ആധുനികപരിസരങ്ങളെ ആഴത്തില്‍ അളക്കുന്ന ആഖ്യാനശില്പങ്ങളുടെ സൃഷ്ടാവാണ് ആനന്ദ്. നോവലിലെ വിവിധ വിജ്ഞാനമേഖലകളുടെ സംവാദവേദിയാക്കിയ എഴുത്തുകാരാന്‍ കൂടിയാണ് അദ്ദേഹം. 1993ലെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആനന്ദിന്റെ നോവലാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. ഉദ്വേഗജനകമായ ക്രിയകളുടെ സംവിധാനചാരുതയിലൂടെ ആസ്വാദകമാനസങ്ങളില്‍ സര്‍ഗാത്മകമായ അസ്വാസ്ഥ്യം വിതയ്ക്കുന്ന ഈ നോവല്‍ സമകാലികമായ മനുഷ്യാവസ്ഥയുടെ വിപല്‍ക്കരമായ നീക്കങ്ങളെക്കുറിച്ച് മാനവരാശിക്ക് മഹത്തായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മരുഭൂമിക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന രംഭാഗഢ് എന്ന പട്ടണത്തില്‍ ഒരു പഴയ കോട്ടയുണ്ട്. അവിടെയുള്ള കോട്ടയില്‍ തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിക്കുന്ന പദ്ധതിയിലെ ലേബര്‍ ഓഫീസറായ കുന്ദന്റെ കഥയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവല്‍. ഒരു ഭരണകൂടം എപ്രകാരമാണ് സ്വന്തം ജനങ്ങളെ അടിമകളാക്കി മാറ്റിക്കൊണ്ട് തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ചൂഷണം ചെയ്യുന്നതെന്ന് കുന്ദന്‍ മരുഭൂമിയിലെ കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു.
നിസ്സഹായരായ മനുഷ്യരുടെ വേദനകളും ഒറ്റപ്പെടലും ഭരണകൂട ഭീകരതയുടെ നിഷ്ഠൂരനയങ്ങളും അധികാരക്കൊഴുപ്പിന്റെ ഉന്‍മത്തഭാവങ്ങളെയും എല്ലാം ആനന്ദ് തന്റെ തൂലികയിലേയ്ക്ക് ആവാഹിക്കുന്നു. ആനന്ദിന്റെ എക്കാലത്തേയും മികച്ച സൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ 1989 ല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പോഴും വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ കൃതിയുടെ ഇരുപത്തിയഞ്ചാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
1936 ല്‍ ഇരിങ്ങാലക്കുടയിലാണ് പി. സച്ചിദാനന്ദന്‍ എന്ന ആനന്ദ് ജനിച്ചത്. ന്യൂഡല്‍ഹിയില്‍ സെന്‍ട്ര ല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ച ആനന്ദ് ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭിയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യന്‍ ഇവ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഗോവര്‍ദ്ധനന്റെ യാത്ര കള്‍ 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. മഹാശ്വേതാദേവിയുടെ ‘കവി ബന്ദ്യഘടി ഗായിയുടെ ജീവിതവും മരണവും’ എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ഉത്തരായനം, അഭയാര്‍ത്ഥികള്‍,ആള്‍ക്കൂട്ടം, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, ഗോവര്‍ധന്റെ യാത്രകള്‍, പരിണാമത്തിന്റെ ഭൂതങ്ങള്‍, വിഭജനങ്ങള്‍ എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികള്‍.