മലയാളത്തിലെ പ്രമുഖയായ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഒരുമയോടെ നിലകൊള്ളണമെന്ന് സിനിമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായിട്ടും ശക്തമായി നിലകൊണ്ട സഹപ്രവര്‍ത്തക പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഈ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുറ്റവാളികളെ പിടികൂടണമെന്ന് നടി മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു.
സനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ സാമൂഹിക മേഖലയില്‍നിന്ന് നിരവധി പ്രമുഖര്‍ പങ്കെടുത്തു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും മുന്‍ എംപിയുമായ പി രാജീവ് അറിയിച്ചു. പി ടി തോമസ് എംഎല്‍എ, ഹൈബി ഈഡന്‍ എംഎല്‍എ, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
സംവിധാകന്‍ കമല്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, സിബി മലയില്‍, നടന്‍ ഇന്നസെന്റ്, ദിലീപ്, ദേവന്‍, ലാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജയസൂര്യ, മനോജ് കെ ജയന്‍, കാളിദാസന്‍, സിദ്ധിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമസീരിയല്‍ മേഖലയിലെ നിരവധിപേര്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനല്‍ സംഘാംഗങ്ങളായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. നടിയുടെ കാര്‍െ്രെഡവറായിരുന്ന കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണി (24) യെ ശനിയാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു. പ്രധാനപ്രതി പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി നെടുവേലിക്കുടി സുനില്‍ (പള്‍സര്‍ സുനി28) ഉള്‍പ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ട്. മൂന്നുപേര്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി.
പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം ശനിയാഴ്ച പരിശോധിച്ചു. ഇതില്‍ പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളങ്ങളും തലമുടിയിഴകളും കണ്ടെടുത്തിട്ടുണ്ട്. മൂന്നുദിവസംമുമ്പാണ് ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സുനിയും സംഘവും സിനിമ ആവശ്യത്തിനു വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച രാത്രി 9.30നാണ് അങ്കമാലി ദേശീയപാത പറമ്പയത്തിനടുത്തുനിന്ന് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.