കാലത്തെ അതിജീവിക്കുന്ന നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതുല്യ സൃഷ്ടിയാണ് പുനത്തില്‍ കുറ്റബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍‘. മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു സ്മാരകശിലയായ നോവലിന്റെ 80,000ല്‍ അധികം കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടത്. നിഗൂഡതകള്‍ ഉറങ്ങുന്ന ജീര്‍ണിച്ചതും പുരാതനവുമായ ഒരു പള്ളിയുടെയും അതിനു ചുറ്റുമുള്ള മനുഷ്യ സനിധ്യങ്ങളുടെയും മനോഹരമായ കഥയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അപ്പൂര്‍വ ചാരുതയാര്‍ന്ന ഈ നോവല്‍ പങ്കുവയ്ക്കുന്നത്.
”വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്. പറമ്പു നിറയെ ശ്മശാനം. കൊട്ടുകഥകള്‍ പറയാന്‍ കഴിയുന്ന അത്രയുംപേര്‍ ആ ശ്മശാനത്തില്‍ കുടികൊള്ളുന്നു.” ഇങ്ങനെയാണ് സ്മാരകശിലകള്‍ ആരംഭിക്കുന്നത്.
ഖാന്‍ ബഹദൂര്‍ പുക്കോയ തങ്ങളാണ് നോവലിലെ പ്രധാന കഥാപാത്രം. കഥയുടെ കേന്ദ്രമായ ഖാന്‍ ബഹാദൂര്‍ പൂക്കോയ തങ്ങളുടെയും അദ്ദേഹത്തെ സ്‌നേഹിച്ചും ആശ്രയിച്ചും ജീവിക്കുന്ന മറ്റനേകം പേരുടെയും കഥയാണ് സ്മാരക ശിലകളില്‍ പുനത്തില്‍ പറയുന്നത് ഖാന്‍ ബഹദുര്‍ പൂക്കോയ തങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന ജീവിതങ്ങളാണെങ്കിലും മറ്റ് കഥാപാത്രങ്ങള്‍ക്ക് അവരുടേതായ ഇടം നോവലില്‍ നല്‍കാന്‍ പുനത്തില്‍ ശ്രമിച്ചിരിക്കുന്നു. മറ്റ് ആധുനിക നോവലുകളില്‍ കാണപ്പെടുന്നപോലെ വളച്ചുകെട്ടലുകള്‍ ഒന്നുമില്ലാത്ത ആഖ്യാന ശൈലിയാണ് സ്മാരകശിലകള്‍ എന്ന ഈ നോവലില്‍ പുനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. നോവലില്‍ ഒരു കഥാപാത്രവും മഹത്വവല്‍ക്കരിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കഥാപാത്രത്തിനും അവരുടേതായ സ്ഥാനം ഉണ്ടുതാനും. ചോരച്ഛര്‍ദിക്കുന്ന ഭര്‍ത്താവിന്റെ മുറിയില്‍ തന്റെ കഥകളിലെ കുതിരപ്പുറത്തേറി വരുന്ന രാജകുമാരനെ കാത്തിരിക്കുന്ന പുക്കുഞ്ഞിബി, അറക്കല്‍ തറവാടിന്റെ ചായ്പ്പില്‍ പട്ടിണി കിടന്നു വളര്‍ന്ന കുഞ്ഞാലി, വായന ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഓരോ കഥാപാത്രവും കഥയുടെ അമരക്കരനാവുന്നു. ഇതാണ് സ്മാരക ശിലകളെ വ്യത്യസ്തമാക്കുന്നതും.
‘പൂക്കോയ തങ്ങള്‍ ഇതിഹാസമാനമാര്‍ന്ന കഥാപാത്രമാണ്. നിഗ്രഹാനുഗ്രഹശേഷിയുള്ള ഒരു ഫ്യൂഡല്‍ കര്‍ത്തത്വമായാണ് ആ കഥാപാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അധികാരപ്രമത്തതയും വിഷയലമ്പടത്വവും പ്രകടിപ്പിക്കുന്ന നിഷ്ഠൂരനായ ഒരു ഫ്യൂഡല്‍ പ്രഭുവിന്റെ അടയാളങ്ങളത്രയും പൂക്കോയത്തങ്ങളില്‍ കണ്ടെത്താനാകും.’ എന്നാണ് നോവലിനെക്കൂറിച്ചുള്ള പഠനത്തില്‍ എന്‍ ശ്രീധരന്‍ പറഞ്ഞിരിക്കുന്നത്. നീലിയെന്ന സ്ത്രീയുടെ അച്ഛനാരാണന്നറിയാത്ത കുട്ടിയെ കുഞ്ഞാലിയെന്ന് പേരിട്ട് സ്വന്തം മകള്‍ പൂക്കുഞ്ഞിക്കൊപ്പം അറയ്ക്കള്‍ തറവാട്ടിലെ ഒരംഗത്തെപ്പോലെ വളര്‍ത്തുന്ന പൂക്കോയത്തങ്ങളുടെ മനസ്സ് മനുഷ്യവ്യാപാരങ്ങളുടെ സങ്കീര്‍ണ്ണതകളെക്കുറിച്ച് നോവലിസ്റ്റിനുള്ള ആഴമേറിയ തിരിച്ചറിവാണ് സാക്ഷ്യപ്പെടുത്തുന്നതെന്നും എന്‍. ശ്രീധരന്‍ തന്റെ പഠനത്തില്‍ പറയുന്നു.
‘ആധുനികതയുടെ കാലത്ത് എഴുതപ്പെട്ട നോവലുകളില്‍ പലതും ഇന്നത്തെ വായനയില്‍ രണ്ടാംകിട കൃതികള്‍ മാത്രമാണ്. സ്മാരക ശിലകള്‍ ഈ അര്‍ത്ഥത്തില്‍ ആധുനികതയെ അതിജീവിച്ച രചനയാണ്. ഉമ്മാച്ചുവിന്റെയും അസുരവിത്തിന്റെയും തായ്‌വഴിയില്‍ പിറന്ന കാലത്തെ അതിജീവിക്കുന്ന നോവല്‍ ‘ എന്ന് പറഞ്ഞാണ് എന്‍ ശശിധരന്‍ തന്റെ പഠനം അവസാനിപ്പിക്കുന്നത്. അതെ സ്മാരക ശിലകള്‍ കാലത്തെ അതിജീവിക്കുന്ന അതുല്യ സൃഷ്ടിയാണ്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച നോവല്‍ 1977ലാണ് പ്രസിദ്ധീകരിച്ചത്. 1993ല്‍ ആദ്യ ഡിസി പതിപ്പിറങ്ങിയ നോവലിന്റെ 24-ാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.