പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ അധ്യാപകർ ഒളിവിൽ. ഒന്നാം പ്രതി കൃഷ്ണദാസ് ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് കേസിലെ പ്രതികൾ. കുടുങ്ങുമെന്നുറപ്പായ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്നാണ് ഇവരെ തേടി അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ തമിഴ്‌നാട്ടിലുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് അന്വേഷണസംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചത്.
ജിഷ്ണുവിന്റെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഒളിവില്‍പ്പോയ അധ്യാപകരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ടെത്താനായി ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല.
കോളേജ് പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകന്‍ സി പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുള്ളത്. ജിഷ്ണുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് അസ്വഭാവിക മരണത്തിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ഇത് ക്രിമിനല്‍ കേസായി മാറ്റിയത്.