നടി ഭാവനയെ നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിനിമാരംഗം.
വിനയൻ
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും സംവിധായകൻ വിനയന്‍ പറഞ്ഞു. വളരെ ഗുരുതരമായ ഒരു വിഷയമാണ്. കേരളം പോലെ ഏറെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് നടുറോഡില്‍ വച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടാവുക എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. എന്റെ അറിവില്‍ ആ നടി പ്രൊഡക്ഷന്‍ യൂണിറ്റിന്റെ വണ്ടിയിലാണ് പോന്നത്. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം നിര്‍മാതാവിനും സംവിധായകനുമാണ്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട യാത്രയിലാണ് ആക്രമിക്കപ്പെടുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്ക്കയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഡ്രൈവര്‍മാരുടെ സ്വഭാവമോ പശ്ചാത്തലമോ ഒന്നും പരിശോധിക്കാതെയാണോ ജോലിക്കെടുക്കുന്നത്.
ലാൽ
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ കുറ്റക്കാര്‍ പിടിക്കപ്പെടണമെന്ന് സംവിധായകനും നടനുമായ ലാല്‍. ലാല്‍ നിര്‍മിക്കുന്ന ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.സംഭവത്തിന് ശേഷം നദി ആദ്യമെത്തിയത് ലാലിന്റെ വീട്ടിലാണ്. ലാൽ തന്നെയാണ് വിവരങ്ങൾ പോലീസിനെ വിളിച്ചറിയിച്ചതും.
നമുക്ക് വേണ്ടത് നല്ലൊരു റിസള്‍ട്ടാണ്. ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അവര്‍ പിടിക്കപ്പെടുക എന്നതാണ് എല്ലാവര്‍ക്കും വേണ്ടത്. അതിന് വേണ്ടി ശ്രമിക്കുക എന്നത് നിങ്ങളുടെയും എന്റെയും ആവശ്യമാണ്- ലാല്‍ പറയുന്നു.
ഭാമ
സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പറഞ്ഞു.സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നു. നടിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. നമ്മളെല്ലാവരും ജാഗരൂഗരായി ഇരിക്കേണ്ടിയിരിക്കുന്നു.
ഭാഗ്യലക്ഷ്മി
വാർത്ത കേട്ടപ്പോൾ തന്നെ അടുത്തസുഹൃത്ത് കൂടിയായ നടിയെ ആദ്യം വിളിക്കുകയാണ് ചെയ്തതെന്നും എന്നാൽ അവരുടെ ഫോൺ ഓഫ് ആയിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിയണമെന്നും ഇപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമാണ് അറിയുകയുള്ളൂ എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. പൊതുവേ നടിമാരുടെ കൂടെ നിൽക്കുന്ന മാനേജറും ഡ്രൈവറുമാരുമെല്ലാം പിന്നീട് കുഴപ്പക്കാരായി മാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയും അപകടാവസ്ഥയിലേക്ക് പോകുന്നത് ഇതാദ്യമാണ്. എല്ലാ നടിമാരും സൂക്ഷിക്കേണ്ട കാര്യമാണ്.