Image may be NSFW.
Clik here to view.മലയാളത്തിലെ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നുവെന്നും നടി മഞ്ജുവാര്യര്‍. ഡ്രൈവറെ വിലയ്‌ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള രംഗങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കുകയായിരുന്നു ചിലരെന്നും ഇതില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ മഞ്ജുവാര്യര്‍ വ്യക്തമാക്കുന്നു. ആരെല്ലാം ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചാലും ഈ കേസ് അങ്ങനെ വിട്ടുകൊടുക്കില്ലെന്നും താന്‍ അടങ്ങിയിരിക്കില്ലെന്നും സൂചന നല്‍കി ശക്തമായ നിലപാടുമായാണ് തന്റെ സുഹൃത്തുകൂടിയായ നടിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജുവാര്യര്‍ രംഗത്തെത്തിയിട്ടുള്ളത്.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവര്‍ത്തിച്ച നടി ആ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍ ആവശയപ്പെടുന്നു.ഈ കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തന്നെ മഞ്ജു പറഞ്ഞിരുന്നത് ആദ്യം തന്നെ വലിയ ചര്‍ച്ചയായിരുന്നു.
സംഭവം വെറും ആക്രമണം മാത്രമല്ലെന്നും ചിലരുടെ താല്‍പര്യപ്രകാരം പദ്ധതിയിട്ട് നടപ്പാക്കിയ ക്വട്ടേഷനായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മഞ്ജുവും അക്കാര്യത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടും ഈ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ആവര്‍ത്തിച്ച് പറയുന്നത്. സംഭവത്തില്‍ സിനിമാ ലോകത്തു തന്നെയുള്ള എതിരാളികള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പിച്ച നിലയിലാണ് മഞ്ജുവിന്റെ ലേഖനം.
മഞ്ജു വാര്യരുടെ ലേഖനത്തിന്റെ പൂര്‍ണ രൂപം;
ഒരുസ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം. നിര്‍ഭയമായി ജോലിചെയ്യാനും സഞ്ചരിക്കാനുമാകണം. ഈ നിമിഷം മനസ്സില്‍ എന്റെ പ്രിയകൂട്ടുകാരി മാത്രമല്ല ഉള്ളത്. ആ ദിവസത്തിന്റെ പിറ്റേന്ന് കണ്ടപ്പോള്‍ അവളുടെ മുഖം കണ്ണാടിപോലെയാണ് എനിക്ക് തോന്നിയത്. ഉടഞ്ഞുപോകാത്ത ഒരു കണ്ണാടി. അതില്‍ ഞാന്‍ എന്നെയും ഒരുപാട് അമ്മമാരെയും പെണ്മക്കളെയും സഹോദരിമാരെയും കണ്ടു. അവളുടെ മുഖം ഓര്‍ത്തുകൊണ്ട് ഒന്നുകണ്ണടച്ചാല്‍ നിങ്ങള്‍ക്കും അത് കാണാനാകും.
ഒരു സിനിമാതാരം ആക്രമിക്കപ്പെട്ടതുകൊണ്ടാണ് ഇത്രയും വാര്‍ത്തകളും പ്രതികരണങ്ങളുമെന്ന വാദം പലയിടത്തുനിന്നായി കേള്‍ക്കുന്നു. അവളുടെ മുഖം അതിനുള്ള മറുപടികൂടിയാണ്. അവള്‍ ആരുമായിക്കൊള്ളട്ടെ, സിനിമാതാരമോ അതിലും അപ്പുറമുള്ള മറ്റാരെങ്കിലുമോ… അങ്ങനെ ആരും… പക്ഷേ, ആദ്യം അവളെ ഒരു പെണ്‍കുട്ടിയായി മാത്രം കാണുക. എപ്പോഴും ചിരിച്ചുകൊണ്ടുനടന്ന ഒരു പെണ്‍കുട്ടി. അവള്‍ തിരക്കേറിയ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നു. ജീവിതത്തില്‍ ഏറ്റവും ക്രൂരമായി അവള്‍ക്ക് മുറിവേല്‍ക്കുന്നു. അത് നമ്മളില്‍ ആര്‍ക്കും സംഭവിക്കാമായിരുന്നു. അതാണ് ചിന്തിക്കേണ്ടത്. അവള്‍ സിനിമാതാരമായിരുന്നു എന്നത് രണ്ടാമത്തെ കാര്യം മാത്രം. ദയവായി അവളില്‍ ആദ്യം നാം നമ്മളിലൊരാളെ കാണുക.
പരസ്പരമുള്ള കുറ്റപ്പെടുത്തലുകളല്ല വേണ്ടത്. ചോദ്യചിഹ്നങ്ങള്‍ അടുത്ത ഇരയ്ക്കുള്ള ചൂണ്ടക്കൊളുത്തോ അപമാനിക്കപ്പെട്ടവരുടെ കഴുത്തിലേക്ക് സമൂഹം ഇട്ടുകൊടുക്കുന്ന കയര്‍ക്കുരുക്കോ ആയി മാറുകയാണ്. അതുകൊണ്ട് നമുക്ക്, എന്തുകൊണ്ട് ഇങ്ങനെ എന്നുള്ളതിനുള്ള ഉത്തരം കണ്ടെത്തി എന്നേക്കുമായി ഒരു തിരുത്തിനുവേണ്ടി ഇറങ്ങാം.അഹങ്കരിക്കാനും അലങ്കരിക്കാനും പലതുണ്ട് കേരളം എന്ന പേരിന്. സമ്പൂര്‍ണസാക്ഷരതയില്‍തുടങ്ങി ലിംഗനീതിയില്‍ വരെയെത്തുന്നു നാം ഊതിപ്പെരുപ്പിച്ചുവച്ചിരിക്കുന്ന വിശേഷണങ്ങളുടെ മനോഹാരിതകള്‍. പക്ഷേ, അവ സോപ്പുകുമിളയെന്നോണം പൊട്ടിപ്പോകുന്നതുകണ്ട് തലകുനിക്കുകയാണ് നാം ഇപ്പോള്‍. രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍പ്പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ലാത്ത നാടിന് എങ്ങനെയാണ് മറ്റുള്ളവര്‍ക്കുമുന്നില്‍ നിവര്‍ന്നുനില്‍ക്കാനാകുക? സൗമ്യയും ജിഷയും ആക്രമിക്കപ്പെട്ടപ്പോള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടിമുറിയെയും വീടിനെയും പറ്റി പരിതപിച്ച നമുക്ക് ഇപ്പോഴെന്ത് പറയാനാകും?
കുറ്റവാളിയുടെ സ്ഥാനത്ത് മലയാളിയുടെ മനോഭാവമല്ലാതെ മറ്റൊന്നുമല്ല. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കുന്ന ഒരു സമൂഹക്രമത്തില്‍ ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കില്ല. ആ സംസ്‌കാരം വീടിനകത്തും പുറത്തും ഒരുപോലെ നിറയണം. തെരുവില്‍ മുറിവേല്‍പ്പിക്കപ്പെടുന്നതുപോലെതന്നെയാണ് വീടിനകത്ത് ഒരു സ്ത്രീ മാനസികമായും ശാരീരികമായും അപമാനിക്കപ്പെടുന്നതും. വികലമായ മനോനിലയുടെ തുടക്കം അവിടെയാണ്. വാക്കുകൊണ്ടും നോട്ടംകൊണ്ടും ഒടുവില്‍ കായികബലംകൊണ്ടും അപമാനിക്കാനുള്ള വികൃതമായ മനോഭാവം അങ്ങനെയാണ് രൂപപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ വീട്ടകങ്ങളില്‍നിന്ന് തുടങ്ങി അതിപ്പോള്‍ സമൂഹത്തിലാകെ വിഷപ്പുകപോലെ നിറഞ്ഞുനില്‍ക്കുന്നു. അതില്‍ ശ്വാസംമുട്ടിയാണ് സ്ത്രീയുടെ ഓരോദിവസവും കടന്നുപോകുന്നത്. ഏതുനിമിഷവും പിടഞ്ഞുവീണേക്കാം.
ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്ന ആ സംഭവമുണ്ടായത് ഞാന്‍ പതിവായി പോകാറുള്ള വഴിയില്‍വച്ചാണ്. ആ നേരത്ത് എത്രയോവട്ടം എനിക്ക് തനിച്ച് സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ആ വഴിയും ആ നേരവും പരിചിതമായ ആര്‍ക്കും നാളെയുണ്ടാകില്ലേ അതുപോലൊരു ദുരന്തം? നമുക്കിടയില്‍ ഇങ്ങനെ വികലമായ മനോനിലയുള്ളവര്‍ കുറവായിരിക്കാം. പക്ഷേ, അവര്‍ വിഷമയമാക്കുന്നത് ഒരു സമൂഹത്തെ മുഴുവനാണ്.
തനിക്ക് സ്ത്രീയില്‍നിന്ന് കിട്ടുന്ന ബഹുമാനം തിരിച്ച് അവള്‍ക്കും നല്‍കാനുള്ള മനോനില പുരുഷന്‍ കൈവരിച്ചാല്‍ അന്നുതീരും ഇതെല്ലാം. അങ്ങനെയൊരു സമൂഹത്തില്‍ സ്ത്രീ ഏതുനേരവും ഏതുവഴിയിലും സുരക്ഷിതയായിരിക്കും. ഈ പരസ്പരബഹുമാനവും തുല്യതയും ഏതുരംഗത്തും വേണം; തീര്‍ച്ചയായും സിനിമയിലും.ഒരുസ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകണം. നിര്‍ഭയമായി ജോലിചെയ്യാനും സഞ്ചരിക്കാനുമാകണം. അങ്ങനെയൊരു സാഹചര്യം രൂപപ്പെട്ടാല്‍ മാത്രമേ ആത്മവിശ്വാസമുള്ള സ്ത്രീസമൂഹം സൃഷ്ടിക്കപ്പെടൂ.സമൂഹത്തിലെ ക്രിമിനലുകള്‍ സിനിമയിലേക്കും നുഴഞ്ഞുകയറിയെന്നതിന്റെ ഞെട്ടല്‍കൂടിയുണ്ട് ഇപ്പോള്‍.
കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ല. ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. െ്രെഡവറെ വിലയ്‌ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക… അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ പറഞ്ഞതും. അതാണ് അന്വേഷണത്തില്‍ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സര്‍ക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവില്‍ തെളിയുകതന്നെ ചെയ്യും.
സംസ്‌കാരത്തിലുള്ള മാറ്റംപോലെത്തന്നെ പ്രധാനമാണ് ഇത്തരം സംഭവങ്ങള്‍ക്കുള്ള ശിക്ഷാവിധിയിലെ തിരുത്തും. വധശിക്ഷയ്ക്കുവേണ്ടിയുള്ള മുറവിളിയല്ല ഇത്. തന്റെ സഹജീവിയെ ഒരു ഇറച്ചിക്കഷ്ണംപോലെ കാണുകയും ഏറ്റവും നീചമായി ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷയാണ് വേണ്ടത്. ഇനി ഇങ്ങനെയൊന്ന് ചെയ്യാന്‍ ആരും ഭയപ്പെടുംവിധമുള്ള ശിക്ഷ. ഇങ്ങനെ തിരുത്തലുകള്‍ മനസ്സിലും സമൂഹത്തിലും വരട്ടെ. സഹതാപത്തിന്റെ ഏതാനുംനാള്‍ കഴിഞ്ഞ് ഉപചാരം പറഞ്ഞ് പിരിയാതെ നമുക്ക് അതിനുവേണ്ടി ഇറങ്ങാം, ഈ നിമിഷം.