്മണന്‍ ചെയ്തിട്ടുമില്ല. രാമന്‍ ആഗ്രഹിക്കാതെയും ആജ്ഞ നല്കാതെയും ലക്ഷ്മണന്‍ ചെയ്ത ഏക കാര്യം ആരണ്യവാസത്തിനിറങ്ങിയ രാമനെ അനുഗമിക്കുക എന്നത് മാത്രാമാണ്.

പക്ഷേ, സിംഹാസനത്തിലിരുന്ന് സീതാത്യാഗത്തിന്റെ ദുഃഖം താങ്ങാനാവാതെ കരയുന്ന രാമനെ ലക്ഷ്മണന്‍ സാന്ത്വനപ്പെടുത്തി. മാത്രമല്ല, ഉപദേശിക്കുകയും ചെയ്തു. കാലത്തിന്റെ വിപരീത ഫലങ്ങളെ ഓര്‍ത്ത് പുരുഷവ്യാഘ്രനായ രാമനെ പോലുള്ള ഒരാള്‍ ദുഃഖിക്കരുത് എന്നും ലക്ഷ്മണന്‍ പറഞ്ഞു. മനസ്സ് ചഞ്ചലമാകരുതെന്നും സുഖദുഃഖങ്ങളില്‍ ബുദ്ധിമാന്മാര്‍ കുലുങ്ങാറില്ല എന്നു പറഞ്ഞ ലക്ഷ്മണന്‍ ഏത് നേട്ടവും നാശത്തിലേയ്ക്കും ഏത് ഉയര്‍ച്ചയും പതനത്തിലേക്കും സംയോഗങ്ങളെല്ലാം വിയോഗത്തിലേക്കും ജീവിതം മരണത്തിലേക്കും നീങ്ങുന്നു എന്ന് രാമനെ ഓര്‍മ്മിപ്പിച്ചു. മനസ്സിനെ അടക്കി മൂന്നു ലോകങ്ങളെയും കീഴടക്കാന്‍ കഴിയുന്ന ഇത്തരം കാര്യങ്ങളില്‍ ദുഃഖിക്കരുതെന്നും ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. അകീര്‍ത്തിയെ ഭയന്നാണ് രാമന്‍ സീതയെ ഉപേക്ഷിച്ചതെന്നും ഉപേക്ഷിച്ച സീതയെ ഓര്‍ത്തു കരയുന്ന രാജാവാണ് രാമന്‍ എന്ന് പ്രജകള്‍ അറിയുന്നത് അകീര്‍ത്തികരമാകുമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മിപ്പിച്ചു. രാമന്‍ ധൈര്യം സംഭരിക്കണമെന്നും സ്ഥിരചിത്തനാകണമെന്നും മനോദൗര്‍ബ്ബല്യം വെടിയണമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മപ്പെടുത്തി. ലക്ഷ്മണന്റെ സാരവത്തായ വാക്കുകള്‍ തന്റെ പരിതാപം അകറ്റിയെന്നും ശരിയായി നിര്‍വ്വഹിച്ച കാര്യത്തില്‍ താന്‍ സന്തുഷ്ടനായി തീര്‍ന്നു എന്നും രാമന്‍ പറയുകയും ചെയ്തു.

ഒരു തത്ത്വം വിശദീകരിച്ചുകൊണ്ട് രാമനെ ലക്ഷ്മണന്‍ ഉപദേശിക്കുന്ന ഏക സന്ദര്‍ഭം ഇതുതന്നെയാണ്. സാധാരണ ഗതിയില്‍ രാമനാണ് ലക്ഷ്മണനെ ഉപദേശിക്കാറുള്ളത്. അയോദ്ധ്യാകാണ്ഡത്തില്‍ അഭിഷേകം മുടങ്ങിയ കാര്യം അറിഞ്ഞ് രാമനെ കാണാന്‍ എത്തുന്ന ലക്ഷ്മണന്‍ രോഷാകുലനായിരുന്നു. രാജാവും പിതാവുമായ ദശരഥന്‍ അനീതിയും അധര്‍മ്മവുമാണ് ചെയ്തതെന്നും അതികാമിയും പെണ്‍കോന്തനുമായ ദശരഥനെ ബന്ധനസ്ഥനാക്കിയും എതിര്‍ക്കാന്‍ വരുന്നവരെ അരിഞ്ഞു വീഴ്ത്തിയും രാമന് വേണ്ടി താന്‍ അയോദ്ധ്യ നേടാമെന്നും പറയുന്ന ലക്ഷ്മണനെ രാമന്‍ സമാധാനിപ്പിക്കുന്ന രംഗം വളരെ പ്രസിദ്ധമാണ്. പിതാവായ ദശരഥന്‍ കാമലോലുപനല്ല എന്നും അസത്യം പറയാന്‍ ഭയമുള്ള ധര്‍മ്മനിഷ്ഠനാണെന്നും അതുകൊണ്ട് പിതാവിനെക്കുറിച്ച് അശുഭചിന്തകളൊന്നും മനസ്സില്‍ സൂക്ഷിക്കരുത് എന്നും പറഞ്ഞ് ലക്ഷ്മണനെ കോപതാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത് രാമനാണ്. ആരണ്യകാണ്ഡത്തില്‍ പല സന്ദര്‍ഭങ്ങളിലും ധര്‍മ്മവിചാരത്തിന്റെ തത്ത്വവും യുക്തിവിചാരവും സരസമായും ലളിതമായും രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നുമുണ്ട്. തീര്‍ച്ചയായും, ധര്‍മ്മവിഗ്രഹമെന്ന് വാല്മീകി വിശേഷിപ്പിച്ച രാമന്‍ തന്നെയാണ് ധര്‍മ്മതത്ത്വത്തിന് സര്‍വ്വഥായോഗ്യന്‍.

പക്ഷേ, രാമനെ നിഴല്‍ പോലെ പിന്‍തുടര്‍ന്നപ്പോള്‍ മാനവ ജീവിതത്തിന്റെ പരിമിതി ലക്ഷ്മണന് ബോധ്യമായിരുന്നു. അതുകൊണ്ടാണ് നേട്ടകോട്ടങ്ങളിലൂടെയും സംയോഗവിയോഗങ്ങളിലൂടെയും മരണത്തിലേക്ക് നീങ്ങുന്ന ജീവിതത്തില്‍ പുത്രമിത്രാര്‍ത്ഥകളത്രാദികളെ ഓര്‍ത്തു സന്തോഷിക്കാനോ ദുഃഖിക്കാനോ ഒന്നും തന്നെയില്ല എന്ന് ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു. കാലം കരുതിവെക്കുന്ന അനുഭവങ്ങളെ നിര്‍മ്മമനായി നേരിടുന്നതാണ് ശരിയെന്നും ലക്ഷ്മണന് അറിയാമായിരുന്നു. ലോകത്തെ സൃഷ്ടിച്ച് നിലനിര്‍ത്തി സംഹരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്തിന് അതിന്റേതായ യുക്തിയുണ്ടെന്നും അതൊന്നും മനുഷ്യന് മാറ്റി മറിക്കാനാകില്ലെന്നും സ്വാനുഭവത്തിലൂടെ ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു. അതുകൊണ്ട് കാലം നല്കുന്ന ഏത് അനുഭവത്തേയും നിര്‍മ്മമതയോടെ സ്വീകരിക്കാന്‍ ലക്ഷ്മണന്‍ മാനസികമായി പാകപ്പെട്ടിരുന്നു. ജീവിതാനുഭവം നല്കിയ തീക്ഷ്ണവും സുദൃഢവുമായ പാഠങ്ങളില്‍ നിന്നു സ്വാംശീകരിച്ച തത്ത്വങ്ങളുടെ പിന്‍ബലത്തിലാണ് ദാര്‍ശനികമായ ഗരിമയോടെ ലക്ഷ്മണന്‍ രാമനെ വാക്കുകള്‍ കൊണ്ട് സാമാശ്വസിപ്പിച്ചത്.

അതുകൊണ്ട് രാമന്‍ തന്നെ ത്യജിക്കുമ്പോഴും ലക്ഷ്മണന്‍ പതറിയില്ല. ‘സൗമിേ്രത, കുമാരാ, ലക്ഷ്മണാ ഞാന്‍ നിന്നെ പരിത്യജിക്കുന്നു; ലോകത്തെ ധര്‍മ്മത്തില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, ത്യാഗം വധത്തിന് തുല്യം തന്നെ’ എന്നു പറഞ്ഞുകൊണ്ട് രാമന്‍ ലക്ഷ്മണനെ ത്യജിച്ചു. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി സത്യനിഷ്ഠനായ കര്‍മ്മം ചെയ്യുന്ന താന്‍ രാജ്യത്തെയും സീതയേയും മാത്രമല്ല, ലക്ഷ്മണനെ തന്നെയും ത്യജിക്കാന്‍ മടിക്കില്ല എന്ന് രാമന്‍ പറയാറുള്ളതും ലക്ഷ്മണന്‍ ഓര്‍ത്തിരിക്കണം. ഉഗ്രമായ വിധിവാക്യം കേട്ടപ്പോള്‍ ലക്ഷ്മണന്റെ നേത്രങ്ങളില്‍ കണ്ണീര്‍ നിറഞ്ഞു. സ്വന്തം വീട്ടില്‍ ചെന്ന് ഭാര്യയോട് യാത്ര പറയാതെ ഒന്ന് പിന്നാക്കം തിരിഞ്ഞു നോക്കാതെ നിശ്ശബ്ദനായി സരയൂനദിക്കരയിലെത്തി. യോഗീശ്വരനെപ്പോലെ ശരീര സ്രോതസ്സുകളെ അടക്കി പ്രാണവായുവിനെ നിരോധിച്ച് ശ്വാസമടക്കിനിന്ന് ഇഹലോകവാസം വെടിഞ്ഞു എന്നാണ് വാല്മീകി ഉത്തരരാമായണത്തില്‍ എഴുതിയിരിക്കുന്നത്.

ലക്ഷ്മണ ത്യാഗത്തോടെ രാമന്‍ രാജ്യഭാരം ഒഴിയാന്‍ തീരുമാനിച്ചു. ധര്‍മ്മസംരക്ഷണത്തിനുവേണ്ടി താന്‍ ധരിച്ച കോദണ്ഡത്തെ താഴെവെക്കാനും തീരുമാനിച്ചു. രാമന്‍ രാജ്യഭാരത്തെ ത്യജിക്കുന്നു എന്ന് കേട്ടറിഞ്ഞ പ്രജകള്‍ ഭൂമിയില്‍ വീണുകിടന്നു.രാമന്‍ എവിടെ പോയാലും അവിടേക്ക് രാമനെ പിന്‍തുടരാന്‍ അവരെ അനുവദിക്കണമെന്ന ഒരു ആവശ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. രാമന്‍ അതിനു സമ്മതിച്ചു. ഒരു രാജാവിനോടൊപ്പം രാജ്യത്തെ പ്രജകളും മഹാപ്രസ്ഥാനത്തിനിറങ്ങിയ സംഭവം കേട്ടു കേള്‍വി പോലുമില്ല. ആ മഹാപ്രസ്ഥാന യാത്രയ്ക്ക് മുന്‍പേ സീതയേയും ലക്ഷ്മണനേയും രാമന്‍ ത്യജിച്ചു കഴിഞ്ഞിരുന്നു.

സത്യഗ്രഹിയായ ധര്‍മ്മം ആചരിച്ചു മനുഷ്യലോകത്ത് കര്‍മ്മം ചെയ്യുക എന്നത് വാള്‍ത്തല മേല്‍ കൂടി സഞ്ചരിക്കുന്നതു പോലെ ശ്രമകരമാണെന്ന് രാമന് മാത്രമല്ല ലക്ഷ്മണനും അറിയാമായിരുന്നു. അതുകൊണ്ടാണ് രാമനാല്‍ ത്യജിക്കപ്പെട്ടപ്പോള്‍ പുത്രകളത്രമിത്രാദികളെ ഒന്നും കാണാതെ യോഗസമാധിയില്‍ ലയിക്കാനായി ലക്ഷ്മണന്‍ പോയത്. ലക്ഷ്മണന് സമാനമായി ലക്ഷ്മണന്‍ മാത്രമേയുള്ളൂ.

ശ്രീരാമന്റെ മഹാപ്രസ്ഥാനം

സീത ഭൂമിയില്‍ മറഞ്ഞപ്പോള്‍ അതിതീവ്രശോകത്താല്‍ ഗ്രസിതനായി രാമന്‍ വാവിട്ടുകരഞ്ഞു. യജ്ഞദണ്ഡ് നിലത്ത് ഊന്നി നിന്നുകൊണ്ട് കരയുന്ന രാമന്‍ പറഞ്ഞു: തനിക്ക് തന്റെ സീതയെ വേണം. തനിക്ക് തന്റെ സീതയെ തന്നില്ലെങ്കില്‍ സീത പോയിടത്തേക്ക് തനിക്കും ഇടം തരിക. സീത മറഞ്ഞപ്പോള്‍ ലോകം ശൂന്യമായതായി രാമന് തോന്നി. സ്വര്‍ഗ്ഗത്തിലോ പാതാളത്തിലോ എവിടെ വേണമെങ്കിലും താന്‍ തന്റെ സീതയുമൊത്തു വസിച്ചുകൊള്ളാം. സീതാതിരോധാനം മൂലമുള്ള ശോകം രാമനെ ഉന്മത്തനാക്കി. ഭൂഗര്‍ഭത്തില്‍ മറഞ്ഞ ജനകജയെ അതേ രൂപത്തില്‍ തിരികെ തന്നില്ലെങ്കില്‍ താന്‍ ഭൂമിയെ മുടിച്ച് കരയെല്ലാം വെള്ളത്തിലാഴ്ത്തുമെന്നും കോദണ്ഡപാണിയായ രാമന്‍ അമര്‍ഷത്തോടെ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് രാമനെ സമാശ്വസിപ്പിച്ചു.

അനന്യഹൃദയയാണ് സീത എന്ന് രാമന് അറിയാമായിരുന്നു. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിതയായ സീതയാണ് തന്റെ ചിത്തത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്ന് രാമനറിയാമായിരുന്നു. ഏകപത്‌നീവ്രതനിഷ്ഠനായ രാമന്‍ സീതയെയല്ലാതെ മറ്റൊരുവളെ സ്മരിക്കുകയില്ലെന്ന് സീതയ്ക്കും അറിയാമായിരുന്നു. യജ്ഞത്തില്‍ പത്‌നീസമേതനായി ക്രിയ ചെയ്യേണ്ടിവന്നപ്പോഴെല്ലാം ജനകജയുടെ സ്വര്‍ണ്ണപ്രതിമയെയാണ് രാമന്‍ പത്‌നീ സ്ഥാനത്ത് ഇരുത്തിയത്. സൂര്യന്റെ പ്രഭ പോലെ തന്നില്‍ അന്തര്‍ലീനയായിരിക്കുന്ന സീത ഹൃദയത്തില്‍ പ്രതിഷ്ഠിതയായതുകൊണ്ട് രാമന്‍ എന്നും സീതാസമേതനായിരുന്നു. അതുകൊണ്ട് എല്ലാ യജ്ഞങ്ങളും അവര്‍ രണ്ടുപേരും അഭിന്നരായാണ് അനുഷ്ഠിച്ചത്. അനേകായിരം യജ്ഞങ്ങള്‍ ഹൃദയസ്ഥിതയായ സീതാസമേതനായും കാഞ്ചനസീതാ സമേതനായും അനുഷ്ഠിച്ച് രാമന്‍ അയോദ്ധ്യയെ സമ്പന്നവും ഐശ്വര്യപൂര്‍ണ്ണവുമാക്കി. ജനകനായ ദശരഥന്റെ വിയോഗം വന്നപ്പോള്‍ യുദ്ധകാണ്ഡത്തില്‍ അസ്ത്രമേറ്റ് അസ്തപ്രാണനായി കിടക്കുന്ന ലക്ഷ്മണകുമാരനെ കണ്ടപ്പോള്‍ രാമന്‍ കരഞ്ഞു. പക്ഷേ, ആരണ്യകാണ്ഡത്തിലും, കിഷ്‌കിന്ധാകാണ്ഡത്തിലും, സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും രാമന്‍ അലമുറയിട്ടു കരഞ്ഞത് സീതാവിയോഗത്താലായിരുന്നു.

പിന്നീട്, രാമന്‍ താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളൊന്നൊന്നായി ചെയ്തു തീര്‍ത്തു. ഭരതന്റെ അമ്മാവനായ യുധാജിത്തിന്റെ സന്ദേശവുമായി ഒരുദിനം ബ്രഹ്മര്‍ഷി ഗാര്‍ഗ്യന്‍ അയോധ്യയിലെത്തി. സദായുദ്ധസന്നദ്ധരായി നിന്ന ഗന്ധര്‍വ്വന്മാരെ തോല്പിച്ച് ഗന്ധര്‍വ്വ രാജ്യത്ത് രണ്ട് നഗരികള്‍ സ്ഥാപിക്കണമെന്നതായിരുന്നു യുധാജിത്തിന്റെ ആവശ്യം. ഭരതന്‍ രാമനിര്‍ദ്ദേശമനുസരിച്ച് ഗന്ധര്‍വ്വരാജ്യം കീഴടക്കി രണ്ട് നഗരങ്ങള്‍-തക്ഷശിലയും പുഷ്‌കലാവനവും സ്ഥാപിച്ചു. തക്ഷശില ഭരതപുത്രനായ തക്ഷനും പുഷ്‌കലാവനം പുഷ്‌കലനും ഭരിച്ചു. ലക്ഷ്മണ പുത്രന്മാരായ അംഗദന് കാരുപഥമെന്ന സ്ഥലത്ത് അംഗദീയം എന്ന നഗരം നല്കി രാജാക്കന്മാരാക്കി. രണ്ടാമത്തെ മകനായ ചന്ദ്രകേതുവിനെ ചന്ദ്രകാന്തമെന്ന പുരത്തും രാജാവാക്കി വാഴിച്ചു. ശത്രുഘ്‌നന്റെ മധുര രാജ്യം രണ്ടായി വിഭജിച്ച് തന്റെയും പുത്രന്മാരായ സുബാഹുവിനെ മധുരയിലും ശത്രുഘാദിയെ വിദശയിലും വാഴിച്ചു. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കോസലം രണ്ടായി വിഭജിച്ച് ദക്ഷിണ ദേശം കുശനും ഉത്തരദേശം ലവനും നല്കി. ദശരഥപുത്രന്മാര്‍ നാലുപേരും രാജ്യഭാരം ഒഴിഞ്ഞു.

താപസ വേഷത്തിലെത്തിയ യമധര്‍മ്മ രാജാവ് രാമനുമായി കൂടിക്കാഴ്ച നടത്താനെത്തി. താന്‍ നടത്താനാഗ്രഹിക്കുന്നത് രഹസ്യ സംഭാഷണമാണെന്നും അത് മറ്റാരും കേള്‍ക്കരുതെന്നും യമധര്‍മ്മന്‍ പറഞ്ഞു. കാര്യത്തിന്റെ ഗൗരവം ഗ്രഹിച്ച രാമന്‍ ലക്ഷ്മണനെ കാവല്‍ നിര്‍ത്തി ആരെയും അകത്തു കയറ്റി വിടരുതെന്നും ആജ്ഞ ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്നും പറഞ്ഞു. ലക്ഷ്മണന്‍ കാവല്‍നിന്നു കൊണ്ടിരിക്കെയാണ് ദുര്‍വ്വാസാവ് അവിടെ എത്തിയത്. തനിക്ക് ഉടനെ രാമനെ കാണണമെന്നും കൂടിക്കാഴ്ചയ്ക്ക് കാലതാമസം വരുത്തിയാല്‍ താന്‍ ശപിച്ച് രാജ്യത്തെ മുടിക്കുമെന്നു കോപിഷ്ഠന്‍ പറഞ്ഞു. ലക്ഷ്ണന്‍ കഴിവതും ശ്രമിച്ചുനോക്കി. പക്ഷേ, ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് അടങ്ങിയില്ല. രാമന്റെ ആജ്ഞ ലംഘിച്ചാല്‍ രാജ്യം മുടിയും. ദുര്‍വ്വാസാവ് ഋഷിയായിരുന്നു. എങ്കിലും ഔചിത്യം തീരെ ഇല്ലായിരുന്നു. രാജ്യം നശിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ വധിക്കപ്പെടുന്നതാണെന്നു കരുതിയ ലക്ഷ്മണന്‍ അകത്തു ചെന്നു കാര്യം പറഞ്ഞു. പുറത്തു വന്ന രാമന്‍ ദുര്‍വ്വാസാവിനെ സംതൃപ്തനാക്കി.

ബ്രഹ്മാവ് അനുവദിച്ച ഭൗമവാസകാലം അവസാനിച്ചു എന്നറിയിക്കാനാണ് യമദേവന്‍ എത്തിയത്. അത് രാമനും അറിയാമായിരുന്നു. അതോടൊപ്പം ആജ്ഞ ലംഘിച്ച ലക്ഷ്മണനെ ശിക്ഷിക്കണം എന്നോര്‍ത്തപ്പോള്‍ രാമഹൃദയം ദുഃഖത്തില്‍ ആണ്ടു. എന്തു ചെയ്യണമെന്നറിയാന്‍ അമാത്യന്മാരേയും ഉപാദ്ധ്യായനേയും വിളിച്ചു വരുത്തി ആലോചിച്ചു. തന്നെ ശിക്ഷിക്കുന്ന കാര്യത്തില്‍ ജ്യേഷ്ഠന്‍ പരിതപിക്കേണ്ടന്നും ധര്‍മ്മാനുസരണം താന്‍ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മണനും പറഞ്ഞു. വധശിക്ഷയ്ക്ക് തുല്യമാണ് പരിത്യാഗമെന്നും അതുകൊണ്ട് ലക്ഷ്മണനെ ത്യജിച്ച് ശിക്ഷ നടപ്പിലാക്കണമെന്നും ബുധജനം സമ്മതം നല്കി. ലോകധര്‍മ്മത്തെ രക്ഷിക്കാനായി രാമന്‍ ലക്ഷ്മണനേയും പരിത്യജിച്ചു. സത്യം ആചരിച്ച് ധര്‍മ്മം സംരക്ഷിക്കുന്നതിനായി രാജ്യത്തേയും സീതയേയും ലക്ഷ്മണനേയും താന്‍ ത്യജിക്കുമെന്ന് അഭിഷേക വിഘ്‌നം സംഭവിച്ച്, കാനനവാസത്തിനായി ഇറങ്ങിത്തിരിക്കാനിരിക്കെ കൈകേയിയോട് രാമന്‍ പറഞ്ഞത് അങ്ങനെ സത്യമായി ഭവിച്ചു. സ്വാര്‍ത്ഥം നോക്കിയിരുന്നെങ്കില്‍ രാജ്യം ത്യജിക്കാതിരിക്കാനായി കാരണങ്ങള്‍ ഒന്നിലേറെ കണ്ടെത്താമായിരുന്നു. സീതയെ ത്യജിക്കാതിരിക്കാനും കാരണമുണ്ടായിരുന്നു. അനന്യ ഹൃദയയായ സീത പരിശുദ്ധയാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുണ്ടെന്നു പറയാമായിരുന്നു. ലക്ഷ്മണ പരിത്യാഗം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കാരണം, ദുര്‍വ്വാസാവ് എന്ന അവിവേകിയും ക്ഷിപ്രകോപിയുമായ ഋഷിയുടെ ശാപത്തില്‍ നിന്നും അയോദ്ധ്യയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ലക്ഷ്മണന്‍ ആജ്ഞ ലംഘിച്ചത് എന്നു പറഞ്ഞ് ന്യായീകരിക്കാമായിരുന്നു. മാത്രമല്ല, ലക്ഷ്മണനും രാമനും മാത്രം അറിയാമായിരുന്ന ഉത്തരവായിരുന്നുഅത്. കേവല ധര്‍മ്മത്തെ ആസ്പദമാക്കി ഋഷിയെ പോലെ കര്‍മ്മം ചെയ്യുന്നവനും അസത്യവാക്ക് പറയാത്തവനുമായ രാമന് പക്ഷേ, അത്തരം കുമാര്‍ഗ്ഗങ്ങളൊന്നും അസ്വീകാര്യമായിരുന്നു. അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് അധര്‍മ്മത്തിന്റെ ഏറ്റവും നല്ല ഉദാഹരണം.

അര്‍ത്ഥഭോഗങ്ങള്‍ ഒന്നൊന്നായി പരിത്യജിച്ച രാമന്‍ ഒടുവില്‍ മഹാ പ്രസ്ഥാനത്തിന് തയ്യാറായി. രാമനെ അനുഗമിക്കാന്‍ ഭരതനും ശത്രുഘ്‌നനും തയ്യാറായി. രാമന്‍ അവര്‍ക്ക് അനുഗമിക്കാന്‍ അനുജ്ഞയും നല്‍കി. അംഗദനെ രാജ്യഭാരം ഏല്പിച്ചു രാമന്റെ അടുത്തെത്തിയ സുഗ്രീവനെ പിന്‍തുടരാന്‍ അനുവദിച്ചു. ലങ്കേശനായ വിഭീഷണനെ ഒന്നും പറയാന്‍ അനുവദിക്കാതെ ലങ്കയിലേക്ക് മടക്കി അയച്ചു. ഹനുമാനോടാകട്ടെ സത്യം ചെയ്തത് തെറ്റിക്കരുതെന്നു പറഞ്ഞു. ലോകത്ത് രാമകഥ പ്രചരിപ്പിക്കുന്നത്രയും കാലം ജീവിച്ചിരിക്കാന്‍ വരംവാങ്ങിയ കാര്യം ഓര്‍മ്മിപ്പിച്ചു. മാരുതി ഹര്‍ഷോന്മാദത്തോടെ അതു സമ്മതിച്ചു. ജാംബവാന്‍, മൈന്ദന്‍, ദ്വിവിന്ദന്‍ എന്നിവരോട് ത്രേതായുഗാവസാനം വരെ ജീവിച്ചിരിക്കാന്‍ പറഞ്ഞു. മറ്റുള്ള വാനരന്മാരോടും ഋഷീവരന്മാരോടും തന്നോടൊപ്പം ചെല്ലാനും രാമന്‍ അനുവാദം നല്‍കി.

അടുത്ത ദിവസം പ്രഭാതത്തില്‍ മഹാപ്രസ്ഥാനം തുടങ്ങി. വാജപേയാതപത്രവും ദീപ്താഗ്നിഹോത്രവും ഏന്തി ബ്രാഹ്മണര്‍ മുന്‍പേ നടന്നു. വെള്ളവസ്ത്രം ധരിച്ച്, പരബ്രഹ്മ മന്ത്രം ജപിച്ച് വിരലുകളില്‍ ദര്‍ഭയിഴ ചേര്‍ത്ത് നിശബ്ദനും നിര്‍ദ്വന്ദ്വനുമായി ശ്രീരാമന്‍ കൊട്ടാരം വിട്ട് ഇറങ്ങി. പരിസേവിതരായ മന്ത്രദേവതകളും വലതുവശം ചേര്‍ന്നു മഹാലക്ഷ്മി, ഇടതുവശത്ത് ഐശ്വര്യലക്ഷ്മിയും അനുഗമിച്ചു. കോദണ്ഡമടക്കമുള്ള എല്ലാ ആയുധങ്ങളും ആള്‍രൂപം സ്വീകരിച്ച് അകമ്പടി സേവിച്ചു. വേദങ്ങളും ഓങ്കാര മന്ത്രങ്ങളും രാമനോടൊപ്പം ഉണ്ടായിരുന്നു. അന്തപ്പുര വധുക്കള്‍, ദാസിമാര്‍, ബാലന്മാര്‍, വൃദ്ധന്മാര്‍, ഷണ്ഡന്മാര്‍, പത്‌നിസമേതരായി ഭരതശത്രുഘ്‌നന്മാരും രാമനെ പിന്തുടര്‍ന്നു. എല്ലാ ഭൃത്യന്മാരും ബന്ധുക്കളും പിന്നാലെ കൂടി. സല്‍ഗുണ സമ്പന്നരായ സകല പ്രജകളുംകുടുബസമേതം പിന്‍തുടര്‍ന്നു. പക്ഷിമൃഗാദികളും മഹാപ്രസ്ഥാനത്തില്‍ പങ്കാളികളായി. ഭൂതജാലങ്ങളും പരമാണുക്കളും വരെ ആ യാത്രയില്‍ രാമനെ അനുഗമിച്ചു. സര്‍വ്വഭൂതഹിതാനുവര്‍ത്തിയായ ഒരു രാജാവിന്റെ ആനന്ദകരമായ വിയോഗാനുഭവത്തിന്റെ ഭാഗമായി അവരെല്ലാം ചേര്‍ന്നു.

മഹാപ്രസ്ഥാനയാത്ര സരയുവില്‍ എത്തിച്ചേര്‍ന്നു. അയോദ്ധ്യയില്‍ നിന്നു തുടങ്ങിയ ധര്‍മ്മവിഗ്രഹമായ രാമന്റെ യാത്ര സരയൂനദിയിലെ ജലസമാധിയില്‍ പര്യവസാനിച്ചു. മുനികുലത്തിന്റെ യാഗരക്ഷ നടത്തുന്നതിനുവേണ്ടി കൗമാരപ്രായത്തില്‍ തേളേറ്റിയ കോദണ്ഡവും രാമനോടൊപ്പം ജലസമാധിയില്‍ ലയിച്ചു. സ്വാര്‍ത്ഥലേശമില്ലാതെ ലോകഭോഗങ്ങളുടെ പരിത്യാഗമാണ് ധര്‍മ്മാചരണം എന്നു ഉദ്‌ഘോഷിച്ച രാമവിഗ്രഹം അധര്‍മ്മത്തോട് അരുതെന്ന് ആജ്ഞാപിച്ചു. അധര്‍മ്മത്തോട് അരുത് എന്ന് ആജ്ഞാപിക്കണമെന്നാണ് ആദികവി എന്നും പറയുന്നത്. അതുകൊണ്ടാണ് രാമായണം ആദികാവ്യമായതും.

( ഉത്തരരാമായണത്തിലെ ഭാഗങ്ങള്‍ സാധാരണയായി കര്‍ക്കടകമാസത്തില്‍ വായിക്കാറില്ല.)

സുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷികദിനം

$
0
0

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സുപ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23-നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജനനം. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അദ്ദേഹം രൂപവത്കരിച്ചിരുന്നു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്നു പലായനം ചെയ്തു. ജര്‍മ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1945 ഓഗസ്റ്റ് 18-ന് അദ്ദേഹം തായ്‌വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് കരുതുന്നു.


പ്രതീക്ഷകളുടെ ചിങ്ങപ്പുലരി

$
0
0

ഇന്ന് ചിങ്ങം ഒന്ന്…മലയാളത്തിന്റെ പുതുവര്‍ഷപ്പിറവി ദിനം. കഴിഞ്ഞ നാളുകളുടെ ദുരിതം മറന്ന് പുതിയൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പ്. പ്രളയദുരിതം ബാക്കി വെച്ച നോവുകളിലേക്കാണ് ഇത്തവണ ചിങ്ങം പിറക്കുന്നത്. ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍.

കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. ചിങ്ങമാസം ഒന്നാം തീയതി കര്‍ഷകദിനം കൂടിയാണ്. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം..പക്ഷേ.., ഇന്ന് നിറം വറ്റിയ ഓര്‍മ്മകള്‍ മാത്രമാണ് ആഘോഷം..!

ദുരിതപ്പെയ്ത്തില്‍ തകര്‍ന്നടിഞ്ഞ മണ്ണും മനുഷ്യരും പൂര്‍വ്വാവസ്ഥയിലേക്ക് ഇനിയും എത്തിയിട്ടില്ല. അവരെ നമുക്ക് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തണം. സഹജീവിസ്‌നേഹവും സഹവര്‍ത്തിത്വവും നമുക്ക് കൈമുതലാക്കാം. പ്രകൃതിസംരക്ഷണത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യം വരുംതലമുറയെ കൂടി ബോധ്യപ്പെടുത്തി നമുക്ക് ഈ ഭൂമിയുടെ കാവലാകാം.

മഴമാറിയ തെളിമയാര്‍ന്ന ആകാശത്തിന്റെ നിറവിന്റെ പ്രതീക്ഷയിലാണ് ഏവരും. പ്രളയത്തെ ഒന്നായി നേരിട്ട ആ മനസ്സുമായി നമുക്ക് പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം.

വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ ‘സ്പേസസ് ഫെസ്റ്റ്’

$
0
0

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design, Culture & Politics ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്യുന്നു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും

$
0
0

ദില്ലി: ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും. മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കാണ് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയും സംസ്‌കൃതഭാഷാ മികവിന് വി.എസ് കരുണാകരനും പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുകയായി ലഭിക്കുന്നത്.

കൂടാതെ, മലയാള ഭാഷാ കംപ്യൂട്ടിങ് രംഗത്തെ ഗവേഷണങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഹെഡ് ഡോ.ആര്‍.ആര്‍ രാജീവും വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രിന്‍സിപ്പല്‍ ലാംഗ്വേജ് എഞ്ചിനീയര്‍ സന്തോഷ് തോട്ടിങ്ങലും അര്‍ഹരായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ആദ്യമായാണ് മലയാളത്തിന് മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ ലഭിക്കുന്നത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 21 വരെ

$
0
0

വായനാപ്രേമികള്‍ക്കായി കണ്ണൂരില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ഫെയര്‍ ഓഗസ്റ്റ് 21 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

ജോണ്‍സണ്‍ മാഷിന്റെ ചരമവാര്‍ഷികദിനം

$
0
0

പ്രശസ്ത മലയാള സംഗീതസംവിധായകനായിരുന്ന ജോണ്‍സണ്‍ 1953 മാര്‍ച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി – മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ജോണ്‍സണ്‍ പാശ്ചാത്യ ശൈലിയില്‍ വയലിന്‍ അഭ്യസിച്ചു. 1968ല്‍ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു.

1978ല്‍ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1981-ല്‍ ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത ഇണയെത്തേടി എന്ന സിനിമയിലെ ഗാനങ്ങള്‍ക്കാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിര്‍വഹിച്ചത്. തുടര്‍ന്നാണ് ഭരതന്റെ പാര്‍വതി എന്ന ചിത്രത്തിന് ഈണം നല്കിയത്.

പത്മരാജന്‍ ചിത്രങ്ങളായ കൂടെവിടെ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, അപരന്‍, ഞാന്‍ ഗന്ധര്‍വന്‍ എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ശ്രദ്ധ നേടി. രണ്ടു തവണ ദേശീയ പുരസ്‌കാരവും അഞ്ചു തവണ കേരളസംസ്ഥാന പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു. 2011 ഓഗസ്റ്റ് 18ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സ്പേസസ് ഫെസ്റ്റ്; മത്സരങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

$
0
0

തിരുവനന്തപുരം: സ്‌പേസസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലേക്ക് ആര്‍ക്കിടെക്ടുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, എഴുത്തുകാര്‍ എന്നിവരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കെ.എ.എഫ് സ്‌പേസ് ഫോട്ടോഗ്രഫി, ആര്‍ക്കിടെക്ചര്‍ റൈറ്റിങ്, പവലിയന്‍ മത്സരങ്ങള്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളിലായുള്ള മത്സരങ്ങളാണ് സ്‌പേസസ് ഫെസ്റ്റിന്റെ ആദ്യ പതിപ്പിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും താത്പര്യമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 25,000 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 10,000 രൂപയും കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നു. പവലിയന്‍ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സുവര്‍ണ്ണാവസരമാണ്.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 24, 2019.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ലോക ഫോട്ടോഗ്രഫി ദിനം

$
0
0

ആഗസ്റ്റ് 19.. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം…ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ഈ ദിനത്തില്‍ ലോകമെങ്ങും വിവിധ മത്സരങ്ങളും ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു.


പ്രൊഫ. എന്‍.ഇ.കേശവന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍

$
0
0

കോട്ടയം: കേരളചരിത്ര പഠനരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കിയ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ നീലമന ഇല്ലത്ത് പ്രൊഫ. എന്‍.ഇ കേശവന്‍ നമ്പൂതിരിക്ക് (75) ആദരാഞ്ജലികള്‍. വാകത്താനത്തെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍ വെച്ചു നടക്കും.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളെജ് മേധാവിയും എം.ജി. സര്‍വ്വകലാശാലയുടെ യു.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചരിത്ര-പൈതൃക പഠനവേദിയായ കോട്ടയം നാട്ടുകൂട്ടത്തിന്റെ രക്ഷാധികാരി സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

തെക്കുംകൂര്‍ ചരിത്രവും-പുരാവൃത്തവും, മണികണ്ഠപുരം ചരിത്രത്തിലൂടെ, ഉദയവര്‍മ്മചരിതം, മന്ത്രശാസ്ത്രവും മോഡേണ്‍ സയന്‍സും, കര്‍മ്മസിദ്ധാന്തവും മോഡേണ്‍ സയന്‍സും, ആര്‍ഷഭാരത പാരമ്പര്യം ഇംഗ്ലീഷ് കവിതയില്‍, ജ്യോതിര്‍ഗമയ(കവിതാസമാഹാരം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

ഉദ്ധരണികള്‍

$
0
0

കാലമോതി

ജനതയ്ക്കുവേണ്ടി

തൂലികയൊരു

വാളാക്കി മാറ്റൂ…

വയലാര്‍ രാമവര്‍മ്മ

സ്‌പേസസ് ഫെസ്റ്റ്; പ്രഗത്ഭരുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമാകും

$
0
0

തിരുവനന്തപുരം: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന SPACES: Design, Culture & Politics -ന്റെ ആദ്യപതിപ്പിന് ഓഗസ്റ്റ് 29-ന് തുടക്കം കുറിക്കുന്നു. സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ആശയോത്സവത്തില്‍ നിരവധി വിശിഷ്ടവ്യക്തികളാണ് അതിഥികളായി പങ്കെടുക്കുന്നത്. ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവര്‍ മേളയില്‍ ആദ്യന്തം സജീവസാന്നിദ്ധ്യമാകുന്നു.

മുതിര്‍ന്ന സംവിധായകനും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ അടൂര്‍ ഗോപാലകൃഷ്ണന്‍,ലോകപ്രശസ്ത വാസ്തുശില്പി ബി.വി ദോഷി, ബഹികാരാശത്തെത്തിയ പ്രഥമ ഭാരതീയന്‍ രാകേഷ് ശര്‍മ്മ, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍ എം.പി, പ്രശസ്ത ആര്‍ക്കിടെക്ട് യൂജിന്‍ പണ്ടാല, ചരിത്രകാരനും എം.ജി. സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സറുമായിരുന്ന ഡോ.രാജന്‍ ഗുരുക്കള്‍, ഓസ്‌കര്‍ പുരസ്‌കാരജേതാവ് റസൂല്‍ പൂക്കുട്ടി, മലയാള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ.കെ.ജയകുമാര്‍ ഐ.എ.എസ്, എം.എ.ബേബി, പ്രശസ്ത ആര്‍ക്കിടെക്ട് വികാസ് ദിലവരി, എഴുത്തുകാരായ ശോഭാ ഡേ, പോള്‍ സക്കറിയ, സാറാ ജോസഫ്, ചന്ദ്രമതി, കെ.ആര്‍.മീര, എന്‍.എസ് മാധവന്‍, എം.ജി.ശശിഭൂഷണ്‍, ബെന്യാമിന്‍, സുനില്‍ പി.ഇളയിടം, ടി.ഡി രാമകൃഷ്ണന്‍, പ്രഭാവര്‍മ്മ, വി.ജെ.ജയിംസ്, മനു എസ്.പിള്ള, എസ്.ഹരീഷ്, ലക്ഷ്മി രാജീവ്, പി.കെ.രാജശേഖരന്‍, ജെ.ജേവിക, സി.എസ്.മീനാക്ഷി എന്നിവരും ബീനാ പോള്‍, മധുപാല്‍, പത്മപ്രിയ, പ്രകാശ് രാജ് എന്നീ ചലച്ചിത്രപ്രവര്‍ത്തകരും  ടി.എം.കൃഷ്ണ, ടി.പി.ശ്രീനിവാസന്‍, ജോണ്‍ ബ്രിട്ടാസ്, എം.ജി രാധാകൃഷ്ണന്‍, ജി.എസ് പ്രദീപ്, വേണു ബാലകൃഷ്ണന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ മേളയുടെ ഭാഗമാകുന്നു.

2019 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടി.എം സിറിയക് ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍. കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും. സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

ഒ.വി വിജയന്‍ സ്മാരക സമിതി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

$
0
0

പാലക്കാട്: ഖസാക്കിന്റെ ഇതിഹാസം -അര നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. നോവലിന്റെ മൂലഗ്രാമമായ തസ്രാക്ക് പശ്ചാത്തലമാകുന്ന ഈ ഫോട്ടോഗ്രഫി മത്സരത്തിലെ വിഷയം ഖസാക്കിന്റെ ആകാശവും ഭൂമിയും എന്നതാണ്. ഫോട്ടോകള്‍ മൗലികവും യാതൊരു എഡിറ്റിങ്ങും ഇല്ലാത്തവയായിരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. പ്രത്യേക എന്‍ട്രി ഫീസ് ഇല്ല. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഒ.വി വിജയന്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും.

12’X 8′ സൈസിലുള്ള പ്രിന്റ് എടുത്താണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ടത്. ഫോട്ടോയോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര്, വയസ്സ്, വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം ഉണ്ടാകണം. 2019 സെപ്റ്റംബര്‍ 15-നകം ചിത്രങ്ങള്‍ അയയ്‌ക്കേണ്ടതാണ്.

വിലാസം: സെക്രട്ടറി, ഒ.വി വിജയന്‍ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പി.ഒ, പാലക്കാട്- 678701. ഫോണ്‍: 8277318372, 8547456222

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിക്കുന്നു

$
0
0

ദില്ലി: ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥരചന നടത്തുന്ന യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന യുവ പുരസ്‌കാറിന് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിലെ രചനകള്‍ പരിഗണിക്കും. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും എന്‍ട്രി നല്‍കാവുന്നതാണ്. പ്രായം 2020 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പുസ്തകത്തിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, ജനനവര്‍ഷം, തീയതി എന്നിവ സംബന്ധിച്ച അഫിഡവിറ്റ് ഇവയും നല്‍കണം. ഏതു ഭാഷയിലെ രചനയാണോ അതിനനുസരിച്ച് നിശ്ചിത കേന്ദ്രത്തിലേക്കാണ് എന്‍ട്രി അയയ്‌ക്കേണ്ടത്. മലയാളത്തിലെ രചനകള്‍ അക്കാദമിയുടെ ബെഗളൂരു കേന്ദ്രത്തിലേക്കാണ് അയയ്‌ക്കേണ്ടത്.

വിലാസം: റീജണല്‍ സെക്രട്ടറി, സാഹിത്യ അക്കാദമി, സെന്‍ട്രല്‍ കോളെജ് കാമ്പസ്, യൂണിവേഴ്‌സിറ്റി ലൈബ്രറി ബില്‍ഡിങ്, ഡോ.ബി.ആര്‍ അംബേദ്കര്‍ റോഡ്, ബെംഗളൂരു-560001.

ഇംഗ്ലീഷ്, ഹിന്ദി, രചനകള്‍ അക്കാദമിയുടെ ദില്ലിയിലെ കേന്ദ്ര ഓഫീസിലേക്കാണ് അയയ്‌ക്കേണ്ടത്.

അവസാന തീയതി ഓഗസ്റ്റ് 30

Viewing all 31623 articles
Browse latest View live